ശനിയാഴ്‌ച, ഡിസംബർ 31, 2011

പ്ലസ്‌ 2 - ആദ്യ പാപം.

വര്‍ഷങ്ങള്‍ക്കു മുന്‍പു...


പ്രീ ഡിഗ്രിയുടെ സ്വാതന്ത്ര്യം മോഹിച്ചു പത്താം ക്ലാസ്സു വരെ തള്ളിനീക്കിയ ശേഷമാണു നമ്മള്‍ അറിയുനത് നമ്മുടെ പ്രിയപ്പെട്ട സര്‍ക്കാര്‍ പ്ലസ്‌ 2 എന്നാ പേരില്‍ പുതിയൊരു കലാപരിപാടി തുടങ്ങിയിട്ടുണ്ടെന്നും, അതിനു തല വെക്കുക അല്ലാതെ നമ്മള്‍ക്ക് വേറെ വഴികളൊന്നും ഇല്ലെന്നും. ഒന്നുകില്‍ ആര്‍ട്സ് കോളേജില്‍ പോയി നല്ല തല്ലു കൊള്ളുക...അല്ലെങ്കില്‍ Mar Ivanios'ല്‍ പോയി രണ്ടു വര്‍ഷം വായുന്നോക്കുക...അത്രേ ഉള്ളു ആഗ്രഹം. അതിന്റെ കടയ്ക്കലാണ് സര്‍ക്കാര്‍ പ്ലസ്‌ 2 വെച്ചത്!. അങ്ങനെ ഒടുക്കം നമ്മള്‍ എത്തിപ്പെട്ടത് ആര്യ സെന്‍ട്രല്‍ സ്കൂളില്‍  - അതും കേന്ദ്രനായ CBSE 'ടെ കയ്യില്‍!


സ്വാതന്ത്ര്യം എന്നാ വാക്കിന്‍റെ അര്‍ഥം...വില...അവിടെ നിന്നുമാണ് നമ്മള്‍ പഠിച്ചത്.


ഒന്ന് രണ്ടു മാസം നമ്മള്‍ അച്ചടക്കത്തോടെ ജീവിച്ചു. ഒരുപാടു മാര്‍ക്ക്‌ വാങ്ങി പത്താം ക്ലാസ്സ്‌ പാസ്സയതിന്റെ ഒരു ബാധ്യത നമ്മള്‍ക്കുണ്ടായിരുന്നു - അതാണ് ക്ഷമിച്ചത്. അധികനാള്‍ ക്ഷമിക്കേണ്ടി വന്നില്ല - ആദ്യത്തെ ക്ലാസ്സ്‌ ടെസ്റ്റ്‌ കഴിഞ്ഞതോടെ എല്ലാ ഭാരങ്ങളും ബാധ്യതകളും നമ്മള്‍ ഇറക്കി വെച്ചിരുന്നു.


അങ്ങനെ പൂര്‍വികരുടെ പ്രീ-ഡിഗ്രി വിജയഗാഥകള്‍ അയവിറക്കി ദിവസ്സങ്ങള്‍ തള്ളി നീക്കവേ, നമ്മുടെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്‌ (അദ്ദേഹവും എല്ലാ ഭാരങ്ങളും അതിനിടെ ഇറക്കി വെച്ചിരുന്നു) ഒരു ഗംഭീര പ്ലാന്‍ ഇട്ടതു. അപ്രതീക്ഷിതമായി വന്ന ആ അവസരം നമ്മള്‍ രണ്ടു കൈകള്‍ കൊണ്ടും സ്വീകരിച്ചു.


ആദ്യ പാപം - അതിനായുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ നമ്മള്‍ തുടങ്ങി. ക്ലാസ്സ്‌ മുറികള്‍ ഡിസ്കഷന്‍ റൂംസ് ആയി...കണക്കു ക്ലാസ്സില്‍ നമ്മള്‍ കയ്യില്‍ ബാക്കിയുള്ള കാശിന്‍റെ കണക്കെടുത്തു...ഫിസിക്സ്‌ ക്ലാസ്സില്‍ പ്ലാന്‍ A'യും കെമിസ്ട്രി ക്ലാസ്സില്‍ പ്ലാന്‍ B'യും തയ്യാറാക്കി.


ഒടുവില്‍ ആ ദിവസം എത്തി.


നേരത്തെ പ്ലാന്‍ ചെയ്തത് പോലെ നമ്മള്‍ സ്കൂളിലേക്ക് രാവിലെ ഇറങ്ങി. ഇനിയും ഒരുപാടു സമയം ഉണ്ട് നിശ്ചയിച്ച നേരമാകുവാന്‍ ആരെങ്കിലും കാണുമോ എന്നാ പേടി ഒരു വശത്തു...നാളെ ഇതുണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതങ്ങള്‍ മറുവശത്തു...ആകെ ടെന്‍ഷന്‍.


  നമ്മള്‍ അവസാനം നിശ്ചയിച്ച സമയത്ത് തന്നെ ക്രൈം സ്പോട്ടില്‍ എത്തുന്നു. കൂട്ട് പ്രതി നേരത്തെ തന്നെ എത്തിയിട്ടുണ്ട് - Uniform'ന്‍റെ പുറത്തു ഒരു ടി-ഷര്‍ട്ടും ധരിച്ചാണ് ചെറ്റ നില്‍ക്കുന്നത്. നമ്മുടെ ധൈര്യം ഒക്കെ ചോര്‍ന്നു തുടങ്ങി. പെട്ടന്നു വീട്ടുകാര്‍...നാട്ടുകാര്‍...ടീച്ചര്‍മാര്‍...നമ്മുടെ മുന്നിലൂടെ ഇവരെല്ലാം കടന്നു പോകുന്നതായി അനുഭവപ്പെട്ടു. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നമ്മള്‍ വരിയില്‍ സ്ഥാനം പിടിക്കുന്നു.


ഒന്ന് രണ്ടു പേര്‍ തലയില്‍ മുണ്ടിട്ടാണ് നില്‍ക്കുന്നത് - നമ്മളെ പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്ന പാവങ്ങളാകും എന്ന് നമ്മള്‍ സമാധാനിച്ചു. ഒടുവില്‍ ഇരുട്ടിന്‍റെ മറവില്‍ നമ്മള്‍ അകത്തു കയറി. അപ്പോളാണ് ശരിക്കും ശ്വാസം വീഴുന്നത്.


ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. നമ്മള്‍ക്ക് എന്തോ ഒരു പന്തികേട്‌ തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തും അല്പം വ്യാകുലനാണ്.


"അളിയോ...ഇതെന്താ ഇങ്ങനെ?"


"ഒരു പിടിയും കിട്ടുന്നില്ല. എന്തോ കുഴപ്പം ഉണ്ട്!", ധയനീയമായിട്ടു അദ്ദേഹം നമ്മളെ നോക്കി.


ഒടുവില്‍ ഇന്റര്‍വല്‍ ആകേണ്ടി വന്നു എല്ലാം പകല്‍ വെളിച്ചം പോലെ നമ്മള്‍ക്ക് മനസ്സിലാകാന്‍. ബുദ്ധിമാനായ നമ്മുടെ സുഹൃത്തും നമ്മളും കൂടി പ്ലാന്‍ ചെയ്തത് അന്നിറങ്ങിയ ഒരു ഇംഗ്ലീഷ് ആക്ഷന്‍ പടം കാണാന്‍ ആയിരുന്നു - പക്ഷെ അതിബുദ്ധിയും തിടുക്കവും കാരണം തൊട്ടടുത്ത theatre'ല്‍  ആണ് നമ്മള്‍ കയറിയതു!!!


രണ്ടു പേര്‍ തലയില്‍ മുണ്ടിട്ടു നിന്ന സീന്‍ പെട്ടന്ന് ഓര്‍മ്മ വന്നു...


അപ്പോള്‍ തന്നെ നമ്മള്‍ സുഹൃത്തിനെയും കൂട്ടി ചാടിയിറങ്ങി ഓടി. ഈ അബദ്ധം മറ്റാരും അറിയരുതു എന്ന് പരസ്പരം വാക്ക് കൊടുത്തു പിരിഞ്ഞു.


ശുഭം.


സോറി...നമ്മളെ സംബന്ധിച്ചിടത്തോളം മാത്രമേ ഇത് ശുഭമായി അവസാനിച്ചുള്ളൂ.


അതിബുദ്ധിമാനും മാസ്റ്റര്‍ പ്ലാന്നരും ആയിരുന്ന നമ്മുടെ സുഹൃത്തു, ടിക്കറ്റ്‌ കളയാന്‍ മറന്നു. ഒടുവില്‍ ഷര്‍ട്ട്‌ കഴുകാന്‍ എടുത്തപ്പോള്‍, അദ്ധേഹത്തിന്റെ പിതാശ്രീ ടിക്കറ്റ്‌ കണ്ടെടുക്കുകയും, ആ ദിവസം ഇതു സിനിമയാണ് അന്ന് ആ theatre'ല്‍ കളിച്ചതെന്നു പത്രത്തില്‍ പരതുകയും, അദ്ധേഹത്തെ പരസ്യമായി തേജോവധം, ദേഹോപദ്രവം, സത്യം ചെയ്യിക്കല്‍ മുതലായ ക്രിയകള്‍ക്കു വിധേയനാക്കുകയും ചെയ്തതായി പിന്നീടു അറിഞ്ഞു!!!


ഇപ്പോള്‍ ശുഭം!

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

മൊബൈല്‍ മോഷ്ടിച്ച കഥ!വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കോളേജ്കുമാരനായി വിലസ്സിയിരുന്ന സുവര്‍ണ്ണകാലം.


ഇന്നത്തെ പോലെ മൊബൈല്‍ ഫോണിനു അധികം പ്രചാരമില്ലാത്ത സമയമായിരുന്നു. ശരിക്കും ഒരു ആഡംഭരം - അതായിരുന്നു അന്ന് മൊബൈല്‍. ഇല്ലാത്ത കാശുണ്ടാക്കി പടിപ്പിക്കാനയക്കുന്നതും പോരാഞ്ഞിട്ട് ഇനി മൊബൈല്‍ ഫോണും വാങ്ങിച്ചു തരാമെടാ എന്ന് എത്ര മാതാപിതാക്കള്‍ അന്ന് ചോദിച്ചിരിക്കണം.


ഓര്‍മ്മകള്‍ ശരി ആണെങ്കില്‍, നമ്മുടെ കോളേജില്‍ ആദ്യമായി മൊബൈല്‍ ഇറക്കുമതി ചെയ്യുന്നത് പൂത്ത കാശുള്ള ഒരു ഗള്‍ഫ്‌ പുത്രനായിരുന്നു. ഉള്ളത് പറയാമല്ലോ, നമ്മുടെ കയ്യിലും അന്ന് ഒരു ചെറിയ മൊബൈല്‍ ഉണ്ടായിരുന്നു - സീമെന്‍സ് C-28. അത്യാവശ്യം വലിപ്പവും ഒരു ആണ്ടിനയും  ഉണ്ടായിരുന്ന ആ യന്ത്രം നമ്മുടെ പിതാശ്രീയുടെ ആദ്യത്തെ ആഡംഭരം ആയിരുന്നു. ഒടുവില്‍ ഇങ്ങോട്ട് വരുന്ന കോളുകള്‍ക്ക് അങ്ങോട്ട്‌ കാശു കൊടുത്തു മടുത്തപ്പോള്‍ വലിച്ചെറിഞ്ഞ അതിനെ നമ്മള്‍ സ്വന്തമാക്കി.


ചെറിയൊരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ - SIM കാര്‍ഡ്‌ ഇല്ല!!!


ഇനി അഥവാ ഒരു SIM ഉണ്ടായിരുന്നെങ്കില്‍ പോലും റീ-ചാര്‍ജ് ചെയ്യുക എന്നത് അസാധ്യം. ബഹളത്തില്‍ നമ്മള്‍ മൊബൈല്‍ ഇല്ലാതെ തന്നെ നടന്നു.


കാലം കടന്നു പോകുന്നു - മൊബൈല്‍ ഫോണ്‍ വിപ്ലവം തുടങ്ങി.


ക്യാമ്പസ്സുകളില്‍ മൊബൈല്‍ സര്‍വ്വ സാധാരണമായി കൊണ്ടിരിക്കുന്നു. നമ്മളും അതിനിടെ ഒരു SIM കാര്‍ഡ്‌ ഒപ്പിച്ചു സെല്ലുലാര്‍ വേള്‍ഡ്ലേക്ക് കാല്‍ വെച്ചു.


SMS, മിസ്ഡ് കോള്‍സ്, കൃത്യം ഒരു മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന സംഭാഷണങ്ങള്‍ എന്നിവയിലൂടെ ജീവിതം സുന്ദരമായി മുന്നോട്ടു പോകുന്നു. മിസ്ഡ് കോള്‍സ്ന്റെ ഒരു സുഖം - കയ്യില്‍ കാശില്ലാതവനെ അത് അനുഭവിച്ചറിയാനുള്ള യോഗം ഉള്ളു.ഒരു മിസ്ഡ് കോളിനുള്ള കാശു മാത്രം ബാക്കി വെച്ചു ഒരു പ്രേമം എത്ര നാള്‍ വേണമെങ്കിലും ഓടിക്കാം എന്ന് പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ഓരോ മിസ്ഡ് കോളും  ഒരു ഓര്‍മപെടുത്തല്‍ ആയിരുന്നു - പരസ്പരം മറന്നിട്ടില്ല എന്നാ ഓര്‍മപെടുത്തല്‍. തിരിച്ചു കിട്ടാത്ത മിസ്ഡ് കോളുകള്‍ അന്ന് തീരാത്ത വേദന ആയിരുന്നു. ഇനി അങ്ങേതലക്കല്‍ ബുസി ആണെങ്കിലോ - ഹൃദയം തകരും.


അങ്ങനെ മൊബൈല്‍ ഫോണിനും മിസ്ഡ് കോളിനും "addict" ആയി നമ്മള്‍ ജീവിതം ആസ്വദിച്ചു കഴിയുന്നു.


ഒരു ദിവസം.


നമ്മളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒരു ഓട്ടോ-റിക്ക്ഷയില്‍ കയറി, പതിവ് പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്കു പോകുന്നു. നാലുപേര് ഉണ്ടായിരുന്നത് കൊണ്ട് അത്യാവശ്യം ഞെരുങ്ങി ആയിരുന്നു ഇരുപ്പ്. ഏതാണ്ട് ഒരു അര കിലോമീറ്റര്‍ സഞ്ചരിച്ചു കാണും - പട പട എന്ന് ഒരു ശബ്ദം കേള്‍ക്കുന്നു. എന്തോ താഴെ വീണ പോലെ.  കുട താഴെ പോയതാണോ? ഹേയ് അതിപ്പോളും കയ്യില്‍ ഉണ്ടല്ലോ. പിന്നെ എന്ത്?


അധിക നേരം വേണ്ടി വന്നില്ല. ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ നിലവിളി ഉയര്‍ന്നു, "അളിയാ!!! എന്‍റെ മൊബൈല്‍ കാണുന്നില്ല!"


ഒരു കയ്യോ കാലോ മുറിഞ്ഞു പോയിരുന്നെങ്കില്‍ പോലും ഇത്രേം ദയനീയമായി അദ്ദേഹം നിലവിളിക്കില്ലായിരുന്നു എന്ന് നമ്മള്‍ക്ക് ഇന്നും ഉറപ്പുണ്ട്!


പിന്നെ എല്ലാം പെട്ടന്നായിരുന്നു - ഓട്ടോ നിറുത്തുന്നു - നമ്മള്‍ ഇറങ്ങി തിരിച്ചോടുന്നു - ശബ്ദം കേട്ട സ്ഥലം കിളച്ചു മറിക്കുന്നു - മൊബൈലിന്റെ പൊടി പോലും കണ്ടില്ല. വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌!


ശ്മശാനമൂകത.


സുഹൃത്ത്‌ ഇപ്പോള്‍ കരയും എന്നാ മട്ടില്‍ നില്‍ക്കുന്നു. ഇടയ്ക്ക് എന്‍റെ contacts, എന്‍റെ മെസ്സേജ്, എന്‍റെ മിസ്ഡ് കോള്‍ എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു - പാവം!


ഒടുവില്‍ എല്ലാവരും ആ സത്യവുമായി പൊരുത്തപ്പെടുന്നു - മൊബൈല്‍ പോയി!


കൂട്ടത്തില്‍ ബുദ്ധിമാന്‍ ഉപദേശിച്ചു - ഒരു FIR ഫയല്‍ ചെയ്തു കോപ്പി കൊടുത്താല്‍, അതെ നമ്പര്‍ ഉള്ള SIM കാര്‍ഡ്‌തന്നെ കിട്ടും - പെട്ടന്ന് സ്റ്റേഷനില്‍ പോയി FIR ഫയല്‍ ചെയ്യ്.


