ഞായറാഴ്‌ച, ഓഗസ്റ്റ് 12, 2012

ഈ ചിതയെരിയുമ്പോള്‍...!!!



നിന്‍റെ ചിതയില്‍ ഇന്നെരിഞ്ഞു ചാരമാകുന്നത് ഞാനാണ്‌..
എന്‍റെ ഇന്ന് വരെയുള്ള ജീവിതം. എന്നെ വളര്‍ത്തിയ, ഞാന്‍ വിശ്വസിക്കുന്നതെല്ലാമാണ്. ആരുടെയൊക്കെയോ സ്വപ്നങ്ങളും കണ്ണുനീരുമാണ്. നമ്മുടെ സൗഹൃദമാണ്.

കൂട്ടുകാരാ, നീ എന്നോട് ക്ഷമിക്കും എന്നെനിക്കറിയാം.
അത് തന്നെയാണ് എന്നെ ഭയപ്പെടുത്തുന്നതും, വിഷമിപ്പിക്കുന്നതും.

നിനക്ക് പേടിയായിരുന്നു ഞങ്ങളെ. ഞങ്ങളുടെ വിശ്വാസങ്ങളെ. വലിയ വലിയ ലക്ഷ്യങ്ങള്‍ മറയാക്കി ഞങ്ങള്‍ നടത്തിയിരുന്ന അക്രമങ്ങളെ നീ വെറുത്തു. ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ നിന്നെ സ്വാധീനിച്ചില്ല. നിന്നില്‍ മാത്രം ഒതുങ്ങി കഴിയുവാന്‍ നീ ഇഷ്ടപ്പെട്ടിരുന്നു. നിന്‍റെ ഏകാന്തതയും ചെറിയ ചെറിയ പ്രശ്നങ്ങളും നീ സന്തോഷവാനായിരുന്നു.

ലോകത്തെ നന്നാക്കുവാന്‍ ഇറങ്ങിതിരിച്ചിരുന്ന ഞങ്ങള്‍ക്ക് പക്ഷെ നീ വെറും ഒരു ഭീരു ആയിരുന്നു. സമൂഹത്തോടു യാതൊരു കടപ്പാടും ഇല്ലാത്ത ഒരു ആന്‍റി സോഷ്യല്‍ ആയി നിന്നെ ഞങ്ങള്‍ മുദ്രകുത്തി. അവഹേളിച്ചു. പക്ഷെ ഒരിക്കലും നീ എന്നോട് തര്‍ക്കിക്കുവാന്‍  വന്നിട്ടില്ല. എന്‍റെ കുത്തുവാക്കുകള്‍ ഒരു പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു നീ എന്നെ എന്നും തോല്‍പ്പിച്ചിരുന്നു.

അന്നും ഞാന്‍ നിന്‍റെ മുന്നില്‍ തോറ്റു.

പക്ഷെ കൂട്ടുകാരാ, ഞാന്‍ അറിഞ്ഞിരുന്നില്ല, എന്നെന്നേയ്ക്കുമായി എന്നെ തോല്പ്പിച്ചിട്ടാണ് അന്ന് നീ പോയതെന്ന്.

നിനക്കൊര്‍മയുണ്ടോ?

അന്നും നമ്മള്‍ പതിവുപോലെ ആ മലഞ്ചെരുവില്‍ കണ്ടുമുട്ടി. എത്രയോ തവണ കാറ്റിന്‍റെ ആ താഴ്വരയില്‍ നമ്മള്‍ അങ്ങനെ കണ്ടുമുട്ടിയിരിക്കുന്നു. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നു.

എന്നത്തേയും പോലെ അന്നും നിനക്ക് അവളെ കുറിച്ചായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്. നിങ്ങളുടെ ചെറിയ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥകള്‍ ഒരു കൊച്ചു കുഞ്ഞിന്‍റ കൗതുകത്തോടെ എത്രയോ വട്ടം ഞാന്‍ കേട്ടിരുന്നിട്ടുണ്ട്.

പതിവിലധികം നീണ്ടുപോയ നിങ്ങളുടെ ഒരു കലഹത്തെക്കുറിച്ചായിരുന്നു അന്ന് നീ എന്നോട് പറഞ്ഞത്. ഏതായാലും അന്ന് തന്നെ അവളോട്‌ സംസാരിക്കണമെന്നും പിണക്കങ്ങള്‍ ഒക്കെ പറഞ്ഞുതീര്‍ക്കണം എന്നും തിളങ്ങുന്ന കണ്ണുകളോടെ നീ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.,

എന്തോ, അന്ന് നിങ്ങളുടെ പ്രണയത്തെയും കലഹങ്ങളെയും പൈങ്കിളി എന്ന് വിളിച്ചു കളിയാക്കാന്‍ എനിക്ക് തോന്നിയില്ല. നിന്‍റെ പ്രണയത്തെ തിരിച്ചറിയുവാനും അങ്ങീകരിക്കുവാനും കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എങ്ങനെ ഈ ലോകത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും?


ഒടുവില്‍ പിരിയാന്‍ നേരത്ത് നീ എന്നെ ഉപദേശിച്ചതു ഓര്‍മ്മയുണ്ടോ?

