മലയാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, മേയ് 26, 2014

ആഴങ്ങള്‍

നിന്നെ,യെന്നാഴങ്ങളി,ലുള്‍ക്കൊള്ളുവാന്‍,
നിന്നിലേ,യാഴങ്ങളിലേയ്ക്ക് വളര്‍ന്നിറങ്ങുവാന്‍,
നിത്യമെന്നുമുള്ളം നിശബ്ദമായി,
നിഗൂഡമായുള്ളില്‍ ത്രസ്സിച്ചിരുന്നു.

ഒരേ ഭ്രാന്ത്...


സുഹൃത്തേ,
ബന്ധങ്ങളുടെ ആഴച്ചുഴിയറിഞ്ഞവനല്ല ഞാന്‍...
താഴേക്കിറങ്ങാനുതകുമ്പോള്‍...
ഇരുട്ട്‌...വേദന...
ഒരു നിമിഷം...ഞാന്‍ തിരികെക്കരേറി...
ഭയം...പരാജിതന്‍റെ ആത്മഭയം...
വരികളെഴുതി, ചുരുട്ടിയെറിഞ്ഞ
വെളുത്ത കടലാസ്സുകളാലതി-
ന്നാഴം കുറയ്ക്കുവാന്‍ ഞാന്‍ ശ്രമിച്ചു...
നിര്‍വികാരതയുടെ നീരസത്താ-
ലൊളിച്ചോടുവാന്‍ ഞാന്‍ ശ്രമിച്ചു...
നീറുന്ന,യോര്‍മ്മകളെന്നിലെ
മതിഭ്രമത്തിന്‍റെ ശേഷിപ്പുകള്‍...
ഞാനുറക്കെ,യുറക്കെ ചിരിച്ചു...
ആഴങ്ങളില്‍ നിന്നുമൊരു മാറ്റൊലി കേള്‍ക്കുന്നു...
അറിഞ്ഞവന്‍റെ ഭ്രാന്ത്...
അറിയാത്തവന്‍റെ ഭ്രാന്തിനോട് പ്രതികരിക്കുന്നു...
അതേ ഭാഷയില്‍...
അതേ ശബ്ധത്തില്‍...

ഞായറാഴ്‌ച, മേയ് 11, 2014

വൈരുദ്ധ്യങ്ങള്‍.

സ്വത്വം

ഇരുട്ടും വെളിച്ചവും സ്വത്വം കൈമാറി...
ഇന്നെനിയ്ക്കു ഇരുട്ടില്‍ കാണാം...
വെളിച്ച,മോര്‍മ്മകളില്‍
ചിതറിപ്പോയ ഒരു ബള്‍ബ്‌...

നിറം

കറുത്ത പ്രഭാതത്തില്‍
ചുവന്ന പുഴുക്കള്‍
വെളുത്ത ചോര കുടിക്കുന്നു.
നിറങ്ങള്‍ക്ക് ഭ്രാന്ത്‌ പിടിച്ചു...

ആത്മഹത്യ

ഉറക്കഗുളികകളുടെ കുപ്പി കാലിയായി.
നുരയും പതയും മഷി പടര്‍ത്തിയ
കടലാസ്സിലൊടുവി,ലവളുടെ
ഓര്‍മ്മകള്‍ മാത്രം ശേഷിച്ചു.

മരണം

നിശബ്ധമായ ഏകാന്തത.
പുകയൂതുന്ന പ്രഭാതം.
മിടിക്കാന്‍ മടിക്കുന്ന ഹൃദയം.
ഒരു കാലൊച്ച കേള്‍ക്കുന്നുണ്ടോ?

മഴ

മഴ പെയ്തിറങ്ങുന്നു.
ചിതല്‍പുറ്റുകലൊലിച്ചിറങ്ങി
ചെളികെട്ടിയ മനസ്സ്.
അഭയം തേടി ഞാനെത്തിയത്
ഇന്നലെ മുളച്ച കൂണുകള്‍ക്ക് കീഴില്‍.

നിസ്സംഗത.

ചിതകൂട്ടി, ചിറകറുത്ത,തിലെറിഞ്ഞു                   
പുറം തിരിഞ്ഞു നടക്കുന്ന
പക്ഷിയുടെ നിസ്സംഗത.
വേടന്‍റെ ധര്‍മ്മസങ്കടം.

ഞായറാഴ്‌ച, ജനുവരി 26, 2014

ശിഖണ്ഡി.

ഇളം ചുവപ്പു കലര്‍ന്ന ആകാശം.
പകല്ച്ചൂടുറങ്ങി, നിലാവിന്‍റെ മഞ്ഞുതുള്ളികള്‍ക്കായി
കാത്തുകിടക്കുന്ന തീരം_
യമുനയുടെ തീരം.
അകലെയെങ്ങോ മിന്നിത്തുടങ്ങിയ നക്ഷ്ത്രങ്ങള്‍,
ചുറ്റും നിശബ്ധമായ ഏകാന്തത.
ആ വിദൂരതയില്‍, ചെടികള്‍ക്കിടയില്‍,
ഞാനൊളിച്ചിരുന്നു – ഊഴവും കാത്തു.
ഞാന്‍, ശിഖണ്ഡി!

നിങ്ങള്‍ ഞെട്ടിയോ?
അരുത്!

വ്യാസന്‍ രചിച്ച കള്ളക്കഥയാണ് എന്‍റെ മരണം!!!
അമരനാണ് ഞാന്‍.
അശ്വഥാമാവിനു മുന്നേ അലയാന്‍ തുടങ്ങിയവന്‍.
എന്‍റെ മരണം – അത് നിങ്ങള്‍ വിശ്വസിച്ചു.
വ്യാസന്‍ നല്ല ഒരെഴുത്തുകാരന്‍ ആയിരുന്നു.
എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ ചോദിക്കണമെന്നുണ്ടായിരുന്നു,
എന്നെ കൊന്നി,ട്ടലയാന്‍ വിട്ടതെന്തിനെന്നു?

ആരാലും തിരിച്ചറിയപ്പെടാതെ നിങ്ങള്‍ക്കിടയില്‍ ഞാന്‍ ജീവിച്ചു.
എത്രായിരം വര്‍ഷങ്ങള്‍ കടന്നുപോയി എന്നെനിക്കറിയില്ല.
നിങ്ങളും വ്യാസനും പക്ഷെ, പിന്നീട് എന്നെത്തിരഞ്ഞ് വന്നില്ല.
എനിക്കതില്‍ പരാതിയില്ല.

നിങ്ങളുടെ മറവിയില്‍ നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിരുന്നു.
ചിലപ്പോള്‍ സ്വയം ആയുധമായി.
ചിലപ്പോള്‍ ഭീരുക്കളുടെ കവചമായി.
മുഖമായി, ശബ്ദമായി.
നിങ്ങളറിയാതെ പലപ്പോഴും ഞാന്‍ മുന്നില്‍ നിന്നും പടനയിച്ചു.
അല്ല, നിങ്ങള്‍ എന്നെ മുന്‍നിറുത്തി പടനയിച്ചു.

നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമോ എന്നെനിക്കറിയില്ല.
എന്‍റെ ശരിയും തെറ്റും_
അതിനു വ്യാസന്‍ ഗീതയില്‍ വ്യാഖ്യാനങ്ങള്‍ കൊടുത്തിട്ടില്ല.
ഒരുപക്ഷെ ഞാന്‍ വെറുമൊരു ഉപകരണമായത് കൊണ്ടാകാം.
ഉപകരണത്തിന്‍റെ ശരിയും തെറ്റും നിശ്ചയിക്കാനാവില്ല.
ഉപയോഗിക്കുന്നവന്‍റെ ഔചിത്യം.
അതില്‍ കവിഞ്ഞൊരു സ്വത്വം ഉപകരണത്തിനില്ല.
അതിനാലാകാം വ്യാസന്‍ നിങ്ങള്‍ക്കു മുന്നില്‍ എന്നെ കൊന്നതു,
അലയാന്‍ വിധിച്ചത്.

എനിക്കു പരിഭവമില്ല.

ഇന്നു, ഈ യമുനാതീരത്തു
ഈ പടര്‍പ്പുകള്‍ക്കിടയില്‍ ആയുധമേന്തി ഒളിച്ചിരിക്കുമ്പോളും
എനിക്കു ശരിയും തെറ്റുകളുമില്ല.

വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും വേദാന്തവുമായി ചിലര്‍ വന്നു.
അവര്‍ക്കൊരു മുഖം വേണമായിരുന്നു.
ശബ്ദം വേണമായിരുന്നു.
ആയുധമേന്താന്‍ കൈകള്‍ വേണമായിരുന്നു.