ആ രാത്രി മിസ്ഡ് കോള്സും മെസ്സജസും ഇല്ലാതെ വളഞ്ഞ നമ്മുടെ സുഹൃത്ത്, ലാന്‍ഡ്‌ ഫോണില്‍ നിന്നും മിസ്ഡ് കോള്‍സ് അടിച്ചതായി പിന്നീടു പലരും നമ്മോടു പറഞ്ഞിട്ടുണ്ട്!


അടുത്ത ദിവസം.


നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ചേര്‍ന്ന് FIR എഴുതിക്കുവാനായി പോലീസ് സ്റ്റേഷനില്‍ എത്തുന്നു.


കണ്ടോന്‍മെന്‍റ് സ്റ്റേഷന്‍.


"എവിടെ വെച്ചാ കളഞ്ഞത്?", മാന്യമായ ചോദ്യം.


"പട്ടത്ത് വെച്ചു", ഒരു ഗദ്ഗദത്തോടെ സുഹൃത്ത്‌ മൂളി.


 "അയ്യോ മോനെ, അത് ഈ സ്റ്റേഷന്‍ന്‍റെ പരിധിയില്‍ അല്ലല്ലോ. നിങ്ങള്‍ മ്യുസിയം സ്റ്റേഷനില്‍ ആണ് പോകേണ്ടിയിരുന്നത്‌ ", നല്ലവനായ പോലീസുകാരന്‍ കൈ മലര്‍ത്തി.


മ്യുസിയം സ്റ്റേഷന്‍.


"എവിടെ വെച്ചാടാ കളഞ്ഞത്?", വീണ്ടും ചോദ്യം.


"പട്ടത്ത് വെച്ചു.", മറുപടി.


"പട്ടത്ത് എവിടെയാടാ?", അലര്‍ച്ച.


"ജങ്ക്ഷന്‍റെ തൊട്ടു മുന്നേ."


"ജങ്ക്ഷന്‍ കഴിഞ്ഞിട്ടാടാ പന്നി ഈ സ്റ്റേഷന്‍റെ പരിധി. മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ ചെല്ല്. വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും!"


മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍.


പതിവ് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ -


"നിങ്ങള്‍ കേശവദാസപുരത്ത് നിന്നും പട്ടതേക്ക് പോകുമ്പോള്‍ അല്ലെ മൊബൈല് കളഞ്ഞത്?"


തന്നോട് ചോറ് ചോറ് എന്ന് തന്നെ അല്ലെ പറഞ്ഞത് - ആവശ്യം നമ്മുടേത്‌ ആയിപ്പോയി!


"അതെ സാര്‍!"


"ങാ! അത് അപ്പോള്‍ പേരൂര്‍ക്കട സ്റ്റേഷന്‍റെ പരിധിയിലാണ്. പട്ടത്ത് നിന്നും കേശവദാസപുരത്തെക്ക് ആയിരുന്നെങ്കില്‍ അത് നമ്മുടെ പരിധിയില്‍ ആയിരുന്നേനെ. അങ്ങോട്ട്‌ പോ!!!"


സഹികെട്ടപ്പോള്‍ നമ്മള്‍ മൊബൈല്‍ തിരിച്ചു കിട്ടാനല്ലെന്നും FIR'ന്‍റെ കോപ്പി കിട്ടിയിരുന്നെങ്കില്‍ ഡ്യൂപ്ലിക്കേറ്റ്‌ SIM കിട്ടുമായിരുന്നു എന്നും മറ്റും നമ്മള്‍ താഴ്മയോടെ അപേക്ഷിച്ചു. പിന്നെ കേട്ട പുളിച്ച തെറികള്‍ ഇവിടെ പറയുന്നില്ല - ഇറങ്ങി ഓടി!!!


പേരൂര്‍ക്കട സ്റ്റേഷന്‍.


പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം FIR'ന്‍റെ കോപ്പി കാത്തു നിന്ന നമ്മളോട് SI ഇങ്ങനെ ചോദിക്കുന്നു -


"മൊബൈല്‍ കളഞ്ഞു എന്നതിന് എന്താടാ തെളിവ്?"


നമ്മള്‍ ആസ്സ് ആയി!


"അല്ല സാര്‍, അത് കളഞ്ഞത് കൊണ്ടല്ലേ നമ്മള്‍...", അതുവരെ നിശബ്ദന്‍ ആയിരുന്ന  നമ്മള്‍ ഇടപെട്ടു.


"ഫാ!!! നീ ഒക്കെ അത് ഒളിപ്പിച്ചു വെച്ചിട്ട് വന്നതല്ലെടാ??? അതോ നീയാണോ അത് അടിച്ചു മാറ്റിയത്???"


വാദികള്‍ പ്രതികളാവുക എന്ന പ്രതിഭാസത്തിനു അന്ന് നമ്മള്‍ സാക്ഷിയായി. ഇന്ത്യന്‍ പീനല്‍ കോഡ്, ബ്യുരോക്രസി, അരിസ്ട്രോക്രസി അവന്‍റെ അമ്മുമ്മേടെ...മനസ്സില്‍ പച്ച തെറി വിളിച്ചു കൊണ്ട് നമ്മള്‍ അവിടെ നിന്നും ഇറങ്ങി.


സമയം ഏതാണ്ട് നാല് മണി ആയിക്കാണും. ഒരു നാരങ്ങ വെള്ളവും കുടിച്ചു നമ്മള്‍ എയര്‍ടെല്‍ ഓഫീസില്‍ എത്തുന്നു. FIR കിട്ടിയില്ല എന്നും, ഡ്യൂപ്ലിക്കേറ്റ്‌ SIM കിട്ടാന്‍ വേറെ വല്ല വഴിയും ഉണ്ടോ എന്ന് അന്വേഷിക്കുന്നു.


""എന്തിനാ FIR?", അവിടെ നിന്ന കൊച്ചിന്റെ ചോദ്യം കേട്ട് ഞങ്ങള്‍ ഞെട്ടി.


ഡ്യൂപ്ലിക്കേറ്റ്‌ SIM എടുക്കാന്‍ FIR'ന്‍റെ ആവശ്യം ഇല്ല എന്നുള്ള സത്യം നമ്മള്‍ അപ്പോള്‍ മനസ്സിലാക്കി!


അന്ന് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ചീത്തവിളി കേട്ടത് വെറുതെ ആയിരുന്നു എന്ന് ഓര്‍ത്തപ്പോള്‍...


തലേന്ന് ബുദ്ധി ഉപദേശിച്ചു തന്ന ആത്മാര്‍ത്ഥ സുഹൃത്തിനെ അപ്പോള്‍ തന്നെ നമ്മള്‍ കാശു ചിലവാക്കി വിളിക്കുകയും കൃത്യം ഒരു മിനിറ്റ് നീണ്ടു നില്‍ക്കുന്ന തെറി അഭിഷേകം നടത്തുകയും ചെയ്തു!


മിസ്ഡ് കോളിനുള്ള ബാലന്‍സ് ബാക്കി വെക്കണമല്ലോ!!!


PS: മിസ്ഡ് കോളുകളുടെ ആ ലോകം ഇന്ന് നമ്മള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ആരെയും 'മിസ്‌' ചെയ്യാതോണ്ട് ആയിരിക്കും!


:)

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഒരു ന്യൂ ഇയര്‍!

ഡിസംബര്‍ 31.


നേരം പരപരാ വെളുക്കുന്നതെ ഉള്ളു.


വയനാടന്‍ മലനിരകളിലെ യാത്രകള്‍ക്ക് ശേഷം നമ്മള്‍ തിരികെ വരികയാണ്. നാല് ദിവസത്തെ പ്രവാസജീവിതം; അതിന്‍റെ എല്ലാ സ്വാതന്ത്ര്യങ്ങളും - വല്ലാതെ തളര്‍ന്നിരിക്കുന്നു. എല്ലാത്തിന്നും പുറമേ തലേന്നത്തെ ബസ്‌ യാത്രയുടെ ക്ഷീണവും. കട്ടില്‍ കണ്ടാല്‍ അപ്പോള്‍ ചാടിവീണ് ഉറങ്ങിപ്പോകും - അതാണ് അവസ്ഥ.


അതെങ്ങനെ ശരിയാകും?


പുതുവത്സരം ആഘോഷിക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങുകയോ? ഒരിക്കലുമില്ല.
അങ്ങനെ നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ആഘോഷങ്ങള്‍ക്കായ് വീട്ടില്‍ പോലും കയറാതെ വീണ്ടും യാത്ര തുടങ്ങി - അഗസ്ത്യാര്‍കൂടതിലേക്ക്!!!


പണം - അത് എത്ര സമ്പാദിച്ചാലും ചിലവാക്കിയാലും മതിവരാത്ത ഒരു സാധനം ആണല്ലോ. കാശുള്ളപ്പോള്‍ എറിഞ്ഞു ജീവിക്കുക; കാശില്ലാതപ്പോള്‍ ഇരന്നു ജീവിക്കുക - അതാണ് നമ്മുടെ മുദ്രാവാക്യം. ഒന്നും കുറച്ചില്ല - A/C കാര്‍, ആവശ്യത്തിനു 'മരുന്ന്', ഭക്ഷണം, പാചക സാമഗ്രികള്‍ എന്നിവ വാങ്ങിക്കുട്ടി നമ്മള്‍ അടിവാരത്തിലെത്തി. തേയിലത്തോട്ടങ്ങളുടെ വശ്യഭംഗി ആസ്വദിച്ചു കൊണ്ട് നമ്മള്‍ അഗസ്ത്യന്‍ന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുള്ള യാത്ര ആരംഭിച്ചു - വഴികാട്ടികളായി രണ്ടു ആദിവാസികളും.


ആദിവാസികള്‍ എന്ന് പറഞ്ഞാല്‍ തെറ്റുധരിക്കരുത് - ആധുനിക ആദിവാസികള്‍. മൊബൈല്‍ ഫോണും സിം കാര്‍ഡുകളും എന്ന് വേണ്ട ആധുനികതയുടെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഉള്ള രണ്ടു പേര്‍. നേര് പറഞ്ഞാല്‍ പണ്ട് മുതലേ ഉള്ള വനയാത്രകളില്‍ എപ്പോഴോ പരിചയപ്പെട്ടവര്‍.


അഗസ്ത്യാര്‍കൂടം  - ഏതാണ്ട് 30-40 കിലോമീറ്റര്‍ കാടിനുള്ളിലൂടെയുള്ള നടത്തം. വഴിയില്‍ മുന്നേ പോയ ആരെയോ ആന ചവുട്ടിക്കൊന്ന സ്ഥലങ്ങള്‍. ആന വന്നാല്‍ ചാടി രക്ഷപ്പെടാനുള്ള ട്രെഞ്ചുകള്‍.  ഓരോ വളവിലും ആനയുണ്ടോ എന്ന് നോക്കി നോക്കി നടക്കുന്ന ആദിവാസികള്‍ - ആകെ ഒരു ത്രില്‍ അനുഭവപ്പെട്ടിരുന്നു.


രാത്രി.


ഒരു ട്രെഞ്ചിന്റെ നടുവില്‍ കരിങ്കല്ല് കൊണ്ടുള്ള ഒരു കെട്ടിടം  - വയര്‍ലെസ്സ് സ്റ്റേഷന്‍. അവിടെയാണ് അന്ന് രാത്രി നമ്മള്‍ ചിലവഴിക്കെണ്ടിയിരുന്നത്. നടന്നു ക്ഷീണിച്ചതു  കൊണ്ടാകാം, ആദ്യം തന്നെ നമ്മള്‍ നടു  നിവര്‍ത്താനുള്ള സൗകര്യം ആണ് അന്വേഷിച്ചത്. നനഞ്ഞ  സിമന്റ്‌ തറയില്‍ ഒരു ടാര്‍പ്പോളിന്‍ വിരിച്ചിരിക്കുന്നു.! ഒരു എട്ടു പേര്‍ക്ക് കിടന്നുറങ്ങാന്‍ പാകത്തിലുള്ള ആ ഒറ്റമുറിയില്‍ അന്ന് നമ്മളെ കൂടാതെ ഒരു പന്ത്രണ്ടു പേര്‍ കൂടെ ഉണ്ട് എന്ന് കേട്ടപ്പോള്‍ നമ്മുടെ ഉറക്കം എല്ലാം പോയി.  അധികം താമസിക്കേണ്ടി വന്നില്ല -  ആര്‍പ്പുവിളികളുമായി  അവര്‍ എത്തി.


പന്ത്രണ്ടു വയസ്സന്മാര്‍!!!


നമ്മള്‍ പ്രാകി - ഈ വയസ്സാം കാലത്ത് ഈ കാട്ടില്‍ വന്നു കിടക്കേണ്ട വല്ല ആവശ്യം ഉണ്ടോ ഇവര്‍ക്ക്? വീട്ടില്‍ കൊച്ചുമക്കളെയും കളിപ്പിച്ചിരുന്നാല്‍ പോരെ? ഇനി നമ്മള്‍ക്ക് മനസ്സമാധാനമായി അല്പം ബഹളം വെയ്ക്കാന്‍ പറ്റുമോ? അവര്‍ എന്ത് വിചാരിക്കും? ആകെ പ്രശ്നം.


അധിക സമയം വേണ്ടി വന്നില്ല.


വയസ്സന്മാര്‍ എന്ന് പറഞ്ഞു നമ്മള്‍ കളിയാക്കിയവര്‍ ഒരു നാല് ബാഗ്‌ തുറന്നു മരുന്ന് കുപ്പികള്‍ ഓരോന്നായി പുറത്തു എടുത്തതെ നമ്മള്‍ക്ക് ഓര്‍മയുള്ളൂ. ഒരു അര മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ, ഒഴിഞ്ഞ കുപ്പികള്‍ നോക്കി നെടുവീര്‍പ്പിട്ടു, വീണ്ടും വാങ്ങിക്കുവാന്‍ ആളെ പറഞ്ഞു വിട്ട അവരുടെ മുന്നില്‍ നമ്മള്‍ ശിശുക്കള്‍ ഒതുങ്ങി.


പിന്നെയും മരുന്ന് കുപ്പികള്‍ പൊട്ടുന്നു.


നിശബ്ധമായിരുന്ന ആ കാട്ടില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം - നമ്മുടെ വയസ്സന്മാര്‍ അത്യുച്ചത്തില്‍ പാടുകയാണ്!!! പിന്നീടു അവിടെ നടന്നത് വിവരിക്കുവാന്‍ വളരെ പ്രയാസകരമാണ് - കൂക്കിവിളി, ഓരിയിടല്‍, തെറിവിളി, പഴയ പാട്ടുകള്‍, ബ്രേക്ക്‌ ഡാന്‍സ്, ഭരതനാട്യം...ആ ട്രെഞ്ചിനു ചുറ്റുമുണ്ടായിരുന്ന ഒരൊറ്റ വന്യജീവി പോലും ഉറങ്ങിയിട്ടില്ല എന്ന് നമ്മള്‍ക്ക് ഉറപ്പുണ്ട്. ഭൂലോക അലമ്പന്മാര്‍ എന്ന് സ്വയം കരുതിയിരുന്ന നമ്മള്‍ ആ ബഹളത്തിനു മുന്നില്‍ പകച്ചു നിന്ന് പോയി. തലമുറകളുടെ വ്യത്യാസം നമ്മള്‍ അറിഞ്ഞു.


അങ്ങനെ ഇരിക്കെ, തികച്ചും യാദൃശ്ചികമായി നമ്മള്‍ അവരില്‍ രണ്ടു പേരെ പരിചയപ്പെടുന്നു.


സാഹിത്യം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ നമ്മള്‍ അവരുമായി പെട്ടന്ന് അടുക്കുന്നു. കവിതകള്‍, കഥകള്‍, ചര്‍ച്ചകള്‍...ഒരു സാഹിത്യ സംഗമം തന്നെ അവിടെ നടക്കുന്നു. ആശാനും വിജയനും മുകുന്ദനും ആല്‍കെമിസ്റ്റും സരമാഗോയും എല്ലാം അത് വഴി എത്തി നോക്കി കടന്നുപോയി.


അങ്ങനെ വളരെ രസകരമായി സായാന്ഹം മുന്നോട്ടു പോവുകയാണ്.


ജനുവരി 1.


എല്ലാവരും പരസ്പരം ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുന്നു. ചിലര്‍ നേരെ കിടപ്പായി. നമ്മള്‍ നേരത്തെ പറഞ്ഞ ചങ്ങാതികളുമായി   കൊച്ചു വര്‍ത്തമാനം പറഞ്ഞു ഇരുപ്പാണ്. കഴിച്ച മരുന്നിന്‍റെ ഗുണമാണോ അതോ നമ്മുടെ പൊതുവേ ഉള്ള സ്വഭാവമാണോ എന്ന് അറിയില്ല - നമ്മള്‍ നമ്മുടെ ജീവചരിത്രം മുഴുവന്‍ അവിടെ വിളമ്പി!


