ബുധനാഴ്‌ച, നവംബർ 30, 2011

Email Bomb!!!

തിരുവനന്തപുരം നഗരത്തിലെ ഹോട്ടെലുകളില്‍ നിന്നും ഇപ്പോള്‍ പഴകിയ ഭക്ഷണം പിടിക്കുന്നതിനെ കുറിച്ചുള്ള  ചൂടുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ.  പരിശ്ശോധിക്കാന്‍ എത്തുന്നവരുടെ കീശ നിറയുന്ന വരെ മാത്രമേ ഈ പ്രഹസനം തുടരൂ എന്ന് അറിയാമെങ്കിലും, പല വന്‍കിട ഹോട്ടലുകളുടെയും പിന്നാമ്പുറം തുറന്നു കാട്ടുന്നതിന് ഇത് സഹായിച്ചു.


ഒരുപാടു തവണ നമ്മള്‍ തിന്നു മരിച്ച ഹോട്ടലുകളുടെ പേരുകള്‍ പത്രത്തില്‍ കണ്ടു ഞെട്ടിയിരിക്കുമ്പോള്‍  ആണ് നമ്മള്‍ക്ക് ഒരു പഴയ കഥ ഓര്‍മ്മ വന്നത് - നമ്മുടെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്‌ വളരെ സുന്ധരമായിട്ടു ഒരു ഹോട്ടല്‍ പൂട്ടിച്ച കഥ!!!


ഭക്ഷണപ്രിയരും, ഏതു മൃഗത്തെ വെട്ടി കറിവെച്ചുതന്നാലും കഴിക്കുന്നവരും ആയിരുന്നല്ലോ നമ്മളും സുഹൃത്തുകളും. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഭക്ഷണം - അതായിരുന്നു മുദ്രാവാക്യം.


പഠിത്തം ഉപേക്ഷിച്ചു (സാങ്കേതികമായി കഴിഞ്ഞു എന്ന് അര്‍ഥം) നമ്മള്‍ നാക്കിന്‍റെ പുറത്തു ജോലി ചെയ്തു തുടങ്ങിയ കാലം. ഓഫീസില്‍ നിന്നും ഒരല്പം മാറി കണ്ണായ സ്ഥലത്ത്, പണ്ടൊരു ഹോട്ടല്‍ ഉണ്ടായിരുന്നു. ഒടുക്കത്തെ ചെലവ്  - പ്രഫഷണല്‍ലുകള്‍ മുഴുവന്‍ ഇടിച്ചു കയറി കഴിക്കുന്ന സ്ഥലം. നമ്മളും സുഹൃത്തും അവിടുത സ്ഥിരം കുറ്റികളാകാന്‍ അധിക സമയം വേണ്ടി വന്നില്ല. ഒരു ഒന്നര വര്‍ഷത്തോളം അത് തുടര്‍ന്നു - അതിനിടെ കേട്ട എല്ലാ ആരോപണങ്ങള്‍ക്കും നമ്മള്‍ പുല്ലുവില കൊടുത്തിട്ടില്ല.


ഈ കാലത്തിനിടെ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തും ഹോട്ടലിന്‍റെ ഉടമസ്ഥനും പരിചയത്തില്‍ ആവുകയും നല്ല സുഹൃത്തുക്കള്‍ ആവുകയും ചെയ്തിരുന്നു. എപ്പോള്‍ കണ്ടാലും എത്ര തിരക്കായാലും വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു ലോക കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു ഭയങ്കരമാന സൗഹൃദം.


അങ്ങനെ കാര്യങ്ങള്‍ വളരെ ഭംഗിയായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് ഒരു ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത - നമ്മുടെ പ്രിയപ്പെട്ട ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു അത്രേ!!!
നിഷ്കളങ്കനായ നമ്മുടെ സുഹൃത്ത്‌ ആ വാര്‍ത്ത മൊബൈലില്‍ പകര്‍ത്തുകയും ഇമെയില്‍ ആയിട്ട് നമ്മള്‍ക്കും പിന്നെ വളരെ കുറച്ചു സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുന്നു. അതിനു ശേഷവും നമ്മള്‍ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും നേരത്തെ കണ്ട വാര്‍ത്ത പൂര്‍ണ്ണമായും മറക്കുകയും ചെയ്യുന്നു.


