വ്യാഴാഴ്‌ച, ഒക്‌ടോബർ 10, 2013

ചതിച്ച ഒറ്റ്!!!

പരീക്ഷ ഹാള്‍.

പിന്‍ ഡ്രോപ്പ് സൈലെന്‍സ്.

ഒരുവിധപ്പെട്ട എല്ലാവരും കൂനിപ്പിടിച്ചിരുന്നു വിശാലമായി എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. രണ്ടു ടീച്ചര്‍മാര്‍ പട്ടാളക്കാരെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പിടിച്ച കണ്ണുകളുമായി നടക്കുന്നു. ആകെ ഒരു ശശ്മാനമൂകത!

പേരും റോള്‍നമ്പറും മാത്രം എഴുതിയ എന്‍റെ ഉത്തരക്കടലാസ്സു കഴിഞ്ഞ ഒരു മണിക്കൂറായി എന്നെ നന്നായി തുറിച്ചു നോക്കുന്നുണ്ട്. വല്ലോം നടക്കുമോ എന്ന ഭാവത്തില്‍.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സുഹൃത്തേ, ഒന്നും അറിയാന്‍ പാടില്ലാത്തോണ്ടാണു നിന്നെ ഞാന്‍ മഷി തൊടീഞ്ഞിക്കാത്തത്. ക്ഷമി മച്ചു.

ഇനി ഒരു മണിക്കൂര്‍ കൂടി.

എന്ത് ചെയ്യും?

ആസ്സന്നമായ തോല്‍വിയെക്കാള്‍, മേല്‍പ്പറഞ്ഞ ഒരു മണിക്കൂര്‍ എങ്ങനെ തള്ളിനീക്കും എന്ന സമകാലീനപ്രസക്തിയുള്ള പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് ഞാന്‍ ഇല്ലാത്ത ഈച്ചയെ അടിച്ചു. ആപേക്ഷിക സിദ്ധാന്തത്തിന്‍റെ മകുടോദാഹരണമാണ് പരീക്ഷഹാളുകളിലെ ക്ലോക്ക് എന്ന് ഞാന്‍ അന്ന് കണ്ടുപിടിച്ചു. ഉത്തരം അറിയാമായിരിക്കുമ്പോള്‍ ജെറ്റ് വേഗത്തിലും അല്ലാത്തപ്പോള്‍ ഒച്ചിന്‍റെ വേഗത്തിലും ആണ് സൂചികളുടെ സഞ്ചാരം.

അധികം വൈകാതെ വെര്‍ച്വല്‍ ഈച്ചയടി മടുത്തു പണ്ടാരം അടങ്ങിയപ്പോള്‍, റോള്‍നമ്പറില്‍ എനിക്കു രണ്ടു സ്ഥാനം മുന്പെയും, റാങ്കില്‍ എന്നേക്കാള്‍ ഒരെണ്ണം പിന്നിലും (അതിനു താഴെ റാങ്കുള്ള ആരും ഭാഗ്യവശാല്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല) ആയ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ഞാന്‍ പതുക്കെ എത്തി നോക്കി. അവസാനറാങ്കുകാരന്‍ എന്ന ചീത്തപ്പേരില്‍ നിന്നും എന്നെ എന്നും രക്ഷിച്ചിരുന്ന ആപല്‍ബാന്ധവന്‍ - അവനോടു എനിക്കു എന്നും നന്ദി ഉണ്ടായിരിക്കും.
പതിവില്‍ നിന്നും വിപരീതമായി അല്പം സീരിയസ് ആയി എഴുതുന്ന അവനെ കണ്ടപ്പോള്‍ തന്നെ എന്‍റെ നെഞ്ചു തകര്‍ന്നു. ഇത്തവണ അവന്‍ എന്നെ കൈവിടും എന്ന് എനിക്കറിയാം.

തെറ്റ് എന്‍റെതാണ്. എന്‍റെ മാത്രം.
ഞാന്‍ അത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു.

