ബുധനാഴ്‌ച, മാർച്ച് 07, 2012

Yes your honor!

കോടതി വരാന്ത.


മൂന്നു പേര്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു.


കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം ഒരു കെട്ടുകഥ പോലെ അവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. രാവിലെ പൂര്‍ണ്ണ ബോധം തെളിഞ്ഞപ്പോള്‍, രാത്രി സംഭവിച്ചതെല്ലാം ഒരു സ്വപ്നം മാത്രം ആയിരുന്നെങ്കില്‍ എന്നവര്‍ ആശിച്ചു പോയി. പക്ഷെ ഇപ്പോളത്തെ ഈ കോടതി വരാന്തയില്‍ തങ്ങളുടെ കേസ് വിളിക്കുന്നതും കാത്തുള്ള നില്‍പ്പ് ഒന്നും വെറും ഒരു സ്വപ്നം അല്ലായിരുന്നു എന്നാ ബോധ്യം അവര്‍ക്കുണ്ടാക്കി കൊടുത്തു.


ഏറെ നേരത്തെ കാത്തുനില്‍പ്പിന് ശേഷം ഒരു പോലീസുകാരന്‍ വന്നു അവരോടു അകത്തോട്ടു കയറി ചെല്ലാന്‍ പറഞ്ഞു. മനസ്സില്‍ ജഡ്ജിയെ കാണുമ്പോള്‍ പറയാനായി കാലത്തെ ഉരുവിട്ട് പഠിച്ച വാക്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു അവര്‍ കോടതിക്കുള്ളിലേക്ക് കയറി.


തലേന്ന്  വൈകുന്നേരം.


"അളിയാ! നമ്മള്‍ക്കിന്നു അകത്തളം വരെ പോകാം. ഇനി ബൈക്ക് എടുത്തതിന്റെ ചെലവു ചെയ്തില്ല എന്ന് പറയരുത്."


വെറുതെ കിട്ടുന്ന മദ്യവും ഭക്ഷണവും കളയാന്‍ പാടില്ലാത്തത് കൊണ്ടും, വൈകിട്ട് വേറെ പ്രത്യേകിച്ചു പരിപാടികള്‍ ഒന്നും തന്നെ ഇല്ലായിരുന്നത് കൊണ്ടും മൂന്നു പേരും കൂടെ രണ്ടു ബൈക്കുകളിലായി അപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും ഇറങ്ങി നേരെ അകത്തളത്തിലേക്ക് വിട്ടു.


ചെറുതായി തുടങ്ങുന്നത് വലുതായി അവസാനിക്കുകയാണല്ലോ സാധാരണ പതിവ്. ഒന്നില്‍ തുടങ്ങി പലതില്‍ എത്തി, പല വഴിയെ ചര്‍ച്ചകളും ചിന്തകളും പോയി ഒടുവില്‍ അവര്‍ അവിടെ നിന്നും ഇറങ്ങുന്നത് രാത്രി പത്തു
മണിക്കു ശേഷം. ആടിയാടി എങ്ങനെ ഒക്കെയോ ഒടുവില്‍ അവര്‍ ബൈക്ക് വെച്ചിടത്ത് എത്തുന്നു.


"അപ്പോള്‍ ശരി അളിയാ...നാളെ പാക്കലാം. gushhniite!", ചെറിയൊരു കുഴച്ചില്‍ ഉണ്ടായിരുന്നു. സാരമില്ല.


യാത്ര പറഞ്ഞു നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ തന്‍റെ പഴയ വണ്ടി സ്റ്റാര്‍ട്ട്‌ ആകി മുന്നോട്ടു പോകുന്നു. അല്പം പിന്നാലെ പുത്തന്‍ ബൈക്ക് ഓടിച്ചു ബാക്കിയുള്ളവരും.


ഒരു ഒന്നര കിലോമീറ്റര്‍ മുന്നോട്ടു പോയിക്കാണും - പെല!