നാളുകള്‍ കഴിഞ്ഞു - നമ്മുടെ ഹോട്ടലില്‍ ഇപ്പോള്‍ പഴയപോലെ തിരക്കില്ല. സാധാരണ IT പ്രഫഷണല്‍കളെ കൊണ്ട് നിറഞ്ഞിരുന്ന ഹോട്ടലില്‍ ഇപ്പോള്‍ നമ്മള്‍ രണ്ടോ മൂന്നു പേരും പിന്നെ എവിടെ നിന്നോ വഴിതെറ്റി എത്തിയപോലെ കുറച്ചു പേരും മാത്രം. അങ്ങനെ കച്ചവടം കുറഞ്ഞു അവസ്ഥ ദയനീയമായപ്പോള്‍ ഭക്ഷണത്തിന്റെ പഴക്കവും ഏറി വന്നു -  ഒടുവില്‍ പതിവുകാരായ നമ്മളും കൈവിട്ടു.

എല്ലാം ഓര്‍മ്മകളായി. 

അങ്ങനെ ഇരിക്കെ, വളരെ ആക്സ്മികമായിട്ടു നമ്മുടെ സുഹൃത്ത്‌ വീണ്ടും ആ ഹോട്ടലില്‍ കയറാനിടയായി. പതിവ് കുശലാന്വേഷങ്ങല്‍ക്കിടെ ഉടമസ്ഥന്‍ സുഹൃത്തിനോട്‌ ചോദിച്ചു, "ഈ ഇമെയില്‍ ഒക്കെ ആരാണ് അയച്ചതെന്ന് കണ്ടു പിടിക്കാന്‍ വല്ല വഴിയും ഉണ്ടോ?"

"പിന്നേ!!! എന്തൊക്കെ വഴികള്‍ ഉണ്ട്." തുടര്‍ന്നു ഇമെയില്‍ ട്രാക്കിങ്ങിനെ കുറിച്ച് ഒരു ചെറു പ്രഭാഷണം തന്നെ നമ്മുടെ സുഹൃത്ത്‌ നടത്തി കളഞ്ഞു. "അല്ല - വെറുതെ ചോദിച്ചതാണോ അതോ ശരിക്കും കണ്ടു പിടിക്കാനാണോ?", അടുത്ത പ്രഭാഷണം cyber forensic 'നെ കുറിച്ച് ആവാം എന്ന് മനസ്സില്‍ കരുതി സുഹൃത്ത്‌ ചോദിച്ചു.

''അല്ല മോനെ! ഈ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു എന്ന് ഒരു നായിന്‍റെ മോന്‍ ഇമെയില്‍ അയച്ചു - അതിനു ശേഷം ഇവിടെ ഇപ്പോള്‍ ആരും കേറാറില്ല. അവനെ ഒന്ന് പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍...."

നേരത്തെ വിഴുങ്ങിയ ഭക്ഷണം അപ്പോള്‍  തന്നെ ദഹിച്ചു. തള്ളാന്‍ വന്ന പ്രഭാഷണങ്ങള്‍ അതുപോലെ വിഴുങ്ങി.
പണ്ട് നമ്മുടെ സുഹൃത്ത്‌ ഒരു അഞ്ചുപേര്‍ക്ക് അയച്ച ഇമെയില്‍ നമ്മള്‍ ഒക്കെ ഫോര്‍വേഡ് ചെയ്യുകയും, അത് കിട്ടിയവര്‍ വീണ്ടും ഫോര്‍വേഡ് ചെയ്യുകയും, അതു ഇമെയില്‍ അക്കൗണ്ട്‌ ഉള്ള ഒരുവിധപ്പെട്ട എല്ലാ ചെറ്റകള്‍ക്കും കിട്ടുകയും ചെയ്തു!!! 

ഹോട്ടലിലെ തിരക്ക് കുറയുന്നു - വെറും സ്വാഭാവികം. 

ഈ ഇമെയില്‍ ഉടമസ്ഥന്‍ എങ്ങനെയോ കാണാന്‍ ഇടയാകുന്നു - അതാണ് പ്രസ്തുത സംഭവത്തിന്‌ ആധാരം.

ഇനി അവിടെ നില്‍ക്കുന്നതു അത്ര പന്തിയല്ല എന്ന് കണ്ടു നമ്മുടെ സുഹൃത്ത്‌ എങ്ങനെയും ആ ഇമെയില്‍ അയച്ചവനെ നമ്മുക്ക് കണ്ടു പിടിക്കാം എന്ന വാക്ക് പാവം ഹോട്ടല്‍ ഉടമസ്ഥനു നല്‍കുകയും അപ്പോള്‍ തന്നെ  സ്ഥലം വിടുകയും ചെയ്തു. 

അതില്‍ പിന്നീടു നമ്മുടെ സുഹൃത്തും, ഈ കഥ അറിഞ്ഞ നമ്മളും ആ ഹോട്ടലിന്‍റെ പരിസരത്തുകൂടി  പോലും  പോയിട്ടില്ല എന്നുള്ളതും , മൂന്നു ആഴ്ച കൊണ്ട് ആ ഹോട്ടല്‍ പൂട്ടി എന്നുള്ളതും പ്രത്യേകം പറയേണ്ടതില്ലല്ലോ...

