poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, മേയ് 11, 2014

വൈരുദ്ധ്യങ്ങള്‍.

സ്വത്വം

ഇരുട്ടും വെളിച്ചവും സ്വത്വം കൈമാറി...
ഇന്നെനിയ്ക്കു ഇരുട്ടില്‍ കാണാം...
വെളിച്ച,മോര്‍മ്മകളില്‍
ചിതറിപ്പോയ ഒരു ബള്‍ബ്‌...

നിറം

കറുത്ത പ്രഭാതത്തില്‍
ചുവന്ന പുഴുക്കള്‍
വെളുത്ത ചോര കുടിക്കുന്നു.
നിറങ്ങള്‍ക്ക് ഭ്രാന്ത്‌ പിടിച്ചു...

ആത്മഹത്യ

ഉറക്കഗുളികകളുടെ കുപ്പി കാലിയായി.
നുരയും പതയും മഷി പടര്‍ത്തിയ
കടലാസ്സിലൊടുവി,ലവളുടെ
ഓര്‍മ്മകള്‍ മാത്രം ശേഷിച്ചു.

മരണം

നിശബ്ധമായ ഏകാന്തത.
പുകയൂതുന്ന പ്രഭാതം.
മിടിക്കാന്‍ മടിക്കുന്ന ഹൃദയം.
ഒരു കാലൊച്ച കേള്‍ക്കുന്നുണ്ടോ?

മഴ

മഴ പെയ്തിറങ്ങുന്നു.
ചിതല്‍പുറ്റുകലൊലിച്ചിറങ്ങി
ചെളികെട്ടിയ മനസ്സ്.
അഭയം തേടി ഞാനെത്തിയത്
ഇന്നലെ മുളച്ച കൂണുകള്‍ക്ക് കീഴില്‍.

നിസ്സംഗത.

ചിതകൂട്ടി, ചിറകറുത്ത,തിലെറിഞ്ഞു                   
പുറം തിരിഞ്ഞു നടക്കുന്ന
പക്ഷിയുടെ നിസ്സംഗത.
വേടന്‍റെ ധര്‍മ്മസങ്കടം.

ഞായറാഴ്‌ച, ജനുവരി 26, 2014

ശിഖണ്ഡി.

ഇളം ചുവപ്പു കലര്‍ന്ന ആകാശം.
പകല്ച്ചൂടുറങ്ങി, നിലാവിന്‍റെ മഞ്ഞുതുള്ളികള്‍ക്കായി
കാത്തുകിടക്കുന്ന തീരം_
യമുനയുടെ തീരം.
അകലെയെങ്ങോ മിന്നിത്തുടങ്ങിയ നക്ഷ്ത്രങ്ങള്‍,
ചുറ്റും നിശബ്ധമായ ഏകാന്തത.
ആ വിദൂരതയില്‍, ചെടികള്‍ക്കിടയില്‍,
ഞാനൊളിച്ചിരുന്നു – ഊഴവും കാത്തു.
ഞാന്‍, ശിഖണ്ഡി!

നിങ്ങള്‍ ഞെട്ടിയോ?
അരുത്!

വ്യാസന്‍ രചിച്ച കള്ളക്കഥയാണ് എന്‍റെ മരണം!!!
അമരനാണ് ഞാന്‍.
അശ്വഥാമാവിനു മുന്നേ അലയാന്‍ തുടങ്ങിയവന്‍.
എന്‍റെ മരണം – അത് നിങ്ങള്‍ വിശ്വസിച്ചു.
വ്യാസന്‍ നല്ല ഒരെഴുത്തുകാരന്‍ ആയിരുന്നു.
എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ ചോദിക്കണമെന്നുണ്ടായിരുന്നു,
എന്നെ കൊന്നി,ട്ടലയാന്‍ വിട്ടതെന്തിനെന്നു?

ആരാലും തിരിച്ചറിയപ്പെടാതെ നിങ്ങള്‍ക്കിടയില്‍ ഞാന്‍ ജീവിച്ചു.
എത്രായിരം വര്‍ഷങ്ങള്‍ കടന്നുപോയി എന്നെനിക്കറിയില്ല.
നിങ്ങളും വ്യാസനും പക്ഷെ, പിന്നീട് എന്നെത്തിരഞ്ഞ് വന്നില്ല.
എനിക്കതില്‍ പരാതിയില്ല.

നിങ്ങളുടെ മറവിയില്‍ നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിരുന്നു.
ചിലപ്പോള്‍ സ്വയം ആയുധമായി.
ചിലപ്പോള്‍ ഭീരുക്കളുടെ കവചമായി.
മുഖമായി, ശബ്ദമായി.
നിങ്ങളറിയാതെ പലപ്പോഴും ഞാന്‍ മുന്നില്‍ നിന്നും പടനയിച്ചു.
അല്ല, നിങ്ങള്‍ എന്നെ മുന്‍നിറുത്തി പടനയിച്ചു.

നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമോ എന്നെനിക്കറിയില്ല.
എന്‍റെ ശരിയും തെറ്റും_
അതിനു വ്യാസന്‍ ഗീതയില്‍ വ്യാഖ്യാനങ്ങള്‍ കൊടുത്തിട്ടില്ല.
ഒരുപക്ഷെ ഞാന്‍ വെറുമൊരു ഉപകരണമായത് കൊണ്ടാകാം.
ഉപകരണത്തിന്‍റെ ശരിയും തെറ്റും നിശ്ചയിക്കാനാവില്ല.
ഉപയോഗിക്കുന്നവന്‍റെ ഔചിത്യം.
അതില്‍ കവിഞ്ഞൊരു സ്വത്വം ഉപകരണത്തിനില്ല.
അതിനാലാകാം വ്യാസന്‍ നിങ്ങള്‍ക്കു മുന്നില്‍ എന്നെ കൊന്നതു,
അലയാന്‍ വിധിച്ചത്.

എനിക്കു പരിഭവമില്ല.

ഇന്നു, ഈ യമുനാതീരത്തു
ഈ പടര്‍പ്പുകള്‍ക്കിടയില്‍ ആയുധമേന്തി ഒളിച്ചിരിക്കുമ്പോളും
എനിക്കു ശരിയും തെറ്റുകളുമില്ല.

വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും വേദാന്തവുമായി ചിലര്‍ വന്നു.
അവര്‍ക്കൊരു മുഖം വേണമായിരുന്നു.
ശബ്ദം വേണമായിരുന്നു.
ആയുധമേന്താന്‍ കൈകള്‍ വേണമായിരുന്നു.

അങ്ങനെ ശരിയും തെറ്റുമില്ലാത്ത ഞാന്‍
അവരുടെ ശരിയായി.
നിങ്ങളുടെ തെറ്റായി.

നേരം ഇരുണ്ടു തുടങ്ങി.

പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആ സ്മാരകത്തിനു മുകളില്‍
നിലാവ് പടര്‍ന്നിറങ്ങി.
കണ്ണീരിന്‍റെ നനവു പടര്‍ന്ന ആ മാര്‍ബിള്‍ കല്ലുകള്‍ തിളങ്ങി.
എന്‍റെ നിര്‍വികാരതയില്‍...
ശരിയും തെറ്റുമില്ലായ്മയില്‍, അവ ഇന്ന് തകരും.
ചിതറിത്തെറിക്കുന്ന മാര്‍ബിള്‍ കഷണങ്ങളവ-
നിങ്ങള്‍ ഓരോരുത്തരെയും വ്രണപ്പെടുത്തും.
നിങ്ങളുടെ ശരികളും തെറ്റുകളും തമ്മിലുള്ള പോരാട്ടം
_അവിടെ തുടങ്ങും.

എന്‍റെ ദൗത്യം പൂര്‍ണ്ണമായി.

അമരത്വത്തിന്‍റെ ഏകാന്തതയിലേക്ക് ഞാന്‍ വീണ്ടും മടങ്ങട്ടെ.
എന്നെത്തേടി നിങ്ങള്‍ ഇനിയും വരാതിരിക്കില്ല.
മുഖവും ശബ്ദവും കൈകളും നിങ്ങള്‍ക്കിനിയും ആവശ്യം വരും.
കാരണം നിങ്ങള്‍ ഭീരുക്കളാണ്.
ഷണ്ഡന്മാരാണ്.

ചൊവ്വാഴ്ച, ഡിസംബർ 03, 2013

ജ്ഞാനസ്നാനം.

പലയിടങ്ങളിലായി ചിതറിവീണ സ്വപ്‌നങ്ങള്‍,
പൊടിയില്‍ മണ്ണിലാണ്ടു മരവിച്ചു കിടക്കുന്നു.
ജീവിതമി,തെരിഞ്ഞു തീരുന്നു,
ചുണ്ടിലെരിയുന്ന ചുരുട്ടു പോലെ.
മലര്‍ക്കെ കിടക്കുന്ന ജനലഴികള്‍,
വെളിച്ചം കൊതിക്കുന്ന വേഴാമ്പലുകളായി;
വാതിലിലെ കനത്ത വിജാഗിരി,
അത് ശബ്ധിക്കാതായിട്ടു ദിവസങ്ങളേറെയായി.
എങ്ങോ വെച്ച് മറന്നിരിക്കുന്നു,
ഓര്‍മകളുടെ അറകളിലേക്കുളള താക്കോല്‍.
ഒരേറ്റുപറച്ചിലിന്‍റെ ഈണത്തില്‍,
താരാട്ടു കേട്ടുറങ്ങുവാന്‍ കൊതിക്കുന്ന ലോകം
_ചവറ്റുകുട്ടയില്‍ എച്ചിലു ചികയുന്ന നായയെപ്പോലെ,
മണത്തു മണത്തു ചുറ്റിനും തിരഞ്ഞു നടക്കുന്നു.
തിളച്ച ഉപ്പുവെള്ളം മുറിവുകളില്‍ കോരിയൊഴിച്ച്
ആശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ലോകം.
നീറിക്കരഞ്ഞുകൊണ്ടും ഊറിച്ചിരിച്ചുകൊണ്ടും,
ആ വേദനയില്‍...
ജ്ഞാനസ്നാനത്തില്‍...
ഞാന്‍ മോക്ഷം നേടി...         

ചൊവ്വാഴ്ച, ജൂലൈ 30, 2013

സമരം 365_ )o ദിവസം.


പുസ്തകം വാങ്ങാനിറങ്ങിയതായിരുന്നു.
സെക്രട്ടേറിയറ്റ്‌ നടയ്ക്കല്‍ എത്തിയപ്പോള്‍
ഒരാള്‍ക്കൂട്ടം.

പന്തല്‍ കെട്ടി കൊടി നാട്ടി,
റോഡരികില്‍ കട്ടിലിട്ട് കിടന്നുറങ്ങി
സമരം ചെയ്യുന്ന ആധുനിക വിപ്ലവം.
ടിന്‍ ഷീറ്റുകളുടെ തണലില്‍
പൊറോട്ടയുടെയും ബീഫിന്‍റെയും വിപ്ലവഗന്ധം.
കറങ്ങിത്തളര്‍ന്ന ടേബിള്‍ ഫാനിന്‍റെ ഒച്ച.
ഒഡോമോസ് വാരിത്തേച്ചു മലര്‍ന്നു കിടക്കുന്ന
ചീര്‍ത്ത ശരീരങ്ങള്‍.
അതിനിടയില്‍ ഒരു തൊഴിലാളിയെയും ഞാന്‍ കണ്ടില്ല.
വെളുക്കെ ചിരിച്ചു ഫോട്ടോക്കു പോസ്സ് ചെയ്തു,
അച്ചടിച്ച പ്രസംഗങ്ങളില്‍ തീ കോരിയിടുന്ന,
വെള്ളപുതച്ച പ്രഹസനങ്ങള്‍.