കുറച്ചു നേരത്തെ നിശബ്ധതയ്ക്ക് ശേഷം അതില്‍ ഒരാള്‍ നമ്മളോട് ഇങ്ങനെ ചോദിക്കുന്നു -


"നീ ഇന്നയാളുടെ പുത്രനല്ലേ?", ചോദ്യം കേട്ട് നമ്മുടെ മനസ്സൊന്നു കാളി.


"നിനക്കല്ലേ കഴിഞ്ഞ ആഴ്ച ഒരു കല്യാണാലോചന വന്നത്?", വീണ്ടും കാളി.


അതുവരെ കഴിച്ച മരുന്നിന്‍റെ കെട്ടു അപ്പോള്‍ തന്നെ ഇറങ്ങി. വാതോരാതെ സംസാരിച്ചിരുന്ന നമ്മള്‍ നിശബ്ദനായി. ഏതാനും നിമിഷങ്ങള്‍ക്കകം ആ ചങ്ങായി നമ്മുടെ പിതാശ്രീയുടെ ആത്മാര്‍ത്ഥ സുഹൃത്തും ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നയാളും എന്നാ പരമാര്‍ത്ഥം നമ്മള്‍ മനസ്സിലാക്കി. വരാന്‍ പോകുന്ന വര്‍ഷത്തെ കുറിച്ച് ഒരു ഏകദേശ ധാരണ അപ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിഞ്ഞു.


നമ്മുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയായിരികണം അദ്ദേഹം ഇങ്ങനെ പറഞ്ഞത് -


"നീ പേടിക്കാതെടെ! ഇതൊന്നും ഞാന്‍ നിന്‍റെ വീട്ടില്‍ പറയാന്‍ പോകുന്നില്ല.", നമ്മള്‍ വെറുതെ സമാധാനിച്ചു.


രാവിലെ യാത്രപറഞ്ഞു പിരിയുന്ന വേളയില്‍ നമ്മള്‍ ഇത് അദ്ധേഹത്തെ ഒന്നും കൂടി ഓര്‍മിപ്പിക്കുകയും, ഒരിക്കലും നമ്മളെ കണ്ട കാര്യം വീട്ടില്‍ അറിയിക്കുകയും ഇല്ല എന്ന് വാക്ക് നല്‍കുകയും ചെയ്തു.


ഏതാണ്ട് ഒരു രണ്ടു ആഴ്ച കഴിഞ്ഞു കാണും. നമ്മള്‍ ഇതിനിടെ എല്ലാം മറന്നു പതിവുപോലെ നമ്മുടെ ചെറിയ ചെറിയ ചെറ്റത്തരങ്ങള്‍ഉമായി ജീവിക്കുകയാണ്.


ഏതോ ഒരു അനുസ്സരണകേടിന്റെ അവസരത്തില്‍.   


"നീ ഇങ്ങനെ ഓരോ ഇടത്ത് കറങ്ങി നടന്നു വേണ്ടാത്തതൊക്കെ കാട്ടിക്കൂട്ടി നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചു നടന്നോ!"


മാതാശ്രീയുടെ വാക്കുകളുടെ അര്‍ഥം അപ്പോള്‍ മനസ്സിലാകാത്തത് കൊണ്ട് നമ്മള്‍ ആ പരാമര്‍ശത്തെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു.


പിന്നീടു എപ്പോളോ വെറുതെ ഇരുന്നു പകല്‍ കിനാവ് കാണുന്ന അവസരത്തില്‍ നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി  - അന്ന് നടന്ന കാര്യങ്ങള്‍ അതേപടി നമ്മുടെ വീട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു!!!


ആ ആഘാതത്തില്‍ നിന്നും മോചിതനാകുവാന്‍ വേണ്ടി നമ്മള്‍ ഏതാണ്ട് ഒരു മാസത്തോളം നല്ല പിള്ള ചമഞ്ഞു ജീവിക്കേണ്ടി വന്നു!!!


PS: അഗസ്ത്യാര്‍കൂടം കാണുവാന്‍ ഇറങ്ങി പുറപ്പെട്ട നമ്മള്‍ സഞ്ചരിക്കുവാനുള്ള ദൂരത്തിന്റെ പത്തില്‍ ഒന്നുപോലും പോകാതെ, ആനയും കാടിനേയും പേടിച്ചു തിരിച്ചു വന്നു എന്നത് അധികം ആര്‍ക്കും അറിയില്ല!!!

ശനിയാഴ്‌ച, ഡിസംബർ 24, 2011

"മഹത്തായ ഒരു..."

ഈ വഴി, ഏകാന്തമായി കോവില്‍നട-
യിലേക്ക് തിരിഞ്ഞു ഞാന്‍ നടക്കവേ
കാലില്‍ ചിലമ്പ് ഇട്ട കോമരങ്ങള്‍
കാതടപ്പിച്ചു നിലവിളിക്കവേ
ഒരു നിമിഷം -
ഞാന്‍ ഓര്‍ത്തുപോയെന്തിനോ.


കാലമേറെകഴിഞ്ഞെങ്കിലും
കാറ്റിനിന്നും കരിഞ്ഞ-
ജീവന്‍റെ ഗന്ധമാണ്.
ഏതോ ലഹരിയില്‍; ഉന്മാദത്തില്‍;
ഓരോ ചിതയും കത്തിച്ച ഈ കൈകള്‍
ചോര പ്രസവിച്ച കൈകള്‍
 - ഇവയ്ക്ക് മോക്ഷമെവിടെ?


അവന്‍റെ കൈകള്‍ വിറച്ചു തുടങ്ങി. ഏറെ നാളായി ഇങ്ങനെയാണ്  - എന്തെങ്കിലും എഴുതുവാന്‍ തുടങ്ങുമ്പോള്‍. അവന്‍ നിരാശയോടെ പേന താഴെ വെച്ചു.


തനിക്കു എന്താണ് സംഭവിച്ചത് എന്ന് അവന് അറിയാമായിരുന്നു. പശ്ചാത്താപത്തിന്‍റെ ആദ്യനാളുകളില്‍ അവന്‍ ഒരുപാടു കരഞ്ഞിരുന്നു. അതിനെ അതിജീവിക്കുവാനുള്ള ഓരോ ശ്രമങ്ങളും പാഴായപ്പോള്‍ അവന്‍ ആശ്വസിച്ചു - ശാപങ്ങള്‍ സത്യമാണ്. വിശ്വസിക്കുവാന്‍ ഒരു ദൈവത്തെ കിട്ടിയതിന്‍റെ ആശ്വാസം.


വര്‍ഷങ്ങള്‍ക്കു മുന്‍പ്, അന്നൊരിക്കല്‍ അവന്‍റെ മുന്നില്‍ കേണു നിലവിളിച്ചവരില്‍ ആരെയൊക്കെയോ അവന് അറിയാമായിരുന്നു - സാധുക്കള്‍. ജന്മിത്വത്തിന്‍റെ ശാപം പേറിയ, അവസാനത്തെ കണ്ണികള്‍.


ഒരു നിമിഷം അറച്ചുപോയ അവന്‍റെ പിന്നില്‍ നിന്നും ആചാര്യന്മാരുടെ വാക്കുകള്‍ ഇങ്ങനെ മുഴങ്ങി -


"മഹത്തായ ഒരു ലക്‌ഷ്യത്തിനു വേണ്ടി..."


 മുന്നില്‍ ഉയര്‍ന്ന ആളിക്കത്തുന്ന നിലവിളികള്‍ക്കുമേലെ അവന്‍ ഉച്ചത്തില്‍ പറഞ്ഞു -"മഹത്തായ ഒരു ലക്‌ഷ്യത്തിനു വേണ്ടി..."

ഒരുപാടു നാളുകള്‍ക്കു ശേഷം, വിപ്ലവത്തിന്‍റെ തീ കെട്ട് ഒടുങ്ങിയപ്പോള്‍ അവന്‍ തിരികെ ചെന്നു - അന്ന് താന്‍ കൊളുത്തിയ ചിത കാണാന്‍. വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകിയ ആ ഭൂമിയെ കാണുവാന്‍.


ചോരയുടെ നിറമുള്ള ഒരു കൊടിമരത്തിന്‍റെ കീഴില്‍, ഒരു ചുവന്ന കല്‍മണ്ഡപം. പുല്ലുകള്‍ വകഞ്ഞുമാറ്റി നോക്കിയപ്പോള്‍, അതില്‍ ഇങ്ങനെ കൊത്തിവെച്ചിരുന്നു -


"മഹത്തായ ഒരു  ലക്‌ഷ്യത്തിനു വേണ്ടി  പോരാടി, ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കന്മാര്‍ക്ക് അഭിവാദ്യങ്ങള്‍!"


താഴെ നിരനിരയായി അന്നത്തെ നക്സല്‍ ആക്രമണത്തില്‍ വെന്തു മരിച്ചവരുടെ പേരുകള്‍!.


വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ഉച്ചത്തിലുള്ള നിലവിളികള്‍ അവന്‍റെ കാതുകളില്‍ വന്നു പതിച്ചു. സഹിക്കാനാവാതെ അവന്‍ കാതുകള്‍ പൊത്തിപിടിച്ചു തിരിഞ്ഞു നടന്നു.


അന്ന് താന്‍ ചുട്ടു കൊന്നവരുടെയും തന്‍റെയും ലക്‌ഷ്യങള്‍ ഒന്നായിരുന്നു എന്ന് അവന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.


അന്ന് മുതലാണ് അവന്‍റെ കൈകള്‍ വിറച്ചു തുടങ്ങിയത്!!!

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ശില്പങ്ങള്‍!

ആ ശില്പങ്ങള്‍ കണ്ടു ലോകര്‍ പറഞ്ഞു, "നിങ്ങള്‍ക്ക് ഭ്രാന്താണ്!"


ശില്പി ഇങ്ങനെ പ്രതിവചിച്ചു, "നിങ്ങളുടെ ഭ്രാന്താണ് എന്‍റെ ലോകം."


"എന്‍റെ ശില്പങ്ങള്‍!"

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ദൈവത്തിന്‍റെ പെരുവിരല്‍!

 "ദൈവമേ! അങ്ങയുടെ ശക്തിയുടെ ഉറവിടം എവിടെയാണ്?", മനുഷ്യന്‍ ആദ്യകാലത്ത് ഒരിക്കല്‍ ദൈവത്തോട് ചോദിച്ചു.


ഏറ്റവും പ്രിയപ്പെട്ട പുത്രന്‍റെ ചോദ്യം കേട്ടപ്പോള്‍, യാതൊരു ശങ്കയുമില്ലാതെ ദൈവം പറഞ്ഞു, "മകനേ, എന്‍റെ വലത്തേ കൈയ്യുടെ പെരുവിരലില്‍ ആണ് എന്‍റെ ശക്തിയുടെ ഉറവിടം. അതാണ് നിന്‍റെ ഈ ലോകത്തിലെ നന്മ-തിന്മകളെയും, ശരികളേയും, തെറ്റുകളെയും, ശാപങ്ങളെയും അനുഗ്രഹങ്ങളെയും എല്ലാം നിശ്ചയിക്കുന്നത്. ഈ ലോകത്തിന്‍റെ സമതുലിതാവസ്ഥ നിലനിറുത്തുന്നത്. ഇത് നഷ്ടപ്പെട്ടാല്‍ നിങ്ങളെപ്പോലെ ഞാനും ഒരു സാധാരണ മനുഷ്യന്‍ ആയിത്തീരും  - അമരത്വം മാത്രം എന്നില്‍ അവശേഷിക്കും."


മനുഷ്യന്‍ ആദരവോടെ ആ വിരലില്‍ ചുംബിച്ചു ദൈവത്തിനു സ്തുതി പറഞ്ഞു.


കാലം ഒരുപാടു കടന്നു പോയി. മനുഷ്യന്‍ വളര്‍ന്നു - അറിവുകളിലൂടെ അവന്‍ ബുദ്ധി നേടി. നന്മ- തിന്മകളുടെ ദൈവം കല്‍പ്പിച്ച നിയമങ്ങള്‍ അനുസരിച്ച് അവന്‍ ജീവിച്ചു.


ഒരുനാള്‍ സാത്താന്‍ മനുഷ്യനെ കാണാന്‍ വന്നു.


"നിന്‍റെ അവസ്ഥയില്‍ നിന്നോട് എനിക്ക് സഹതാപം തോന്നുന്നു.", സാത്താന്‍ മനുഷ്യനോടു അനുകമ്പയോടെ പറഞ്ഞു. "ഇത്രയും ബുദ്ധിമാനായ നീ ഇപ്പോളും ദൈവത്തിന്‍റെ അടിമയെ പോലെ  അവന്‍റെ വാക്കുകള്‍ അനുസരിച്ച് ജീവിക്കുന്നു. മരണത്തിനും രോഗത്തിനും അടിപ്പെട്ടു ഒരു കൃമിയെപ്പോലെ വലയുന്നു."


ക്രമേണ സാത്താന്റെ വാക്പാടവത്തില്‍  മനുഷ്യന്‍ മയങ്ങി.


"ദൈവത്തിന്‍റെ പെരുവിരല്‍ - അത് നീ എനിക്ക് സമ്മാനിക്കണം. പകരം നിനക്ക് ഞാന്‍ അമരത്വവും അപാര ശക്തികളും നല്‍കാം.", സാത്താന്റെ വാക്കുകള്‍ കേട്ട് ഒരു നിമിഷം മനുഷ്യന്‍ ഞെട്ടി.


തന്നെ ഇത്രയും നാള്‍ സംരക്ഷിച്ചിരുന്ന ആ വിരല്‍ - അതാണ് സാത്താന്‍ ചോദിക്കുന്നത്. അവന്‍റെ മനസ്സില്‍ വിവിധ വികാരങ്ങള്‍ പരസ്പരം പോരാടി - ഒടുവില്‍ അവന്‍ നിശ്ചയിക്കുന്നു. അവന്‍റെ ത്രാസ്സില്‍ ദൈവത്തിനെക്കാള്‍ തൂക്കം, നേടാന്‍ പോകുന്ന അമരത്വത്തിനായിരുന്നു!


മനുഷ്യന്‍ ദൈവത്തിന്‍റെ അരികില്‍ ചെന്നു. എല്ലാം അറിയുന്ന ദൈവം അവന്‍റെ അപേക്ഷ കേട്ടു - തന്‍റെ പെരുവിരല്‍ മുറിച്ചു നല്‍കികൊണ്ട് അവനെ അനുഗ്രഹിച്ചു.


"നിനക്ക് നല്ലത് വരട്ടെ."


ഒടുവില്‍ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച്, ചോര ഇറ്റു വീഴുന്ന വിരലുമായി നില്‍ക്കുന്ന മനുഷ്യനോടു ദൈവം യാത്ര പറഞ്ഞു, " പ്രിയ പുത്രാ! ഇനി നിന്നെ സംരക്ഷിക്കുവാനും ആശ്വസ്സിപ്പിക്കുവാനും ഞാന്‍ അശക്തനാണ്. നിന്നെ നീ തന്നെ കാത്തു കൊള്ളുക."


ദൈവം എങ്ങോ പോയി മറഞ്ഞു.


വിരലുമായി അമരത്വം പ്രതീക്ഷിച്ചു വന്ന മനുഷ്യനെ നോക്കി സാത്താന്‍ ചിരിച്ചു.


"മൂഡന്‍ ആയ മനുഷ്യാ! ആ വിരല്‍ എനിക്കാവശ്യമില്ല -  അത് അറുത്തു മേടിച്ചതോടെ ദൈവത്തിന്‍റെ ശക്തി ഇല്ലാതായി. ദൈവത്തില്‍ നിന്നും വേര്‍പ്പെട്ടതോടെ വിരലിന്‍റെ ശക്തിയും. ഇനി ഈ ലോകം ഞാന്‍ ഭരിക്കും"


സാത്താന്റെ വാക്കുകള്‍ കേട്ടു ഞെട്ടി വിറച്ച മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചിറങ്ങി. പക്ഷെ ഒരിക്കലും അവനു ദൈവത്തെ പിന്നീടു കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ തളര്‍ന്നു വീണു.


തലമുറകള്‍ കടന്നു പോയി.


ലോകത്തില്‍ സാത്താന്‍ വാഴുന്നു. കഷ്ടതകള്‍ക്കിടയില്‍ ദീനങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ അപ്പോളും ദൈവത്തെ തിരഞ്ഞു കൊണ്ടിരുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ദൈവത്തിനു വേണ്ടി അമ്പലങ്ങളും പള്ളികളും പണിഞ്ഞു ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അവന്‍റെ വരവിനായി പ്രാര്‍ത്ഥിച്ചു - നിവെദ്യങ്ങളും  മെഴുകുതിരികളും നേര്‍ന്നു . സക്കാത്ത് നല്‍കി. പക്ഷെ ദൈവം മടങ്ങി വന്നില്ല.