PS : ആ ഹോട്ടല്‍ ഇരുന്ന സ്ഥലത്ത് പിന്നീടു മൂന്നോ നാലോ ഹോട്ടലുകള്‍ വരികയും, അവയെല്ലാം വരി വരി ആയിട്ട് പൊട്ടുകയും, പൂട്ടിപോവുകയും ചെയ്തതു പില്‍ക്കാലചരിത്രം. 

തിങ്കളാഴ്‌ച, നവംബർ 28, 2011

ഒരു അടി കഥനമ്മള്‍ അന്ന് വളരേ ചെറുപ്പം. ഒരു 16-17 വയസ്സ് കാണും. പൊട്ടിത്തെറിക്കുന്ന പ്രായം; പ്രക്ഷുബ്ധമായ യൗവ്വനം - പക്ഷെ ജയിലില്‍ (ആര്യ സെന്‍ട്രല്‍ ജയില്‍) കഴിയാനായിരുന്നു യോഗം. അല്ലായിരുന്നെങ്കില്‍ ഒരു നാലു KSRTC ബസ്സിന്‍റെ ചില്ലെങ്കിലും നമ്മള്‍ എറിഞ്ഞു ഉടയ്ക്കുമായിരുന്നു.


പതിവ് പോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുപാടു. ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍, വായുനോക്കല്‍, കമെന്‍റ് അടിക്കല്‍, പ്രണയം, പരാജയം മുതലായ എല്ലാ മേഘലകളിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍.


സ്കൂളിലെ ക്ലാസ്സുകള്‍ക്കു പുറമേ കട്ട്‌ ചെയ്യാനായിട്ട് നമ്മള്‍ക്ക് അനവധി ട്യുഷന്‍ ക്ലാസ്സുകളും അനുവദിച്ചു കിട്ടിയിട്ടുണ്ട്‌. സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഭൌതികശാസ്ത്രം, രസതന്ത്രം മുതലായ വിഷയങ്ങളില്‍ നമ്മള്‍ക്കുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു ഈ അവസരം. അന്ന് പഠിച്ചു വലിയ നിലയില്‍ ആയിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ഒരുപാടു ഖേദിക്കുമായിരുന്നു!


അങ്ങനെ ഒരു വിദ്യ 'അഭ്യാസ' കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് ഒരു 09 : 00 മണിക്ക് നമ്മളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും പതിവ് പോലെ ഇറങ്ങി വീട്ടിലേക്കുള്ള പ്രയാണം തുടങ്ങി. നാലുപേരു ഉണ്ടായിരുന്നു - രണ്ടു സൈക്കളും. ഗതികേടിനു അതില്‍ ഒരെണ്ണം പഞ്ചര്‍.


കുറ്റാക്കൂരിരുട്ട്...വിജനമായ ഇടവഴി...


ദയാനുഭാവുലുവും പരോപകരിയുമായത്  കൊണ്ട് സുഹൃത്തിന്‍റെ പഞ്ചര്‍ ആയ സൈക്കിള്‍ ഉരുട്ടിയാണ് നമ്മുടെ നടപ്പ്. കുറ്റം പറയരുതല്ലോ  - പഞ്ചര്‍ ആയ സൈക്കിളിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് എല്ലാവരും തന്നെ സൈക്കിള്‍ ഉരുട്ടിയാണ് നടക്കുന്നത്. അങ്ങനെ ഏതാണ്ട് ഒരു പകുതി വഴി പിന്നിട്ടു കാണും.


അതാ ഒരു വെളിച്ചം!!!


എല്ലാവരും അങ്ങോട്ട്‌ ഉറ്റു നോക്കി.


ഒരു ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരുന്നു പഠിക്കുന്നു. നാല് കാമുക ഹൃദയങ്ങള്‍ പതിവുപോലെ നിരാശയുടെ പടുകുഴിയില്‍ നിന്നും ചാടി എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി നമ്മുടെ സുഹൃത്തുക്കള്‍ ഓരിയിടല്‍, കൂക്കിവിളി, വിസിലടി മുതലായ ചെറുകിട നമ്പറുകള്‍ ഇറക്കി തുടങ്ങിയിരുന്നു. എന്തോ ഒരു പന്തികേട്‌ മണത്തത് കൊണ്ടാകാം നമ്മള്‍ അന്ന് ഫീല്‍ഡില്‍ ഇറങ്ങിയില്ല - അതില്‍ നമ്മള്‍ ഇന്നു വളരേ ഖേദിക്കുന്നു.


നമ്മുടെ sixth sense തെറ്റിയല്ല.