ഒരു മണിക്കൂര്‍ മുന്‍പ്.

ചതി.

പരീക്ഷക്ക്‌ തൊട്ടു മുന്‍പുള്ള അവസാനവട്ട വായനയുമായി എല്ലാവരും ഓടിനടക്കുന്നു. അന്തരീക്ഷത്തില്‍ അതികഠിനമായ ടെന്‍ഷന്‍. ചിലര്‍ വെള്ളം കുടിക്കുന്നു, ചിലര്‍ ചോക്ലേറ്റ് തിന്നുന്നു. ആകെ ബഹളം.
കുറച്ചുമാറി, ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയില്‍ രണ്ടു പേര്‍ വരാന്തയില്‍ ചിരിച്ചുതകര്‍ത്തുകൊണ്ട് നില്‍ക്കുന്നു. പരീക്ഷ ടെന്‍ഷനില്‍ ആയതിനാല്‍ ഒരു പെണ്ണും തിരിച്ചു ഒന്നും പറയില്ല എന്ന ഉറപ്പില്‍ വഴിയെ പോകുന്ന എല്ലാവരെയും കമ്മെന്റ് അടിച്ചു കളിയാക്കി ആര്‍ത്തുല്ലസ്സിച്ചു രണ്ടു പേര്‍ _ ആത്മാര്‍ത്ഥ സുഹൃത്തും ഞാനും.

നമ്മളെ കടന്നു പോയ മുന്നോക്ക റാങ്കുകാരില്‍ ചിലര്‍ക്കെങ്കിലും ഒരു പേടി തോന്നിയിട്ടുണ്ടാകാം _ ഈശ്വരാ, ഇവന്മാര്‍ ഇപ്പ്രാവശ്യം എല്ലാം പടിച്ചിട്ടാണോ എന്തോ വന്നേക്കണതു... കാത്തോളണേ...

അവരുടെ ആശങ്ക ആസ്ഥാനത്തല്ല!

ഇത്തവണ ഞങ്ങള്‍ പൊളിക്കും!

ഇത്രയ്ക്കു ആത്മവിശ്വാസ്സത്തോടെ ഇതിനു മുന്നേ ഒരു പരീക്ഷയും ഞാന്‍ എഴുതിയിട്ടില്ല. ഇങ്ങനെ ആത്മവിശ്വാസം കാണാതിരിക്കും.
തലേ ദിവസം കഷ്ടപ്പെട്ട് ഉറക്കം ഇളച്ചു, ഒന്നും രണ്ടും അല്ല, പന്ത്രണ്ടു എസ്സെകളാണ് വെള്ളപേപ്പറില്‍ എഴുതി ഞാന്‍ കൊണ്ട് വന്നിരിക്കുന്നത്!
അത് വെറുതെ നമ്പറും ഇട്ടു അങ്ങ് തിരുകി കയറ്റിയാല്‍ മതി – ഉത്തരക്കടലാസ്സിന്‍റെ കൂടെ. കുറഞ്ഞത്‌ ഒരു എഴുപതു മാര്‍ക്കെങ്കിലും ഉറപ്പു. പിന്നെങ്ങനെ ആത്മവിശ്വാസം കാണാതിരിക്കും???
എന്‍റെ ഉജ്ജ്വലമായ പ്രിപ്പറേഷന്‍ കണ്ടു പേടിച്ച ആത്മാര്‍ത്ഥ സുഹൃത്തിനു, ഉള്ളതില്‍ എട്ടു എസ്സെകള്‍ സ്നേഹത്തിന്‍റെ പുറത്തു ഞാന്‍ കൊടുക്കുകയും, അവന്‍റെ ആവശ്യം കഴിഞ്ഞാല്‍ പതുക്കെ ആരും കാണാതെ കൈമാറിയാല്‍ മതി എന്ന് കരാര്‍ ഒപ്പിടുകയും ചെയ്തു.
എത്ര മനോഹരമായ പ്ലാന്‍!