അമ്പലങ്ങളും പള്ളികളും ഇനിയും വരാത്ത ദൈവത്തിന്‍റെ പേരില്‍ അന്യോന്യം കലഹിച്ചു തുടങ്ങി. പഴയ കഥകള്‍ മറന്നു  - ഓരോരുത്തരും ദൈവം തങ്ങളുടെയാണ് എന്ന് വാദിച്ചു പരസ്പരം പോരാടി. സാത്താന്റെ ലോകം ചോരക്കളമായി.


തെരുവില്‍ പരസ്പരം വെട്ടി മരിക്കുന്ന മനുഷ്യരെ നോക്കി ഒരു ഭ്രാന്തന്‍ ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.


വലത്തേ കയ്യില്‍ പെരുവിരല്‍ ഇല്ലാത്ത ഒരു ഭ്രാന്തന്‍!!!
  

ചൊവ്വാഴ്ച, ഡിസംബർ 13, 2011

അവസാനത്തെ കത്ത്!


നിലാവൊഴിഞ്ഞ രാത്രിയില്‍, ഇരുട്ടില്‍ ആകാശത്തിലെവിടെയോ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി അവള്‍ ഇരുന്നു. മുന്നില്‍, എഴുതി പൂര്‍ത്തിയായ തന്‍റെ അവസാനത്തെ കത്ത്.


ഏറെ നേരത്തിനു ശേഷം ഒടുവിലായി, അവള്‍ ഇങ്ങനെ എഴുതി ചേര്‍ത്തു:


"നീ! നീ മാത്രമാണ് എന്‍റെ ജീവിതത്തിനും മരണത്തിനും അവകാശി!"


ഭംഗിയായി മടക്കി അവള്‍ ആ കത്തു മേശവലിപ്പിനുള്ളില്‍ വെച്ച് ഭദ്രമാക്കി.


മണ്ണെണ്ണയുടെ ഗന്ധം ശരീരമാകെ പടര്‍ന്നപ്പോള്‍, കഴിഞ്ഞുപോയ ഓരോ നിമിഷത്തെയും അവള്‍ മുന്നില്‍ കണ്ടു. അതിലെവിടെയോ അവന്‍റെ മുഖം തെളിഞ്ഞപ്പോള്‍ വെറുപ്പോടെ അവള്‍ മുഖം വെട്ടിച്ചു. ഒരിക്കല്‍ എല്ലാമായിരുന്ന അവനെ അവള്‍ ഇപ്പോള്‍ വെറുക്കുന്നു.


എപ്പോഴോ അവള്‍ അവനെ സ്നേഹിച്ചിരുന്നു, ഒരുപാട്.


സന്ധ്യകളില്‍ കൈപിടിച്ച് നടക്കുമ്പോള്‍, മണ്ണിന്‍റെ മണമുള്ള മഴയത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അവര്‍ ഒന്നായിരുന്നു. ആയിരം ജന്മങ്ങളുടെ സ്നേഹം അവര്‍ പങ്കുവെച്ചു.


അവന്‍ അവളെയും ഒരുപാട് സ്നേഹിച്ചിരുന്നു.


അവള്‍ക്കൊരിക്കലും മനസ്സിലായിരുന്നില്ല, എന്തിനാണ് തന്നെ പിരിഞ്ഞു അവന്‍ പോയതെന്ന്. കാത്തിരുന്നു...കാലങ്ങളോളം അവനെയും പ്രതീക്ഷിച്ചു. പക്ഷെ അവന്‍ മടങ്ങി വന്നില്ല. വേദന അവളുടെ മനസ്സില്‍ വെറുപ്പായി...പകയായി...ഒടുവില്‍ മരണവും.


എന്നെങ്കിലും അവന്‍ തിരിച്ചു വന്നാല്‍, അവന്‍ അറിയണം.


"എന്‍റെ മരണം - അതിനു നീ മാത്രമാണ് കാരണം.", അവള്‍ പിറുപിറുത്തു.


"ഒരിക്കല്‍ നീ അറിയും എന്‍റെ മരണം. ഈ കത്തു നീ വായിക്കും - അന്ന് നീ പശ്ചാതപിക്കണം...വേദനിക്കണം. ഞാന്‍ അനുഭവിച്ചത് എന്താണെന്നു അറിയണം. എനിക്കായി കണ്ണുനീര്‍ പൊഴിക്കണം. എന്‍റെ ഓര്‍മ്മയില്‍ ജീവിതം മുഴുവന്‍ അലയണം!", വെറുപ്പോടെ ഒരു ഭ്രാന്തിയെപ്പോലെ അവള്‍ കുത്തികുറിച്ചിരുന്നു.


ഒരു തിരിനാളം കത്തിയണഞ്ഞു.


കത്തിയെരിഞ്ഞ മാംസത്തിന്റെ മണമുള്ള ആ മുറിയില്‍ നിന്നും ഒരു ചെറിയ കടലാസ്സിന്റെ കഷ്ണം കിട്ടി. ഏതോ ഒരു നിയോഗം പോലെ ഇത്ര മാത്രം അതില്‍ മായാതെ കിടന്നു:


"...എന്‍റെ ജീവിതത്തിനും മരണത്തിനും അവകാശി!"


അവള്‍ അവനെ സ്നേഹിച്ചിരുന്നു - മരണത്തിലും!

ഞായറാഴ്‌ച, ഡിസംബർ 11, 2011

വെയില്‍

വെയിലേറ്റു വാടി തളര്‍ന്നപ്പോള്‍ ആ കുഞ്ഞു പൂവ് സൂര്യനോട് കേണു.


"എന്നെ എന്തിനു ഇങ്ങനെ വെറുക്കുന്നു? ഞാന്‍ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മഞ്ഞുതുള്ളികളെ നീ തട്ടിപ്പറിച്ചു -  നിന്‍റെ ചൂട് താങ്ങാനാവാതെ അവര്‍ എന്നില്‍ നിന്നും പൊഴിഞ്ഞു പോയി! ഇപ്പോള്‍ ഇതാ നീ എന്നെയും നിന്‍റെ കിരണങ്ങളാല്‍ കരിച്ചു കളയാന്‍ ശ്രമിക്കുന്നു."


പൂവിന്‍റെ വിലാപം സൂര്യനെ വേദനിപ്പിച്ചു. ദുഖിതനായി സൂര്യന്‍ പിന്നീടു ഒരിക്കലും ആ പൂവിന്‍റെ മേല്‍ തന്‍റെ കിരണങ്ങള്‍ വീഴ്ത്തിയില്ല.


ദിവസങ്ങള്‍ക്കകം പ്രകാശമില്ലാതെ ഉണങ്ങി കരിഞ്ഞ ചെടിയുടെ കീഴെ മരണം കാത്തു കിടക്കുമ്പോള്‍ പൂവ് ആകാശത്തേക്ക് നോക്കി പറഞ്ഞു -


"മാപ്പ്"

ചോക്ക് പൊടി!!!ഒന്നാലോചിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ഏറ്റവും അധികം പ്രശ്നങ്ങള്‍ ഉണ്ടായ, നമ്മള്‍ തന്നെ ഉണ്ടാക്കിയ സമയം ആണ്  പ്ലസ്‌-2. അതുകൊണ്ട് തന്നെ ആയിരിക്കും ഇന്നും ആ കാലഘട്ടത്തെക്കുറിച്ച് ഉള്ള ഓര്‍മ്മകള്‍  മായാതെ നില്‍ക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും രസകരമായ സംഭവങ്ങള്‍.


പഠനത്തില്‍ വളരെ മുന്നിലും അതി ബുദ്ധിമാനും ആയിരുന്നതിനാല്‍, നമ്മെ ഏറ്റവും മുന്‍പിലത്തെ ബെഞ്ചില്‍ ആയിരുന്നു ടീച്ചര്‍ പ്രതിഷ്ടിച്ചിരുന്നത്. നമ്മളെ പോലെ തന്നെ നല്ലവരായ മറ്റു മൂന്നു പേര് കൂടി നമ്മള്‍ക്ക് കമ്പനി ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകളില്‍ ഇരുന്നിരുന്നപ്പോള്‍ പാവം നമ്മള്‍ ജീവിതകാലം മുഴുവന്‍ മുന്‍പില്‍ കഴിച്ചുകൂടുക എന്ന ഗതികേടിലായി. അങ്ങനെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ഫാസിസത്തിനെതിരെ എന്ത് വില കൊടുത്തും പോരാടും എന്ന് നിശ്ചയിച്ചു ജീവിച്ചിരുന്ന കാലം.


 മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്നതിനു അതിന്‍റെതായ ഗുണങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. ഈ ടീച്ചര്‍മാരുടെ ഒരു മനശാസ്ത്രം വെച്ച് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്നവര്‍ ആണ് പൊതുവേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് ബഹളം കേട്ടാലും ആദ്യം അവര്‍ നോക്കുന്നത് അങ്ങോട്ട്‌ ആണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പൊക്കാനുള്ള സാധ്യത വളരെ കുറയുന്നു.പക്ഷെ എന്ത് ചെയ്യാന്‍ - കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പരിണാമ സിദ്ദാന്തത്തിന്റെ ആണിക്കല്ലായ "Adaptability" എന്ന ഭാഗം പഠിക്കാനിടയാവുകയും, ഈ പ്രത്യേക സാഹചര്യത്തില്‍ പ്രശ്നം ഉണ്ടാകുന്നതു മുന്നില്‍ നിന്നും ആണ് എന്ന തിരിച്ചറിവ് നേടുകയും ചെയ്തു.


അതോടെ അവര്‍ മനശാസ്ത്രം ഒക്കെ മറന്നു വീണ്ടും നമ്മളെ പൊക്കാന്‍ തുടങ്ങി.


ജീവിതം മടുത്തു.


ഒന്ന് വായുന്നോക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. മിണ്ടിയാല്‍ ക്ലാസിനു പുറത്തു - വീട്ടിലേക്കു വിളി.
എങ്ങനെയും പിറകിലോട്ടു മാറിയെ പറ്റു. സഹ മുന്‍-വരിക്കാരെ അറിയിക്കാതെ നമ്മള്‍ ഒറ്റയ്ക്ക് ഗൂഢാലോചന തുടങ്ങുന്നു. പ്ലാന്‍ തയ്യാറാക്കി നമ്മള്‍ അവസരത്തിനായി കാത്തിരുന്നു.


ഒരു ദിവസം.


"ടീച്ചര്‍...ടീച്ചര്‍...നമ്മള്‍ക്ക് ചോക്ക് പൊടി അല്ലെര്‍ജി ആണ്. അതുകൊണ്ട് കുറച്ചു പിറകിലത്തെ സീറ്റില്‍ ഇരിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു - അപ്പോള്‍ പൊടി അധികം അടിക്കില്ല. അല്ലേല്‍ ഭയങ്കര തുമ്മല്‍ വരും!"


ഒരു "orijinality"ക്ക് വേണ്ടി  നമ്മള്‍ നന്നായി ഒന്ന് തുമ്മുകയും മൂക്ക് ചീറ്റുകയും ചെയ്തായിരുന്നു എന്നാണ് നമ്മുടെ ഒരു ഓര്‍മ്മ. 


ഏതായാലും ടീച്ചര്‍ മൂക്കും കുത്തി വീണു - അടുത്ത ദിവസം മുതല്‍ നമ്മളോട് ഏറ്റവും പുറകില്‍ ഇരുന്നാല്‍ മതി എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വിടുന്നു!


പാവം സഹ മുന്‍-വരിക്കാര്‍. അവര്‍ ഇത് കേട്ട് ഞെട്ടുകയും, ഉടനെ തുമ്മി തുടങ്ങിയാലോ എന്ന് പരസ്പരം ചര്‍ച്ച തുടങ്ങുകയും ചെയ്തു - നമ്മള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് പാവങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.


അടുത്ത ദിവസം.


നമ്മള്‍ പതിവുപോലെ ലേറ്റ്. ക്ലാസ്സില്‍ കേറുന്നു. ലാസ്റ്റ് ബെഞ്ചിലേക്ക് നടക്കുന്നു.


"ങേ!!! ഇതെന്താ നടുവില്‍ ഒരു ബെഞ്ച്‌?"


രണ്ടു വരികള്‍ ഉള്ള ക്ലാസ്സിന്‍റെ നടുവില്‍ ഏറ്റവും പുറകിലായി അതാ ഒരു പുതിയ ബെഞ്ച്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!!! നമ്മുടെ സഹ മുന്‍-വരിക്കാര്‍ മൂന്നുപേരും അതില്‍ തലയില്‍ കൈവെച്ച് ഇരിപ്പുണ്ട്!!!


നമ്മള്‍ക്ക് കാര്യം മനസ്സിലാകാന്‍ കുറച്ചു സമയം വേണ്ടി വന്നു. അതിബുദ്ധിപരമായ നമ്മുടെ നീക്കത്തെ അതിലും ബുദ്ധിപരമായി നമ്മുടെ ടീച്ചര്‍ പ്രതിരോധിച്ചു.ഒരു വെടിക്ക് രണ്ടു പക്ഷി!


അതായതു ഈ ലാസ്റ്റ് ബെഞ്ചിന്‍റെ ഒരു സുഖം എന്താണെന്നു വെച്ചാല്‍, മുന്നില്‍ ഇരിക്കുന്നവരുടെ മറ കാരണം നമ്മള്‍ക്ക് എന്ത് ചെറ്റത്തരം വേണമെങ്കിലും കാണിക്കാന്‍ കഴിയും എന്നൊരു ആത്മവിശ്വാസം ഉണ്ടാകും. ആ മറ ആണ് വളരെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ നമ്മുടെ ടീച്ചര്‍ ഇല്ലാതാക്കിയത്. ടീച്ചര്‍ ആരാ ... !!!


നമ്മള്‍ ആഗ്രഹിച്ച പോലെ ലാസ്റ്റ് ബെഞ്ചില്‍ ആയെങ്കിലും, ഇപ്പോള്‍ നേരെ ടീച്ചര്‍മാരുടെ കണ്മുന്നില്‍, ഒരു തരികിടയും നടത്താനാവാത്ത അവസ്ഥയില്‍ ആയി! 


ചോക്ക് പൊടി ഏറ്റില്ല!!! PS: ഏതാണ്ട് ഒരു രണ്ടു ആഴ്ച മാത്രമേ നമ്മള്‍ അവിടെ ഇരിക്കേണ്ടി വന്നുള്ളൂ എന്നത് വേറെ കാര്യം. എന്ത് അല്ലെര്‍ജി ആയാലും താങ്കള്‍ ഇന്നി മുതല്‍ മുന്നില്‍ തന്നെ ഇരുന്നാല്‍ മതി എന്ന് ടീച്ചറെ കൊണ്ട് പറയിപ്പിച്ചു നമ്മളെ വീണ്ടും മുന്നിലെത്തിച്ചു കയ്യിലിരിപ്പ്!!!

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

ട്രെയിനിന്‍റെ ശബ്ദം

റയില്‍പാളങ്ങളുടെ ഓരം ചേര്‍ന്ന് അവര്‍ കയ്യുകള്‍ കോര്‍ത്തു പിടിച്ചു നടന്നു. ദൂരെ നിന്നും ഒരു തേങ്ങലായി ഒഴുകി വന്ന ട്രെയിനിന്‍റെ ശബ്ദം അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.


വര്‍ഷങ്ങള്‍ക്കു  മുന്‍പ് അവള്‍ അവനോടു ചോദിച്ചു, "നീ എന്നെ വിട്ടു പോവുകയാണോ?"


"അല്ല. ഞാന്‍ തിരിച്ചു വരും.", അവന്‍റെ ശബ്ദം ഇടറിയിരുന്നു.


കാലം ഒരുപാടു കടന്നു പോയി.


അവള്‍ കാത്തിരുന്നു. ഓരോ കാലൊച്ച കേള്‍ക്കുമ്പോഴും അവള്‍ തിരിഞ്ഞു നോക്കും. രാത്രികളില്‍ അവന്‍റെ സാമീപ്യതിന്നായി കൊതിച്ചിരുന്നു. ഒന്ന് മിണ്ടുവാന്‍ ആഗ്രഹിച്ചിരുന്നു, ഓര്‍മ്മകളില്‍ വിങ്ങിപൊട്ടിയിരുന്നു.


വെറുതെ ആയിരുന്നു അവളുടെ കാത്തിരുപ്പു എന്ന് അവളെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചവരോട് അവള്‍ക്കു പറയുവാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ.        


"വരും"


അവള്‍ ഒന്നും അറിഞ്ഞിരുന്നില്ല.


മുഷിഞ്ഞു നാറിയ ഒറ്റമുറിയില്‍, നേരിയ വെളിച്ചത്തു ഇരുന്നു ചര്‍ദ്ദിച്ച  ചോര, കവിതകളെ ചുവപ്പ് അണിയിച്ചപ്പോള്‍ അവന്‍ ചെറുതായൊന്നു ചിരിച്ചു. ആഗ്രഹം ഉണ്ടെങ്കിലും ഇനിയൌരു മടങ്ങിപ്പോക്ക് അസ്സാദ്യമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ അവന്‍ വെറുതെ പകല്‍ കിനാവ് കണ്ടു - കണ്ണടച്ചു.


