ഞായറാഴ്‌ച, നവംബർ 04, 2012

സ്വപ്‌നങ്ങള്‍


സ്വപ്‌നങ്ങള്‍_ അവ സത്യമല്ലേ?

ആണെന്ന് കരുതുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

അബോധത്തിന്‍റെ ചിന്തയില്‍ നിന്നുണരുന്ന
ചിറകില്ലാത്ത പക്ഷികള്‍.
അതോ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന
ഇരുളിന്‍റെ മുഖംമൂടിയോ?

അല്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

അവിടെ, ഉള്ളില്ലാതെ പൊള്ളുന്ന വാക്കുകളില്ല,
വാഗ്ദാനങ്ങളില്ല.
വരിഞ്ഞുകെട്ടിയ വികാരങ്ങളുടെ വീര്‍പ്പുമുട്ടലുകളില്ല.
ചിതലരിച്ച പ്രണയത്തിന്‍റെ മണ്‍പുറ്റുകളി,ലവിടെ
വിഷം നിറഞ്ഞ പല്ലുകള്‍ വളരുന്നില്ല.
മരവിച്ചു മരിച്ച മനസ്സുകളുടെ ശവമഞ്ചത്തിനു മുന്നില്‍
കറുത്ത കാലുകള്‍ ആനന്ദനൃത്തം ചവുട്ടുന്നില്ല.
ആദ്യചോരയുടെ അവല്‍-പ്പൊതിയുമേന്തി
വില്പ്പനക്കിറങ്ങുന്ന കുഞ്ഞു ശരീരങ്ങളില്ല.
വെയിലുറയ്ക്കുമ്പോള്‍ തളര്‍ന്നു, തലയില്‍ ചുമടുമായി
അരവയറി,നന്നം തിരയുന്ന നിസ്സഹായതയുമില്ല.
ചില്ലകളുണങ്ങി, എന്നോ മയങ്ങിപ്പോയ മരത്തി-
ലവശേഷിച്ച കിളിക്കൂടിന്‍റെ അനാഥത്വമില്ല.
വറ്റിവരണ്ട പുഴയിലൊരോര്‍മ്മയായി
കാലം ശേഷിച്ച ജീവന്‍റെ ഏകാന്തവേദനയുമില്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.   
    
സ്വാതന്ത്ര്യമുണ്ടവിടെ.

വാക്കിനും വിചാരത്തിനും കടിഞ്ഞാണിടാന്‍
ചാട്ടവാറുമായി കാലം കാവലില്ലാത്ത
സ്വച്ചന്ദമായോഴുകുന്ന ഒരു പുഴ.
എനിക്കവിടെ വേദനകളില്ല; മരണമില്ല;

ഓരോ മരണത്തിലും പുനര്‍ജ്ജന്മം നേടുന്ന നിമിഷങ്ങള്‍.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

വ്യാഴാഴ്‌ച, നവംബർ 01, 2012

വിശപ്പും സ്വപ്നങ്ങളും.



ഞാന്‍ ഞെട്ടിയുണര്‍ന്നു; കണ്ണുകള്‍ തുറന്നു;
എന്‍റെ രാത്രിയെ കൊന്നു,കൊണ്ടിളിച്ചു നില്‍ക്കുന്നു_ പകല്‍..
അസ്വസ്ഥനായി, കണ്ണുകള്‍ ചിമ്മി ഞാന്‍ കിടക്കവിട്ടെഴുന്നേറ്റു.

ഒരു രാത്രിയുടെ ഉറക്കം.
അത് സമ്മാനിച്ച സ്വപ്നങ്ങളുടെ മധുരദീപ്തമായ ഓര്‍മ്മകള്‍.
വീണ്ടും കാണുവാന്‍ കൊതിച്ചു പോകുന്നവ.
തിരഞ്ഞെത്തുമ്പോള്‍ പക്ഷെ ഓര്‍മകളിലെങ്ങും തങ്ങാത്തവ.
ഒരു നീര്‍ക്കുമിളയില്‍ കോറിയിട്ട നിറങ്ങള്‍
എന്‍റെ സ്വപ്‌നങ്ങള്‍.

പകലിനോടെനിക്ക് വെറുപ്പാണ്.

ഒന്നുമില്ലായ്മയുടെ ഈ യാഥാര്‍‍ഥ്യത്തിലേക്കു വലിച്ചിഴക്കുന്നു;
വെളിച്ചം കോരിയൊഴിച്ച് എന്‍റെ സ്വപ്‌നങ്ങളെ കെടുത്തുന്നു.
കെട്ടുപോയ ഒരു കരിന്തിരിയുടെ ഗന്ധമുള്ള പകല്‍.
ഈ പകലുണരുമ്പോള്‍ - എന്‍റെ വിശപ്പുണരുന്നു;
എന്‍റെ ദാഹമുണരുന്നു;
കാമനകലുണരുന്നു.

മണലു,മീയുറവയുമൊന്നെന്നു ഭ്രമിപ്പിക്കുന്ന ചൂട്;
വരണ്ടുണങ്ങിയ മരുഭൂമിയിലെ നദി;
പെയ്യില്ലെന്നുറച്ചുറഞ്ഞുപോയ മേഘങ്ങള്‍;
കാടുണങ്ങി, കരുവാളിച്ച ചാരത്തിന്‍റെ കുന്നുകള്‍.

ഇതൊക്കെ....

എന്‍റെ വിശപ്പിന്‍റെ യാഥാര്‍ഥ്യം.
എന്‍റെ ദാഹത്തിന്‍റെ യാഥാര്‍ഥ്യം.
പകലിനോടെനിക്ക് വെറുപ്പാണ്.

സ്വപ്നങ്ങളുടെ രാത്രി, വീണ്ടുമെത്തി.
ഇരുട്ടിലായിരം മിന്നാമിനുങ്ങുകള്‍ക്ക് ജീവന്‍ വെചു;
അവയുടെ ചിറകിലേറി, ഇന്നലത്തെ സ്വപ്‌നങ്ങള്‍ തിരഞ്ഞ്,
പുതിയ സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ ഞാന്‍ പറന്നു...