അങ്ങനെ കഷ്ട്ടപ്പെട്ടു ഓടിനടന്നു പഠിക്കുന്നവരെ കളിയാക്കിക്കൊണ്ട്‌ വെടിപറഞ്ഞു ഞങ്ങള്‍ നില്‍ക്കെ ബെല്‍ അടിക്കുന്നു.

ആത്മാര്‍ത്ഥസുഹൃത്ത്‌ ആദ്യം തന്നെ രണ്ടോ മൂന്നോ ഒഴിഞ്ഞ കടലാസ്സുകളും, അതിനുള്ളില്‍ എട്ടു നിറഞ്ഞ കടലാസ്സുകളുമായി അന്തസ്സായി ഹാളില്‍ കയറിക്കൂടി.    

ധീരനായ ഞാന്‍ അവസാന നിമിഷം മുന്‍പരിചയത്തിന്‍റെ അഭാവം നിമിത്തമുണ്ടായ അകാരണമായ ഭയത്തിനു കീഴ്പ്പെട്ടു, എഴുതിക്കൊണ്ട് വന്ന കടലാസ്സുകള്‍ അങ്ങനെ തന്നെ ബാഗില്‍ വെക്കുകയും, ഒഴിഞ്ഞ കടലാസ്സുകളുമായി ക്ലാസ്സില്‍ കയറുകയും ചെയ്തു.

അങ്ങനെയാണു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ ആപേക്ഷികസിദ്ധാന്തവിശകലനാവസ്ഥയില്‍ ഞാന്‍ എത്തിപ്പെട്ടത്.

ഒറ്റ്.

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഇടയ്ക്കിടെ ‘ശൂ’ ‘ശൂ’ എന്ന് വിളിച്ചു ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന എന്നെ സുന്ദരമായി ഒഴിവാക്കി ആത്മാര്‍ത്ഥ സുഹൃത്ത്‌ തകര്‍ത്തു എഴുതുകയാണ്. ലാസ്റ്റ് റാങ്ക് എന്നാ പൊന്‍തൂവല്‍ ഒരു ഡെമോക്ലസ്സിന്‍റെ വാള് പോലെ എന്‍റെ തലയ്ക്കു മീതെ ആടാന്‍ തുടങ്ങി. ചോദ്യപേപ്പറില്‍ പിക്കാസോ ചിത്രങ്ങള്‍ വരച്ചു ഞാന്‍ സമയം തള്ളിനീക്കാന്‍ ശ്രമം തുടങ്ങി.

യുഗങ്ങള്‍ ഒരുപാടു കടന്നുപോയി.

ഒരു ചെറിയ കശപിശ ശബ്ദം കേട്ടാണ് പിന്നെ ഞാന്‍ തല പൊക്കുന്നത്.

“എന്താടോ, തന്‍റെ കയ്യില്‍ ഒരു കെട്ടു പേപ്പര്‍ ഉണ്ടല്ലോ! നോവല്‍ വല്ലോം എഴുതാന്‍ ഉദ്ദേശം ഉണ്ടോ?”, ക്ലാസ്സ്‌ ടീച്ചര്‍ ആത്മാര്‍ത്ഥസുഹൃത്തിനോട്‌ ചോദിച്ചു.

കുടുങ്ങി മോനെ കുടുങ്ങി.

പ്രതീക്ഷിച്ചപോലെ നല്ല ഒന്നാന്തരം മൗനം ആയിരുന്നു ഉത്തരം.

“നോക്കട്ടെ എന്താ ഇത്രേം എഴുതിയേക്കുന്നെ എന്നു?”, വീണ്ടും ടീച്ചര്‍.
വീണ്ടും മൗനം.

“ഇങ്ങോട്ടെടുക്കെടാ പേപ്പര്‍!!!”, അതൊരലര്‍ച്ചയായിരുന്നു.