രാഷ്ട്രീയത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും പേരില്‍ ജീവിതം കളയരുത് എന്ന് പറഞ്ഞത്? ഒരിക്കല്‍ ചെന്ന് വീണാല്‍ പിന്നെ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ള ഒരു ചെളിക്കുണ്ടാണ് രാഷ്ട്രീയം എന്ന് പറഞ്ഞത്? സംശുദ്ധിയില്ലാത്ത നേതാക്കളാണ് നമ്മുടെ നാടിന്‍റെ ശാപം എന്നു നീ പറഞ്ഞപ്പോള്‍, പ്രസ്ഥാനത്തിന്‍റെ മറവില്‍ ഞങ്ങള്‍ നടത്തിയിരുന്ന അക്രമങ്ങളെ നീ വിമര്‍ശിച്ചപ്പോള്‍, ഞാന്‍ നിന്നെ ഭീരു എന്ന് വിളിച്ചു. മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ചിലപ്പോള്‍ ചെറിയ ചെറിയ ബലികള്‍ ഒക്കെ നല്‍കേണ്ടിവരും എന്ന് ഞാന്‍ തര്‍ക്കിച്ചു. ഒരു ചിരിയില്‍ നിന്‍റെ പ്രതിഷേധം ഒതുക്കി നീ നടന്നു.


ഏതു ശപിക്കപെട്ട നിമിഷത്തിലാണ് നടന്നു തുടങ്ങിയ നിന്നെ എനിക്ക് തിരിച്ചു വിളിക്കാന്‍ തോന്നിയത്?

അവളുടെ വീടിനടുത്ത് തന്നേയുള്ള പാര്‍ട്ടി ഓഫീസില്‍ ചെന്ന് വൈകുന്നേരത്തെ സമ്മേളനത്തിന് എനിക്ക് എത്തുവാന്‍ കഴിയില്ല എന്ന് അറിയിക്കുവാന്‍ നിന്നോട് പറയുവാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ ഇന്ന് വെറുക്കുന്നു.



ഒരു സിഗരെറ്റിന്‍റെ പുകയുടെ മറയിലൂടെ നീ കടന്നു പോകുന്നത് നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല, അന്നവസാനമായിട്ടായിരുന്നു ഞാന്‍ നിന്നെ കണ്ടതെന്ന്.

പാര്‍ട്ടി ഓഫീസില്‍ ചെന്ന് വിവരം പറഞ്ഞു പുറത്തിറങ്ങി അവളുടെ വീട്ടിലേക്കു നടക്കുമ്പോള്‍ നീയും അറിഞ്ഞിട്ടുണ്ടാവില്ല, ഇനി ഒരിക്കലും അവളെ കാണുവാന്‍ നിനക്കാകില്ല എന്ന്. ഇനി ഒരിക്കലും അവളോട്‌ പിണങ്ങുവാന്‍ കഴിയില്ല എന്ന്.

ഇരുട്ടില്‍, എനിക്ക് പകരം നീ വെട്ടേറ്റു വീണപ്പോള്‍, എന്‍റെ തെറ്റുകളുടെ ശിക്ഷ സ്വയം ഏറ്റുവാങ്ങുകയായിരുന്നില്ലേ നീ? നിന്‍റെ കൈകള്‍ വിറച്ചിരുന്നുവോ?

ചോരയില്‍ മുങ്ങിക്കുളിച്ചിരുന്ന നിന്‍റെ മുഖം ഒരിക്കല്‍ മാത്രം നോക്കി ഞാന്‍ നടന്നു. കണ്ടിരുന്നു ഞാന്‍ അവളെ ഒന്നും സംസാരിച്ചില്ല. പിണക്കം തീര്‍ക്കാന്‍ എന്നെങ്കിലും നീ ഇതും എന്നൊരു പ്രത്യാശ അവളുടെ മുഖത്ത് ഞാന്‍ കണ്ടിരുന്നു. അധിക നേരം അവളടുത്തു നില്‍ക്കാന്‍ എനിക്ക് തോന്നിയില്ല, കുറ്റബോധം കൊണ്ടാകാം.

എനിക്കറിയാം, ഒരിക്കല്‍ ഉന്നം പിഴച്ചവര്‍ വീണ്ടും എന്നെ തേടിയെത്തുമെന്നു. ഒരിക്കല്‍ എനിക്കായി ഓങ്ങിയ വാളുകള്‍ വീണ്ടും ഒരവസരത്തിനായി കാത്തിരിക്കുകയാണെന്ന്.


പക്ഷെ കൂട്ടുകാരാ, ഇപ്പോള്‍ എനിക്ക് ഭയമില്ല.

ഒരു പ്രസ്ഥാനത്തിന്‍റെയും കൊടിയുടെയും തണലില്‍ ഒളിച്ചിരിക്കുവാന്‍ ഞാന്‍ തയ്യാറല്ല. എന്‍റെ മരണം ഒരു രക്തസാക്ഷി ആയിട്ടാവരുതെന്ന് എനിക്ക് നിര്ബന്ധം ഉണ്ട്. എനിക്കും നിന്നെ പോലെ ഒരു സാധാരണ മനുഷ്യന്‍ ആയി മരിച്ചാല്‍ മതി. എന്‍റെ മരണത്തെ ചുവപ്പണിയിക്കുന്നത് എനിക്ക് പകരം ചിന്തിയ നിന്‍റെ ചോരയാലാകണം. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെയും ആശയങ്ങളുടെയും പോര്‍വിളികളില്‍ എന്‍റെ അച്ഛനമ്മമാരുടെ വിലാപങ്ങള്‍ മുങ്ങി പോകരുത്.

നിന്‍റെ ചിതയില്‍ ഇന്നു ഞാന്‍ വലിച്ചെറിഞ്ഞ ഈ കൊടികള്‍ -
എന്‍റെ വിശ്വാസങ്ങള്‍; ഇതുവരെയുളള എന്‍റെ ജീവിതം!

ഈ ചിതയില്‍ നിന്നാകട്ടെ എന്‍റെ ജനനം!  

       

4 അഭിപ്രായങ്ങൾ: