നമ്മള്‍ വളരെ ധൈര്യശാലിയും അതിസാഹസികനും ജീവനില്‍ കൊതിയില്ലാതവനും ആയിരുന്നല്ലോ. അത് കൊണ്ട് തന്നെ എന്ത് ചെയ്യാനും ഒരു മടിയും ഇല്ലായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ആനയെ ഓടിക്കുന്നത്.
പതിവ് പോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി നമ്മള്‍ യാത്ര പുറപ്പെട്ടു. വയനാടന്‍ മലനിരകളിലെ ഘോരവനങ്ങളിലെക്കാനു ഇത്തവണത്തെ യാത്ര - പക്ഷിപ്പാതാളം.
തിരുനെല്ലി ക്ഷേത്രത്തിന്‍റെ മുന്നില്‍ വെച്ച് ദൈവങ്ങളെ സാക്ഷിയാക്കി മൂന്നു ഫുള്ളും അതിലേറെ ബിയരുകളും, പിന്നെ "touchings" വെള്ളം ആഹാരം മുതലായവയും കിഴികെട്ടി നമ്മള്‍ നടന്നു തുടങ്ങി. ഏതാണ്ട് ഒരു 7-8 കിലോമീറ്റര്‍ നടക്കാനുണ്ടെന്നു ഗൈഡ് അറിയിച്ചു, എല്ലാം അറിയുന്നവനാണ് ഗൈഡ് - അവന്‍ പറയുന്നത് വിശ്വസിക്കുക. ചെയ്യുക.
ഒരു മുക്കാല്‍ കിലോമീറ്റര്‍ നടന്നു കാണും - ആരോഗ്യവാനായ നമ്മുടെ പരിപ്പ് ഇളകി. ഭാഗ്യം - ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ നിലയും എന്നോളം അല്ലെങ്കില്‍ ഒരല്പം കൂടി മോശം ആയിരുന്നു. മുന്നില്‍ കിലോമീറ്റര്‍ കണക്കിന് നീണ്ടു കിടക്കുന്ന ഘോരവനം. ചുമലില്‍ ലിറ്റര്‍ കണക്കിന് മദ്യം - പ്രതിസന്ധി ഘട്ടം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ നമ്മള്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു സുന്ദരമായി പിന്നോട്ട് പോവുകയാണ് പതിവ്. പക്ഷെ വിധി ഇത്തവണ അതിനനുവദിച്ചില്ല. അതാ വരുന്നു ഒരു സായിപ്പും മദാമ്മയും!!!
"Elephant!!! Elephant!!! RUNN!!!"
മദാമ്മയുടെ കിളിനാദത്തില്‍ നിന്നും ഇത്രയും മാത്രമേ decode ചെയ്യാന്‍ എനിക്ക് കഴിഞ്ഞുള്ളൂ. നല്ല പ്രായത്തില്‍ phonetics പഠിക്കണമായിരുന്നു.
പക്ഷെ സര്‍വജ്ഞനായ ഗൈഡിനു എല്ലാം മനസ്സില്‍ ആയിരുന്നു. മുകളില്‍ ആന ഇറങ്ങിയിട്ടുണ്ടെന്നും അങ്ങോട്ട് പോകുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നും പറഞ്ഞു അദ്ദേഹം തിരിച്ചു നടന്നു തുടങ്ങി.
എല്ലാം അവിടെ തീര്‍ന്നേനെ - പക്ഷെ അപ്പോളാണ് നമ്മുടെ ഉള്ളിലെ സിംഹം ഗര്‍ജ്ജിച്ചത് - ആന..പുല്ലു...പോകാന്‍ പറ...നമ്മള്‍ മുന്നോട്ട് പോകും...പോയിരിക്കും...