അറിയാതെ സീറ്റില്‍ നിന്നും എഴുന്നേറ്റുപോയ ആത്മാര്‍ത്ഥസുഹൃത്ത്, ഓരോ പേപ്പര്‍ ആയി ടീച്ചറിന്‍റെ കയ്യില്‍ എണ്ണി കൊടുത്തു.

ഒന്നു...രണ്ടു...മൂന്നു.........എട്ടു....

ഒരു രണ്ടു മിനിറ്റതേയ്ക്കു ടീച്ചറിനു ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. പാവം മനസ്സില്‍ വിചാരിചിട്ടുണ്ടാകും – തുണ്ട് വെക്കുന്നതിനു ഒരു പരിധി ഒക്കെ ഇല്ലേ!!!

ഒടുവില്‍ സമനില വീണ്ടെടുത്ത ടീച്ചര്‍ മാന്യസുഹൃത്തിനോട്‌, ഇനി എഴുതി ബുദ്ധിമുട്ടണ്ടാന്നും, നേരെ പ്രിന്‍സിപ്പാളിന്‍റെ റൂമിലേക്ക്‌ ചലിക്കാം എന്നും പറഞ്ഞു.

പെട്ടന്നു.

“ടീച്ചര്‍! ഇതെന്‍റെ ഹാന്‍ഡ്‌ റൈറ്റിംഗ് അല്ല!!!”

“പിന്നെ?”, ചോദ്യം.

“ഇതു അവന്‍ എഴുതിയതാ!!!”, ചൂണ്ടുവിരല്‍ എന്‍റെ നേരെ നീണ്ടു.

“അവന്‍റെ കയ്യിലും ഉണ്ട്!!!”, ലെവന്‍ ഒറ്റി.

കുറെ ജോഡി കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി.

“ഓഹോ! അപ്പോള്‍ കൂട്ടമായിട്ടു ഇറങ്ങിയിരിക്കുവാണല്ലേ? തന്‍റെ പേപ്പര്‍ കാണിച്ചേ.”, ടീച്ചര്‍ കലിതുള്ളി.

ഒരു പുതിയ ഇരയെ കിട്ടിയ നിര്‍വൃതിയോടെ എന്റെ കയ്യിലെ പേപ്പര്‍ ടീച്ചര്‍ പിടിച്ചു വാങ്ങുമ്പോള്‍, ഒളികണ്ണിട്ടു എന്നെനോക്കി പാവം ആത്മാര്‍ത്ഥ സുഹൃത്ത്‌ ഒന്നു ചിരിച്ചു. ഒരു സോറി അളിയാ ചിരി! ഒറ്റയ്ക്ക് പെട്ടുപോയവന്‍റെ വേദന കലര്‍ന്ന ചിരി.
അതിനിടെ എന്‍റെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിയ പേപ്പര്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കിയ ടീച്ചര്‍ ബോധം കെട്ടില്ല എന്നേ ഉള്ളു!!!
ഇത്രയും വൃത്തിയുള്ള, ഒരക്ഷരം പോലും എഴുതാത്ത ഉത്തരക്കടലാസ്സുകള്‍ തന്‍റെ അധ്യാപനജീവിതതില്‍ ആദ്യമായി കണ്ടതിന്‍റെ ഷോക്ക്‌ ആകാം ടീച്ചര്‍ക്കു. എന്നിട്ടും വിശ്വാസം വരാത്തത് കൊണ്ട്, ഞാന്‍ ഇരുന്ന സീറ്റും പരിസരപ്രദേശങ്ങളും, പോക്കെറ്റും വിശദമായി പരിശോധിച്ച ശേഷം നിരാശയോടെ എന്നോട് ചോദിച്ചു,

“ഇതു നിന്‍റെ ഹാന്‍ഡ്‌ റൈറ്റിംഗ് അല്ലെ? നീ അല്ലേ ഇതൊക്കെ എഴുതിക്കൊണ്ട് വന്നതു?”

