ഒരിക്കല്‍ ദൈവങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി.
നമ്മളില്‍ ആരാണ് ശക്തന്‍?
ആരാണ് വലിയവന്‍?
ഒരാളും വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല.
തര്‍ക്കം മൂര്‍ച്ചിച്ചു വെല്ലുവിളികള്‍ ആയി. ബഹളമായി.
ഒടുവില്‍ ഒരു യുദ്ധത്തില്‍ അത് ചെന്ന് കലാശിക്കും എന്ന അവസ്ഥയായി.
താഴെ, ഇതൊക്കെ കണ്ടു നിന്നിരുന്ന മനുഷ്യര്‍ ചിരിച്ചു കൊണ്ട് പരസ്പരം പറഞ്ഞു,
“കഷ്ടം തന്നെ നമ്മുടെ ദൈവങ്ങളുടെ കാര്യം. കണ്ടോ, ചെറിയ ചെറിയ കാര്യങ്ങള്‍ക്കാണ് അവര്‍ പരസ്പരം വഴക്കടിക്കുന്നത്. കൊച്ചു കുട്ടികളെ പോലെ!”
ഇത് കേള്‍ക്കാനിടയായ ദൈവങ്ങള്‍ നാണിച്ചു വഴക്ക് നിറുത്തി. സന്തോഷത്തോടെ അവര്‍ കൈകള്‍ പരസ്പരം കൊടുത്തു മാപ്പ് ചോദിച്ചു.
പെട്ടെന്ന് താഴെ ഒരു ബഹളം കേട്ടു.
“എന്‍റെ ദൈവത്തിനാണു ശക്തി കൂടുതല്‍. അവനാണ് ഏറ്റവും വലിയവന്‍.”
“അല്ല. എന്‍റെ ദൈവമാണ്...”
മനുഷ്യര്‍ അന്യോന്യം ദൈവത്തിന്‍റെ പേരില്‍ പോരാടി മരിച്ചു വീണു.
കണ്ടു നിന്ന ദൈവങ്ങള്‍ക്ക് ചിരി വന്നു.