"ആരാടാ സാറിന്‍റെ മോളെ വിസില്‍ അടിക്കുന്നത്???", വിദൂരതയില്‍ നിന്നാരോ നമ്മുടെ എല്ലാവരുടെയും അപ്പന് വിളിക്കുന്നത്‌ കേട്ടു.


ധീരന്മാരായ നമ്മള്‍ പിന്നെ ഒന്നും നോക്കിയില്ല...നമ്മുടെ സൈക്കളില്‍ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ സ്ഥലം വിട്ടു. പഞ്ചര്‍ ആയ സൈക്കളും തള്ളി നമ്മളും, പിന്നെ തെറിവിളി കേട്ടപ്പോള്‍ തന്നെ പകുതി ജീവന്‍ മാത്രം  ബാക്കിയായ സുഹൃത്തും ആവും വിധം വേഗത്തില്‍ മുന്നോട്ടു നീങ്ങി.


എവിടെ നിന്നാണെന്ന് അറിയില്ല  - ഒരു പത്തുപേര് വന്നു നമ്മളെ അങ്ങ് വളഞ്ഞു. ഇരുട്ടായിരുന്നതു കൊണ്ട് മുഖം കാണാന്‍ കഴിഞ്ഞില്ല - അല്ലേല്‍ എന്തായാലും sketch ചെയ്തേനെ.


"ആരാടാ വിസില്‍ അടിച്ചത്?", ചോദ്യം എന്നോടായിരുന്നു.


"ഞാന്‍ അല്ല...ലവന്‍...", പതുക്കെ വശത്തേക്ക് നോക്കിയപ്പോള്‍ ആണ് ഒറ്റു കൊടുക്കാന്‍ പോലും ആരും അവിടെ ഇല്ല എന്നത് നമ്മള്‍ മനസ്സിലാക്കുന്നത്‌.   


"നീ സാറിന്‍റെ മോളെ വിസിലടിക്കും. അല്ലേടാ???", പിന്നാലെ വന്ന തെറിവിളി നമ്മള്‍ കേട്ടില്ല. അതിനു മുന്‍പ് തന്നെ നമ്മുടെ കയ്യില്‍ ഇരുന്ന സൈക്കിള്‍ പറന്നു പോകുന്നതായും നമ്മുടെ കവിളില്‍ എന്തോ വന്നു പതിക്കുന്നതായും നമ്മള്‍ക്ക് തോന്നി. 


സമനില തിരിച്ചു കിട്ടിയപ്പോള്‍ മനസ്സിലായി കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ കവാലം നോക്കി ഒന്ന് പൊട്ടിച്ചത് ആണെന്ന്. ഒരു ദയനീയമായ മൂളല്‍ കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ മനസ്സില്‍ ആക്കുന്നു, നമ്മുടെ സുഹൃത്ത്‌ നമ്മുടെ പിന്നില്‍ തന്നെ ഒളിച്ചു, ഉറച്ചു നില്‍പ്പുണ്ടായിരുന്നു എന്ന്!!!


ഗാന്ധിജി, ഫഗ്വാര ജയില്‍, സുപ്രണ്ടിടെന്റ്റ്, ഇധര്‍ മാരാ മുതലായ മഹദ് വാക്യങ്ങള്‍ സദാ മനസ്സില്‍ കരുതിയിരുന്നത് കൊണ്ടും, തിരിച്ചു തല്ലാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടും നമ്മള്‍ മറ്റേ കവിളും കാണിച്ചു കൊടുത്തു - പിള്ളേര് പഠിക്കട്ടെ.


ഏതായാലും പിന്നീടു അവര്‍ നമ്മളെ തല്ലിയില്ല. ഇനി മേലാല്‍ ഇത് വഴി കണ്ടു പോകരുത് എന്നു താക്കിതും നല്‍കി നമ്മെ അവര്‍ പോകാന്‍ അനുവദിച്ചു. ഒടിഞ്ഞ സൈക്കിളും കരിഞ്ഞ മോന്തയുമായി നമ്മള്‍ നേരത്തെ പോയ സുഹൃത്തുക്കളുടെ അടുത്തെത്തി.


ആശ്വാസവചനങ്ങള്‍ പ്രതീക്ഷിച്ച നമ്മുടെ കാതുകളില്‍ വന്നു പതിച്ചത് "എന്‍റെ സൈക്കിള്‍ പോയേ" എന്ന പാവം സുഹൃത്തിന്‍റെ കരച്ചിലായിരുന്നു!!!


Har Har Ek Friend Zaruri Hota Hai!!!


