ഞായറാഴ്‌ച, ഡിസംബർ 08, 2013

രക്തബന്ധം.


റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്‍റെ മുന്നില്‍ വെച്ചാണ്‌ ഞാന്‍ ആദ്യമായി അജിത്തേട്ടനെ കാണുന്നത്. ഏതാണ്ട് മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍. ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച കറുത്ത കണ്ണുകള്‍. വെളുക്കേയുള്ള ചിരിയില്‍ ഒരു ജന്മത്തിന്‍റെ വേദന ഒളിച്ചിരിക്കുന്നതായി തോന്നും. ഒടുവില്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍, അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരുന്നു എന്ന് എനിക്കറിയാമായിരുന്നു. അല്ല, ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്നു.  അതായിരുന്നു പതിവ്.

ഏതാനും മിനിറ്റുകള്‍ മാത്രം ആയുസ്സുള്ള രക്തബന്ധങ്ങള്‍.

കഴിഞ്ഞ ഒരു മാസമായി അജിത്തേട്ടന്‍ ക്യാന്‍സര്‍ സെന്‍റെറില്‍ ഉണ്ട്. അഞ്ചു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ ഏക മകളെ അര്‍ബുദം കാര്‍ന്നുതിന്നാന്‍ തുടങ്ങിയത് വളരെ വൈകിയാണ് അറിയുന്നത്. 

അവസ്സാനത്തെ സ്റ്റേജ്.

ഇനി പ്രതീക്ഷകളില്ല. അത്ഭുതങ്ങള്‍ക്ക് അവളെ രക്ഷിക്കാന്‍ ആവില്ല.

വ്യഭിചരിക്കുന്ന കോശങ്ങള്‍ പെറ്റുപെരുകി ആ ശരീരത്തെ ജീര്‍ണിപ്പിച്ചു കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളുന്ന കിരണങ്ങളേറ്റു വാടിത്തളര്‍ന്നുപോയ അവളുടെ പിഞ്ചു ശരീരത്തിന് ദിവസ്സവും മൂന്നും നാലും യുണിറ്റ് രക്തം വേണമായിരുന്നു – അവളുടെ വേദനകള്‍ ഏതാനും ദിവസങ്ങള്‍ കൂടി നീട്ടിക്കിട്ടാന്‍.

പലവഴി ഡോണര്സ്സിനെ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിനിടയില്‍ ആണ് ഫ്രണ്ട്‌സ്‌ ടു സപ്പോര്‍ട്ട് എന്ന വെബ്സൈറ്റില്‍ നിന്നും എന്‍റെ ഫോണ്‍ നമ്പര്‍ അജിത്തേട്ടനു കിട്ടുന്നത്. അന്നാണു ഞാന്‍ ആദ്യമായി അജിത്തേട്ടനോട് സംസാരിക്കുന്നത്. അടുത്ത ദിവസ്സം രാവിലെ എത്താം എന്ന് ഞാന്‍ വാക്ക് കൊടുക്കുന്നു.

മാരകമായ ഒരു രോഗം ആണ് ക്യാന്‍സര്‍ എന്ന് എനിക്കറിയാം. പക്ഷെ ഒരു രോഗിയുടെയോ, അവരുടെ ബന്ധുക്കളുടെയോ അവസ്ഥ എന്തെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്‍റെ ആവശ്യം ഇല്ലായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടു മറവിയില്‍ മറഞ്ഞുപോകുന്നവര്‍. അതുകൊണ്ട് തന്നെ, തികച്ചും പരിചിതമായ, രോഗികള്‍ തിങ്ങിനിറഞ്ഞു ഊഴം കാത്തുനില്‍ക്കുന്ന കോറിഡോറിലൂടെ അജിത്തേട്ടന്‍റെ ഒപ്പം ബ്ലഡ്‌ബാങ്കിലേക്ക് നടക്കുമ്പോള്‍, ഒരു പതിവുകാരന്‍റെ യാന്ത്രികമായ അലസ്സത എന്നില്‍ പ്രകടമായിരുന്നു.
ഡോക്ടറെ കണ്ടു ഡൊനേഷന്‍ ഫോം ഫില്ല് ചെയ്തു ഊഴം കാത്തു ഞാനാ ഇടനാഴിയില്‍ നിന്നു.

“ഇന്ന് നല്ല തിരക്കുണ്ട്‌. ധൃതിയുണ്ടെങ്കില്‍ ഞാന്‍ പോയി നേരത്തെ വിളിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇവിടെ എല്ലാര്‍ക്കും ഇപ്പോള്‍ നല്ല പരിചയം ആണ്.”, ഒരു ചെറിയ ചിരിയോടെ അജിത്തേട്ടന്‍ പറഞ്ഞു.

എന്തായാലും അത് വേണ്ടി വന്നില്ല. ഉടനെ തന്നെ എന്‍റെ പേര് വിളിച്ചു.

രക്തം കൊടുത്തതിനു ശേഷം തിരിച്ചിറങ്ങി ഞാന്‍ ഷൂസ് ഇടാന്‍ തുടങ്ങിയപ്പോള്‍, എവിടെ നിന്നോ തിക്കിത്തിരക്കി അജിത്തേട്ടന്‍ അടുത്ത് വന്നു.

“ക്ഷീണം ഒന്നും ഇല്ലല്ലോ അനിയാ?”

“ഹേയ്..ഇല്ല...ഞാന്‍ എന്നാല്‍ അങ്ങോട്ട്‌ പോട്ടെ? ഓഫീസില്‍ കയറാന്‍ സമയം ആയി.”, ഷൂസ് ഇടുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.

“അയ്യോ! അത് പറ്റില്ല. എന്തെങ്കിലും കഴിച്ചിട്ട് പോകാം. അല്ലാതെ പോകാന്‍ ഞാന്‍ സമ്മതിക്കില്ല.”, നിര്‍ബന്ധിച്ചുകൊണ്ട് അജിത്തേട്ടന്‍ പറഞ്ഞു.

ഒന്നും വേണ്ട എന്ന് പുള്ളിയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം എടുത്തു. സമയമില്ലായ്മ മാത്രം ആയിരുന്നില്ല പ്രശ്നം. ഒരു പ്രതിഫലം – സ്നേഹത്തിന്‍റെ പേരിലായാലും കൈപറ്റാനുള്ള വൈമുഖ്യം. അതുകൊണ്ടാണ് വേണ്ടാന്ന് വെച്ചതു.

ഒടുവില്‍ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയ അജിത്തേട്ടന്‍ എന്നെ പോകാന്‍ അനുവദിച്ചു.

