ബുധനാഴ്‌ച, ജൂൺ 15, 2011

ചിതാഭസ്മം

ഒരാള്‍ ഇത് വഴി നടന്നു പോകുന്നു.
കാലത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ ചുമലില്‍ ഇന്ന് തളര്‍ത്തുന്ന ഭാരം _ സ്വന്തം ചിതാഭസ്മം.

ഗംഗയില്‍ നിമജ്ജനം ചെയ്യണമെന്നു ചിലര്‍ പറഞ്ഞു...
സ്മാരകം പണിതവിടെ  വെയ്ക്കണമെന്നു വേറെ ചിലര്‍...
മകനും മരുമകനും പത്നിയും ദഹിച്ച ശരീരത്തിനായി വഴക്കിടുന്നു..
പത്രങ്ങളില്‍ നിറഞ്ഞു നില്ക്കുന്നൂ..

ഇവിടെ ആരാണ് പിന്നിലേയ്ക്ക് ഏറിയപ്പെട്ടത്?
തീര്‍ച്ചയായും അദ്ദേഹം അല്ല...
നമ്മള്‍...നമ്മള്‍ മാത്രം...

ഭാരം വേദന ആയി...
ചുമലുകള്‍ ഒടിഞ്ഞു തൂങ്ങുന്നു...
യാത്രക്കവസാനമില്ല എന്ന് അദ്ദേഹത്തിന് തോന്നി. പ്രകൃതിയുടെയും കാലത്തിന്‍റെയും ഭാരങ്ങള്‍ ഏറ്റ് വാങ്ങിയിരുന്ന അദേഹത്തെ, ഇന്നിതാ ഒരു പിടി ചാരം തളര്‍ത്തുന്നു.
അദ്ദേഹം കണ്ണുകള്‍ അടച്ചു...

ആകാശത്തിലൂടെ  ഒരാല്‍മരം പറന്നു വന്നൂ. അതിന്‍റെ ശിഖരങ്ങളില്‍ രവിയും, കുഞ്ഞുണ്ണിയും, 
സുകന്യയും, അപ്പുക്കിളിയും എല്ലാവരും ഉണ്ടായിരുന്നു. ജന്മാന്തരങ്ങളുടെ വേദന അറിഞ്ഞ 
അപ്പുക്കിളി ആ ചിതാഭസ്മം ഏറ്റുവാങ്ങി; മോക്ഷം നല്‍കി.

പ്രണമിച്ചു യാത്ര പറഞ്ഞു.

ആല്‍മരം ചിറകുകള്‍ വിടര്‍ത്തി ആകാശത്തിലേക്ക് ഉയര്‍ന്നു. കരിമ്പനക്കാടുകളെയും ചെതലിമലയെയും തഴുകിയെത്തിയ കാറ്റില്‍ ആ ചിതാഭസ്മം ഒഴുക്കി. അതിന്‍റെ ഓരോ തരികളും വലിയ നീലനേത്രങ്ങള്‍ ഉള്ള, ചില്ല് ചിറകുകള്‍ ഉള്ള തുമ്പികളായി.
അവ ആകാശത്തില്‍ പറന്നു കളിച്ചു. താഴെ ഒരായിരം അപ്പുക്കിളികള്‍ ഇഴകോര്‍ത്ത നുലുകളുമായി അവ താഴേക്കിറങ്ങി വരുന്നതും കാത്തു നിന്നൂ..

വിലപേശലുകള്‍ അപ്പോഴും തുടര്‍ന്ന്കൊണ്ടിരുന്നു...
പത്രത്താളുകളില്‍ പ്രസ്താവനകളും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