വെല്ലുവിളികള്‍ക്കും പോര്‍വിളികള്‍ക്കുമിടയില്‍
പണ്ടെങ്ങോ കണ്ടുമറന്ന ഒരു ബോര്‍ഡ്‌ ഓര്‍മ്മ വന്നു.
സമരം 365_ )ദിവസം.
നഷ്ടപ്പെട്ടുപോയ കിടപ്പാടം.
തല ചായ്‌ക്കാനൊരിടത്തിനായി
ഒരു കുടുംബത്തിന്‍റെ സമരം.

അതെന്തായി എന്നെനിക്കറിയില്ല.
അതിനു വേണ്ടിയാണോ ഈ സമരം എന്നും അറിയില്ല.

വഴിയരികില്‍ ഒരു ഭ്രാന്തന്‍
ജടപിന്നിക്കൊണ്ടിളിച്ചുകൊണ്ട് നില്‍ക്കുന്നു.
ഞാനും അവനോടൊപ്പം ചേര്‍ന്നു.

ഇന്ന്,
അവന്‍റെ കണ്ണുകളിലൂടെയാണ്
നിങ്ങളെ ഞാന്‍ കാണുന്നത്.

ക്ഷമിക്കുക.

ശനിയാഴ്‌ച, ജൂലൈ 27, 2013

കണ്ടില്ലെന്നു നടിക്കുവാന്‍...


വെട്ടിനു മറുവെട്ടു വെട്ടുമ്പോള്‍
ജയിക്കുന്നത്
പ്രത്യയശാസ്ത്രങ്ങള്‍.
ഒഴുകുന്നതു പക്ഷെ,
ചുവന്ന ചോര.

ലഹരി കുത്തിവെച്ച കൈകളില്‍
ആയുധം തിരുകി കൊടുക്കുമ്പോള്‍,
അവര്‍ വാടകക്കെടുക്കുന്നതു
ശരീരങ്ങളല്ല.
ചിന്തകള്‍ മരിച്ചു മരവിച്ച ചേതനകളെ.

ചോര നക്കിതുടച്ച വാള്‍ത്തലകള്‍ക്കൊടുവില്‍
ഒരച്ഛനോ അനിയനോ കാമുകനോ
വെച്ചിറങ്ങിപ്പോയ ഒരൊഴിഞ്ഞ മുറി മാത്രം ബാക്കി.
നിലവിളകളോര്‍മ്മകളിലൊടുങ്ങിക്കഴിയുമ്പോള്‍  
ചന്ദനത്തിന്‍റെ ഗന്ധം കാറ്റും മറന്നു കഴിയുമ്പോള്‍
ചിലര്‍ രക്തസാക്ഷികള്‍.
ചിലര്‍ വര്‍ഗ്ഗീയവാദികള്‍.
ചിലര്‍ തീവ്രവാദികള്‍.

കണ്ണിനു പകരം കണ്ണെടുത്ത്‌
കാഴ്ച നഷ്ടപ്പെട്ട ഈ ലോകം.

അല്ലെങ്കില്‍,
വെളിച്ചമില്ലാത്ത ഈ ലോകത്ത്
കാഴ്ചയെന്തിനു?
കണ്ടില്ലെന്നു നടിക്കുവാന്‍ ഉപകരിക്കും.

അത്ര തന്നെ.

ഓഹരിയില്ലാത്ത ജീവിതം.


ഉറങ്ങുവാന്‍ മറന്നുപോയ രാത്രികള്‍.

ഉണര്‍ന്നെഴുന്നേക്കാന്‍ മടിച്ച പ്രഭാതങ്ങള്‍

ശിരസ്സില്‍ പൊട്ടിത്തെറിച്ച ഉന്മാദചിന്തകള്‍  

ശരങ്ങള്‍ തകര്‍ത്ത നെഞ്ചിനു താങ്ങായി

ഉടലില്‍ കത്തിപ്പടര്‍ന്ന ലഹരി.