ഗുണപാഠം : നാലുപേര് ചേര്‍ന്ന് പോകുമ്പോള്‍, അതില്‍ മൂന്നു പേര് ചെറ്റത്തരം കാണിക്കുകയാണെങ്കില്‍, നാലാമനും അവരോടു കൂടെ ചേര്‍ന്ന് ചെറ്റത്തരം കാണിക്കേണ്ടത് ആണ് - അല്ലെങ്കില്‍ പിന്നീടു കിട്ടുന്ന ഓരോ അടിയും വെറുതെ ആയിരുന്നു എന്ന കുറ്റബോധം നമ്മെ മാനസികമായി തളര്‍ത്തി എന്നു വരാം!!!  

ഞായറാഴ്‌ച, നവംബർ 27, 2011

സിങ്കപ്പൂര്‍ ടു ഗോവ!!!


സാമാന്യബുദ്ധി, കൃത്യനിഷ്ഠ, പണത്തിന്‍റെ മൂല്യത മുതലായ സംഗതികള്‍ ഉള്ളവരോ അറിയുന്നവരോ ആരും തന്നെ ഇത് വായിക്കരുത് എന്ന് അപേക്ഷ!


Advanced Mathematics /logistics മുതലായവ പടിച്ചിട്ടില്ലാതവരും ഇത് വായിക്കാതിരിക്കുകയാണ് ഉത്തമം.


മാസങ്ങള്‍ നീണ്ടു നിന്ന കൂടിയാലോച്ചനകള്‍ക്കു ശേഷം നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ഒടുവില്‍ തീരുമാനിച്ചു - പൊയ്ക്കളയാം. സ്വന്തം ചിലവില്‍ ഒരു വിമാനയാത്ര - അതത്ര വലിയ കാര്യം ആണോ എന്ന് ചോദിച്ചാല്‍ -അല്ല. പക്ഷെ വരുമാനത്തില്‍ കവിഞ്ഞു ചെലവ് ചെയ്യുന്ന നമ്മള്‍ക്കും സുഹൃത്തിനും ഒരു മൂന്നു മാസം പിന്നീടു കഞ്ഞി കുടിച്ചു കഴിയേണ്ടി വരും.


ഒരു തീവ്രവാദി ആക്രമണം നടത്തുന്നതിനേക്കാള്‍ Precision 'ഓടെ നമ്മള്‍ planning തുടങ്ങി. തീയ്യതി നിശ്ചയിക്കുന്നു. വിസ അപ്ലൈ ചെയ്യുന്നു. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നു. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു.


സിങ്കപ്പൂര്‍...here  we  come .


അങ്ങനെ നാല് ദിവസങ്ങള്‍...നൈറ്റ്‌ ക്ലബ്സ്‌...കാസിനോ...നൈറ്റ്‌ സഫാരി...നൈറ്റ്‌ ബീച്ച്...രോമാഞ്ചം!!!


നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ലാത്ത കൂട്ടുകാരെ നമ്മള്‍ അങ്ങോട്ട്‌ വിളിക്കുന്നു.


"എന്നാ ഉണ്ട് അളിയാ വിശേഷം?'


"വോ! അങ്ങനെ പോകുന്നെടെ"


"അടുത്ത ആഴ്ച ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. നമ്മുക്കൊന്ന് കൂടണം."


"അയ്യോ അളിയാ...ഞാന്‍ അടുത്ത ആഴ്ച സിങ്കപ്പൂര്‍ ആണല്ലോടെ!!!"


അങ്ങേതലക്കല്‍ ഒരു നെടുവീര്‍പ്പ് കേട്ടോ എന്ന് ഒരു സംശയം.


അങ്ങനെ ദിവസങ്ങള്‍ കടന്നു പോകുന്നു.


12th August 2011


ഒടുവില്‍ ആ സുദിനം എത്തി. അന്ന് നമ്മള്‍ ഹാഫ് ഡേ ലീവ് ആണല്ലോ. രാവിലെ തന്നെ നമ്മള്‍ ഷോ തുടങ്ങി - കണ്ടു മാത്രം പരിചയമുള്ളവരോട് വരെ "അപ്പോള്‍ ഇനി അടുത്തെ വീക്ക്‌ വന്നിട്ട് കാണാം" എന്ന് പറഞ്ഞു നമ്മള്‍ കറങ്ങി നടന്നു.


"എടേ നീ ടിക്കറ്റ്‌ ഒന്ന് പ്രിന്‍റ് എടുക്കോ?" , ആത്മാര്‍ത്ഥ സുഹൃത്ത്‌ അവസാന നിമിഷത്തിലാണ് ഇതൊക്കെ.


"അപ്പോള്‍ നീ ഇത് വരെ ഇതൊന്നും ചെയ്തില്ലേ?? നാശം!", നമ്മള്‍ ശപിച്ചു കൊണ്ട് പ്രിന്‍റ് കൊടുക്കുന്നു.