ത്രികോണ ആകൃതിയില്‍ അങ്ങോട്ട്‌ ഇങ്ങോട്ട് എന്ന രീതിയില്‍ ഓടിച്ചു വന്ന സുഹൃത്തിനെ സ്വാഭാവികമായും അവര്‍ കൈ കാണിച്ചു നിറുത്തി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ വണ്ടി നിറുത്താതെ പോവുകയോ, ദൂരെ നിന്നെ പെലകളെ തിരിച്ചറിഞ്ഞു വഴി മാറി പോവുകയോ ആണ് പതിവ് - എന്തോ ഇന്ന് രണ്ടും നടന്നില്ല.


"സാര്‍ ഞാന്‍ ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ട്", തലയില്‍ ഇരുന്ന ഹെല്‍മെറ്റ്‌ തൊട്ടു കാണിച്ചു ആത്മാര്‍ത്ഥ സുഹൃത്ത്‌ നിഷ്കളങ്കനായി പറഞ്ഞു.


"ഓ തന്നേ! നീ ആ ഹെല്‍മെറ്റ്‌ ഊരിയിട്ട് ഒന്ന് ഊതിക്കെ!"


കുടുങ്ങി അളിയാ കുടുങ്ങി!


ഹെല്‍മെറ്റ്‌ ഊരിയ ശേഷം അദ്ദേഹത്തിന് പ്രത്യേകമായി ഊതേണ്ടി വന്നില്ല. ചുവന്ന കണ്ണുകളും കുഴഞ്ഞ നാക്കും ആടുന്ന കാലുകളും അതിനു മുന്‍പ് തന്നേ അദ്ധേഹത്തെ ഒറ്റു കൊടുത്തിരുന്നു.


"ഇങ്ങോട്ട് മാറി നില്‍ക്കെടാ!", പെല അലറി.


മറ്റവന്മാരെ കാണുന്നില്ലല്ലോ. ഈശ്വരാ അവന്മാര്‍ ഇനി വേറെ വഴി വല്ലതും പോയി രക്ഷപ്പെട്ടാ? സാറേ ഞാന്‍ മാത്രം അല്ല അവന്മാരും...


RC ബുക്കും ലൈസെന്‍സും തപ്പുന്നതിനിടയില്‍ ആത്മാര്‍ത്ഥ സുഹൃത്തിന്റെ ചിന്ത ഇതായിരുന്നു. ഈശ്വരാ ഒറ്റയ്ക്ക് അകത്താകുമോ?


അധികം താമസിച്ചില്ല, അതാ വരുന്നു രണ്ടു പേര്‍. അത്യാവശ്യം ഉച്ചത്തില്‍ തന്നെ പാട്ടും പാടി വന്നത് കൊണ്ട് രണ്ടു പേരെയും കൈ കാണിച്ചു നിറുത്താന്‍ പെലകള്‍ മത്സരിച്ചു. പിന്നെ ഹെല്‍മെറ്റ്‌ ഇല്ലാത്തതു കൊണ്ട് അത് അഴിക്കേണ്ടതായും ബോധം തീരെ ഇല്ലാത്തതിനാല്‍ ഊതെണ്ടാതായും വന്നില്ല.


ആത്മാര്‍ത്ഥ സുഹൃത്ത്‌ ഒന്ന് നിസ്വസ്സിച്ചു.


"ഹോ! ആശ്വാസം ആയി. ഞാന്‍ കരുതി ഒറ്റയ്ക്ക് പെട്ടു എന്ന്!"


മൂന്ന് പേരുടെയും ഭാഗ്യത്തിനു പെലകള്‍ വളരെ മാന്യന്മാര്‍ ആയിരുന്നു. ഇനി മേലാല്‍ മദ്യപിച്ചു വണ്ടി ഓടിക്കരുതെന്നും, ഇ പ്രാവശ്യം കേസ് ഒന്നും ചാര്‍ജ് ചെയ്യുന്നില്ല എന്നും പറഞ്ഞു. വണ്ടി പോലീസ് സ്റ്റേഷനില്‍ കൊണ്ട് വെച്ചേക്കാം - നാളെ രാവിലെ വന്നു എടുത്തു കൊണ്ട് പൊക്കോ. ഇന്നിനി ഓടിക്കേണ്ട  - വഴിയില്‍ വേറെ പെല കാണും.


മൂന്നു പേരുടെയും കണ്ണ് നിറഞ്ഞു. ഇത്രയും നല്ല പെലകളെ ആണോ നമ്മള്‍ ഇത്ര നാലും തെറി വിളിച്ചിരുന്നത്‌? ഐ അം ദി സോറി അളിയാ...ഐ അം ദി സോറി...