“എന്തായാലും എന്‍റെ മോളെ ഒന്നു കണ്ടിട്ട് പോ...”, നടന്നു തുടങ്ങിയ എന്നെ പിന്നില്‍ നിന്നും വിളിച്ചു നിറുത്തി.

ഞാന്‍ നിസ്സഹായനായി.

ഇതിനു മുന്‍പ് ഒരിക്കലും ഞാന്‍ രക്തം കൊടുത്ത ഒരു രോഗിയെയും ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. അനാവശ്യമായ ഒരു ബന്ധത്തില്‍ നിന്നുമുള്ള മനപ്പൂര്‍വ്വമായ ഒരു ഒളിച്ചോട്ടം. ഇങ്ങനെ ഒരു ആവശ്യം ആരും പറയാറും ഇല്ല.

പക്ഷെ ആ മനുഷ്യന്‍റെ മുഖത്ത് നോക്കി പറ്റില്ല എന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.

മുകളിലത്തെ വാര്‍ഡില്‍, മുടികൊഴിഞ്ഞു, വേദനയിലും അവിടെ എവിടെയോ ഓടി നടന്നിരുന്ന മകളെ വാരിയെടുത്തു കൊണ്ട് വന്നു അജിത്തേട്ടന്‍ എനിക്കു പരിചയപ്പെടുത്തി. തന്നു. ആരാ എന്ന ഭാവത്തില്‍ അച്ഛന്‍റെ നെഞ്ചിലാര്‍ന്നു മുഖം ചരിച്ചു എന്നെ നോക്കിയ അവളോട്‌ എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു. പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നു.

എന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയതിനാലാകാം, അധികനേരം അവിടെ നില്‍ക്കാതെ, അവളെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചു എന്നെയും കൂട്ടി അജിത്തേട്ടന്‍ താഴേക്കിറങ്ങി. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നു പറഞ്ഞു ഞാന്‍ യാത്ര ചോദിച്ചു.

അന്നാണു, ആ ക്യാന്‍സര്‍ സെന്‍ററിന്‍റെ മുന്നില്‍ വെച്ചാണ്‌ ഞാന്‍ അവസാനമായി അജിത്തേട്ടനെ കാണുന്നത്.

ആര്‍ സി സിയില്‍ മുന്‍പ് പല പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഒരു ക്യാന്‍സര്‍ രോഗിയെ പരിചയപ്പെടുന്നതു - അതും ഒരു പിഞ്ചുകുഞ്ഞിനെ. മരണം നിഴലിച്ച അവളുടെ മുഖം ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്. ഇതെഴുതുമ്പോള്‍ ആ കൂടിക്കാഴ്ച കഴിഞ്ഞു ഒരുപാടു വര്‍ഷങ്ങള്‍ ആയിരിക്കുന്നു. എങ്കിലും അന്നത്തെ ഓരോ നിമിഷവും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

അതിനു ശേഷമുള്ള ആഴ്ചകളില്‍ പലപ്രാവശ്യം അജിത്തേട്ടന്‍ എന്നെ വിളിച്ചിരുന്നു. സമയത്തിന് ഡോനേര്‍സിനെ കിട്ടാത്തെ വരുമ്പോള്‍ ഒരു അവസാനശ്രമം എന്ന നിലയില്‍, ഒരു ക്ഷമാപണത്തിന്‍റെ മുഖവുരയോടെ അജിത്തേട്ടന്‍റെ ഫോണ്‍ വരും. എന്നെ കൊണ്ടാവുന്ന വിധം കോളേജുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഞാന്‍ ഡോണര്സിനെ സംഘടിപ്പിച്ചു കൊടുത്തിരുന്നു.

ഏതാണ്ട് ഒരു രണ്ടാഴ്ച കഴിഞ്ഞു.

അന്നും അജിത്തേട്ടന്‍ വിളിച്ചു. ശബ്ദം വല്ലാതെ ഇടറിയിരുന്നു. തളര്‍ന്നു പോയ ഒരു മനുഷ്യന്‍റെ ശബ്ദം.

“എങ്ങനെയെങ്കിലും രണ്ടു പേരെ...”

അന്നു രണ്ടു ഡോനെര്‍സിനെ കണ്ടു പിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ഒരുപക്ഷെ ഞാന്‍ പൂര്‍ണ്ണമായും ശ്രമിച്ചിട്ടുണ്ടാവില്ല.    

അത് കൊണ്ടാകാം.

എനിക്കു അജിത്തേട്ടനെ തിരിച്ചു വിളിക്കാന്‍ ധൈര്യം ഇല്ലായിരുന്നു.
അന്ന് ഞാന്‍ വിളിച്ചില്ല.

അടുത്ത ദിവസ്സം ഞാന്‍ അയച്ച മെയില്‍ വായിച്ചു ആരോ എന്നെ വിളിച്ചു – രണ്ടു പേര്‍ അന്നേയ്ക്കു രക്തം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞു.

ആശ്വാസ്സത്തോടെ ഞാന്‍ അജിത്തേട്ടനെ വിളിക്കാന്‍ ഫോണ്‍ എടുത്തു. അങ്ങോട്ട്‌ വിളിക്കും മുന്നേ അജിത്തേട്ടന്‍ ഇങ്ങോട്ടു വിളിച്ചു.

“അജിത്തേട്ടാ, ഇന്നലെ ആരെയും കിട്ടിയില്ല. ഇന്ന് രണ്ടു പേരെ കിട്ടി. ഞാന്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്‌, അവിടെ എത്തി അവര്‍ വിളിക്കും.”, ഇങ്ങോട്ട് ഒന്നും പറയാന്‍ അനുവദിക്കാതെ ഒറ്റശ്വാസ്സത്തില്‍ ഞാന്‍ പറഞ്ഞു.

ഒരു നിമിഷത്തിന്‍റെ മൗനം.

“അനിയാ, ഇനി അവരോടു വരണ്ട എന്ന് പറ. ഇനി വേണ്ട...”, പതിയെ അജിത്തേട്ടന്‍ പറഞ്ഞു.

വേറെ ഡോനെര്‍സിനെ കിട്ടിക്കാണും എന്ന് കരുതി ഞാന്‍ അവരോടു നാളെയോ മറ്റന്നാളോ ആവശ്യം ഉണ്ടെങ്കില്‍ വരാന്‍ പറയാം എന്ന് പറയുന്നു.

“അതല്ല അനിയാ, മോള് ഇന്നലെ രാത്രി മരിച്ചു. നിന്നോട് ഒന്നു വിളിച്ചു പറയണം എന്ന് തോന്നി...അതാ...”