നിഷ്കളങ്കനായ ഞാന്‍ ആ പേപ്പറുകള്‍ പഠിക്കുവാന്‍ വേണ്ടി എഴുതിയതാണെന്നും, ഞാന്‍ കോപ്പി അടിച്ചിട്ടില്ല എന്നും ഉറപ്പിച്ചു കേണു.

“അപ്പോള്‍ ബാക്കി നാലു പേപ്പര്‍?”, പാവം ആത്മാര്‍ത്ഥസുഹൃത്ത്‌ അറിയാതെ ചോദിച്ചു പോയി.

ഒരു സോറി അളിയാ ചിരി ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, 

“അതെന്‍റെ ബാഗിലുണ്ട്!!!”

സാഹചര്യത്തെളിവുകളുടെ അഭാവത്തിനാലും, പ്രഥമദൃഷ്ട്യാല്‍ കുറ്റങ്ങള്‍ ഒന്നും ചെയ്തിട്ടില്ലാത്തതിനാലും എന്നെ നിരുപാധികം ബാക്കി പരീക്ഷ എഴുതുവാന്‍ (സോറി, ബാക്കി സമയം കളയുവാന്‍) വെറുതെ വിട്ടു. എന്നാല്‍ സര്‍വ്വതെളിവുകളുമായി പിടിക്കപ്പെട്ട പാവം സുഹൃത്തിനെ തുടര്‍ന്നുള്ള പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയും, പിതാവിനെ വിളിച്ചുകൊണ്ടു വന്നതിനു ശേഷം മാത്രം ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി മുതലായ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കുകയും  ചെയ്തു.

പിന്നീടു വളരെക്കാലം ഈ കഥ ക്ലാസ്സ്‌മുറികളിലെ അവസാന ബെഞ്ചുകളില്‍ പഠനവിഷയമാവുകയും, യഥാര്‍ത്ഥത്തില്‍ ചതിച്ചവനെ ഒറ്റിയതാണോ, അതോ ഒറ്റിയവനെ ചതിച്ചതാണോ എന്നതിനെകുറിച്ച് ഘോരമായ വാഗ്വാദങ്ങള്‍ നടക്കുകയും, ഒടുവില്‍ “ചതിച്ച ഒറ്റ്” എന്ന് ഈ എപിടോസ്സിനു നാമകരണം ചെയ്തതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്!!!

പിന്‍കുറിപ്പ് : മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍, തന്നെ ചതിച്ച എന്നോട് ആത്മാര്‍ത്ഥസുഹൃത്തും, എന്നെ ഒറ്റിയ സുഹൃത്തിനോട്‌ ഞാനും രണ്ടാഴ്ചത്തേക്ക് മിണ്ടുകയുണ്ടായില്ല. പിന്നീടു പൊതുവായ ചില ‘സാമൂഹ്യപ്രശ്നങ്ങളെ’ (വായുന്നോട്ടം, കമന്റ്‌ അടി, തല്ലുകൂടല്‍ മുതലായവ) ഒറ്റക്കെട്ടായി നേരിടേണ്ട ആവശ്യം വന്നപ്പോള്‍, ഞങ്ങള്‍ വീണ്ടും കൈകോര്‍ക്കുകയും, പഴയപോലെ തരികിടയുമായി ഇറങ്ങി എന്നത് ചരിത്രത്തില്‍ ഇല്ലാത്ത കാര്യം ഒന്നും അല്ല.             


7 അഭിപ്രായങ്ങൾ:

  1. ഇത് ഒരു ന്യൂ ജെനരേഷന്‍ കഥയാണല്ലോ. ഒന്നും എഴുതാതെ വിശുദ്ധനായി പ്രഖ്യാപിച്ചു

    മറുപടിഇല്ലാതാക്കൂ
  2. Ee ezhuthu orikkalum thalaraathe irikkatte....

    മറുപടിഇല്ലാതാക്കൂ