അവള്‍ അറിഞ്ഞിരുന്നില്ല.


റെയില്‍പാളത്തിലൂടെ നടക്കുമ്പോള്‍, കൈപിടിച്ചു കൊണ്ട് അവന്‍ കൂടെ നടക്കുന്നതായി അവള്‍ക്കു തോന്നി.


ട്രെയിനിന്‍റെ ശബ്ദം അപ്പോള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു!      

ശനിയാഴ്‌ച, ഡിസംബർ 03, 2011

കലിപ്പുകള് തീരുന്നില്ലല്ലെ!!!

 പ്രണയം.


ഒരാള്‍ മറ്റൊരാളെ പ്രണയിക്കുന്നത്‌ തികച്ചും സ്വാഭാവികവും, കലാലയങ്ങളില്‍ പ്രത്യേകിച്ച് സാധാരണവുമായ ഒരു പ്രക്രിയ ആണ്. ആ പ്രണയകഥകളില്‍ നായകനും നായികയ്ക്കും പുറമേ ഒന്നോ അതിലധികമോ വില്ലന്മാര്‍ ഉണ്ടായിരിക്കുന്നതും സര്‍വ്വ സാധാരണം.


അങ്ങനെ ഒരു പ്രണയകാലത്ത്.


നായകന്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌. നായിക പരിചയം മാത്രമുള്ള ഒരു സഹപാടി. വില്ലന്‍ നായികയുടെ  ആദ്യ പ്രേമത്തിന്‍റെ രക്തസാക്ഷി! നമ്മുടെ മറ്റൊരു ആത്മാര്‍ത്ഥ സുഹൃത്ത്‌!!!


ഒരു പ്രണയം പൊളിയുമ്പോള്‍ അത് മറ്റൊന്നിനു വളമാകുന്നു എന്ന ആപ്തവാക്യം ശരിവെച്ചു കൊണ്ട് നായികയുടെ പ്രണയപരാജയത്തിന്‍റെ sentiment 'സില്‍ പിടിച്ചു നായകന്‍ നായികയെ വളയ്ക്കുന്നു. തീവ്രവും അതിസങ്കീര്‍ണ്ണവും ആയ ഒരു കഥ അവിടെ തുടങ്ങുകയാണ്.


നമ്മള്‍ - ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കതിരിനും വളം വയ്ക്കുന്നവര്‍ ആണ് - മുന്നും പിന്നും നോക്കാതെ പിന്താങ്ങുന്നവര്‍. നായകന്‍റെ പ്രണയത്തിനു പച്ചക്കൊടിയും പ്രോത്സാഹനവുമായി മുന്നോട്ടു വന്നു. കൊടി പിടിച്ച പ്രേമം - നായകന്‍ നായികയ്ക്ക് വേണ്ടി ഭക്ഷണം കൊണ്ട് വരുന്നൂ...ഒരുമിച്ചിരുന്നു കഴിക്കുന്നു...കിലോമീറ്റര്‍ കണക്കിന് ദിവസവും നടക്കുന്നു....ആകെ ബഹളം.


അങ്ങനെ വലിയ തരക്കേടില്ലാതെ ശാന്തമായിട്ടു പ്രണയജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.


സ്വാഭാവികമായും interval ആയതോടെ കഥയില്‍ ട്വിസ്റ്റ്‌ വരികയും വില്ലന്‍ രംഗപ്രവേശനം നടത്തുകയും ചെയ്യുന്നു. ശാന്തമായിരുന്ന അന്തരീക്ഷം അങ്ങനെ കലുഷിതമായി.


തെറിവിളി, കയ്യേറ്റം, നായികയുടെ കരച്ചില്‍ - നായകന്‍റെ സമാധാനം നഷ്ടപ്പെടുന്നു. ഒടുവില്‍ നായകന്‍ തീരുമാനിക്കുന്നു - തല്ല് എങ്കില്‍ തല്ല്. പ്രശ്നം ഒതുക്കിയേ മതിയാകു.


കളരിപരമ്പര ദൈവങ്ങളെ സാക്ഷിയാക്കി, വെറ്റിലയും അടയ്ക്കയും കൈമണി വെച്ച് നായകന്‍ പോര്‍വിളി നടത്തുന്നു. വില്ലനെ അങ്കത്തിനു വിളിക്കുന്നു. വില്ലന്‍ അങ്കത്തിനു സമ്മതിക്കുന്നു.അങ്ക-തീയ്യതി നിശ്ചയിച്ചു. നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു theatre 'ന്‍റെ മുന്‍പിലാണ് അങ്കത്തട്ട്.


നമ്മള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ നായകന്‍റെ കൂടെ നില്‍ക്കാന്‍ തീരുമാനിക്കുന്നു. അതിഭയങ്കരമായ   ഗൂഡാലോചന. ഏതു വിധേനയും വില്ലനെ മലര്‍ത്തി അടിക്കണം - വടക്കന്‍ വീരഗാധകളിലെ ചന്തുവിന്‍റെ തരികിടകള്‍,  ബാലരമ, പൂമ്പാറ്റ മുതലായ മാസികകളിലെ ക്രൈം ത്രില്ലറുകള്‍ എന്നിവയെ അടിസ്ഥാനമാക്കി "Fight Plan" തയ്യാറാക്കുന്നു.


അങ്കം!


വില്ലന്‍റെ പക്ഷത്തു നിന്നും ഒരു പത്തു പേരെ നമ്മള്‍ പ്രതീക്ഷിച്ചിരുന്നതിനാല്‍ നമ്മളും കരുതലായി തടിമിടുക്കുള്ള ഏതാനും സുഹൃത്തുക്കളുമായി അങ്കത്തട്ടിനു സമീപം നേരത്തെ തന്നെ എത്തിയിരുന്നു. ഒളിയമ്പ്, പൂഴിക്കടകന്‍ മുതലായ ചതികളെ ചെറുക്കാനും വേണ്ടി വന്നാല്‍ ഒരു പോരാട്ടത്തിനു തന്നെ തയ്യാറായി നമ്മള്‍ പതുങ്ങി നില്‍ക്കുന്നു. ആകംഷാഭരിതമായ നിമിഷങ്ങള്‍.


അതാ വരുന്നു നായകന്‍!


ആകെ പ്രശ്നം ആയി - നായകന്‍റെ കയ്യില്‍ ആയുധം ഒന്നും കാണുന്നില്ല.  പോരെങ്കില്‍ തോളില്‍ ഒരു കൂതറ സഞ്ചിയും, കക്ഷത്തില്‍ ഒരു കാലന്‍ കുടയും!!! ഇവന്‍ ഇത് എന്ത് ഭാവിച്ച ഈ വരുന്നേ? ഇന്ന് അടി നടക്കില്ലേ?


"എടേ..ഉറുമി അവന്‍ ചിലപ്പോള്‍ ചുരുട്ടി ബാഗില്‍ വെച്ചിരിക്കയയിരിക്കും. കുടയ്ക്കകത്തു വടിവാളും കാണും.", നമ്മള്‍ ആശ്വസിച്ചു. ഭയങ്കരന്‍ തന്നെ!


ഒടുവില്‍ നായകനും വില്ലനും നേര്‍ക്കുനേര്‍. പരസ്പരം കൈകൊടുത്തു അഭിവാദ്യം ചെയ്യുന്നു.


നമ്മള്‍ മാറിനിന്നു രംഗം വീക്ഷിക്കുകയാണ്  - ഏതു നിമിഷവും വെട്ടു നടക്കാം. മൊബൈലില്‍ ആംബുലന്‍സ്, മോര്‍ച്ചറി മുതലായ അവശ്യസര്‍വീസ്സുകളുടെ നമ്പര്‍ റെഡി ആക്കി വെച്ചിട്ടുണ്ട്.


ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ഒന്നും സംഭവിച്ചില്ല!!! നമ്മള്‍ ആകെ അക്ഷമരായി.


"ഇവന്മാര്‍ ഇത് എന്തോ ചെയ്യുവാ? അടി തുടങ്ങടെ.", നെല്ലിപ്പലക എന്നൊരു സാധനം ഉണ്ട് എന്ന് നമ്മള്‍ അന്നാണ് മനസ്സില്‍ ആക്കിയത്.


അവസാനം അതാ അടി തുടങ്ങിയിരിക്കുന്നു. വില്ലന്‍ കൈ മടക്കി നല്ല ഒരു ഉശിരന്‍ ഇടി നമ്മുടെ നായകന്‍റെ അടിനാഭി നോക്കി കൊടുക്കുന്നു!!! നമ്മള്‍ എന്തിനും തയ്യാറായി ടൂള്‍സ് എടുത്തു.


പിന്നെ അവിടെ നടന്നത് നമ്മള്‍ക്ക് ആര്‍ക്കും ഒന്നും മനസ്സില്‍ ആയില്ല - നായകന്‍ തിരിച്ചു ഇടിക്കുന്നില്ല. ഒരു പത്തു മിനിറ്റ് കൂടി അവര്‍ സംസാരിക്കുന്നു  - കൈ കൊടുക്കുന്നു. വില്ലന്‍ സ്ഥലം വിടുന്നു!!!


"അളിയോ! എന്താടെ സംഭവിച്ചത്?". ആകാംഷയോടെ നമ്മള്‍ ചോദിക്കുന്നു.


"എല്ലാം compromise ആയി. ഇനി മേലാല്‍ അവന്‍ ഞങ്ങളെ ശല്യപ്പെടുത്തില്ല. കുറച്ചു വിരട്ടേണ്ടി വന്നു - ഏതായാലും ഇനി പ്രശ്നം ഒന്നും ഇല്ല!", നായകന്‍ സുന്ദരമായി പ്രതിവചിക്കുന്നു.


"ഓഹോ! അപ്പോള്‍ അവന്‍ നിന്നെ ഇടിക്കുന്നത്‌ കണ്ടല്ലോ? നീ എന്താ തിരിച്ചു ഇടിക്കാത്തെ?"


ഒന്നു ചമ്മി.


"നിങ്ങള്‍ കണ്ടു അല്ലെ?"


നായകന്‍ പതുക്കെ സംഭവിച്ചത് വിശദീകരിച്ചു.


"ലവന്‍ ഇടിച്ചു എന്നത് ശരി ആണ്. പക്ഷെ അത് എന്‍റെ ബെല്‍റ്റില്‍ ആണ് കൊണ്ടത്‌! പാവം അവന്‍റെ കൈ വേദനിച്ചു കാണും!!! അതാ ഞാന്‍ ഒന്നും ചെയ്യാത്തെ!!!'.


എന്ത് പറയാന്‍???


അങ്കത്തിനു കലികൊണ്ട്‌ വന്ന ചേകവരുടെ ബാഗില്‍ നിന്നും ഉറുമിക്ക് പകരം ചുരുട്ടിയ മൂന്നു മുത്തുച്ചിപ്പി മാസികകള്‍ നമ്മള്‍ പിന്നീട് പിടിച്ചെടുക്കുകയുണ്ടായി! നന്നാക്കാന്‍ ഏല്‍പ്പിച്ച കുട അതുപോലെ തിരിച്ചു കൊണ്ട് ചെന്നതിനു ചേകവര്‍ പിതാവിന്‍റെ ശകാരം വേണ്ടുവോളം കേള്‍ക്കേണ്ടി വന്നതായും പിന്നീട് നമ്മള്‍ അറിയുകയുണ്ടായി!!! 


PS :  നായിക അതിനു ശേഷം മൂന്നു പേരെ കൂടി പ്രണയിക്കുകയും നാലാമത് ഒരുത്തനെ കെട്ടുകയും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

"Rough" Record!!!

ജീവിതത്തില്‍ നമ്മള്‍ ഒരുപാടു ടെന്‍ഷന്‍ അടിച്ച അല്ലെങ്കില്‍ പേടിച്ച നിമിഷങ്ങള്‍ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ വെറുമൊരു തമാശയായി തോന്നുന്നത് സ്വാഭാവികം മാത്രം. അങ്ങനെ ഉള്ള ഒരുപാടു തമാശകള്‍ (ടെന്‍ഷന്‍നുകള്‍) അനുഭവിക്കാനുള്ള മഹാഭാഗ്യം നമ്മള്‍ക്കുണ്ടായിരുന്നു. 


അങ്ങനെ ഒരു അവസരത്തില്‍...


നമ്മുടെ ജീവിതം എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞതോടു കൂടി കുത്തുപാളയായി. പ്രതീക്ഷിച്ച പോലെ തന്നെ വളരെ ഉന്നതമായ ഒരു റാങ്ക് ആണ് നമ്മള്‍ കരസ്ഥമാക്കിയത്  - 9356. ഏതാണ്ട് മുപ്പത്തയ്യായിരത്തോളം പേരെ പിന്തള്ളിയാണ് നമ്മള്‍ ഇത് വെട്ടിപ്പിടിച്ചതെന്നു ഓര്‍ക്കണം. സര്‍ക്കാരിനും വീട്ടുകാര്‍ക്കും പക്ഷെ, ഇത് വലിയ ഒരു സംഭവം ആയിട്ട് തോന്നിയില്ല - അങ്ങനെ മൂവായിരത്തിനു പകരം അന്‍പതിനായിരം കൊടുത്തു നമ്മള്‍ പഠനം തുടങ്ങി.


ഘോരമായ ഒന്നര വര്‍ഷത്തെ പഠിത്തം - അത് നമ്മള്‍ക്ക് ആവശ്യത്തിനു സപ്ലികളും, ചീത്തപ്പേരും സമ്മാനിച്ച്‌ കടന്നുപോയി. ഒടുവില്‍ തോറ്റു മടുത്തപ്പോള്‍ കവിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു - 


"എല്ലാവര്‍ക്കും സപ്ലി
 നമ്മള്‍ക്കെല്ലാവര്‍ക്കും സപ്ലി.
 പൊട്ടിയ വാര്‍ത്തകള്‍ കേട്ട് മടുത്തു...പാസ്സ് ആയിടെണം...
 പാസ്സ് ആയിടെണം...


 പൊട്ടിയ സീരീസ്‌ ടെസ്റ്റുകള്‍ കാണാം
 പൊട്ടിയ മാര്‍ക്കിന്‍ ലിസ്റ്റുകള്‍ കാണാം...
 ...

 പൊട്ടിയ വാര്‍ത്തകള്‍ കേട്ട് മടുത്തു...പാസ്സ് ആയിടെണം...
 പാസ്സ് ആയിടെണം..."

മുരുകന്‍ കാട്ടാക്കടയുടെ തിമിരം നമ്മള്‍ സപ്ലി ആക്കി!!!

ഉച്ചക്ക് ഊണ് കഴിഞ്ഞു പൂവാലന്‍മാര്‍ ഇറങ്ങുന്ന നേരം - നമ്മള്‍ last benchers കൂടിയിരുന്നു കഥയും കവിതയും രാഷ്ട്രീയവും ചെറ്റത്തരങ്ങളും പറഞ്ഞു രസിക്കുകയായിരുന്നു പതിവ്. ഭാവിയെക്കുറിച്ചുള്ള തീക്ഷണമായ ചര്‍ച്ചകള്‍ - സിനിമ പിടിക്കണം, എഴുത്തുകാരന്‍ ആവണം, ബുക്ക്‌ സ്റ്റാള്‍ തുടങ്ങണം. ആരും തന്നെ ആ കൂട്ടത്തില്‍ എഞ്ചിനീയര്‍ ആവണമെന്ന് പറഞ്ഞു കേട്ടതായി നമ്മള്‍ ഓര്‍ക്കുന്നില്ല. അങ്ങനെ തോല്‍വികള്‍ക്കിടയിലും നമ്മള്‍ വ്യത്യസ്തരായി തല ഉയര്‍ത്തി പിടിച്ചു നടന്നു.

ഫ്രെഷേര്‍സ്  ഡേ

ഉറങ്ങി കിടന്നിരുന്ന ഒരു പറ്റം കലാകാരന്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റു. എന്തെങ്കിലും പരിപാടി കാണിച്ചേ മതിയാകു - അഭിമാനത്തിന്‍റെ പ്രശ്നം. ഒടുവില്‍ നമ്മുടെ ആസ്ഥാനകവിയുടെ പിന്‍ബലത്തില്‍ "ഓട്ടന്തുള്ളല്‍" തന്നെ നടത്തിക്കളയാം എന്ന് നമ്മള്‍ തീരുമാനിക്കുന്നു. സമയം അടുത്ത് വരുന്നു - ഇതുവരെ സ്റ്റേജില്‍ കയറിയിട്ടില്ലാത്ത നമ്മള്‍ മുന്നണിയിലും പിന്നണിയിലും നിരന്നു നില്‍ക്കുന്നു. ഗംഭീരമായ റിഹെര്സലുകള്‍.