അങ്ങനെ ശരിയും തെറ്റുമില്ലാത്ത ഞാന്‍
അവരുടെ ശരിയായി.
നിങ്ങളുടെ തെറ്റായി.

നേരം ഇരുണ്ടു തുടങ്ങി.

പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആ സ്മാരകത്തിനു മുകളില്‍
നിലാവ് പടര്‍ന്നിറങ്ങി.
കണ്ണീരിന്‍റെ നനവു പടര്‍ന്ന ആ മാര്‍ബിള്‍ കല്ലുകള്‍ തിളങ്ങി.
എന്‍റെ നിര്‍വികാരതയില്‍...
ശരിയും തെറ്റുമില്ലായ്മയില്‍, അവ ഇന്ന് തകരും.
ചിതറിത്തെറിക്കുന്ന മാര്‍ബിള്‍ കഷണങ്ങളവ-
നിങ്ങള്‍ ഓരോരുത്തരെയും വ്രണപ്പെടുത്തും.
നിങ്ങളുടെ ശരികളും തെറ്റുകളും തമ്മിലുള്ള പോരാട്ടം
_അവിടെ തുടങ്ങും.

എന്‍റെ ദൗത്യം പൂര്‍ണ്ണമായി.

അമരത്വത്തിന്‍റെ ഏകാന്തതയിലേക്ക് ഞാന്‍ വീണ്ടും മടങ്ങട്ടെ.
എന്നെത്തേടി നിങ്ങള്‍ ഇനിയും വരാതിരിക്കില്ല.
മുഖവും ശബ്ദവും കൈകളും നിങ്ങള്‍ക്കിനിയും ആവശ്യം വരും.
കാരണം നിങ്ങള്‍ ഭീരുക്കളാണ്.
ഷണ്ഡന്മാരാണ്.

ശനിയാഴ്‌ച, ജനുവരി 18, 2014

പുലിജന്മം.

“വാഴുന്നോര്‍ക്ക് പ്രാന്ത്...
മറ്റുള്ളോര്‍ക്കൊക്കെ ആധി.
കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചുടെ ഗുരുക്കളെ?
ഞാനും എന്‍റെ ഓളും, ഓക്കുള്ള മക്കളും എന്നു നിനച്ചുടെ ഗുരുക്കളെ?
ഒരു പൊട്ടന്‍ കളി കളിച്ചുടെ എന്‍റെ ഗുരുക്കളെ?”

പൊട്ടന്‍റെയും കുറത്തിയുടെയും ഉപദേശം ചെവികൊള്ളാന്‍ നില്‍ക്കാതെ, പുലിയൂരില്‍ പോയി പുലിവേഷം മറഞ്ഞു പുലിജടയും പുലിവാലും കൊണ്ടുവന്നു, വാഴുന്നോരുടെ പ്രാന്തും മറ്റുള്ളോരുടെ ആധിയും മാറ്റാന്‍ ഇറങ്ങിത്തിരിക്കുകയാണ് കാരി ഗുരുക്കള്‍. ചാളയിലെത്തി വെള്ളച്ചിയോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍, പുലിവേഷത്തില്‍ തിരിച്ചെത്തുന്ന തന്നെ കണ്ടു പേടിക്കരുതെന്നും, അരിക്കാടിവെള്ളവും അടിക്കാച്ചിലും കൊണ്ട് തന്‍റെ നരവേഷം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ചട്ടപ്പെടുത്തുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍, കാരി ഗുരുക്കളുടെ പുലിവേഷം കണ്ടു വെള്ളച്ചി ഭയക്കുകയും, കയ്യില്‍ നിന്നും അരിക്കാടിവെള്ളം നിറച്ച കുടം വീണുടയുകയും ചെയ്യുന്നു. അങ്ങനെ നരനാകാന്‍ കഴിയാതെ പുലിയായി ഗുരുക്കള്‍ കാട്ടിലലഞ്ഞു തീരുന്നു.