അങ്ങനെ ഇളം വളരെ മങ്ങലാംയി നടക്കുന്നു. അതിനിടയില്‍ ഒരു പാവം പെല നമ്മുടെ പുത്തന്‍ ബൈക്കിന്‍റെ ഉടമയില്‍ നിന്നും ബൈക്കിന്‍റെ താക്കോല്‍ വാങ്ങി സ്റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കുന്നു.


 "സാറേ..പുതിയ വണ്ടി ആണ്. ഓടിക്കുന്നതൊക്കെ കൊള്ളാം. ഒരു പോറല്‍ പോലും ഉണ്ടാകരുത്. ഞാന്‍ നാളെ രാവിലെ നോക്കും!"


ഈശ്വരാ! ഇവന്‍ ഇത് എന്ത് ഭാവിച്ചാ?


ഏതായാലും ആ ഡയലോഗ് കേട്ടതോടെ മാതൃക പോലീസ് കേരള പോലീസ് ആയി മാറി.


ഒരു രണ്ടു മിനിറ്റ് കൊണ്ട് കഥ ആകെ മാറി - മൂന്ന് പേരെയും മദ്യപിച്ചു വണ്ടി ഓടിച്ചതിന് കേസും ചാര്‍ജ് ചെയ്തു, വണ്ടി Custody'ല്‍ എടുത്ത ശേഷം ജാമ്യം നില്ക്കാന്‍ ആള് വന്നിട്ട് വിട്ടാല്‍ മതി എന്നും പറഞ്ഞു നേരെ ജീപ്പിലോട്ടു കയറ്റുന്നു!


പോലീസ് ജീപ്പ് ആയിപ്പോയി. ഇല്ലായിരുന്നേല്‍ നമ്മുടെ പുതിയ ബൈക്കിന്‍റെ ഉടമ അന്ന് സ്വര്‍ഗ്ഗം കണ്ടേനെ!


പോകുന്ന വഴിയില്‍ SI'യുടെ വയര്‍ലെസ്സില്‍ ഒരു സന്ദേശം - അടുത്ത ഏതോ ഒരു ചേരിയില്‍ ആരോ ആരെയോ വെട്ടി എന്നും, ഉടനെ അവിടെ എത്തണമെന്നും. പാവം നമ്മുടെ മൂന്ന് സുഹൃത്തുക്കളെയും പിന്നിലിരുത്തി അവര്‍ നേരെ ചേരിയില്‍ എത്തുന്നു. ആദ്യം തന്നെ വെട്ടു കൊണ്ട് ചോരയില്‍ കുളിച്ചു കിടന്നിരുന്ന ആളെ എടുത്തു ജീപ്പിന്‍റെ പിന്നില്‍ ലെവന്മാരുടെ മടിയില്‍ ഇടുന്നു, നേരെ ആശുപത്രിയിലേക്ക് പറക്കുന്നു. ഒടുവില്‍ അയ്യാളെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പ്രതിയെ പിടിക്കാന്‍ ചേരിയില്‍ എത്തുന്നു.


അധികം താമസിയാതെ അവര്‍ പ്രതിയെ പിടിക്കുന്നു, മൂന്ന് പേരുടെയും ഒപ്പം ജീപ്പിന്‍റെ പിന്നില്‍ ഇരുത്തുന്നു.


ചുറ്റും തുറിച്ചു നോക്കുന്ന നാട്ടുകാരുടെ കണ്ണുകള്‍...ആരൊക്കെയോ മൊബൈലില്‍ പടം എടുക്കുന്നുണ്ട്...


ഞങ്ങള്‍ പാവം രണ്ടു പെഗ്ഗ് മാത്രം അടിച്ചവര്‍ ആണ് എന്ന് ഉറക്കെ വിളിച്ചു പറയണം എന്ന്  ആത്മാര്‍ത്ഥ സുഹൃത്തിനു തോന്നി. ഒരു പക്ഷെ ഇങ്ങനെയും കുറ്റവാളികള്‍ ജനിച്ചേക്കാം!!!