നമ്മള്‍ പഠിത്തം തീരെ അങ്ങ് ഉപേക്ഷിക്കുന്നു. സാധാരണ കട്ട്‌ ചെയ്യുമായിരുന്ന ക്ലാസുകള്‍ റിഹേര്‍സല്‍ഇന്‍റെ പേരില്‍ നേരിട്ട് പോയി attendance അഹങ്കാരത്തോടെ എഴുതി വാങ്ങി നമ്മള്‍ കറങ്ങി നടക്കാന്‍ തുടങ്ങി. നിര്ധോഷികള്‍ ആയിരുന്ന ലാബുകളെ പോലും നമ്മള്‍ ഉപേക്ഷിച്ചു. അവഗണിച്ചു.

ഏതായാലും സംഗതി കിടിലം ആയി. പരിപാടി കസറി - വന്‍ വിജയം. നമ്മള്‍ കൂടി ഭാഗബുക്കായ ഒരു സംരംഭം വിജയിച്ചതിന്‍റെ അഹങ്കാരത്തോടെ നമ്മള്‍ ക്ലാസ്സില്‍ തിരിച്ചെത്തി.

അന്നു വൈകുന്നേരം.

പതിവുപോലെ നമ്മള്‍ വീട്ടില്‍ TV കണ്ടിരിക്കുന്നു - വീട്ടുകാര്‍ 'പോയിരുന്നു പഠിക്കെടാ' പല്ലവി പാടുന്നു - നമ്മള്‍ ശബ്ദം കൂട്ടുന്നു - സ്ഥിരം സംഭവിക്കുന്നത്‌. പെട്ടന്ന് വീട്ടിലെ ഫോണ്‍ അടിക്കുന്നു. മാതാശ്രീ ആയിരുന്നു ഫോണ്‍ എടുത്തത്‌ - ഒരു മൂന്ന് മിനിറ്റ് സംസാരിച്ചു കാണും. 

പിന്നീടു അവിടെ നടന്നത് ഒരു പൊട്ടിത്തെറി ആയിരുന്നു!!!

അത്യാവശ്യമായി ഒന്ന് കോളേജ് വരെ ചെല്ലണം. മഹന്‍റെ ചില വിശേഷങ്ങള്‍ പറയാനുണ്ട് എന്നും പറഞ്ഞു നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഫോണ്‍ കട്ട്‌ ചെയ്തു!

"എന്താടാ നീ കോളേജില്‍ കാട്ടിക്കൊട്ടിയത്?"

"മൂന്ന് വര്‍ഷം SFI 'ടെ കോപ്പായിരുന്നു ഞാന്‍ - ആ എന്നെപോലും വീട്ടില്‍ നിന്നും വിളിച്ചോണ്ട് വരാന്‍ പറഞ്ഞിട്ടില്ല!!! ", പിതാശ്രീയുടെ വക.

"സത്യം പറ! നീ എന്താ ചെയ്തത്?", മാതാശ്രീ കരഞ്ഞു തുടങ്ങി.

നമ്മള്‍ ആകെ വ്യാകുലനായി, മൌനം ആണ് ഇത്തരം പ്രതിസന്ധികളില്‍ ഏറ്റവും നല്ലതെന്ന് മനസ്സിലാക്കി മുറിയില്‍ കയറി കതകടച്ചു - അന്നാരും ഭക്ഷണം കഴിച്ചതായി നമ്മള്‍ക്ക് ഓര്‍മ്മയില്ല.

അടുത്ത ദിവസം.

നല്ല കുട്ടിയായി നമ്മള്‍ രാവിലെ കോളേജില്‍ എത്തി ക്ലാസ്സില്‍ ഇരിക്കുന്നു - പിന്നാലെ മാതാശ്രീ എത്തുന്നു - വളരെ ഗഹനമായ ചര്‍ച്ചകള്‍ ടീച്ചറുമായി നടത്തുന്നു  - നമ്മെ മൈന്‍ഡ് പോലും ചെയ്യാതെ ഇറങ്ങി പോകുന്നു.

അന്നു വൈകുന്നേരം.

നമ്മള്‍ റോഡില്‍ നിന്നും ആലോചിക്കുന്നു  - എന്താകും പറഞ്ഞിട്ടുണ്ടാവുക? ഏതായാലും കലിപ്പാകും. എന്നാല്‍ പിന്നെ സ്റ്റൈലില്‍ തന്നെ ആയിക്കോട്ടെ. രണ്ടു സിഗരറ്റ് വാങ്ങി പോക്കെറ്റില്‍ ഇട്ടു നമ്മള്‍ വീട്ടിലേക്കു നടക്കുന്നു. പ്രശ്നം ആവുകയാണെങ്കില്‍ നമ്മള്‍ പൂര്‍ണ്ണമായും തല തിരിഞ്ഞവനും, താന്തോന്നിയും ആവുകയും, പഠിത്തം ഉപേക്ഷിച്ചു വല്ല കൊട്ടേഷന്‍ സംഘത്തിലും ചേരുകയും ചെയ്യും - അതിന്‍റെ ഒരു തയ്യാറെടുപ്പായിരുന്നു ആ സിഗരറ്റ്.

പേടിച്ചു വിറച്ചു വീട്ടിലെത്തിയ സിംഹം, മാതാശ്രീയുടെ മുഖത്തേക്ക് നോക്കുന്നു.

ഗര്‍ജ്ജനം!!!

"നിനക്കു ഈ റെക്കോര്‍ഡ്‌ ഒക്കെ കറക്റ്റ് സമയത്തിന് വെച്ചുടെ? വെറുതെ എന്നെ ആ കുന്നു മുഴുവന്‍ കേറ്റിക്കാന്‍!!!"

"റെക്കോര്‍ഡ്‌???", നമ്മള്‍ക്കൊന്നും മനസ്സിലായില്ല.

"നീ 'Rough Record' എത്ര നാളായി സബ്മിറ്റ് ചെയ്തിട്ട്? ഇതിനാണ് എന്നെ ഇത്രേം  കഷ്ടപ്പെടുത്തി അതുവരെ ചെല്ലാന്‍ പറഞ്ഞത്. ഇന്നലെ അവര്‍ക്കത്‌ ഫോണിക്കുടെ പറഞ്ഞാല്‍ പോരായിരുന്നോ?", നമ്മള്‍ ചിരിക്കണോ കരയണോ എന്നാ അവസ്ഥയിലായി.

കടിച്ചുകീറാന്‍ ചീറിപാഞ്ഞ്‌ വന്ന പിതാശ്രീ ഇതൊക്കെ കേട്ടു പതുക്കെ വലിഞ്ഞു!!!

നമ്മള്‍ വീണ്ടും രാജകീയമായി TV കണ്ടു തുടങ്ങി.

"എന്നാലും ഇതിനൊക്കെ നമ്മളെ വിളിച്ചു വരുത്തുക എന്നൊക്കെ പറഞ്ഞാല്‍...ഞാന്‍ വിചാരിച്ചു അവന്‍ എന്തോ അടിപിടി ഒക്കെ നടത്തിക്കാണും എന്നാണ് !!!", പതിയെ പിതാശ്രീ മാതാസ്രീയോടെ പറയുന്നത് കേട്ട് നമ്മള്‍ ഉള്ളില്‍ ചിരിച്ചു.

PS : അന്നു വാങ്ങിച്ച സിഗരറ്റ് - അത് ഇന്നും നമ്മുടെ ചുണ്ടുകളില്‍ ഇരുന്നു പുകയുന്നുണ്ട്!!

ബുധനാഴ്‌ച, നവംബർ 30, 2011

Email Bomb!!!

തിരുവനന്തപുരം നഗരത്തിലെ ഹോട്ടെലുകളില്‍ നിന്നും ഇപ്പോള്‍ പഴകിയ ഭക്ഷണം പിടിക്കുന്നതിനെ കുറിച്ചുള്ള  ചൂടുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ.  പരിശ്ശോധിക്കാന്‍ എത്തുന്നവരുടെ കീശ നിറയുന്ന വരെ മാത്രമേ ഈ പ്രഹസനം തുടരൂ എന്ന് അറിയാമെങ്കിലും, പല വന്‍കിട ഹോട്ടലുകളുടെയും പിന്നാമ്പുറം തുറന്നു കാട്ടുന്നതിന് ഇത് സഹായിച്ചു.


ഒരുപാടു തവണ നമ്മള്‍ തിന്നു മരിച്ച ഹോട്ടലുകളുടെ പേരുകള്‍ പത്രത്തില്‍ കണ്ടു ഞെട്ടിയിരിക്കുമ്പോള്‍  ആണ് നമ്മള്‍ക്ക് ഒരു പഴയ കഥ ഓര്‍മ്മ വന്നത് - നമ്മുടെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്‌ വളരെ സുന്ധരമായിട്ടു ഒരു ഹോട്ടല്‍ പൂട്ടിച്ച കഥ!!!


ഭക്ഷണപ്രിയരും, ഏതു മൃഗത്തെ വെട്ടി കറിവെച്ചുതന്നാലും കഴിക്കുന്നവരും ആയിരുന്നല്ലോ നമ്മളും സുഹൃത്തുകളും. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഭക്ഷണം - അതായിരുന്നു മുദ്രാവാക്യം.


പഠിത്തം ഉപേക്ഷിച്ചു (സാങ്കേതികമായി കഴിഞ്ഞു എന്ന് അര്‍ഥം) നമ്മള്‍ നാക്കിന്‍റെ പുറത്തു ജോലി ചെയ്തു തുടങ്ങിയ കാലം. ഓഫീസില്‍ നിന്നും ഒരല്പം മാറി കണ്ണായ സ്ഥലത്ത്, പണ്ടൊരു ഹോട്ടല്‍ ഉണ്ടായിരുന്നു. ഒടുക്കത്തെ ചെലവ്  - പ്രഫഷണല്‍ലുകള്‍ മുഴുവന്‍ ഇടിച്ചു കയറി കഴിക്കുന്ന സ്ഥലം. നമ്മളും സുഹൃത്തും അവിടുത സ്ഥിരം കുറ്റികളാകാന്‍ അധിക സമയം വേണ്ടി വന്നില്ല. ഒരു ഒന്നര വര്‍ഷത്തോളം അത് തുടര്‍ന്നു - അതിനിടെ കേട്ട എല്ലാ ആരോപണങ്ങള്‍ക്കും നമ്മള്‍ പുല്ലുവില കൊടുത്തിട്ടില്ല.


ഈ കാലത്തിനിടെ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തും ഹോട്ടലിന്‍റെ ഉടമസ്ഥനും പരിചയത്തില്‍ ആവുകയും നല്ല സുഹൃത്തുക്കള്‍ ആവുകയും ചെയ്തിരുന്നു. എപ്പോള്‍ കണ്ടാലും എത്ര തിരക്കായാലും വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു ലോക കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു ഭയങ്കരമാന സൗഹൃദം.


അങ്ങനെ കാര്യങ്ങള്‍ വളരെ ഭംഗിയായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് ഒരു ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത - നമ്മുടെ പ്രിയപ്പെട്ട ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു അത്രേ!!!
നിഷ്കളങ്കനായ നമ്മുടെ സുഹൃത്ത്‌ ആ വാര്‍ത്ത മൊബൈലില്‍ പകര്‍ത്തുകയും ഇമെയില്‍ ആയിട്ട് നമ്മള്‍ക്കും പിന്നെ വളരെ കുറച്ചു സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുന്നു. അതിനു ശേഷവും നമ്മള്‍ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും നേരത്തെ കണ്ട വാര്‍ത്ത പൂര്‍ണ്ണമായും മറക്കുകയും ചെയ്യുന്നു.


നാളുകള്‍ കഴിഞ്ഞു - നമ്മുടെ ഹോട്ടലില്‍ ഇപ്പോള്‍ പഴയപോലെ തിരക്കില്ല. സാധാരണ IT പ്രഫഷണല്‍കളെ കൊണ്ട് നിറഞ്ഞിരുന്ന ഹോട്ടലില്‍ ഇപ്പോള്‍ നമ്മള്‍ രണ്ടോ മൂന്നു പേരും പിന്നെ എവിടെ നിന്നോ വഴിതെറ്റി എത്തിയപോലെ കുറച്ചു പേരും മാത്രം. അങ്ങനെ കച്ചവടം കുറഞ്ഞു അവസ്ഥ ദയനീയമായപ്പോള്‍ ഭക്ഷണത്തിന്റെ പഴക്കവും ഏറി വന്നു -  ഒടുവില്‍ പതിവുകാരായ നമ്മളും കൈവിട്ടു.

എല്ലാം ഓര്‍മ്മകളായി. 

അങ്ങനെ ഇരിക്കെ, വളരെ ആക്സ്മികമായിട്ടു നമ്മുടെ സുഹൃത്ത്‌ വീണ്ടും ആ ഹോട്ടലില്‍ കയറാനിടയായി. പതിവ് കുശലാന്വേഷങ്ങല്‍ക്കിടെ ഉടമസ്ഥന്‍ സുഹൃത്തിനോട്‌ ചോദിച്ചു, "ഈ ഇമെയില്‍ ഒക്കെ ആരാണ് അയച്ചതെന്ന് കണ്ടു പിടിക്കാന്‍ വല്ല വഴിയും ഉണ്ടോ?"

"പിന്നേ!!! എന്തൊക്കെ വഴികള്‍ ഉണ്ട്." തുടര്‍ന്നു ഇമെയില്‍ ട്രാക്കിങ്ങിനെ കുറിച്ച് ഒരു ചെറു പ്രഭാഷണം തന്നെ നമ്മുടെ സുഹൃത്ത്‌ നടത്തി കളഞ്ഞു. "അല്ല - വെറുതെ ചോദിച്ചതാണോ അതോ ശരിക്കും കണ്ടു പിടിക്കാനാണോ?", അടുത്ത പ്രഭാഷണം cyber forensic 'നെ കുറിച്ച് ആവാം എന്ന് മനസ്സില്‍ കരുതി സുഹൃത്ത്‌ ചോദിച്ചു.

''അല്ല മോനെ! ഈ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു എന്ന് ഒരു നായിന്‍റെ മോന്‍ ഇമെയില്‍ അയച്ചു - അതിനു ശേഷം ഇവിടെ ഇപ്പോള്‍ ആരും കേറാറില്ല. അവനെ ഒന്ന് പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍...."

നേരത്തെ വിഴുങ്ങിയ ഭക്ഷണം അപ്പോള്‍  തന്നെ ദഹിച്ചു. തള്ളാന്‍ വന്ന പ്രഭാഷണങ്ങള്‍ അതുപോലെ വിഴുങ്ങി.
പണ്ട് നമ്മുടെ സുഹൃത്ത്‌ ഒരു അഞ്ചുപേര്‍ക്ക് അയച്ച ഇമെയില്‍ നമ്മള്‍ ഒക്കെ ഫോര്‍വേഡ് ചെയ്യുകയും, അത് കിട്ടിയവര്‍ വീണ്ടും ഫോര്‍വേഡ് ചെയ്യുകയും, അതു ഇമെയില്‍ അക്കൗണ്ട്‌ ഉള്ള ഒരുവിധപ്പെട്ട എല്ലാ ചെറ്റകള്‍ക്കും കിട്ടുകയും ചെയ്തു!!! 

ഹോട്ടലിലെ തിരക്ക് കുറയുന്നു - വെറും സ്വാഭാവികം. 

ഈ ഇമെയില്‍ ഉടമസ്ഥന്‍ എങ്ങനെയോ കാണാന്‍ ഇടയാകുന്നു - അതാണ് പ്രസ്തുത സംഭവത്തിന്‌ ആധാരം.

ഇനി അവിടെ നില്‍ക്കുന്നതു അത്ര പന്തിയല്ല എന്ന് കണ്ടു നമ്മുടെ സുഹൃത്ത്‌ എങ്ങനെയും ആ ഇമെയില്‍ അയച്ചവനെ നമ്മുക്ക് കണ്ടു പിടിക്കാം എന്ന വാക്ക് പാവം ഹോട്ടല്‍ ഉടമസ്ഥനു നല്‍കുകയും അപ്പോള്‍ തന്നെ  സ്ഥലം വിടുകയും ചെയ്തു. 

അതില്‍ പിന്നീടു നമ്മുടെ സുഹൃത്തും, ഈ കഥ അറിഞ്ഞ നമ്മളും ആ ഹോട്ടലിന്‍റെ പരിസരത്തുകൂടി  പോലും  പോയിട്ടില്ല എന്നുള്ളതും , മൂന്നു ആഴ്ച കൊണ്ട് ആ ഹോട്ടല്‍ പൂട്ടി എന്നുള്ളതും പ്രത്യേകം പറയേണ്ടതില്ലല്ലോ...

PS : ആ ഹോട്ടല്‍ ഇരുന്ന സ്ഥലത്ത് പിന്നീടു മൂന്നോ നാലോ ഹോട്ടലുകള്‍ വരികയും, അവയെല്ലാം വരി വരി ആയിട്ട് പൊട്ടുകയും, പൂട്ടിപോവുകയും ചെയ്തതു പില്‍ക്കാലചരിത്രം. 

തിങ്കളാഴ്‌ച, നവംബർ 28, 2011

ഒരു അടി കഥനമ്മള്‍ അന്ന് വളരേ ചെറുപ്പം. ഒരു 16-17 വയസ്സ് കാണും. പൊട്ടിത്തെറിക്കുന്ന പ്രായം; പ്രക്ഷുബ്ധമായ യൗവ്വനം - പക്ഷെ ജയിലില്‍ (ആര്യ സെന്‍ട്രല്‍ ജയില്‍) കഴിയാനായിരുന്നു യോഗം. അല്ലായിരുന്നെങ്കില്‍ ഒരു നാലു KSRTC ബസ്സിന്‍റെ ചില്ലെങ്കിലും നമ്മള്‍ എറിഞ്ഞു ഉടയ്ക്കുമായിരുന്നു.


പതിവ് പോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുപാടു. ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍, വായുനോക്കല്‍, കമെന്‍റ് അടിക്കല്‍, പ്രണയം, പരാജയം മുതലായ എല്ലാ മേഘലകളിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍.


സ്കൂളിലെ ക്ലാസ്സുകള്‍ക്കു പുറമേ കട്ട്‌ ചെയ്യാനായിട്ട് നമ്മള്‍ക്ക് അനവധി ട്യുഷന്‍ ക്ലാസ്സുകളും അനുവദിച്ചു കിട്ടിയിട്ടുണ്ട്‌. സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഭൌതികശാസ്ത്രം, രസതന്ത്രം മുതലായ വിഷയങ്ങളില്‍ നമ്മള്‍ക്കുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു ഈ അവസരം. അന്ന് പഠിച്ചു വലിയ നിലയില്‍ ആയിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ഒരുപാടു ഖേദിക്കുമായിരുന്നു!


അങ്ങനെ ഒരു വിദ്യ 'അഭ്യാസ' കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് ഒരു 09 : 00 മണിക്ക് നമ്മളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും പതിവ് പോലെ ഇറങ്ങി വീട്ടിലേക്കുള്ള പ്രയാണം തുടങ്ങി. നാലുപേരു ഉണ്ടായിരുന്നു - രണ്ടു സൈക്കളും. ഗതികേടിനു അതില്‍ ഒരെണ്ണം പഞ്ചര്‍.


കുറ്റാക്കൂരിരുട്ട്...വിജനമായ ഇടവഴി...


ദയാനുഭാവുലുവും പരോപകരിയുമായത്  കൊണ്ട് സുഹൃത്തിന്‍റെ പഞ്ചര്‍ ആയ സൈക്കിള്‍ ഉരുട്ടിയാണ് നമ്മുടെ നടപ്പ്. കുറ്റം പറയരുതല്ലോ  - പഞ്ചര്‍ ആയ സൈക്കിളിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് എല്ലാവരും തന്നെ സൈക്കിള്‍ ഉരുട്ടിയാണ് നടക്കുന്നത്. അങ്ങനെ ഏതാണ്ട് ഒരു പകുതി വഴി പിന്നിട്ടു കാണും.


അതാ ഒരു വെളിച്ചം!!!


എല്ലാവരും അങ്ങോട്ട്‌ ഉറ്റു നോക്കി.


ഒരു ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരുന്നു പഠിക്കുന്നു. നാല് കാമുക ഹൃദയങ്ങള്‍ പതിവുപോലെ നിരാശയുടെ പടുകുഴിയില്‍ നിന്നും ചാടി എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി നമ്മുടെ സുഹൃത്തുക്കള്‍ ഓരിയിടല്‍, കൂക്കിവിളി, വിസിലടി മുതലായ ചെറുകിട നമ്പറുകള്‍ ഇറക്കി തുടങ്ങിയിരുന്നു. എന്തോ ഒരു പന്തികേട്‌ മണത്തത് കൊണ്ടാകാം നമ്മള്‍ അന്ന് ഫീല്‍ഡില്‍ ഇറങ്ങിയില്ല - അതില്‍ നമ്മള്‍ ഇന്നു വളരേ ഖേദിക്കുന്നു.


നമ്മുടെ sixth sense തെറ്റിയല്ല.


"ആരാടാ സാറിന്‍റെ മോളെ വിസില്‍ അടിക്കുന്നത്???", വിദൂരതയില്‍ നിന്നാരോ നമ്മുടെ എല്ലാവരുടെയും അപ്പന് വിളിക്കുന്നത്‌ കേട്ടു.


ധീരന്മാരായ നമ്മള്‍ പിന്നെ ഒന്നും നോക്കിയില്ല...നമ്മുടെ സൈക്കളില്‍ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ സ്ഥലം വിട്ടു. പഞ്ചര്‍ ആയ സൈക്കളും തള്ളി നമ്മളും, പിന്നെ തെറിവിളി കേട്ടപ്പോള്‍ തന്നെ പകുതി ജീവന്‍ മാത്രം  ബാക്കിയായ സുഹൃത്തും ആവും വിധം വേഗത്തില്‍ മുന്നോട്ടു നീങ്ങി.


എവിടെ നിന്നാണെന്ന് അറിയില്ല  - ഒരു പത്തുപേര് വന്നു നമ്മളെ അങ്ങ് വളഞ്ഞു. ഇരുട്ടായിരുന്നതു കൊണ്ട് മുഖം കാണാന്‍ കഴിഞ്ഞില്ല - അല്ലേല്‍ എന്തായാലും sketch ചെയ്തേനെ.


"ആരാടാ വിസില്‍ അടിച്ചത്?", ചോദ്യം എന്നോടായിരുന്നു.


"ഞാന്‍ അല്ല...ലവന്‍...", പതുക്കെ വശത്തേക്ക് നോക്കിയപ്പോള്‍ ആണ് ഒറ്റു കൊടുക്കാന്‍ പോലും ആരും അവിടെ ഇല്ല എന്നത് നമ്മള്‍ മനസ്സിലാക്കുന്നത്‌.   


"നീ സാറിന്‍റെ മോളെ വിസിലടിക്കും. അല്ലേടാ???", പിന്നാലെ വന്ന തെറിവിളി നമ്മള്‍ കേട്ടില്ല. അതിനു മുന്‍പ് തന്നെ നമ്മുടെ കയ്യില്‍ ഇരുന്ന സൈക്കിള്‍ പറന്നു പോകുന്നതായും നമ്മുടെ കവിളില്‍ എന്തോ വന്നു പതിക്കുന്നതായും നമ്മള്‍ക്ക് തോന്നി. 


സമനില തിരിച്ചു കിട്ടിയപ്പോള്‍ മനസ്സിലായി കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ കവാലം നോക്കി ഒന്ന് പൊട്ടിച്ചത് ആണെന്ന്. ഒരു ദയനീയമായ മൂളല്‍ കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ മനസ്സില്‍ ആക്കുന്നു, നമ്മുടെ സുഹൃത്ത്‌ നമ്മുടെ പിന്നില്‍ തന്നെ ഒളിച്ചു, ഉറച്ചു നില്‍പ്പുണ്ടായിരുന്നു എന്ന്!!!


ഗാന്ധിജി, ഫഗ്വാര ജയില്‍, സുപ്രണ്ടിടെന്റ്റ്, ഇധര്‍ മാരാ മുതലായ മഹദ് വാക്യങ്ങള്‍ സദാ മനസ്സില്‍ കരുതിയിരുന്നത് കൊണ്ടും, തിരിച്ചു തല്ലാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടും നമ്മള്‍ മറ്റേ കവിളും കാണിച്ചു കൊടുത്തു - പിള്ളേര് പഠിക്കട്ടെ.


ഏതായാലും പിന്നീടു അവര്‍ നമ്മളെ തല്ലിയില്ല. ഇനി മേലാല്‍ ഇത് വഴി കണ്ടു പോകരുത് എന്നു താക്കിതും നല്‍കി നമ്മെ അവര്‍ പോകാന്‍ അനുവദിച്ചു. ഒടിഞ്ഞ സൈക്കിളും കരിഞ്ഞ മോന്തയുമായി നമ്മള്‍ നേരത്തെ പോയ സുഹൃത്തുക്കളുടെ അടുത്തെത്തി.


ആശ്വാസവചനങ്ങള്‍ പ്രതീക്ഷിച്ച നമ്മുടെ കാതുകളില്‍ വന്നു പതിച്ചത് "എന്‍റെ സൈക്കിള്‍ പോയേ" എന്ന പാവം സുഹൃത്തിന്‍റെ കരച്ചിലായിരുന്നു!!!


Har Har Ek Friend Zaruri Hota Hai!!!


ഗുണപാഠം : നാലുപേര് ചേര്‍ന്ന് പോകുമ്പോള്‍, അതില്‍ മൂന്നു പേര് ചെറ്റത്തരം കാണിക്കുകയാണെങ്കില്‍, നാലാമനും അവരോടു കൂടെ ചേര്‍ന്ന് ചെറ്റത്തരം കാണിക്കേണ്ടത് ആണ് - അല്ലെങ്കില്‍ പിന്നീടു കിട്ടുന്ന ഓരോ അടിയും വെറുതെ ആയിരുന്നു എന്ന കുറ്റബോധം നമ്മെ മാനസികമായി തളര്‍ത്തി എന്നു വരാം!!!  

ഞായറാഴ്‌ച, നവംബർ 27, 2011

സിങ്കപ്പൂര്‍ ടു ഗോവ!!!


സാമാന്യബുദ്ധി, കൃത്യനിഷ്ഠ, പണത്തിന്‍റെ മൂല്യത മുതലായ സംഗതികള്‍ ഉള്ളവരോ അറിയുന്നവരോ ആരും തന്നെ ഇത് വായിക്കരുത് എന്ന് അപേക്ഷ!


Advanced Mathematics /logistics മുതലായവ പടിച്ചിട്ടില്ലാതവരും ഇത് വായിക്കാതിരിക്കുകയാണ് ഉത്തമം.


മാസങ്ങള്‍ നീണ്ടു നിന്ന കൂടിയാലോച്ചനകള്‍ക്കു ശേഷം നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ഒടുവില്‍ തീരുമാനിച്ചു - പൊയ്ക്കളയാം. സ്വന്തം ചിലവില്‍ ഒരു വിമാനയാത്ര - അതത്ര വലിയ കാര്യം ആണോ എന്ന് ചോദിച്ചാല്‍ -അല്ല. പക്ഷെ വരുമാനത്തില്‍ കവിഞ്ഞു ചെലവ് ചെയ്യുന്ന നമ്മള്‍ക്കും സുഹൃത്തിനും ഒരു മൂന്നു മാസം പിന്നീടു കഞ്ഞി കുടിച്ചു കഴിയേണ്ടി വരും.


ഒരു തീവ്രവാദി ആക്രമണം നടത്തുന്നതിനേക്കാള്‍ Precision 'ഓടെ നമ്മള്‍ planning തുടങ്ങി. തീയ്യതി നിശ്ചയിക്കുന്നു. വിസ അപ്ലൈ ചെയ്യുന്നു. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നു. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു.


സിങ്കപ്പൂര്‍...here  we  come .


അങ്ങനെ നാല് ദിവസങ്ങള്‍...നൈറ്റ്‌ ക്ലബ്സ്‌...കാസിനോ...നൈറ്റ്‌ സഫാരി...നൈറ്റ്‌ ബീച്ച്...രോമാഞ്ചം!!!


നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ലാത്ത കൂട്ടുകാരെ നമ്മള്‍ അങ്ങോട്ട്‌ വിളിക്കുന്നു.


"എന്നാ ഉണ്ട് അളിയാ വിശേഷം?'


"വോ! അങ്ങനെ പോകുന്നെടെ"


"അടുത്ത ആഴ്ച ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. നമ്മുക്കൊന്ന് കൂടണം."


"അയ്യോ അളിയാ...ഞാന്‍ അടുത്ത ആഴ്ച സിങ്കപ്പൂര്‍ ആണല്ലോടെ!!!"


അങ്ങേതലക്കല്‍ ഒരു നെടുവീര്‍പ്പ് കേട്ടോ എന്ന് ഒരു സംശയം.


അങ്ങനെ ദിവസങ്ങള്‍ കടന്നു പോകുന്നു.


12th August 2011


ഒടുവില്‍ ആ സുദിനം എത്തി. അന്ന് നമ്മള്‍ ഹാഫ് ഡേ ലീവ് ആണല്ലോ. രാവിലെ തന്നെ നമ്മള്‍ ഷോ തുടങ്ങി - കണ്ടു മാത്രം പരിചയമുള്ളവരോട് വരെ "അപ്പോള്‍ ഇനി അടുത്തെ വീക്ക്‌ വന്നിട്ട് കാണാം" എന്ന് പറഞ്ഞു നമ്മള്‍ കറങ്ങി നടന്നു.


"എടേ നീ ടിക്കറ്റ്‌ ഒന്ന് പ്രിന്‍റ് എടുക്കോ?" , ആത്മാര്‍ത്ഥ സുഹൃത്ത്‌ അവസാന നിമിഷത്തിലാണ് ഇതൊക്കെ.


"അപ്പോള്‍ നീ ഇത് വരെ ഇതൊന്നും ചെയ്തില്ലേ?? നാശം!", നമ്മള്‍ ശപിച്ചു കൊണ്ട് പ്രിന്‍റ് കൊടുക്കുന്നു.


"രാത്രി 12 :00 'നാണു ഫ്ലൈറ്റ്. നമ്മക്കൊരു 09 :00 'തു മണിക്കെങ്കിലും അങ്ങേത്തണം."


"വോ! ശരി", നമ്മള്‍ ഇതെത്ര കണ്ടിരിക്കുന്നു.


ഏതാണ്ട് ഉച്ച കഴിഞ്ഞു ഒരു 02 :30 മണി ആയിക്കാണും. സമയം ഇഴഞ്ഞു നീങ്ങുന്നതായി തോന്നുന്നു.
അലസമായി നമ്മള്‍ ടിക്കറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കി കൊണ്ടിരുന്നു. ഒരു നിമിഷം നമ്മുടെ കണ്ണുകള്‍ ഫ്ലൈറ്റ്'ന്‍റെ സമയത്തില്‍ ചെന്ന് ഉടക്കി - 00:05 12 August.

അതായതു പന്ത്രണ്ടാം തീയതി രാത്രി 12:05 'നാണു നമ്മുടെ ഫ്ലൈറ്റ്! (നമ്മള്‍ 12  മണിക്കൂര്‍ ക്ലോക്ക് ആണ് പിന്തുടരുന്നതെന്ന് മനസ്സില്‍ ആക്കുക). ഇന്നത്തെ ദിവസം 12 August. ഓക്കെ  - അപ്പോള്‍ ഇന്ന് രാത്രി 12 : 05 'നു  
ഫ്ലൈറ്റ്. 09 :00 'തു മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം - എല്ലാം ശുഭം. നമ്മള്‍ വെറുതെ പേടിച്ചു  - ഛെ.


ട്യൂബ് ലൈറ്റ് കത്താന്‍ ഒരു മൂന്നു മിനിറ്റ് വേണ്ടി വന്നില്ല. 00:05 12 August എന്ന് പറഞ്ഞാല്‍ അത് അന്ന് രാവിലെ ആയിരുന്നെന്നും, നമ്മള്‍ ഇന്നലെ ആയിരുന്നു എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടിയിരുന്നതെന്നും ഉള്ള ബോധോദയം നമ്മള്‍ക്കുണ്ടായി  - കണ്ണില്‍ ഇരുട്ട് കേറുക...തല ചുറ്റുക മുതലായ പ്രതിഭാസ്സങ്ങള്‍ അന്ന് നമ്മള്‍ അനുഭവിച്ചു.


നമ്മുടെ ബുദ്ധിപരമായ കണ്ടുപിടിത്തം അറിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തിനും മേല്‍പ്പറഞ്ഞ പ്രതിഭാസ്സങ്ങള്‍ അനുഭവിക്കാനുള്ള യോഗം ഉണ്ടാവുകയും, നാണക്കേട്‌, ധനനഷ്ടം മൂലമുണ്ടായേക്കാവുന്ന "Depression", അതിന്‍റെ പ്രത്യാഖാതങ്ങള്‍ മുതലായവ ഭയന്ന് നമ്മള്‍ അപ്പോള്‍ തന്നെ ഗോവയ്ക്ക് ട്രെയിന്‍ പിടിക്കുകയും, നാല് ദിവസം ഗോവന്‍ ബീച്ചുകളില്‍ "Budweiser" കുടിക്കുകയും, സിങ്ങപ്പൂരില്‍ ചിലവാക്കുവാന്‍ ഉദേശിച്ച അത്രയും കാശ് അവിടെ ചിലവാക്കുകയും, ഒടുവില്‍ നാണം, മാനം, ഉളുപ്പ് മുതലായ feelings മാറി തൊലിക്കട്ടി നേടുകയും ചെയ്തതിനു ശേഷം മാത്രമാണ്, നമ്മള്‍ തിരിച്ചു തിരുവനന്തപുരത്തിന് ട്രെയിന്‍ പിടിക്കുന്നത്‌!!!