കാരി ഗുരുക്കളുടെ കഥ നാടകമാക്കാന്‍ ശ്രമിക്കുന്ന പ്രഭാകരന്‍ - കമ്മ്യൂണിസ്റ്റുകാരനും മനുഷ്യസ്നേഹിയുമായ പ്രഭാകരന്‍. ഒരു വര്‍ഗ്ഗീയലഹളയുടെ പശ്ചാത്തലത്തില്‍ വാഴുന്നവര്‍ക്ക് പ്രാന്താവുകയും മറ്റുള്ളവര്‍ക്ക് ആധിയാവുകയും ചെയ്തപ്പോള്‍ അറിയാതെ പ്രഭാകരനു പുലിവേഷം കെട്ടേണ്ടി വരുന്നു. പ്രത്യയശാസ്ത്രങ്ങളും പാര്‍ട്ടിയും പ്രഭാകരനെ കൈവിടുന്നു. കൂടെനിന്നവര്‍ പൊട്ടന്‍കളി കളിച്ചു രക്ഷപ്പെടുന്നു. ഒടുവില്‍ സ്നേഹിച്ച പെണ്ണായ ഷഹനാസ് മുന്നില്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ വെള്ളച്ചിയുടെ ഭയം പ്രഭാകരന്‍ അവളില്‍ കാണുന്നു.           

ആ നിമിഷത്തില്‍ കാരി ഗുരുക്കളുടെയും പ്രഭാകരന്‍റെയും വിധികള്‍ ഒന്നാകുന്നു.


മിത്തും സമകാലീനതയും ഇഴചേര്‍ത്തു പ്രിയനന്ദനന്‍ ഒരുക്കിയ പുലിജന്മം അവിസ്മരണീയമായ ഒരു അനുഭവം പകരുന്നു.      

ഞായറാഴ്‌ച, ഡിസംബർ 08, 2013

രക്തബന്ധം.


റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്‍റെ മുന്നില്‍ വെച്ചാണ്‌ ഞാന്‍ ആദ്യമായി അജിത്തേട്ടനെ കാണുന്നത്. ഏതാണ്ട് മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍. ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച കറുത്ത കണ്ണുകള്‍. വെളുക്കേയുള്ള ചിരിയില്‍ ഒരു ജന്മത്തിന്‍റെ വേദന ഒളിച്ചിരിക്കുന്നതായി തോന്നും. ഒടുവില്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍, അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരുന്നു എന്ന് എനിക്കറിയാമായിരുന്നു. അല്ല, ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്നു.  അതായിരുന്നു പതിവ്.

ഏതാനും മിനിറ്റുകള്‍ മാത്രം ആയുസ്സുള്ള രക്തബന്ധങ്ങള്‍.

കഴിഞ്ഞ ഒരു മാസമായി അജിത്തേട്ടന്‍ ക്യാന്‍സര്‍ സെന്‍റെറില്‍ ഉണ്ട്. അഞ്ചു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ ഏക മകളെ അര്‍ബുദം കാര്‍ന്നുതിന്നാന്‍ തുടങ്ങിയത് വളരെ വൈകിയാണ് അറിയുന്നത്. 

അവസ്സാനത്തെ സ്റ്റേജ്.

ഇനി പ്രതീക്ഷകളില്ല. അത്ഭുതങ്ങള്‍ക്ക് അവളെ രക്ഷിക്കാന്‍ ആവില്ല.

വ്യഭിചരിക്കുന്ന കോശങ്ങള്‍ പെറ്റുപെരുകി ആ ശരീരത്തെ ജീര്‍ണിപ്പിച്ചു കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളുന്ന കിരണങ്ങളേറ്റു വാടിത്തളര്‍ന്നുപോയ അവളുടെ പിഞ്ചു ശരീരത്തിന് ദിവസ്സവും മൂന്നും നാലും യുണിറ്റ് രക്തം വേണമായിരുന്നു – അവളുടെ വേദനകള്‍ ഏതാനും ദിവസങ്ങള്‍ കൂടി നീട്ടിക്കിട്ടാന്‍.

പലവഴി ഡോണര്സ്സിനെ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിനിടയില്‍ ആണ് ഫ്രണ്ട്‌സ്‌ ടു സപ്പോര്‍ട്ട് എന്ന വെബ്സൈറ്റില്‍ നിന്നും എന്‍റെ ഫോണ്‍ നമ്പര്‍ അജിത്തേട്ടനു കിട്ടുന്നത്. അന്നാണു ഞാന്‍ ആദ്യമായി അജിത്തേട്ടനോട് സംസാരിക്കുന്നത്. അടുത്ത ദിവസ്സം രാവിലെ എത്താം എന്ന് ഞാന്‍ വാക്ക് കൊടുക്കുന്നു.

മാരകമായ ഒരു രോഗം ആണ് ക്യാന്‍സര്‍ എന്ന് എനിക്കറിയാം. പക്ഷെ ഒരു രോഗിയുടെയോ, അവരുടെ ബന്ധുക്കളുടെയോ അവസ്ഥ എന്തെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്‍റെ ആവശ്യം ഇല്ലായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടു മറവിയില്‍ മറഞ്ഞുപോകുന്നവര്‍. അതുകൊണ്ട് തന്നെ, തികച്ചും പരിചിതമായ, രോഗികള്‍ തിങ്ങിനിറഞ്ഞു ഊഴം കാത്തുനില്‍ക്കുന്ന കോറിഡോറിലൂടെ അജിത്തേട്ടന്‍റെ ഒപ്പം ബ്ലഡ്‌ബാങ്കിലേക്ക് നടക്കുമ്പോള്‍, ഒരു പതിവുകാരന്‍റെ യാന്ത്രികമായ അലസ്സത എന്നില്‍ പ്രകടമായിരുന്നു.
ഡോക്ടറെ കണ്ടു ഡൊനേഷന്‍ ഫോം ഫില്ല് ചെയ്തു ഊഴം കാത്തു ഞാനാ ഇടനാഴിയില്‍ നിന്നു.

“ഇന്ന് നല്ല തിരക്കുണ്ട്‌. ധൃതിയുണ്ടെങ്കില്‍ ഞാന്‍ പോയി നേരത്തെ വിളിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇവിടെ എല്ലാര്‍ക്കും ഇപ്പോള്‍ നല്ല പരിചയം ആണ്.”, ഒരു ചെറിയ ചിരിയോടെ അജിത്തേട്ടന്‍ പറഞ്ഞു.

എന്തായാലും അത് വേണ്ടി വന്നില്ല. ഉടനെ തന്നെ എന്‍റെ പേര് വിളിച്ചു.

രക്തം കൊടുത്തതിനു ശേഷം തിരിച്ചിറങ്ങി ഞാന്‍ ഷൂസ് ഇടാന്‍ തുടങ്ങിയപ്പോള്‍, എവിടെ നിന്നോ തിക്കിത്തിരക്കി അജിത്തേട്ടന്‍ അടുത്ത് വന്നു.

“ക്ഷീണം ഒന്നും ഇല്ലല്ലോ അനിയാ?”

“ഹേയ്..ഇല്ല...ഞാന്‍ എന്നാല്‍ അങ്ങോട്ട്‌ പോട്ടെ? ഓഫീസില്‍ കയറാന്‍ സമയം ആയി.”, ഷൂസ് ഇടുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.

“അയ്യോ! അത് പറ്റില്ല. എന്തെങ്കിലും കഴിച്ചിട്ട് പോകാം. അല്ലാതെ പോകാന്‍ ഞാന്‍ സമ്മതിക്കില്ല.”, നിര്‍ബന്ധിച്ചുകൊണ്ട് അജിത്തേട്ടന്‍ പറഞ്ഞു.

ഒന്നും വേണ്ട എന്ന് പുള്ളിയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം എടുത്തു. സമയമില്ലായ്മ മാത്രം ആയിരുന്നില്ല പ്രശ്നം. ഒരു പ്രതിഫലം – സ്നേഹത്തിന്‍റെ പേരിലായാലും കൈപറ്റാനുള്ള വൈമുഖ്യം. അതുകൊണ്ടാണ് വേണ്ടാന്ന് വെച്ചതു.

ഒടുവില്‍ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയ അജിത്തേട്ടന്‍ എന്നെ പോകാന്‍ അനുവദിച്ചു.

“എന്തായാലും എന്‍റെ മോളെ ഒന്നു കണ്ടിട്ട് പോ...”, നടന്നു തുടങ്ങിയ എന്നെ പിന്നില്‍ നിന്നും വിളിച്ചു നിറുത്തി.

ഞാന്‍ നിസ്സഹായനായി.

ഇതിനു മുന്‍പ് ഒരിക്കലും ഞാന്‍ രക്തം കൊടുത്ത ഒരു രോഗിയെയും ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. അനാവശ്യമായ ഒരു ബന്ധത്തില്‍ നിന്നുമുള്ള മനപ്പൂര്‍വ്വമായ ഒരു ഒളിച്ചോട്ടം. ഇങ്ങനെ ഒരു ആവശ്യം ആരും പറയാറും ഇല്ല.

പക്ഷെ ആ മനുഷ്യന്‍റെ മുഖത്ത് നോക്കി പറ്റില്ല എന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.

മുകളിലത്തെ വാര്‍ഡില്‍, മുടികൊഴിഞ്ഞു, വേദനയിലും അവിടെ എവിടെയോ ഓടി നടന്നിരുന്ന മകളെ വാരിയെടുത്തു കൊണ്ട് വന്നു അജിത്തേട്ടന്‍ എനിക്കു പരിചയപ്പെടുത്തി. തന്നു. ആരാ എന്ന ഭാവത്തില്‍ അച്ഛന്‍റെ നെഞ്ചിലാര്‍ന്നു മുഖം ചരിച്ചു എന്നെ നോക്കിയ അവളോട്‌ എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു. പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നു.

എന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയതിനാലാകാം, അധികനേരം അവിടെ നില്‍ക്കാതെ, അവളെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചു എന്നെയും കൂട്ടി അജിത്തേട്ടന്‍ താഴേക്കിറങ്ങി. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നു പറഞ്ഞു ഞാന്‍ യാത്ര ചോദിച്ചു.

അന്നാണു, ആ ക്യാന്‍സര്‍ സെന്‍ററിന്‍റെ മുന്നില്‍ വെച്ചാണ്‌ ഞാന്‍ അവസാനമായി അജിത്തേട്ടനെ കാണുന്നത്.

ആര്‍ സി സിയില്‍ മുന്‍പ് പല പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഒരു ക്യാന്‍സര്‍ രോഗിയെ പരിചയപ്പെടുന്നതു - അതും ഒരു പിഞ്ചുകുഞ്ഞിനെ. മരണം നിഴലിച്ച അവളുടെ മുഖം ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്. ഇതെഴുതുമ്പോള്‍ ആ കൂടിക്കാഴ്ച കഴിഞ്ഞു ഒരുപാടു വര്‍ഷങ്ങള്‍ ആയിരിക്കുന്നു. എങ്കിലും അന്നത്തെ ഓരോ നിമിഷവും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

അതിനു ശേഷമുള്ള ആഴ്ചകളില്‍ പലപ്രാവശ്യം അജിത്തേട്ടന്‍ എന്നെ വിളിച്ചിരുന്നു. സമയത്തിന് ഡോനേര്‍സിനെ കിട്ടാത്തെ വരുമ്പോള്‍ ഒരു അവസാനശ്രമം എന്ന നിലയില്‍, ഒരു ക്ഷമാപണത്തിന്‍റെ മുഖവുരയോടെ അജിത്തേട്ടന്‍റെ ഫോണ്‍ വരും. എന്നെ കൊണ്ടാവുന്ന വിധം കോളേജുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഞാന്‍ ഡോണര്സിനെ സംഘടിപ്പിച്ചു കൊടുത്തിരുന്നു.

ഏതാണ്ട് ഒരു രണ്ടാഴ്ച കഴിഞ്ഞു.

അന്നും അജിത്തേട്ടന്‍ വിളിച്ചു. ശബ്ദം വല്ലാതെ ഇടറിയിരുന്നു. തളര്‍ന്നു പോയ ഒരു മനുഷ്യന്‍റെ ശബ്ദം.

“എങ്ങനെയെങ്കിലും രണ്ടു പേരെ...”

അന്നു രണ്ടു ഡോനെര്‍സിനെ കണ്ടു പിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ഒരുപക്ഷെ ഞാന്‍ പൂര്‍ണ്ണമായും ശ്രമിച്ചിട്ടുണ്ടാവില്ല.    

അത് കൊണ്ടാകാം.

എനിക്കു അജിത്തേട്ടനെ തിരിച്ചു വിളിക്കാന്‍ ധൈര്യം ഇല്ലായിരുന്നു.
അന്ന് ഞാന്‍ വിളിച്ചില്ല.

അടുത്ത ദിവസ്സം ഞാന്‍ അയച്ച മെയില്‍ വായിച്ചു ആരോ എന്നെ വിളിച്ചു – രണ്ടു പേര്‍ അന്നേയ്ക്കു രക്തം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞു.

ആശ്വാസ്സത്തോടെ ഞാന്‍ അജിത്തേട്ടനെ വിളിക്കാന്‍ ഫോണ്‍ എടുത്തു. അങ്ങോട്ട്‌ വിളിക്കും മുന്നേ അജിത്തേട്ടന്‍ ഇങ്ങോട്ടു വിളിച്ചു.

“അജിത്തേട്ടാ, ഇന്നലെ ആരെയും കിട്ടിയില്ല. ഇന്ന് രണ്ടു പേരെ കിട്ടി. ഞാന്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്‌, അവിടെ എത്തി അവര്‍ വിളിക്കും.”, ഇങ്ങോട്ട് ഒന്നും പറയാന്‍ അനുവദിക്കാതെ ഒറ്റശ്വാസ്സത്തില്‍ ഞാന്‍ പറഞ്ഞു.

ഒരു നിമിഷത്തിന്‍റെ മൗനം.

“അനിയാ, ഇനി അവരോടു വരണ്ട എന്ന് പറ. ഇനി വേണ്ട...”, പതിയെ അജിത്തേട്ടന്‍ പറഞ്ഞു.

വേറെ ഡോനെര്‍സിനെ കിട്ടിക്കാണും എന്ന് കരുതി ഞാന്‍ അവരോടു നാളെയോ മറ്റന്നാളോ ആവശ്യം ഉണ്ടെങ്കില്‍ വരാന്‍ പറയാം എന്ന് പറയുന്നു.

“അതല്ല അനിയാ, മോള് ഇന്നലെ രാത്രി മരിച്ചു. നിന്നോട് ഒന്നു വിളിച്ചു പറയണം എന്ന് തോന്നി...അതാ...”

നിശബ്ധമായ കുറേ നിമിഷങ്ങള്‍.

ഇനിയൊന്നും പരസ്പരം പറയാനില്ല എന്ന് തോന്നിയത് കൊണ്ടാകാം, ഞങ്ങള്‍ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ക്കിടയിലെ രക്തബന്ധം – അത് തലേന്നു രാത്രി അറ്റുപോയിരുന്നു.

ഒന്നും പറയാതെ തന്നെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
പേരറിയാത്ത ആ അനിയത്തിക്ക് വേണ്ടി രണ്ടു തുള്ളി കണ്ണുനീര്‍ - നിറമില്ലാത്ത ആ തുള്ളികള്‍ക്ക് എന്‍റെ ചോരയുടെ മണമുണ്ടായിരുന്നു.


അന്നായിരുന്നു ഞാന്‍ അവസ്സാനമായി അജിത്തേട്ടനോട് സംസാരിക്കുന്നത്.

ചൊവ്വാഴ്ച, ഡിസംബർ 03, 2013

ജ്ഞാനസ്നാനം.

പലയിടങ്ങളിലായി ചിതറിവീണ സ്വപ്‌നങ്ങള്‍,
പൊടിയില്‍ മണ്ണിലാണ്ടു മരവിച്ചു കിടക്കുന്നു.
ജീവിതമി,തെരിഞ്ഞു തീരുന്നു,
ചുണ്ടിലെരിയുന്ന ചുരുട്ടു പോലെ.
മലര്‍ക്കെ കിടക്കുന്ന ജനലഴികള്‍,
വെളിച്ചം കൊതിക്കുന്ന വേഴാമ്പലുകളായി;
വാതിലിലെ കനത്ത വിജാഗിരി,
അത് ശബ്ധിക്കാതായിട്ടു ദിവസങ്ങളേറെയായി.
എങ്ങോ വെച്ച് മറന്നിരിക്കുന്നു,
ഓര്‍മകളുടെ അറകളിലേക്കുളള താക്കോല്‍.
ഒരേറ്റുപറച്ചിലിന്‍റെ ഈണത്തില്‍,
താരാട്ടു കേട്ടുറങ്ങുവാന്‍ കൊതിക്കുന്ന ലോകം
_ചവറ്റുകുട്ടയില്‍ എച്ചിലു ചികയുന്ന നായയെപ്പോലെ,
മണത്തു മണത്തു ചുറ്റിനും തിരഞ്ഞു നടക്കുന്നു.
തിളച്ച ഉപ്പുവെള്ളം മുറിവുകളില്‍ കോരിയൊഴിച്ച്
ആശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ലോകം.
നീറിക്കരഞ്ഞുകൊണ്ടും ഊറിച്ചിരിച്ചുകൊണ്ടും,
ആ വേദനയില്‍...
ജ്ഞാനസ്നാനത്തില്‍...
ഞാന്‍ മോക്ഷം നേടി...         

