പുസ്തകം വാങ്ങാനിറങ്ങിയതായിരുന്നു.
സെക്രട്ടേറിയറ്റ്
നടയ്ക്കല്‍ എത്തിയപ്പോള്‍
ഒരാള്‍ക്കൂട്ടം.
പന്തല്‍ കെട്ടി കൊടി നാട്ടി,
റോഡരികില്‍ കട്ടിലിട്ട്
കിടന്നുറങ്ങി
സമരം ചെയ്യുന്ന ആധുനിക
വിപ്ലവം.
ടിന്‍ ഷീറ്റുകളുടെ
തണലില്‍
പൊറോട്ടയുടെയും ബീഫിന്‍റെയും
വിപ്ലവഗന്ധം.
കറങ്ങിത്തളര്‍ന്ന ടേബിള്‍
ഫാനിന്‍റെ ഒച്ച.
ഒഡോമോസ് വാരിത്തേച്ചു
മലര്‍ന്നു കിടക്കുന്ന
ചീര്‍ത്ത ശരീരങ്ങള്‍.
അതിനിടയില്‍ ഒരു
തൊഴിലാളിയെയും ഞാന്‍ കണ്ടില്ല.
വെളുക്കെ ചിരിച്ചു
ഫോട്ടോക്കു പോസ്സ് ചെയ്തു,
അച്ചടിച്ച പ്രസംഗങ്ങളില്‍
തീ കോരിയിടുന്ന,
വെള്ളപുതച്ച പ്രഹസനങ്ങള്‍.
വെല്ലുവിളികള്‍ക്കും
പോര്‍വിളികള്‍ക്കുമിടയില്‍
പണ്ടെങ്ങോ കണ്ടുമറന്ന
ഒരു ബോര്‍ഡ് ഓര്‍മ്മ വന്നു.
സമരം 365_ )o ദിവസം.
നഷ്ടപ്പെട്ടുപോയ
കിടപ്പാടം.
തല ചായ്‌ക്കാനൊരിടത്തിനായി
ഒരു കുടുംബത്തിന്‍റെ
സമരം.
അതെന്തായി
എന്നെനിക്കറിയില്ല.
അതിനു വേണ്ടിയാണോ ഈ സമരം
എന്നും അറിയില്ല.
വഴിയരികില്‍ ഒരു
ഭ്രാന്തന്‍
ജടപിന്നിക്കൊണ്ടിളിച്ചുകൊണ്ട്
നില്‍ക്കുന്നു.
ഞാനും അവനോടൊപ്പം ചേര്‍ന്നു.
ഇന്ന്,
അവന്‍റെ കണ്ണുകളിലൂടെയാണ്
നിങ്ങളെ ഞാന്‍
കാണുന്നത്.
ക്ഷമിക്കുക.