നിശബ്ധമായ കുറേ നിമിഷങ്ങള്‍.

ഇനിയൊന്നും പരസ്പരം പറയാനില്ല എന്ന് തോന്നിയത് കൊണ്ടാകാം, ഞങ്ങള്‍ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ക്കിടയിലെ രക്തബന്ധം – അത് തലേന്നു രാത്രി അറ്റുപോയിരുന്നു.

ഒന്നും പറയാതെ തന്നെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
പേരറിയാത്ത ആ അനിയത്തിക്ക് വേണ്ടി രണ്ടു തുള്ളി കണ്ണുനീര്‍ - നിറമില്ലാത്ത ആ തുള്ളികള്‍ക്ക് എന്‍റെ ചോരയുടെ മണമുണ്ടായിരുന്നു.


അന്നായിരുന്നു ഞാന്‍ അവസ്സാനമായി അജിത്തേട്ടനോട് സംസാരിക്കുന്നത്.

ചൊവ്വാഴ്ച, ഡിസംബർ 03, 2013

ജ്ഞാനസ്നാനം.

പലയിടങ്ങളിലായി ചിതറിവീണ സ്വപ്‌നങ്ങള്‍,
പൊടിയില്‍ മണ്ണിലാണ്ടു മരവിച്ചു കിടക്കുന്നു.
ജീവിതമി,തെരിഞ്ഞു തീരുന്നു,
ചുണ്ടിലെരിയുന്ന ചുരുട്ടു പോലെ.
മലര്‍ക്കെ കിടക്കുന്ന ജനലഴികള്‍,
വെളിച്ചം കൊതിക്കുന്ന വേഴാമ്പലുകളായി;
വാതിലിലെ കനത്ത വിജാഗിരി,
അത് ശബ്ധിക്കാതായിട്ടു ദിവസങ്ങളേറെയായി.
എങ്ങോ വെച്ച് മറന്നിരിക്കുന്നു,
ഓര്‍മകളുടെ അറകളിലേക്കുളള താക്കോല്‍.
ഒരേറ്റുപറച്ചിലിന്‍റെ ഈണത്തില്‍,
താരാട്ടു കേട്ടുറങ്ങുവാന്‍ കൊതിക്കുന്ന ലോകം
_ചവറ്റുകുട്ടയില്‍ എച്ചിലു ചികയുന്ന നായയെപ്പോലെ,
മണത്തു മണത്തു ചുറ്റിനും തിരഞ്ഞു നടക്കുന്നു.
തിളച്ച ഉപ്പുവെള്ളം മുറിവുകളില്‍ കോരിയൊഴിച്ച്
ആശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ലോകം.
നീറിക്കരഞ്ഞുകൊണ്ടും ഊറിച്ചിരിച്ചുകൊണ്ടും,
ആ വേദനയില്‍...
ജ്ഞാനസ്നാനത്തില്‍...
ഞാന്‍ മോക്ഷം നേടി...         

ശനിയാഴ്‌ച, നവംബർ 02, 2013

ഒരു ബാനറും കൊടിയേറ്റവും!

ആദ്യമായി നമ്മുടെ കോളേജില്‍ ഒരു കോളേജ് ഫെസ്റ്റിവല്‍ നടക്കാന്‍ പോകുന്നു. സ്വാഭാവികമായി ഇതിന്‍റെ ധാര്‍മികമായ ഉത്തരവാദിത്തം, കോളേജിലെ ഒരേ ഒരു സീനിയേര്‍സും സര്‍വ്വോപരി ആദ്യബാച്ചുകാരും ആയ ഞങ്ങളുടെ തലയില്‍ ആയി. കലാകാരന്മാരും, കലാകാരികളും, ഭാവി ടീം ലീഡര്‍സും പിന്നെ അത്യാവശ്യം വായുന്നോട്ടവും പഞ്ചാരയടിയുമായി ജീവിച്ചിരുന്നവരും അവരവരുടെ മേഖലകളില്‍ ശോഭിക്കാനുള്ള അപാരമായ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടു പല പല ഫെസ്റ്റിവല്‍ കമ്മിറ്റികളില്‍ കാലേകൂട്ടി നുഴഞ്ഞുകയറി ആധിപത്യം ഉറപ്പിക്കുന്നു.

പല തരത്തിലുള്ള പെടയ്ക്കുന്ന കമ്മിറ്റികള്‍.

പ്രോഗ്രാം നടത്തുന്നവരുടെ കമ്മിറ്റി, പരസ്യം പിടിക്കുകയും സ്പോന്സര്‍മാരെ കണ്ടെത്തുന്നവരുടെ കമ്മിറ്റി, വോളന്റിയര്മാരുടെ കമ്മിറ്റി, ഗ്രീന്‍ റൂം മേല്നോട്ടക്കാരുടെ കമ്മിറ്റി, ബാനര്‍ കെട്ടുന്നവരുടെ കമ്മിറ്റി, പോസ്റ്റര്‍ ഒട്ടിക്കുന്നവരുടെ കമ്മിറ്റി....അങ്ങനെ അങ്ങനെ ഒരുപാടു കമ്മിറ്റികള്‍ രൂപവല്‍ക്കരിക്കപ്പെട്ടു.

ഞങ്ങളെപോലെയുള്ളവര്‍ക്ക് ഒന്നു രണ്ടു മാസ്സതേയ്ക്കു ക്ലാസ്സില്‍ കയറാതെ അറ്റെന്‍ഡന്‍സ്‌ ഒപ്പിച്ചെടുക്കുവാനുള്ള മാര്‍ഗം കൂടിയായിരുന്നു ഈ കമ്മിറ്റി കൂടല്‍. 

അങ്ങനെയാണ് കഥയിലെ നായകനും, സ്ഥലത്തെ പ്രധാന വായുന്നോക്കിയും, കയ്യില്‍ ആവശ്യത്തിനു പുത്തന്‍പണവുമുള്ള എന്‍റെ ആത്മാര്‍ത്ഥസുഹൃത്ത്‌ കമ്മിറ്റി കൂടാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ക്ലാസ്സ്‌ കട്ട്‌ ചെയ്യുക എന്നതിനു പുറമേ ചില്ലറ പഞ്ചാരയടി കൂടെ അതിയാന്‍റെ അജണ്ടയിലുണ്ടായിരുന്നു. പരസ്യം പിടിക്കല്‍/സ്പോന്സര്ഷിപ് കമ്മിറ്റിയില്‍ വലിഞ്ഞുകയറിയ നായകന്‍ അതിന്‍റെ പ്രാധാന നടനും സംവിധായകനും ഒക്കേ ആയി വിലസ്സിനടക്കുന്നു.

അതെ സമയം, കഥയിലെ വില്ലനും സ്ഥലത്തെ പ്രധാന ബുദ്ധിജീവിയും ഭാവി ടീം ലീഡറുമായ, വേറെ ആരുടെയോ ‘ആത്മാര്‍ത്ഥസുഹൃത്ത്‌’, പ്രോഗ്രാം കമ്മിറ്റിയില്‍ കടന്നുകൂടിയിരുന്നു. ചില ഗൂഡനീക്കങ്ങളിലൂടെ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കോളേജ് ഫെസ്ടിവലിന്‍റെ മൊത്തത്തിലുള്ള കൊണാണ്ടര്‍ ആയി അവരോധിക്കപ്പെടുന്നു.

ഇതിനിടയില്‍ പാവം ഞാന്‍ നുഴഞ്ഞുകയറാന്‍ നല്ല കമ്മിറ്റികള്‍ ഒന്നും തന്നെ ബാക്കിയില്ലാത്തതിനാല്‍, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ബാനര്‍ കമ്മിറ്റി സ്വന്തം ചുമലിലേറ്റുന്നു. പെണ്പിള്ളേരെ ബാനര്‍ കെട്ടാന്‍ വിളിക്കുന്നത്‌ തികച്ചും അപമാനകരമായ ഒരു സംഗതി ആയതിനാല്‍, ഈ കാലയളവില്‍ എന്‍റെ പഞ്ചാരയടി പൂര്‍ണ്ണമായും മുടങ്ങുകയും, ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ സാധിക്കുന്നൂ എന്ന സമാധാനം ഉള്ളതുകൊണ്ട് മാത്രം അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു എന്ന് വേണമെങ്കില്‍ പറയാം.

കഥയിലേക്ക്‌...

എല്ലാ കഥകളില്‍ എന്നപോലെ ഇതിലും നായകനും വില്ലനും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലാണ്. തരം കിട്ടിയാല്‍ പണികൊടുക്കുന്ന അവസ്ഥ.

എന്തായിരിക്കാം അവര്‍ തമ്മിലുള്ള സംഘര്‍ഷത്തിനു കാരണം?

അധികം ആലോചിച്ചു ബുദ്ധിമുട്ടണ്ട – സ്ഥിരം സംഭവം തന്നെ. കുഞ്ചന്‍ നമ്പ്യാരെ ഉദ്ധരിക്കുകയാണെങ്കില്‍,

“കനകംമൂലം കാമിനിമൂലം കലഹം പലവിധ....”

അതെ, പെണ്‍വര്‍ഗ്ഗം തന്നെയായിരുന്നു ഇവിടെയും പ്രശനം. ഒരു ചെറിയ വ്യത്യാസം മാത്രം – ഒന്നല്ല, ഒരുപാടു പെണ്‍പിള്ളേര്‍. അവരായിരുന്നു ഈ വഴക്കിനും ശണ്ടയ്ക്കും കാരണം.

വില്ലന്‍ വളരേ നല്ലവനും, സത്സ്വഭാവിയും, ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയും, ഇന്നേവരെ ഒരു സപ്ലി പോലും അടിക്കാത്ത പടിപ്പിസ്റ്റും. സ്വാഭാവികമായും പെണ്‍പിള്ളേരുടെ ആരാധനാപാത്രം. അവരില്‍ പലരുടെയും ആത്മാര്‍ത്ഥസുഹൃത്ത്‌. സകലകലാവല്ലഭന്‍.

എന്നാല്‍ നായകനോ, കാണാന്‍ വലിയ തരക്കേടില്ലെങ്കിലും, കയ്യില്‍ അത്യാവശ്യം പുത്തന്‍ പണം ഉണ്ടെങ്കിലും, ഇതുവരെ എഴുതിയ ഒരു പരീക്ഷപോലും പാസ്സാവത്തവന്‍ എന്ന ചീത്തപ്പേരുള്ളവനും, അത്യാവശ്യം വായുന്നോക്കിയും, പൊടിക്ക് വെള്ളമടി, സിഗരെറ്റ്‌ വലി മുതലായ ദുശീലങ്ങള്‍ ഉള്ളവനും! അയ്യോ, ഈ ചെക്കന്‍ എന്താ ഇങ്ങനെ ആയിപ്പോയെ ഭാവത്തില്‍ പെണ്‍പിള്ളേര്‍ നായകനെ നോക്കി സഹതപ്പിക്കുന്നതിനു ഞാന്‍ നേര്‍ സാക്ഷിയാണ്.

അങ്ങനെ കടുത്ത അപകര്‍ഷതാബോധത്തില്‍ നിന്നും അസ്സൂയയില്‍ നിന്നും നാമ്പ്ടുത്ത കലിപ്പുകൊണ്ട്, ഒരിക്കല്‍ വെറുതെ പഞ്ചാരയടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന വില്ലനെ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ തെറിവിളിക്കുകയും, അത് ചെറിയൊരു കയ്യാങ്കളിയില്‍ ചെന്നവസ്സാനിക്കുകയും, അന്തരഫലമായി HOD നായകന്‍റെ വീട്ടില്‍ വിളിച്ചു ഫയര്‍ ചെയ്യുകയും ചെയ്യുന്നു.

നായകനു വില്ലനോട് വിരോധം തോന്നാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം? അങ്ങനെ പ്രശ്നങ്ങള്‍ കത്തിനിന്നിരുന്ന സമയത്താണ് വില്ലന്‍ പരിപാടികളുടെ പ്രധാന കൊനാണ്ടര്‍ ആകുന്ന കാര്യം നായകന്‍ അറിയുന്നത്. അതുവരെ പരസ്യവും സ്പോന്സര്‍മാരും ഒക്കെ ആയി സാമാന്യം തൃപ്തിപ്പെട്ടു ജീവിച്ചിരുന്ന നായകന്‍റെ കുരു പൊട്ടുന്നു.

നായകന്‍റെ ചിലവില്‍ നടക്കുന്ന ഒരു വെള്ളമടി സെഷന്‍. പൊട്ടിക്കരഞ്ഞുകൊണ്ടു നായകന്‍ മനസ്സ് തുറക്കുന്നു.

“മച്ചു...ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസ്സാനത്തെ അവസ്സരം ആണ്. ഇതിലെങ്കിലും ആ പന്നിയെ എനിക്കു തകര്‍ക്കണം.”, മൂക്ക് ചീറ്റി ചിറിതുടച്ചുകൊണ്ട് നായകന്‍ തുടരുന്നു.

“അവനാടാ എല്ലാ പരിപാടികളുടെയും കോര്‍ഡിനെറ്റര്‍. എനിക്കു ഈ ഉണക്ക പരസ്യം പിടുത്തല്‍ മാത്രം. ഞാന്‍ ഇനി കോളേജില്‍ വരൂല...”
      
ഓസ്സിനാണെങ്കിലും സ്വസ്തമായിട്ടിരുന്നുള്ള വെള്ളമടിക്കു ഈ വിലാപം ഒരു തടസ്സമാകുമെന്ന് കണ്ട ചില അലവലാതി സുഹൃത്തുക്കള്‍, നായകനോട് പരസ്യകമ്മിറ്റിക്കു പുറമേ ഏതെങ്കിലും ഒരു ഇവന്‍റ് കൂടി ഏറ്റെടുത്തു നടത്തുവാന്‍ ഉപദേശിക്കുന്നു.

“എന്തുകൊണ്ട് ഫാഷന്‍ഷോ നിനക്ക് നടത്തിക്കൂടാ? നിനക്ക് ഓള്‍റെടി എക്സ്‌പിരിയന്‍സ് ഉള്ളതല്ലേ?”

നായകന്‍റെ മുഖം തെളിയുന്നു.

ഗുഡ് ഐഡിയ - പലതുണ്ട് ഗുണം.

കോളേജ് ഫെസ്റ്റിവലിലെ ഏറ്റവും ഗ്ലാമറസ്സായ ഐറ്റം – ഫാഷന്‍ഷോ.
പഞ്ചാരയടിക്കാനും ഷൈന്‍ ചെയ്യാനും ഇതിലും നല്ല ഐറ്റം വേറെ ഉണ്ടോ? കാക്കയുടെ കടിയും പശുവിന്‍റെ വിശപ്പും – അങ്ങനെ ആരോ ആ അവസരത്തില്‍ കെട്ടിന്‍റെ പുറത്തു പഴഞ്ചൊല്ല് വിളമ്പിയതായി പിനീട് കേട്ടിട്ടുണ്ട്. പണ്ടെങ്ങോ ഒന്നു റാമ്പില്‍ കയറിയതിന്‍റെ പൂര്‍വകാല ചരിത്രം. എന്തുകൊണ്ടും ഇതിനു പരമയോഗ്യന്‍ നായകന്‍ തന്നെ!!!

പിന്നെ എല്ലാം ചടപടചടപടെന്നു ആയിരുന്നു.

ചില ഗൂഡനീക്കങ്ങളിലൂടെ നായകന്‍ ഫാഷന്‍ഷോയുടെ സംഘാടകന്‍ ആകുന്നു. ദ്രുതഗതിയില്‍ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. റാമ്പിന്‍റെ വലിപ്പവും, ഗ്രീന്‍ റൂമിന്‍റെ സെക്യുരിറ്റിയും, ഫാഷന്‍ഷോയുടെ തീമും എന്ന് വേണ്ട സകല മേഖലകളിലും അളിയന്‍ കൈവെക്കുന്നു. പെണ്‍കുട്ടികളുടെ ഒരു പട തന്നെ എന്തിനും തയ്യാറായി നായകനു ചുറ്റും അണിനിരന്നു. അങ്ങനെ തരക്കേടില്ലാത്ത രീതിയില്‍ വിജ്രുംഭിതനായി ഷൈന്‍ ചെയ്തു തുടങ്ങിയ നായകന്‍റെ നായകന്‍റെ തൊപ്പിയില്‍ അതാ വരുന്നു മറ്റൊരു പൊന്‍തൂവല്‍.

പരസ്യം പിടിക്കാനിറങ്ങിയ നായകന്‍, തന്‍റെ പിതാവിന്‍റെ ശക്തമായ ശുപാര്‍ശയില്‍ ഏതോ ഒരു വമ്പന്‍ തുണിക്കടയുടെ സ്പോണ്‍സര്‍ഷിപ്‌ ഒപ്പിക്കുന്നു. മണ്ടനായ ആ തുണിക്കട മുതലാളി നായകപിതാവിനോടുള്ള അടുപ്പം കാരണം, ഫാഷന്‍ഷോ മൊത്തത്തില്‍ അങ്ങ് സ്പോന്‍സര്‍ ചെയ്തുകളയാം എന്ന് എല്ക്കുന്നു. സീന്‍ മാറി – അതോടെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി ഉള്ള ഇവന്‍റ് ആയി നായകന്‍റെ ഫാഷന്‍ഷോ മാറുന്നു.

നായകന്‍ ഇപ്പോള്‍ നിലത്ത് ഒന്നും അല്ല!!!

മണ്ടനായ ആ തുണിക്കട മുതലാളിക്ക് ഇതിനൊക്കെ പകരമായി ആകെ വേണ്ടത് ഫാഷന്‍ഷോ നടക്കുന്ന സമയത്ത് ഒരു ബാനര്‍ സ്റ്റേജിന്‍റെ മുകളില്‍ ഉണ്ടാവണം.

അത്ര മാത്രം!!!

കാര്യങ്ങള്‍ സുന്ദരമായി മുന്നോട്ടു നീങ്ങുന്നു.

ബാനര്‍ കമ്മിറ്റിയുടെ പേരില്‍ മര്യാദിക്കു ക്ലാസ്സ്‌ കട്ട്‌ ചെയ്തുനടന്നിരുന്ന എന്നെ ഏതോ ഒരു തിയേറ്ററില്‍ വെച്ച് കണ്ടുമുട്ടിയ നായകന്‍, തുണിക്കടയുടെ ബാനറിന്‍റെ വലിപ്പത്തെയും, സൗന്ദര്യത്തെയും, അതിന്‍റെ പ്രാധാന്യത്തെയും കുറിച്ചൊക്കെ ലെക്ചര്‍ എടുത്തു. ഞാന്‍ പതിവു പോലെ ഇടത്തെ ചെവി വലത്തേ ചെവി നയത്തില്‍ അട്ജസ്റ്റ് ചെയ്തു നിന്നു – പിന്നല്ലാതെ!

കോളേജ് ഫെസ്റ്റിവല്‍ തുടങ്ങാന്‍ ഇനി ഒരു ദിവസ്സം മാത്രം.

തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നു. രാപ്പകല്‍ ഇല്ലാത്ത അദ്ധ്വാനം. ഫാഷന്‍ഷോ ആദ്യ ദിവസ്സം തന്നെയാണു. അത് കഴിഞ്ഞാല്‍ ഉടനെ നമ്മുടെ വില്ലന്‍റെ നേതൃത്വത്തില്‍ പുതിയൊരു ഐറ്റം – മാധ്യമകൊടുങ്കാറ്റ് എന്നോ മറ്റോ ആയിരുന്നു അതിന്‍റെ പേര്. നായകന്‍ ഇതിനിടെ ഇടയ്ക്കിടയ്ക്ക് വന്നു റാമ്പ് പരിശോധിക്കുകയും ബാനറിനു ഒരല്പം വളവില്ലേ, ഗ്രീന്‍ റൂമില്‍ കാറ്റ് കയറില്ലേ എന്നൊക്കെ ചോദിച്ചു തിരിച്ചുപോകും. കൂട്ടുകാരന് ഭ്രാന്തായി എന്ന് വെച്ച് ഉപേക്ഷിക്കുവാന്‍ പറ്റുമോ? ഞങ്ങള്‍ വെറുതെ കേട്ടു നില്‍ക്കും!

വില്ലന്‍ പക്ഷെ ഈ സമയം ഒരല്പം ഡൌണ്‍ ആണ് – നായകന്‍റെ പെട്ടന്നുള്ള അപ്രതീക്ഷിതമായ വളര്‍ച്ചയും, പ്രാധാന്യവും, സര്‍വോപരി ഏറ്റവും കൂടുതല്‍ പ്രൈസ് മണി നായകന്‍റെ പരിപാടിക്കാണെന്നുള്ള അസൂയയും – ആകെ പ്രശ്നം.

പാവം വില്ലന്‍!!!

അങ്ങനെ എല്ലാം സുഗമമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. 
അപ്പോളാണ് പെട്ടന്നു അന്തരീക്ഷത്തില്‍ കാറും കോളും നിറയുന്നത്.

സംഭവം ഇതാണ് – നമ്മുടെ കോളേജിലെ പരമാധികാരിയും നമ്മുടെ ഒക്കെ പേടിസ്വപ്നവുമായിരുന്ന ബര്‍സ്സാര്‍ അച്ചന്‍റെ റൂമിലേക്ക്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍ കടന്നു ചെല്ലുന്നു. ഏതോ ലോക്കല്‍ പാര്‍ട്ടിയുടെ പ്രതിനിധികളാണ്. ഒരു കാരണവശാലും ഫാഷന്‍ഷോ നടത്താന്‍ കോളേജിനെ അനുവദിക്കുകയില്ല എന്നും, എങ്ങാനും നടത്തിയാല്‍ കുളം ആക്കി കയ്യില്‍ തരും എന്നും വന്നു കയറിയ കപടസദാചാരവാദികള്‍ ഭീഷണിപ്പെടുത്തുന്നു. ആദ്യം ഒന്നെതിര്‍ത്തു നോക്കിയെങ്കിലും പിന്നീടു ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ മനസ്സില്‍ വിലയിരുത്തി അച്ചന്‍ ഫാഷന്‍ഷോ നടത്തില്ല എന്ന് അവര്‍ക്ക് ഉറപ്പു നല്‍കുന്നു. സദാചാരവാദികള്‍ കൂട്ടമായി ജയ് ഹിന്ദ്‌ വിളിച്ചു ഇറങ്ങിപ്പോയി.

ഒരു ഇടിത്തീപോലെ ആ വാര്‍ത്ത നായകന്‍റെ നെഞ്ചത്ത്‌ തന്നെ പതിച്ചു.
ആത്മഹത്യ ചെയ്തുകളയുമോ എന്ന് പേടിച്ചു കൈയ്യും കാലും കെട്ടിയിട്ടും, ഹൃദയാഘാതം വരുമോ എന്ന് പേടിച്ചു ഒരു ആംബുലന്‍സ് വിളിച്ചു തയ്യാറാക്കിയിട്ടതിനു ശേഷവുമാണ് അച്ചന്‍ ഇക്കാര്യം നായകനെ അറിയിച്ചത് എന്ന് കുബുദ്ധികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ഏതായാലും അണ്ടി കളഞ്ഞ അണ്ണാനെ പോലെയോ, ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെയോ അവിടെ നിന്നും ഇറങ്ങിപ്പോയ നായകനെ അന്നാരും പിന്നീട് കണ്ടിട്ടില്ല. ഫോണെടുക്കാന്‍ പോലും കൂട്ടാക്കാത്ത നായകനെ അന്വേഷിച്ചു സിറ്റിയിലെ ബാറുകള്‍ മുഴുവന്‍ സുഹൃത്തുക്കള്‍ കയറിയിറങ്ങി എന്നത് ഇതിന്‍റെ ഉപകഥ.

കോളേജ് ഫെസ്റ്റിവല്‍.

വൈകിട്ട് ഏഴുമണിക്ക് നടക്കേണ്ടിയിരുന്ന നായകന്‍റെ നടക്കാതെപോയ സ്വപ്നത്തിനു പകരം വില്ലന്‍റെ മാധ്യമകൊടുംകാറ്റു – എരിതീയില്‍ എണ്ണ.

പരിപാടികളുടെ ഒരുക്കങ്ങള്‍ ഒക്കെ കഴിഞ്ഞതിനാലും, ഇനി പ്രത്യേകിച്ച് റോള്‍ ഒന്നും ഇല്ലാത്തതിനാലും ഞാന്‍ ഒതുക്കത്തില്‍ രണ്ടെണ്ണം അടിച്ചു ബാക്ക്ഗേറ്റില്‍ കത്തിയും വെച്ച് നില്‍ക്കുകയായിരുന്നു.

അതാ വരുന്നു വെടികൊണ്ട പന്നിയെപോലെ നായകന്‍!!!
എന്നെ തിരഞ്ഞാണ് വരവു – ഇന്ന് മുഴുവന്‍ കദനകഥ കേള്‍ക്കേണ്ടിവരും എന്നാണു തോന്നണത്!

“അളിയാ! നീ അച്ചനോട് സംസാരിച്ചു ആ ബാനര്‍ അഴിപ്പിക്കണം!”, നായകന്‍ അലറുന്നു.

ഏതു ബാനര്‍? എന്ത് ബാനര്‍? ഞാന്‍ വാ പൊളിച്ചു.

“അങ്ങനെ ഇപ്പോള്‍ ഞാന്‍ പിടിച്ച സ്പോന്‍സറിന്‍റെ കാശുകൊണ്ട് അവന്‍ പരിപാടി നടത്തണ്ട.”, ഒന്നും മനസ്സിലാകാതെ നിന്ന എന്നെയും പിടിച്ചുവലിച്ചു കൊണ്ട് നായകന്‍ ബര്‍സ്സാറിന്‍റെ റൂമിലേക്ക്‌ നടന്നു.
വഴിയില്‍ സംഭവത്തിന്‍റെ ഒരു ഏകദേശരൂപം എനിക്കു പിടിക്കിട്ടി – 
നായകന്‍റെ വേര്‍ഷന്‍!!!