ചിതയൊരുക്കി കാത്തിരിക്കുന്ന കാലമേ

ഇതു ഒസ്യത്തിലോഹരിയില്ലാതെപോയ ജീവിതം.

ഒരു പൊട്ടിയ മണ്‍കുടത്തിലെ അവസാനതരി ചാരം.

മാറാല മൂടിയ ഒരു ചുവര്‍ചിത്രം.

തിങ്കളാഴ്‌ച, ഫെബ്രുവരി 18, 2013

എന്നെ കുറ്റപ്പെടുത്തരുത്!

കറുത്ത കാലത്തിന്‍റെ പൂക്കള്‍
ഇതളിട്ടു വിരിയുന്നു.
ചോരയുടെ, നിറമുള്ള മണമുള്ള പൂക്കള്‍.
കഴിഞ്ഞ കാലത്തിന്‍റെ സ്മരണയില്‍
പിറന്ന നോവുകള്‍; നൊമ്പരങ്ങള്‍;
എന്നോ കത്തിത്തീര്‍ന്ന പ്രണയത്തിന്‍റെ ചിതാഭസ്മം
കണ്ണുകളില്‍ പടര്‍ന്നു കാഴ്ച്ചയെ മറയ്ക്കുന്നു.
ഇരുളും വെളിച്ചവും ഒന്നാകുന്നു.
വഴികള്‍ എന്നോ പിരിഞ്ഞത് ഞാനറിഞ്ഞിരുന്നില്ല.
തെറ്റും ശരിയും എന്റേതല്ല
ഞാന്‍ സഞ്ചരിച്ച വഴികളുടെതാണ്.

എന്നെ കുറ്റപ്പെടുത്തരുത്!

ഞായറാഴ്‌ച, നവംബർ 04, 2012

സ്വപ്‌നങ്ങള്‍


സ്വപ്‌നങ്ങള്‍_ അവ സത്യമല്ലേ?

ആണെന്ന് കരുതുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

അബോധത്തിന്‍റെ ചിന്തയില്‍ നിന്നുണരുന്ന
ചിറകില്ലാത്ത പക്ഷികള്‍.
അതോ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന
ഇരുളിന്‍റെ മുഖംമൂടിയോ?

അല്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

അവിടെ, ഉള്ളില്ലാതെ പൊള്ളുന്ന വാക്കുകളില്ല,
വാഗ്ദാനങ്ങളില്ല.
വരിഞ്ഞുകെട്ടിയ വികാരങ്ങളുടെ വീര്‍പ്പുമുട്ടലുകളില്ല.
ചിതലരിച്ച പ്രണയത്തിന്‍റെ മണ്‍പുറ്റുകളി,ലവിടെ
വിഷം നിറഞ്ഞ പല്ലുകള്‍ വളരുന്നില്ല.
മരവിച്ചു മരിച്ച മനസ്സുകളുടെ ശവമഞ്ചത്തിനു മുന്നില്‍
കറുത്ത കാലുകള്‍ ആനന്ദനൃത്തം ചവുട്ടുന്നില്ല.
ആദ്യചോരയുടെ അവല്‍-പ്പൊതിയുമേന്തി
വില്പ്പനക്കിറങ്ങുന്ന കുഞ്ഞു ശരീരങ്ങളില്ല.
വെയിലുറയ്ക്കുമ്പോള്‍ തളര്‍ന്നു, തലയില്‍ ചുമടുമായി
അരവയറി,നന്നം തിരയുന്ന നിസ്സഹായതയുമില്ല.
ചില്ലകളുണങ്ങി, എന്നോ മയങ്ങിപ്പോയ മരത്തി-
ലവശേഷിച്ച കിളിക്കൂടിന്‍റെ അനാഥത്വമില്ല.
വറ്റിവരണ്ട പുഴയിലൊരോര്‍മ്മയായി
കാലം ശേഷിച്ച ജീവന്‍റെ ഏകാന്തവേദനയുമില്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.   
    