PS  : ഫ്ലൈറ്റ്ന്‍റെ സമയത്ത് നമ്മള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നുവെന്നും അല്ല എയര്‍പോര്‍ട്ടില്‍ ചെന്നതിനു ശേഷം മാത്രമാണ് ഫ്ലൈറ്റ് പോയ കാര്യം നമ്മള്‍ അറിഞ്ഞതെന്നും മറ്റുമുള്ള ദുഷ്പ്രചരണങ്ങള്‍ കുബുദ്ധികള്‍ നടത്തുന്നുണ്ട് - വിശ്വസിക്കരുത്!!!

വെള്ളിയാഴ്‌ച, നവംബർ 25, 2011

ഒരു നിമിഷംഏതോ കിനാവിന്‍ ആദ്രതയില്‍
ഏതോ മോഹത്തിന്‍ താഴ്വരയില്‍...


ഏതോ പുലരിയുടെ പുല്‍നാമ്പുകളില്‍
പിന്നെയേതോ സായന്തനത്തിന്റെ ശാലീനതയില്
പിന്നെയുമേതോ രാത്രിതന്‍ നിഗൂഡതയില്‍


ഏതോ മഴയുടെ കുളിരില്‍
പിന്നെയേതോ മഴവില്ലിന്‍ വര്‍ണ്ണങ്ങളില്‍
പിന്നെയുമേതോ കാറ്റിന്‍ അലകളില്‍...


ഏതോ പൂവിന്‍ ഇതളുകളില്‍
പിന്നെയേതോ ശലഭത്തിന്‍ ചിറകുകളില്‍
പിന്നെയുമേതോ കിളിതന്‍ കൊഞ്ചലില്‍

ഏതോ ഗാനത്തിന്‍റെ ഈരടികളില്‍
പിന്നെയേതോ നൃത്തതിന്റ്റെ ചുവടുകളില്‍
പിന്നെയുമേതോ ചിത്രത്തിന്‍റെ ചായങ്ങളില്‍...


ഏതോ ദീപത്തിന്‍ ദീപ്തിയില്‍
പിന്നെയേതോ മുകിലിന്‍ ജ്വാലയില്‍
പിന്നെയുമേതോ നിലാവിന്റെ നഗ്നതയില്‍...


ജീവിതം വളരെ സുന്ദരം ആണ്. കാണുന്നതിലും കേള്‍ക്കുന്നതിലും അറിയുന്നതിലും എല്ലാം സംഗീതം ഉണ്ട്...നന്മയുണ്ട്...


ഒരു നിമിഷം...ഒരേ ഒരു നിമിഷം...വളരെ ചെറുതാണെങ്കിലും ആ നിമിഷത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു...

വ്യാഴാഴ്‌ച, നവംബർ 24, 2011

ആനയെ "ഓടിച്ച" കഥ!നമ്മള്‍ വളരെ ധൈര്യശാലിയും അതിസാഹസികനും ജീവനില്‍ കൊതിയില്ലാതവനും ആയിരുന്നല്ലോ. അത് കൊണ്ട് തന്നെ എന്ത് ചെയ്യാനും ഒരു മടിയും ഇല്ലായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ആനയെ ഓടിക്കുന്നത്.


പതിവ് പോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി നമ്മള്‍ യാത്ര പുറപ്പെട്ടു. വയനാടന്‍ മലനിരകളിലെ ഘോരവനങ്ങളിലെക്കാനു ഇത്തവണത്തെ യാത്ര - പക്ഷിപ്പാതാളം.


തിരുനെല്ലി ക്ഷേത്രത്തിന്‍റെ മുന്നില്‍ വെച്ച് ദൈവങ്ങളെ സാക്ഷിയാക്കി മൂന്നു ഫുള്ളും അതിലേറെ ബിയരുകളും, പിന്നെ "touchings" വെള്ളം ആഹാരം മുതലായവയും കിഴികെട്ടി നമ്മള്‍ നടന്നു തുടങ്ങി. ഏതാണ്ട് ഒരു 7-8 കിലോമീറ്റര്‍ നടക്കാനുണ്ടെന്നു ഗൈഡ് അറിയിച്ചു, എല്ലാം അറിയുന്നവനാണ് ഗൈഡ് - അവന്‍ പറയുന്നത് വിശ്വസിക്കുക. ചെയ്യുക.
ഒരു മുക്കാല്‍ കിലോമീറ്റര്‍ നടന്നു കാണും - ആരോഗ്യവാനായ നമ്മുടെ പരിപ്പ് ഇളകി. ഭാഗ്യം - ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ നിലയും എന്നോളം അല്ലെങ്കില്‍  ഒരല്പം കൂടി മോശം ആയിരുന്നു. മുന്നില്‍ കിലോമീറ്റര്‍ കണക്കിന് നീണ്ടു കിടക്കുന്ന ഘോരവനം. ചുമലില്‍ ലിറ്റര്‍ കണക്കിന് മദ്യം - പ്രതിസന്ധി ഘട്ടം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ നമ്മള്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു സുന്ദരമായി പിന്നോട്ട് പോവുകയാണ് പതിവ്.  പക്ഷെ വിധി ഇത്തവണ അതിനനുവദിച്ചില്ല. അതാ വരുന്നു ഒരു സായിപ്പും മദാമ്മയും!!!


"Elephant!!! Elephant!!! RUNN!!!"


മദാമ്മയുടെ കിളിനാദത്തില്‍ നിന്നും ഇത്രയും മാത്രമേ decode ചെയ്യാന്‍ എനിക്ക് കഴിഞ്ഞുള്ളൂ. നല്ല പ്രായത്തില്‍  phonetics പഠിക്കണമായിരുന്നു.


പക്ഷെ സര്‍വജ്ഞനായ ഗൈഡിനു എല്ലാം മനസ്സില്‍ ആയിരുന്നു. മുകളില്‍ ആന ഇറങ്ങിയിട്ടുണ്ടെന്നും അങ്ങോട്ട്‌ പോകുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നും പറഞ്ഞു അദ്ദേഹം തിരിച്ചു നടന്നു തുടങ്ങി.


എല്ലാം അവിടെ തീര്‍ന്നേനെ - പക്ഷെ അപ്പോളാണ് നമ്മുടെ ഉള്ളിലെ സിംഹം ഗര്‍ജ്ജിച്ചത്‌ - ആന..പുല്ലു...പോകാന്‍ പറ...നമ്മള്‍ മുന്നോട്ട് പോകും...പോയിരിക്കും...
ഒരു കീര്‍ത്തിചക്ര മനസ്സില്‍ കണ്ടുകൊണ്ടു നമ്മള്‍ നാല് പേരും, പിന്നെ ചാകാനാണു  അവന്റെ ഒക്കെ വിധിയെങ്കില്‍ ചാകട്ടെ എന്ന് മനസ്സില്‍ കരുതി ഗൈഡും മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. ഓരോ വളവിലും ആന ഇല്ല എന്ന് ഉറപ്പു വരുത്തി മുന്നോട്ടു പോകുന്ന ഗൈടിനോടു, "തമ്പി...ഇത് ഉനക്കെ കൊഞ്ചം ഓവറാ തോന്നലെയാ" എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു. എന്തോ, ചോദിച്ചില്ല.
അങ്ങനെ കുറെ വളവും തിരിവും കഴിഞ്ഞപ്പോള്‍ ആനയെ നമ്മള്‍ മറന്നു. പതുക്കെ ഒന്ന് നിന്ന് അടി തുടങ്ങിയാലോ എന്നാ ചോദ്യം നാല് പേരുടെയും മുഖത്ത് ഉണ്ടായിരുന്നു. ആന...ചേന...കോപ്പ്.
പെട്ടന്ന് ഗൈഡ് ഒന്ന് നിന്നു - മണം പിടിക്കുന്നത്‌ പോലെ ഒക്കെ ഒന്ന് കാണിച്ചു. എന്നിട്ട് പതിയെ പറഞ്ഞു' "ആന!!!".


മുന്നില്‍ ഒരു മരം വീണു കിടക്കുന്നു  - അതിന്റെ അപ്പുറത്ത് അതാ നാല് കാലും തുമ്പിക്കയ്യും കുടവയറും ഒക്കെ ഉള്ള സാക്ഷാല്‍ ഒരാന!!!


പിന്നീടു നാല് പൂച്ചകള്‍ ഗര്‍ജ്ജിക്കുന്നതും ആന ഓടുന്നതും, നമ്മള്‍ ആനയ്ക്ക് മുന്നില്‍ ഓടുന്നതും എവിടൊക്കെയോ ഉരുണ്ടു വീണപ്പോള്‍ ഗൈഡ് പിടിച്ചു എഴുന്നെല്പ്പിച്ചതും മാത്രം ഓര്‍മ്മ ഉണ്ട്. ഒടുവില്‍ ഓടിത്തളര്‍ന്നപ്പോള്‍ ആന അതിന്‍റെ വഴിയെ പോയി. നമ്മള്‍ സിംഹങ്ങള്‍ പരസ്പരം ജീവന്‍ ഉണ്ട് എന്ന് കണ്ടും ഒറ്റ "piece"ഇല് ആണ് എന്ന് കണ്ടും ശ്വാസം വിട്ടു.


പെട്ടന്നാണ് ഒരു അലര്‍ച്ച...
"അളിയോ!!! ചതിച്ചു!!!"


"എന്ത് പറ്റിയെടെ?"


"കുപ്പി!!!"
നാല് പേരും ബാഗിന്‍റെ മുകളില്‍ ചാടി വീഴുകയും, ഒരൊറ്റ കുപ്പി പോലും പൊട്ടിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം മാത്രമാണ് മല ഇറങ്ങിയത്‌!!!
PS : ഇപ്പോഴും നമ്മള്‍ ആ ആനയെ അല്ലെങ്കില്‍ ആ ആന നമ്മളെ എന്തിനാണ് ഓടിച്ചത് എന്ന് ആര്‍ക്കും അറിയില്ല.  നമ്മുടെ ചുമലിലെ മദ്യം ലക്‌ഷ്യം ഇട്ടായിരുന്നു എന്ന് കുബുദ്ധികള്‍ പറഞ്ഞു നടക്കുന്നുണ്ട്....

ബുധനാഴ്‌ച, ജൂൺ 15, 2011

ചിതാഭസ്മം

ഒരാള്‍ ഇത് വഴി നടന്നു പോകുന്നു.
കാലത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ ചുമലില്‍ ഇന്ന് തളര്‍ത്തുന്ന ഭാരം _ സ്വന്തം ചിതാഭസ്മം.

ഗംഗയില്‍ നിമജ്ജനം ചെയ്യണമെന്നു ചിലര്‍ പറഞ്ഞു...
സ്മാരകം പണിതവിടെ  വെയ്ക്കണമെന്നു വേറെ ചിലര്‍...
മകനും മരുമകനും പത്നിയും ദഹിച്ച ശരീരത്തിനായി വഴക്കിടുന്നു..
പത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്നൂ..

ഇവിടെ ആരാണ് പിന്നിലേയ്ക്ക് ഏറിയപ്പെട്ടത്?
തീര്‍ച്ചയായും അദ്ദേഹം അല്ല...
നമ്മള്‍...നമ്മള്‍ മാത്രം...

ഭാരം വേദന ആയി...
ചുമലുകള്‍ ഒടിഞ്ഞു തൂങ്ങുന്നു...
യാത്രക്കവസാനമില്ല എന്ന് അദ്ദേഹത്തിന് തോന്നി. പ്രകൃതിയുടെയും കാലത്തിന്‍റെയും ഭാരങ്ങള്‍ ഏറ്റ് വാങ്ങിയിരുന്ന അദേഹത്തെ, ഇന്നിതാ ഒരു പിടി ചാരം തളര്‍ത്തുന്നു.
അദ്ദേഹം കണ്ണുകള്‍ അടച്ചു...

ആകാശത്തിലൂടെ  ഒരാല്‍മരം പറന്നു വന്നൂ. അതിന്‍റെ ശിഖരങ്ങളില്‍ രവിയും, കുഞ്ഞുണ്ണിയും, 
സുകന്യയും, അപ്പുക്കിളിയും എല്ലാവരും ഉണ്ടായിരുന്നു. ജന്മാന്തരങ്ങളുടെ വേദന അറിഞ്ഞ 
അപ്പുക്കിളി ആ ചിതാഭസ്മം ഏറ്റുവാങ്ങി; മോക്ഷം നല്‍കി.

പ്രണമിച്ചു യാത്ര പറഞ്ഞു.

ആല്‍മരം ചിറകുകള്‍ വിടര്‍ത്തി ആകാശത്തിലേക്ക് ഉയര്‍ന്നു. കരിമ്പനക്കാടുകളെയും ചെതലിമലയെയും തഴുകിയെത്തിയ കാറ്റില്‍ ആ ചിതാഭസ്മം ഒഴുക്കി. അതിന്‍റെ ഓരോ തരികളും വലിയ നീലനേത്രങ്ങള്‍ ഉള്ള, ചില്ല് ചിറകുകള്‍ ഉള്ള തുമ്പികളായി.
അവ ആകാശത്തില്‍ പറന്നു കളിച്ചു. താഴെ ഒരായിരം അപ്പുക്കിളികള്‍ ഇഴകോര്‍ത്ത നുലുകളുമായി അവ താഴേക്കിറങ്ങി വരുന്നതും കാത്തു നിന്നൂ..

വിലപേശലുകള്‍ അപ്പോഴും തുടര്‍ന്ന്കൊണ്ടിരുന്നു...
പത്രത്താളുകളില്‍ പ്രസ്താവനകളും...

I Pretend!!!

The stage was set, on the higher grounds;
Makeup was on, covering the white cells;
Costumes betrayed the ailing panache;
And I entered before your curious eyes;
With that wryly smile that you anticipated,
From me, I thought I knew, forever.

You guessed right, as you are always;
Yes, am an actor.

I had to, though I didn’t wanted
You wouldn’t accept me for what I am
Though graciously you offered me the choices
To be or not to be; I knew I had only one.
One way to go; one way to live_
Act.

I can hear your patience fading now
From the growls and yawns;
Silence isn’t what you expect, from me.
Though you have been, through out the plays.
You ignored me, the moment I stepped out of the stage.
You pretended, innocently negligent of my being.
Phlegmatic.

I decided; to give up all the deceit.
The make-up; the flamboyant outfits;
And the smile I had held for years.
The huge roar filled my mind with horror.
Behind my closed eyes I can see the faces hastily turning away.
I knew this was the end.

I opened my eyes.
The light from the stage hurt my iris.
Slowly I raised my eyes; into the stage.
I saw you there, in my outfit!!!
In my make-up!!!
In the hilarious position, I had been for long!!!
You were smiling, I believe you were!!!
I pretend!!!

ചൊവ്വാഴ്ച, ജൂൺ 14, 2011

മൌനം മാത്രം...

കണ്ണിലെ കാഴ്ചകള്‍ മാഞ്ഞു പോയോ;
കാതുകള്‍ കേള്‍ക്കാന്‍ മറന്നു പോയോ;
ഇനിയെന്ത് കാണുവാന്‍, ഇനിയെന്ത് കേള്‍ക്കുവാന്‍;
ഇരുളിന്‍റെ അഗാധ മൌനം മാത്രം...
ഇരുളിന്‍റെ അഗാധ മൌനം മാത്രം...


കോലങ്ങള്‍ എരിയുന്നു, ബലിമൃഗങ്ങള്‍ പിടയുന്നു;
ഒരായിരം ദൈവങ്ങള്‍ ആര്‍ത്തു ചിരിക്കുന്നൂ
ഇനിയുമണയാത്ത ചിതയില്‍ നിന്ന് ആരോ 
ജീവന്‍റെ തുടിതാളം  കൊട്ടുന്നൂ
ഇനിയെന്ത് കാണുവാന്‍, ഇനിയെന്ത് കേള്‍ക്കുവാന്‍;


നെറ്റിയില്‍ ചോര തിലകം ചാര്‍ത്തുമ്പോള്‍
പട്ടഉടയാടകള്‍   ‍ ഉടയുമ്പോള്‍
വിളര്‍ത്ത കവിലുകളില്‍ കൈവിരലുകള്‍  പതിയുമ്പോള്‍
കുഴിമാടം പോലും മണിയറ ആകുമ്പോള്‍...
ഇനിയെന്ത് കാണുവാന്‍, ഇനിയെന്ത് കേള്‍ക്കുവാന്‍;


തീരങ്ങള്‍ തിരയുന്ന തിരമാലകളെ നിങ്ങള്‍
മടങ്ങിപ്പോവുക... 
കുടെയീ  ജീവിതങ്ങളും കൊണ്ടുപോവുക..
ഇനിയൊന്നും കാണുവാന്‍ വയ്യ;
ഇനിയൊന്നും കേള്‍ക്കുവാന്‍ വയ്യ;
ഇരുളിന്‍റെ അഗാധ മൌനം മാത്രം...
ഇരുളിന്‍റെ അഗാധ മൌനം മാത്രം...