"രാത്രി 12 :00 'നാണു ഫ്ലൈറ്റ്. നമ്മക്കൊരു 09 :00 'തു മണിക്കെങ്കിലും അങ്ങേത്തണം."


"വോ! ശരി", നമ്മള്‍ ഇതെത്ര കണ്ടിരിക്കുന്നു.


ഏതാണ്ട് ഉച്ച കഴിഞ്ഞു ഒരു 02 :30 മണി ആയിക്കാണും. സമയം ഇഴഞ്ഞു നീങ്ങുന്നതായി തോന്നുന്നു.
അലസമായി നമ്മള്‍ ടിക്കറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കി കൊണ്ടിരുന്നു. ഒരു നിമിഷം നമ്മുടെ കണ്ണുകള്‍ ഫ്ലൈറ്റ്'ന്‍റെ സമയത്തില്‍ ചെന്ന് ഉടക്കി - 00:05 12 August.

അതായതു പന്ത്രണ്ടാം തീയതി രാത്രി 12:05 'നാണു നമ്മുടെ ഫ്ലൈറ്റ്! (നമ്മള്‍ 12  മണിക്കൂര്‍ ക്ലോക്ക് ആണ് പിന്തുടരുന്നതെന്ന് മനസ്സില്‍ ആക്കുക). ഇന്നത്തെ ദിവസം 12 August. ഓക്കെ  - അപ്പോള്‍ ഇന്ന് രാത്രി 12 : 05 'നു  
ഫ്ലൈറ്റ്. 09 :00 'തു മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം - എല്ലാം ശുഭം. നമ്മള്‍ വെറുതെ പേടിച്ചു  - ഛെ.


ട്യൂബ് ലൈറ്റ് കത്താന്‍ ഒരു മൂന്നു മിനിറ്റ് വേണ്ടി വന്നില്ല. 00:05 12 August എന്ന് പറഞ്ഞാല്‍ അത് അന്ന് രാവിലെ ആയിരുന്നെന്നും, നമ്മള്‍ ഇന്നലെ ആയിരുന്നു എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടിയിരുന്നതെന്നും ഉള്ള ബോധോദയം നമ്മള്‍ക്കുണ്ടായി  - കണ്ണില്‍ ഇരുട്ട് കേറുക...തല ചുറ്റുക മുതലായ പ്രതിഭാസ്സങ്ങള്‍ അന്ന് നമ്മള്‍ അനുഭവിച്ചു.


നമ്മുടെ ബുദ്ധിപരമായ കണ്ടുപിടിത്തം അറിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തിനും മേല്‍പ്പറഞ്ഞ പ്രതിഭാസ്സങ്ങള്‍ അനുഭവിക്കാനുള്ള യോഗം ഉണ്ടാവുകയും, നാണക്കേട്‌, ധനനഷ്ടം മൂലമുണ്ടായേക്കാവുന്ന "Depression", അതിന്‍റെ പ്രത്യാഖാതങ്ങള്‍ മുതലായവ ഭയന്ന് നമ്മള്‍ അപ്പോള്‍ തന്നെ ഗോവയ്ക്ക് ട്രെയിന്‍ പിടിക്കുകയും, നാല് ദിവസം ഗോവന്‍ ബീച്ചുകളില്‍ "Budweiser" കുടിക്കുകയും, സിങ്ങപ്പൂരില്‍ ചിലവാക്കുവാന്‍ ഉദേശിച്ച അത്രയും കാശ് അവിടെ ചിലവാക്കുകയും, ഒടുവില്‍ നാണം, മാനം, ഉളുപ്പ് മുതലായ feelings മാറി തൊലിക്കട്ടി നേടുകയും ചെയ്തതിനു ശേഷം മാത്രമാണ്, നമ്മള്‍ തിരിച്ചു തിരുവനന്തപുരത്തിന് ട്രെയിന്‍ പിടിക്കുന്നത്‌!!!


PS  : ഫ്ലൈറ്റ്ന്‍റെ സമയത്ത് നമ്മള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നുവെന്നും അല്ല എയര്‍പോര്‍ട്ടില്‍ ചെന്നതിനു ശേഷം മാത്രമാണ് ഫ്ലൈറ്റ് പോയ കാര്യം നമ്മള്‍ അറിഞ്ഞതെന്നും മറ്റുമുള്ള ദുഷ്പ്രചരണങ്ങള്‍ കുബുദ്ധികള്‍ നടത്തുന്നുണ്ട് - വിശ്വസിക്കരുത്!!!

വെള്ളിയാഴ്‌ച, നവംബർ 25, 2011

ഒരു നിമിഷംഏതോ കിനാവിന്‍ ആദ്രതയില്‍
ഏതോ മോഹത്തിന്‍ താഴ്വരയില്‍...