സ്വാതന്ത്ര്യമുണ്ടവിടെ.

വാക്കിനും വിചാരത്തിനും കടിഞ്ഞാണിടാന്‍
ചാട്ടവാറുമായി കാലം കാവലില്ലാത്ത
സ്വച്ചന്ദമായോഴുകുന്ന ഒരു പുഴ.
എനിക്കവിടെ വേദനകളില്ല; മരണമില്ല;

ഓരോ മരണത്തിലും പുനര്‍ജ്ജന്മം നേടുന്ന നിമിഷങ്ങള്‍.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

വ്യാഴാഴ്‌ച, നവംബർ 01, 2012

വിശപ്പും സ്വപ്നങ്ങളും.



ഞാന്‍ ഞെട്ടിയുണര്‍ന്നു; കണ്ണുകള്‍ തുറന്നു;
എന്‍റെ രാത്രിയെ കൊന്നു,കൊണ്ടിളിച്ചു നില്‍ക്കുന്നു_ പകല്‍..
അസ്വസ്ഥനായി, കണ്ണുകള്‍ ചിമ്മി ഞാന്‍ കിടക്കവിട്ടെഴുന്നേറ്റു.

ഒരു രാത്രിയുടെ ഉറക്കം.
അത് സമ്മാനിച്ച സ്വപ്നങ്ങളുടെ മധുരദീപ്തമായ ഓര്‍മ്മകള്‍.
വീണ്ടും കാണുവാന്‍ കൊതിച്ചു പോകുന്നവ.
തിരഞ്ഞെത്തുമ്പോള്‍ പക്ഷെ ഓര്‍മകളിലെങ്ങും തങ്ങാത്തവ.
ഒരു നീര്‍ക്കുമിളയില്‍ കോറിയിട്ട നിറങ്ങള്‍
എന്‍റെ സ്വപ്‌നങ്ങള്‍.

പകലിനോടെനിക്ക് വെറുപ്പാണ്.

ഒന്നുമില്ലായ്മയുടെ ഈ യാഥാര്‍‍ഥ്യത്തിലേക്കു വലിച്ചിഴക്കുന്നു;
വെളിച്ചം കോരിയൊഴിച്ച് എന്‍റെ സ്വപ്‌നങ്ങളെ കെടുത്തുന്നു.
കെട്ടുപോയ ഒരു കരിന്തിരിയുടെ ഗന്ധമുള്ള പകല്‍.
ഈ പകലുണരുമ്പോള്‍ - എന്‍റെ വിശപ്പുണരുന്നു;
എന്‍റെ ദാഹമുണരുന്നു;
കാമനകലുണരുന്നു.

മണലു,മീയുറവയുമൊന്നെന്നു ഭ്രമിപ്പിക്കുന്ന ചൂട്;
വരണ്ടുണങ്ങിയ മരുഭൂമിയിലെ നദി;
പെയ്യില്ലെന്നുറച്ചുറഞ്ഞുപോയ മേഘങ്ങള്‍;
കാടുണങ്ങി, കരുവാളിച്ച ചാരത്തിന്‍റെ കുന്നുകള്‍.

ഇതൊക്കെ....

എന്‍റെ വിശപ്പിന്‍റെ യാഥാര്‍ഥ്യം.
എന്‍റെ ദാഹത്തിന്‍റെ യാഥാര്‍ഥ്യം.
പകലിനോടെനിക്ക് വെറുപ്പാണ്.

സ്വപ്നങ്ങളുടെ രാത്രി, വീണ്ടുമെത്തി.
ഇരുട്ടിലായിരം മിന്നാമിനുങ്ങുകള്‍ക്ക് ജീവന്‍ വെചു;
അവയുടെ ചിറകിലേറി, ഇന്നലത്തെ സ്വപ്‌നങ്ങള്‍ തിരഞ്ഞ്,
പുതിയ സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ ഞാന്‍ പറന്നു...

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

എങ്കിലും...