അതായതു, ഫാഷന്‍ഷോ ചീറ്റിയ സംഭവം അറിയുന്ന നമ്മുടെ വില്ലന്‍, 
ഉടനെ തന്നെ ബര്സ്സാര്‍ അച്ചനെ കാണുകയും, ഫാഷന്‍ഷോയിലേക്കായി വകവെച്ചിരുന്ന തുക അവന്‍റെ ഒടുക്കത്തെ മാധ്യമകൊടുംകാറ്റിലേയ്ക്ക് വഴിതിരിച്ചു വിടുവാനുള്ള ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. അച്ചന്‍ അതില്‍ അപാകത ഒന്നും കാണാത്തതുകൊണ്ട് സമ്മതിക്കുന്നു.

ഒരുവശത്ത് പരിപാടി മുടങ്ങിപ്പോയതിന്‍റെ നിരാശയും വിഷമവും. ഇപ്പോള്‍ ദേണ്ടെ, നായകന്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി കണ്ടുപിടിച്ച സ്പോന്‍സര്‍ തുക വില്ലന്‍റെ പരിപാടിക്കും – നായകന്‍റെ കുരു വീണ്ടും പൊട്ടിയത്തില്‍ ഒരതിശയവും ഇല്ല.

എനിക്കും ചെറുതായി ദേഷ്യം വരാതിരുന്നില്ല – എന്നാലും ഈ വൈകിയവേളയില്‍ അച്ചനോട് പോയി ബാനര്‍ അഴിക്കണം എന്നൊക്കെ പറഞ്ഞാല്‍...പണി കിട്ടുമോ? അച്ചനാണെങ്കില്‍ വെട്ടൊന്ന് മുറി രണ്ടു ടീം ആണ്!

ബര്സ്സാര്‍ അച്ചന്‍റെ റൂമിന്‍റെ ഒരു നൂറു മീറ്റര്‍ അകലെയെത്തിയപ്പോള്‍ നായകന്‍ ഹാള്‍ട്ട്!!!

“അളിയാ! ഇനി അങ്ങോട്ട്‌ ഞാന്‍ വരുന്നില്ല. അച്ചനു ചിലപ്പോള്‍ സ്മെല്‍ അടിക്കും. കലിപ്പാകും. നീ പോയി പറഞ്ഞാല്‍ മതി.”, തികച്ചും ന്യായമായ ആവശ്യം.

ഞാന്‍ നേരെ രണ്ടും കല്‍പ്പിച്ചു അച്ചന്‍റെ മുന്നില്‍ ചെന്നു. തിരക്കിട്ട് എങ്ങോട്ടോ പോകാന്‍ തയാറാകുന്ന അച്ചനെ തോണ്ടിവിളിച്ചു, തലചൊറിഞ്ഞു.

“അച്ചോ, ഒരു കാര്യം പറയാനുണ്ട്.”

“എന്ത് കാര്യം?”, ധൃധിയില്‍ അച്ചന്‍ ചോദിച്ചു.

“അച്ചോ, നമ്മുടെ നായകന്‍റെ ബാനര്‍...”

എന്നെ പൂര്‍ത്തിയാക്കാന്‍ അച്ചന്‍ അനുവദിച്ചില്ല. എന്തോ ഒരു തെറി വിളിച്ചു. വായും പൊളിച്ചു നിന്ന എന്നോട് അവിടെ തന്നെ നില്‍ക്കാനും ഇപ്പോള്‍ വരാം എന്നും പറഞ്ഞു ചുവന്ന കണ്ണുകളുമായി അച്ചന്‍ നടന്നു. ആ തെറിയുടെ ഷോക്കില്‍ ആയിരുന്ന ഞാന്‍ എന്‍റെ ഒടുക്കത്തെ ഗതികേടിനു വിചാരിച്ചത് അച്ചന്‍ എന്നോട് ഒപ്പം ചെല്ലാന്‍ പറഞ്ഞു എന്നായിരുന്നു!!!

അച്ചന്‍ മുന്നേ നടക്കുന്നു. തൊട്ടുപുറകില്‍ വാല് പോലെ ഞാനും.
പെട്ടന്നു ഞങ്ങളുടെ ഇരുവശത്തും വരികളായി കൈയ്യില്‍ താലമേന്തിയ സുന്ദരികളായ അനേകം പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെട്ടതായി എനിക്കു തോന്നി. കണ്ണു മിഴിച്ചു നോക്കിയപ്പോള്‍ അത് തോന്നലല്ല എന്ന് മനസ്സിലായി.

അച്ചന്‍ നേരെ സ്റ്റേജിലേക്ക് കയറുന്നു!!!

ഇരു വശങ്ങളും ബ്ലോക്ക്‌ ആയിരുന്നതിനാലും, ഇനി മാറിയാല്‍ നാണക്കേടാകും എന്നതിനാലും ഞാന്‍ പതുക്കെ സ്റ്റേജിന്‍റെ ഒരു വശത്തേക്ക് ഒതുങ്ങി നില്‍ക്കുന്നു. അസൂയാലുക്കള്‍ അത്ഭുതപരതന്ത്രരായി എന്നെ മിഴിച്ചു നോക്കി – ഇവന്‍ ഇത്രേം വളര്‍ന്നോ?

ഇതിനിടെ നമ്മുടെ അച്ചന്‍ സ്റ്റേജില് ഒരു രണ്ടു മിനിറ്റ് പ്രസംഗവും കാച്ചി, നിലവിളക്ക് കൊളുത്തി, കോളേജിന്‍റെ കൊടി ഉയര്‍ത്തി ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. ഇതിനു ശേഷം പതുക്കെ സൈഡ് വാരം താഴേക്കിറങ്ങിയ അച്ചനെ തടഞ്ഞു നിറുത്തി സ്ഥലകാലബോധമില്ലാത്ത ഞാന്‍ പറഞ്ഞു,

“അച്ചോ...നായകന്‍റെ ബാനര്‍...”

“അഴിച്ചെടുത്തോണ്ടു പോടാ ആ ബാനര്‍...ഇനി ഒരു നിമിഷം അതിവിടെ കണ്ടു പോകരുത്...നിന്നെയും...”, അച്ചന്‍ അലറി.