ഏതോ പുലരിയുടെ പുല്‍നാമ്പുകളില്‍
പിന്നെയേതോ സായന്തനത്തിന്റെ ശാലീനതയില്
പിന്നെയുമേതോ രാത്രിതന്‍ നിഗൂഡതയില്‍


ഏതോ മഴയുടെ കുളിരില്‍
പിന്നെയേതോ മഴവില്ലിന്‍ വര്‍ണ്ണങ്ങളില്‍
പിന്നെയുമേതോ കാറ്റിന്‍ അലകളില്‍...


ഏതോ പൂവിന്‍ ഇതളുകളില്‍
പിന്നെയേതോ ശലഭത്തിന്‍ ചിറകുകളില്‍
പിന്നെയുമേതോ കിളിതന്‍ കൊഞ്ചലില്‍

ഏതോ ഗാനത്തിന്‍റെ ഈരടികളില്‍
പിന്നെയേതോ നൃത്തതിന്റ്റെ ചുവടുകളില്‍
പിന്നെയുമേതോ ചിത്രത്തിന്‍റെ ചായങ്ങളില്‍...


ഏതോ ദീപത്തിന്‍ ദീപ്തിയില്‍
പിന്നെയേതോ മുകിലിന്‍ ജ്വാലയില്‍
പിന്നെയുമേതോ നിലാവിന്റെ നഗ്നതയില്‍...


ജീവിതം വളരെ സുന്ദരം ആണ്. കാണുന്നതിലും കേള്‍ക്കുന്നതിലും അറിയുന്നതിലും എല്ലാം സംഗീതം ഉണ്ട്...നന്മയുണ്ട്...


ഒരു നിമിഷം...ഒരേ ഒരു നിമിഷം...വളരെ ചെറുതാണെങ്കിലും ആ നിമിഷത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു...

വ്യാഴാഴ്‌ച, നവംബർ 24, 2011

ആനയെ "ഓടിച്ച" കഥ!നമ്മള്‍ വളരെ ധൈര്യശാലിയും അതിസാഹസികനും ജീവനില്‍ കൊതിയില്ലാതവനും ആയിരുന്നല്ലോ. അത് കൊണ്ട് തന്നെ എന്ത് ചെയ്യാനും ഒരു മടിയും ഇല്ലായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ആനയെ ഓടിക്കുന്നത്.


പതിവ് പോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി നമ്മള്‍ യാത്ര പുറപ്പെട്ടു. വയനാടന്‍ മലനിരകളിലെ ഘോരവനങ്ങളിലെക്കാനു ഇത്തവണത്തെ യാത്ര - പക്ഷിപ്പാതാളം.


തിരുനെല്ലി ക്ഷേത്രത്തിന്‍റെ മുന്നില്‍ വെച്ച് ദൈവങ്ങളെ സാക്ഷിയാക്കി മൂന്നു ഫുള്ളും അതിലേറെ ബിയരുകളും, പിന്നെ "touchings" വെള്ളം ആഹാരം മുതലായവയും കിഴികെട്ടി നമ്മള്‍ നടന്നു തുടങ്ങി. ഏതാണ്ട് ഒരു 7-8 കിലോമീറ്റര്‍ നടക്കാനുണ്ടെന്നു ഗൈഡ് അറിയിച്ചു, എല്ലാം അറിയുന്നവനാണ് ഗൈഡ് - അവന്‍ പറയുന്നത് വിശ്വസിക്കുക. ചെയ്യുക.
ഒരു മുക്കാല്‍ കിലോമീറ്റര്‍ നടന്നു കാണും - ആരോഗ്യവാനായ നമ്മുടെ പരിപ്പ് ഇളകി. ഭാഗ്യം - ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ നിലയും എന്നോളം അല്ലെങ്കില്‍  ഒരല്പം കൂടി മോശം ആയിരുന്നു. മുന്നില്‍ കിലോമീറ്റര്‍ കണക്കിന് നീണ്ടു കിടക്കുന്ന ഘോരവനം. ചുമലില്‍ ലിറ്റര്‍ കണക്കിന് മദ്യം - പ്രതിസന്ധി ഘട്ടം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ നമ്മള്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു സുന്ദരമായി പിന്നോട്ട് പോവുകയാണ് പതിവ്.  പക്ഷെ വിധി ഇത്തവണ അതിനനുവദിച്ചില്ല. അതാ വരുന്നു ഒരു സായിപ്പും മദാമ്മയും!!!


"Elephant!!! Elephant!!! RUNN!!!"


മദാമ്മയുടെ കിളിനാദത്തില്‍ നിന്നും ഇത്രയും മാത്രമേ decode ചെയ്യാന്‍ എനിക്ക് കഴിഞ്ഞുള്ളൂ. നല്ല പ്രായത്തില്‍  phonetics പഠിക്കണമായിരുന്നു.