നെഞ്ചില്‍ കത്തുന്ന തീയുണ്ടേ, പെണ്ണേ-
ചുടുകാട്ടിലും തീയുണ്ടേ...
ഇന്നും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ,
കണ്ണീരിന്‍ നോവുള്ള ചിരിയുമായി.

കാലം മുള്ളില്‍ തറച്ച കിനാക്കള്‍
ഈ വഴി മണ്ണില്‍ പൊഴിഞ്ഞ പൂക്കള്‍
നേരാണെനിക്കിനി കഴിയില്ല പെണ്ണേ
നിന്നെ മറക്കുവാന്‍ കഴിയില്ല പെണ്ണേ...

ഒത്തിരി നേരമീ തീരത്ത് നമ്മള്‍
ഒന്നായിരുന്നു നനഞ്ഞതല്ലേ
തിരകളില്‍ മുങ്ങി ഒളിച്ചു അന്നേരമാ
കത്തണ നെഞ്ചിലെ നോവായി സൂര്യന്‍.

തിരികെ വരില്ലെന്നൊരുവാക്ക് ചൊല്ലി നീ
വെറുതെയെങ്ങോ പോയ്മറഞ്ഞില്ലേ
എങ്കിലും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ
കണ്ണീരിന്‍ നോവുള്ള ചിരിയുമായി....
          

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

നിഴലുകള്‍


വെയിലുറങ്ങി.

ചുവപ്പിന്‍റെ തെരുവില്‍ തിരക്കേറി
കറുത്ത നിഴലുകള്‍ വിലപേശി
വിലകുറഞ്ഞ പാദസരങ്ങള്‍ കിലുങ്ങി മറഞ്ഞു.
തുറന്നടയുന്ന വാതിലുകള്‍
ഊഴം കാത്തു നില്‍ക്കുന്നവര്‍

ഒരു കുഞ്ഞിന്‍റെ കരച്ചില്‍.
ഒരമ്മയുടെ തേങ്ങല്‍.
കിതപ്പുകള്‍ക്കിടയില്‍ എങ്ങോ കേള്‍ക്കാതെയായി.

ഞാനും ആ നിഴലുകള്‍ക്കുള്ളിലേക്കൂളിയിട്ടൂ...

ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012

Blinded!


The lonely flicker of my candle;
Serene and contented-
Was blown out;
It was the darkness of your eyes
The numbness of your heart
Which took away the wailing light

Leaving me behind in this way
Where darkness slept with the day
I stood frightened and alone;
The candle was my only ray
My hope, my vision ‘n my wisdom
Guiding me, all along the way.

Slowly, I started admiring the darkness
The beauty, that makes else invisible
Absorbed, I no longer count 
The days and nights I spend alone
In the darkness that was becoming me

Too late it was, when I realized
The candle was still in my hands
The flame intact and flickering as before
Only that, I was not seeing it
I was blinded
It was the darkness of your eyes.

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2012

Insane!!!


My insanity was curtailed, in your presence
Now that you are nowhere to be seen
I resumed my quest, to fade away
Into the blooms; knowing the unknown.

I started hearing weird things about me
Often it was me who did the talking
I hear my voice echoing, out from a hundred throats
I tried to close my ears; but then I was doing the talking

The world has grown suspicious of me since then
I don't blame them for what they don't understand
But I see the pity 'n fear in those eyes
Hate me; be vary of my existence
But I need no mercy from you.

I skipped my pages hastily
To my horror I realized; at the end -
The last few pages have been torn;
Torn away, from my life 'n left incomplete!

In a moment of despair, I cursed thee;
I cried and wept like a child
Tears running fast, down my cheeks
I ran around looking for the lost pages.

Unlike me, I kept on looking
For the lost; I neglected, what existed.   
I realized, I was becoming so like you
To be called sane someday; to be abused.

I stopped looking for the lost pages;
I'll have my story written; my way
You never dare 'n call me sane again
I don't want your sanity!!!

My insanity is now complete...
Regardless of your presence...