ഞായറാഴ്‌ച, ഒക്‌ടോബർ 27, 2013

കരിങ്കൊടി സമരം!


ഈ ബൂര്‍ഷ്വാ മാധ്യമങ്ങളെകൊണ്ട് തോറ്റു. ഒരു വാര്‍ത്തയെ അവര്‍ എങ്ങനെ ആണ് വളച്ചൊടിക്കുന്നത് എന്ന് കാണുക.

ഒരുവിധപ്പെട്ട എല്ലാ ചാനലിലും വന്ന വാര്‍ത്ത :

കണ്ണൂരില്‍ പോലീസ് മീറ്റില്‍ പങ്കെടുക്കുവാന്‍ വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറുണ്ടായി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ഒരു വശത്തെ ചില്ല് തകരുകയും, ചില്ല് തെറിച്ചു മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കും പ്രതിഷേധവും വകവെയ്ക്കാതെ മുഖ്യമന്ത്രി നേരത്തെ നിശ്ച്ചയിച്ചപോലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിയ്ക്കുന്നു. രംഗം വഷളാകും എന്ന് കണ്ട പ്രവര്‍ത്തകര്‍ ഇപ്പോള്‍ പിരിഞ്ഞുപോയിരിക്കുന്നു. ഏതാനും പേര്‍ അറസ്റ്റില്‍ ആയെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

ഇനി നേരറിയാന്‍ നേരത്തെ അറിയാന്‍ ചാനലില്‍ ഇതേ വാര്‍ത്ത‍ എത്തിയപ്പോള്‍ :

കണ്ണൂരില്‍ പോലീസ് മീറ്റ്‌ ഉത്ഘാടനം ചെയ്യാന്‍ വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സമാധാനപരമായി കരിങ്കൊടി കാണിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അക്രമവും ലാത്തിച്ചാര്‍ജും. ലാത്തിച്ചാര്‍ജില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നതായി റിപ്പോര്‍ട്ട്‌ ഉണ്ട്!!! പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തിനെതിരായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി ഒത്തുകൂടിയിട്ടുണ്ട്.

എന്താ അല്ലെ ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ഒരു കാര്യം!!!

ഇനി പരലോകത്ത് വന്ന റിപ്പോര്‍ട്ട്‌ :

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കരിങ്കൊടി സമരം. കരിങ്കൊടി കണ്ടു പേടിച്ചു മുഖ്യമന്ത്രിയുടെ ഇന്നോവ കാറിന്‍റെ ഒരു വശത്തെ ചില്ല് തകരുകയും, തകര്‍ന്ന ചില്ല് തെറിച്ചു സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന ഒരു പ്രവര്‍ത്തകന്‍റെ പുത്തന്‍ വെള്ളമുണ്ടില്‍ ചെറിയൊരു തുള വീഴുകയും ചെയ്തു. തുളവീണ മുണ്ടുമായി സഖാവു കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ടുണ്ട് – നിലവാരം കുറഞ്ഞ ചില്ല് ഘടിപ്പിച്ച ഇന്നോവ കാര്‍ നിര്‍മാതാക്കള്‍ക്ക് എതിരെ ആണ് സഖാവിന്‍റെ കുത്തിയിരുപ്പ് സമരം. ഇന്നോവ കാര്‍ നാളെ മുതല്‍ ഉപരോധിക്കണോ എന്ന തീരുമാനം എടുക്കാനായി നേതാക്കള്‍ ഡല്‍ഹിക്ക് വൈകുന്നേരത്തെ ഫ്ലൈറിന് തന്നെ പറക്കും എന്ന് സൂചന.

പിന്‍കുറിപ്പ് : ഇനി മുതല്‍ സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കറുത്ത മുണ്ട് ധരിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുണ്ട് കീറുകയാണെങ്കില്‍ കരിങ്കൊടിയായി ഉപയോഗിക്കാമല്ലോ.


നികുതി അടക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു പാവം കഴുത.