പക്ഷെ സര്‍വജ്ഞനായ ഗൈഡിനു എല്ലാം മനസ്സില്‍ ആയിരുന്നു. മുകളില്‍ ആന ഇറങ്ങിയിട്ടുണ്ടെന്നും അങ്ങോട്ട്‌ പോകുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നും പറഞ്ഞു അദ്ദേഹം തിരിച്ചു നടന്നു തുടങ്ങി.


എല്ലാം അവിടെ തീര്‍ന്നേനെ - പക്ഷെ അപ്പോളാണ് നമ്മുടെ ഉള്ളിലെ സിംഹം ഗര്‍ജ്ജിച്ചത്‌ - ആന..പുല്ലു...പോകാന്‍ പറ...നമ്മള്‍ മുന്നോട്ട് പോകും...പോയിരിക്കും...
ഒരു കീര്‍ത്തിചക്ര മനസ്സില്‍ കണ്ടുകൊണ്ടു നമ്മള്‍ നാല് പേരും, പിന്നെ ചാകാനാണു  അവന്റെ ഒക്കെ വിധിയെങ്കില്‍ ചാകട്ടെ എന്ന് മനസ്സില്‍ കരുതി ഗൈഡും മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. ഓരോ വളവിലും ആന ഇല്ല എന്ന് ഉറപ്പു വരുത്തി മുന്നോട്ടു പോകുന്ന ഗൈടിനോടു, "തമ്പി...ഇത് ഉനക്കെ കൊഞ്ചം ഓവറാ തോന്നലെയാ" എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു. എന്തോ, ചോദിച്ചില്ല.
അങ്ങനെ കുറെ വളവും തിരിവും കഴിഞ്ഞപ്പോള്‍ ആനയെ നമ്മള്‍ മറന്നു. പതുക്കെ ഒന്ന് നിന്ന് അടി തുടങ്ങിയാലോ എന്നാ ചോദ്യം നാല് പേരുടെയും മുഖത്ത് ഉണ്ടായിരുന്നു. ആന...ചേന...കോപ്പ്.
പെട്ടന്ന് ഗൈഡ് ഒന്ന് നിന്നു - മണം പിടിക്കുന്നത്‌ പോലെ ഒക്കെ ഒന്ന് കാണിച്ചു. എന്നിട്ട് പതിയെ പറഞ്ഞു' "ആന!!!".


മുന്നില്‍ ഒരു മരം വീണു കിടക്കുന്നു  - അതിന്റെ അപ്പുറത്ത് അതാ നാല് കാലും തുമ്പിക്കയ്യും കുടവയറും ഒക്കെ ഉള്ള സാക്ഷാല്‍ ഒരാന!!!


പിന്നീടു നാല് പൂച്ചകള്‍ ഗര്‍ജ്ജിക്കുന്നതും ആന ഓടുന്നതും, നമ്മള്‍ ആനയ്ക്ക് മുന്നില്‍ ഓടുന്നതും എവിടൊക്കെയോ ഉരുണ്ടു വീണപ്പോള്‍ ഗൈഡ് പിടിച്ചു എഴുന്നെല്പ്പിച്ചതും മാത്രം ഓര്‍മ്മ ഉണ്ട്. ഒടുവില്‍ ഓടിത്തളര്‍ന്നപ്പോള്‍ ആന അതിന്‍റെ വഴിയെ പോയി. നമ്മള്‍ സിംഹങ്ങള്‍ പരസ്പരം ജീവന്‍ ഉണ്ട് എന്ന് കണ്ടും ഒറ്റ "piece"ഇല് ആണ് എന്ന് കണ്ടും ശ്വാസം വിട്ടു.


പെട്ടന്നാണ് ഒരു അലര്‍ച്ച...
"അളിയോ!!! ചതിച്ചു!!!"


"എന്ത് പറ്റിയെടെ?"


"കുപ്പി!!!"
നാല് പേരും ബാഗിന്‍റെ മുകളില്‍ ചാടി വീഴുകയും, ഒരൊറ്റ കുപ്പി പോലും പൊട്ടിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം മാത്രമാണ് മല ഇറങ്ങിയത്‌!!!
PS : ഇപ്പോഴും നമ്മള്‍ ആ ആനയെ അല്ലെങ്കില്‍ ആ ആന നമ്മളെ എന്തിനാണ് ഓടിച്ചത് എന്ന് ആര്‍ക്കും അറിയില്ല.  നമ്മുടെ ചുമലിലെ മദ്യം ലക്‌ഷ്യം ഇട്ടായിരുന്നു എന്ന് കുബുദ്ധികള്‍ പറഞ്ഞു നടക്കുന്നുണ്ട്....