ഒരു കീര്‍ത്തിചക്ര മനസ്സില്‍ കണ്ടുകൊണ്ടു നമ്മള്‍ നാല് പേരും, പിന്നെ ചാകാനാണു അവന്റെ ഒക്കെ വിധിയെങ്കില്‍ ചാകട്ടെ എന്ന് മനസ്സില്‍ കരുതി ഗൈഡും മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. ഓരോ വളവിലും ആന ഇല്ല എന്ന് ഉറപ്പു വരുത്തി മുന്നോട്ടു പോകുന്ന ഗൈടിനോടു, "തമ്പി...ഇത് ഉനക്കെ കൊഞ്ചം ഓവറാ തോന്നലെയാ" എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു. എന്തോ, ചോദിച്ചില്ല.
അങ്ങനെ കുറെ വളവും തിരിവും കഴിഞ്ഞപ്പോള്‍ ആനയെ നമ്മള്‍ മറന്നു. പതുക്കെ ഒന്ന് നിന്ന് അടി തുടങ്ങിയാലോ എന്നാ ചോദ്യം നാല് പേരുടെയും മുഖത്ത് ഉണ്ടായിരുന്നു. ആന...ചേന...കോപ്പ്.
പെട്ടന്ന് ഗൈഡ് ഒന്ന് നിന്നു - മണം പിടിക്കുന്നത് പോലെ ഒക്കെ ഒന്ന് കാണിച്ചു. എന്നിട്ട് പതിയെ പറഞ്ഞു' "ആന!!!".
മുന്നില്‍ ഒരു മരം വീണു കിടക്കുന്നു - അതിന്റെ അപ്പുറത്ത് അതാ നാല് കാലും തുമ്പിക്കയ്യും കുടവയറും ഒക്കെ ഉള്ള സാക്ഷാല്‍ ഒരാന!!!
പിന്നീടു നാല് പൂച്ചകള്‍ ഗര്‍ജ്ജിക്കുന്നതും ആന ഓടുന്നതും, നമ്മള്‍ ആനയ്ക്ക് മുന്നില്‍ ഓടുന്നതും എവിടൊക്കെയോ ഉരുണ്ടു വീണപ്പോള്‍ ഗൈഡ് പിടിച്ചു എഴുന്നെല്പ്പിച്ചതും മാത്രം ഓര്‍മ്മ ഉണ്ട്. ഒടുവില്‍ ഓടിത്തളര്‍ന്നപ്പോള്‍ ആന അതിന്‍റെ വഴിയെ പോയി. നമ്മള്‍ സിംഹങ്ങള്‍ പരസ്പരം ജീവന്‍ ഉണ്ട് എന്ന് കണ്ടും ഒറ്റ "piece"ഇല് ആണ് എന്ന് കണ്ടും ശ്വാസം വിട്ടു.
പെട്ടന്നാണ് ഒരു അലര്‍ച്ച...
"അളിയോ!!! ചതിച്ചു!!!"
"എന്ത് പറ്റിയെടെ?"
"കുപ്പി!!!"
നാല് പേരും ബാഗിന്‍റെ മുകളില്‍ ചാടി വീഴുകയും, ഒരൊറ്റ കുപ്പി പോലും പൊട്ടിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം മാത്രമാണ് മല ഇറങ്ങിയത്!!!
PS : ഇപ്പോഴും നമ്മള്‍ ആ ആനയെ അല്ലെങ്കില്‍ ആ ആന നമ്മളെ എന്തിനാണ് ഓടിച്ചത് എന്ന് ആര്‍ക്കും അറിയില്ല. നമ്മുടെ ചുമലിലെ മദ്യം ലക്‌ഷ്യം ഇട്ടായിരുന്നു എന്ന് കുബുദ്ധികള്‍ പറഞ്ഞു നടക്കുന്നുണ്ട്....
ആദ്യമായാണ് ഞാന്‍ ഒരു ബ്ലോഗില്‍ കഥാപാത്രമാവുന്നത്.....!1
മറുപടിഇല്ലാതാക്കൂരസമുള്ള കാര്യമാണു... ഓര്‍പ്പിച്ചതിനു നന്ദി! :)