എന്ത് മഹാപാപം ചെയ്തതിനാണ് അച്ചന്‍ എന്നോടിങ്ങനെ പെരുമാറുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു എത്തുംപിടിയും കിട്ടിയില്ല. നൂറുകണക്കിനു കാണികള്‍ - പകുതിയും പല കോളേജുകളിലെ പെണ്‍കുട്ടികള്‍, സ്റ്റേജില് വിശിഷ്ടാഥിതികള്‍. ഇതിന്‍റെ ഇടയില്‍ സ്റ്റേജിന്‍റെ മുകളില്‍ വലിഞ്ഞു കയറി ബാനര്‍ അഴിക്കാനാണ് അച്ചന്‍ പറയുന്നത്!!!

ഞാന്‍ നിന്ന് വിയര്‍ത്തു - ഏതു നേരത്താണോ എന്തോ അവന്‍റെ വാക്കും കേട്ടു...

“എന്താടാ നോക്കി നിക്കുന്നെ? നിനക്കല്ലേ അതഴിക്കാന്‍ ബഹളം...”, അച്ചന്‍ വീണ്ടും അലറി.

ഇങ്ങേരു കഴിഞ്ഞ ജന്മത്തില്‍ വല്ല സിംഹവും ആയിരുന്നോ? ഇങ്ങനെ അലറാന്‍!

സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌, ആരും കാണരുതേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്, സ്റ്റേജിന്‍റെ പിന്‍ഭാഗത്ത്‌ കൂടി മുകളില്‍ കയറി ഞാനാ വിവാദ ബാനര്‍ അഴിച്ചെടുത്തു. ഇരുട്ടായത്കൊണ്ട് ആരും കണ്ടുകാണില്ല എന്ന് സ്വയം വിശ്വസിപ്പിച്ചു, കുറച്ചു വെള്ളം കുടിക്കാനായി ഞാന്‍ ക്യാന്റീനിലേക്ക് ചലിച്ചു.

അങ്ങനെ വിയര്‍ത്തുകുളിച്ചു വെള്ളവും കുടിച്ചോണ്ട് നില്‍ക്കുമ്പോള്‍ ദേ വരുന്നു ആത്മാര്‍ത്ഥസുഹൃത്തുക്കള്‍.

“എന്തരഡേയ് നീ...അച്ചന്‍റെ കൂടെ സ്റ്റേജില് ഒക്കേ?”, ആകാംഷയോടെ അവര്‍ ചോദിച്ചു.

ഞാന്‍ നടന്ന സംഭവങ്ങള്‍ ഒറ്റശ്വാസ്സത്തില്‍ വിശദീകരിച്ചു.

ഒരു കൂട്ടച്ചിരി ഉയര്‍ന്നു.

“എന്ത് പണിയാടാ നീ കാണിച്ചേ?”

“അപ്പോള്‍ നീ ഒന്നും അറിഞ്ഞില്ലേ?”

ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു – ഞാന്‍ മിഴിച്ചു നിന്നു.
അപ്പോഴാണ് അന്ന് സംഭവിച്ച കാര്യങ്ങളുടെ മറ്റൊരു ഏകദേശരൂപം എനിക്കു പിടികിട്ടുന്നതു – ഒറിജിനല്‍ വേര്‍ഷന്‍!!!

ഞാന്‍ ഗേറ്റില്‍ വായുന്നോക്കിയിരുന്ന സമയം, നമ്മുടെ നായകന്‍ അച്ചനെ കാണാന്‍ ചെല്ലുകയും, വില്ലന്‍റെ പരിപാടിക്ക് തന്‍റെ സ്പോന്‍സറുടെ കാശു എന്ത് വന്നാലും കൊടുക്കാന്‍ പാടില്ല എന്നും കട്ടായം പറഞ്ഞുകളയുന്നു. ഈ അല്പത്തരം കേട്ടു കോപാക്രാന്തനായ അച്ചന്‍, ഒരു കെട്ടു നോട്ടു നായകന്‍റെ മുഖത്തേക്ക് പരസ്യമായി വലിച്ചെറിയുകയും, ഇനി മേലാല്‍ ഈ ഏരിയയില്‍ കണ്ടു പോകരുത് എന്ന് താക്കീതുകയും ചെയ്തു. ഇതിനു ദൃക്സാക്ഷികളായി നായകന്‍റെ ക്ലാസ്സിലെ ഒരുവിധപ്പെട്ട എല്ലാ പെണ്‍പിള്ളേരും, പിന്നെ സാക്ഷാല്‍ വില്ലനും – പോരെ?

അപമാനിതനും പ്രതികാരദാഹിയുമായ നായകന്‍, എന്നാല്‍ പിന്നെ എന്‍റെ ബാനര്‍ അവന്‍റെ ഒടുക്കത്തെ പരിപാടിയുടെ മണ്ടയില്‍ കെട്ടണ്ട എന്ന ഉറച്ച തീരുമാനം എടുക്കുകയും, അത് നടപ്പിലാക്കുക എന്ന ദൗത്യം സുന്ദരമായി എന്‍റെ തലയില്‍ കെട്ടി വെക്കുകയും ചെയ്യുന്നു.

നായകനുമായുള്ള ഉഗ്രന്‍ കലിപ്പും കഴിഞ്ഞു, കോളേജു ഫെസ്റ്റിവലിന്‍റെ കൊടിയേറ്റം നടത്താനായി സ്റ്റേജിലെക്കുള്ള ക്ഷണം കേട്ടു തയ്യാറായിക്കൊണ്ടിരുന്ന സിംഹത്തിന്‍റെ മുന്നിലാണ് ബാനര്‍ അഴിക്കണം എന്നും പറഞ്ഞു ഞാന്‍ ചെല്ലുന്നത്!!!

മോങ്ങാനിരുന്ന അച്ചന്‍റെ തലയില്‍ വീണ തേങ്ങയായിരുന്നു ഞാന്‍ എന്നത് പിന്നീടുള്ള സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് എനിക്കു മനസ്സിലാകുന്നത്‌.

പിന്‍കുറിപ്പ് ; വില്ലന്‍റെ ചതിയില്‍ രോഷം കൊണ്ട ചില നായകസുഹൃത്തുക്കള്‍, വില്ലനെ ഇപ്പോള്‍ ശരിയാക്കിത്തരാം എന്നും പറഞ്ഞു ചാടിയിറങ്ങുകയും, പിടിച്ചുനിര്‍ത്താന്‍ ആരും തയ്യാറാകുന്നില്ല എന്ന് കണ്ടു സ്വയം നിയന്ത്രിച്ചു, നിന്നെ പിന്നെ എടുത്തോളാം ഡയലോഗും അടിച്ചു വാലും ചുരുട്ടി തിരിച്ചുവന്നതു വേറൊരു കഥ.