ഒടുവില്‍ മൂന്ന് കൊടും കുറ്റവാളികളും, ഒരു പാവം വെട്ടു കേസ് പ്രതിയും ഒരുമിച്ചു പോലീസ് സ്റ്റേഷനില്‍ എത്തുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നു - ജാമ്യം നില്ക്കാന്‍ വരാം എന്ന് പറഞ്ഞ മൂന്ന് ബോധം ഉള്ളവരെ കാത്തു അവര്‍ സ്റ്റേഷനില്‍ നില്‍ക്കുന്നു. എത്ര കഷ്ടപ്പെട്ടിട്ടാണ് ബോധം ഉള്ള മൂന്നു പേരെ കണ്ടെത്തിയത് എന്നത് വേറെ കാര്യം!


ആ കാത്തുനില്‍പ്പിനിടയില്‍ , വെട്ടു കേസ് പ്രതിക്ക് മൊബൈല് കൊടുത്തതിനു നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ അത്യാവശ്യം നല്ല തെറിവിളി കേള്‍ക്കുകയും, ഒടുവില്‍ ഇനി ജന്മത്ത് സ്വന്തം അച്ഛന്‍ ചോദിച്ചാല്‍ പോലും മൊബൈല്‍ കൊടുക്കില്ല എന്ന് പത്തു പ്രാവശ്യം ആണയിട്ടതായും ഒരു ഉപകഥ ഉണ്ട്.


ഒടുവില്‍ രാവിലെ ഏതാണ്ട് മൂന്നു മണിയോട് അവര്‍ക്ക് ജാമ്യം കിട്ടുകയും, അവരവരുടെ വീടുകളില്‍ എത്തിയ ശേഷം അടുത്ത ദിവസം കോടതിയില്‍ എന്ത് പറയും, എങ്ങനെ പെരുമാറും മുതലായ ചിന്തകളില്‍ മുഴുകി ഉറങ്ങി.


അടുത്ത ദിവസം രാവിലെ, പഴയ ഹിന്ദി സിനിമകളില്‍ കേട്ടിട്ടുള്ള "Yes your honor", "I am innocent my Lord" മുതലായ ഡയലോഗ്കള്‍ കാണാതെ പഠിച്ചു, വരുന്നിടത്ത് വെച്ച് കാണാം എന്ന പതിവ് പ്രഖ്യാപനത്തോടെ പുറത്തേക്കു ഇറങ്ങി.


വലിയൊരു ഹാളില്‍ ഉയരത്തിലിരുന്നു ചുറ്റിക അടിക്കുന്ന ജഡ്ജിയും, മുന്നില്‍ വട്ടം കൂടിയിരിക്കുന്ന അഭിഭാഷകരെയും, കേസ് നടക്കുന്നത് കാണാന്‍ കൂടിയിരിക്കുന്ന നാട്ടുകാരെയും ഭാവനയില്‍ കണ്ടു മൂന്നു പേരും പോലീസുകാരന്റെ പിന്നാലെ കോടതിയിലേക്ക് കയറി.


ഒരു ചെറിയ കുടുസ്സു മുറി!!!


ഒരു മേശ...ഒരു കസേര... അതില്‍ ഒരു ചെറിയ മനുഷ്യന്‍ കോട്ട് ഇട്ടു ഇരിക്കുന്നു...


ചുറ്റികയുമില്ല, അരിവാളുമില്ല....


"അളിയാ!!! എന്‍റെ സങ്കല്പത്തിലെ കോടതി ഇതല്ല!!!"


"എന്താ കേസ്?", ജഡ്ജി ചോദിച്ചു.


"വെള്ളം അടിച്ചു വണ്ടി...."


"ങാ! അവിടെ ഫൈന്‍ അടച്ചിട്ടു പൊക്കോ!"


ഫൈന്‍ അടച്ചു പുറത്തിറങ്ങുമ്പോള്‍, മൂന്ന് പേരുടെയും ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു...


"Yes your honor!"

ശനിയാഴ്‌ച, മാർച്ച് 03, 2012

വിശ്വാസം

"നീ എന്നെ സ്നേഹിക്കുന്നുണ്ടോ?", അവളുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ ഒന്ന് പതറി.


"ഇല്ല!"


അവള്‍ക്കു വിശ്വാസം ആകുന്ന ഒരു കള്ളം പറയാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.