ഞായറാഴ്‌ച, ഒക്‌ടോബർ 27, 2013

ജെന്നിഫര്‍ + സിങ്കപ്പൂര്‍ + അമൃത്സര്‍!!!

തണുത്തുവിറച്ചു മഞ്ഞിന്‍റെ പാട പുതച്ചു നില്‍ക്കുന്ന ഡല്‍ഹിയിലെ ഒരു ശരത്കാലരാത്രി. ഏതോ ഒരു തെരുവിന്‍റെ വിജനതയില്‍, തുടര്‍ച്ചയായി ചുണ്ടില്‍ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് പുകയുടെ ചൂടിനെ മാത്രം ആശ്രയിച്ചു, അമൃത്സറിലേക്കുളള ബസ്സും കാത്തുനില്‍ക്കുന്നു ഞങ്ങള്‍ - ഞാനും എന്‍റെ സുഹൃത്തും.
ഞങ്ങളെ കൂടാതെ കുറച്ചു കന്യാസ്ത്രീകളും, ഒന്നു രണ്ടു സിക്കന്മാരും, പിന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ മാത്രം പ്രത്യേകതകള്‍ ഒന്നും തോന്നിക്കാത്ത ഏതാനും പേരും കൂടി അവിടെ വിറച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു – അന്നത്തെ യാത്രയിലെ സഹയാത്രികര്‍. കൃത്യം ഒന്‍പതു മണിക്കു അവിടെ എത്തേണ്ടിയിരുന്ന എസി സ്ലീപ്പര്‍ ബസ്സിനായി കഴിഞ്ഞ രണ്ടു മണിക്കൂറായി ഒരുമിച്ചു നിന്ന് വിറക്കുന്നവര്‍. പരിചയപ്പെടലുകളും യാത്രപറച്ചിലുകളും ആവശ്യമില്ലാത്ത സഹയാത്രികര്‍.   

പതിനൊന്നു മണി!

“ഇപ്പൊ ശരിയാക്കിത്തരാം” മട്ടില്‍ ഒരു ഹിന്ദിക്കാരന്‍ ചെക്കന്‍ ബസ്സ് വരും വരും എന്ന് പറഞ്ഞു കഴിഞ്ഞ രണ്ടു മണിക്കൂറായി ഞങ്ങളെ പറ്റിക്കുന്നുണ്ട്. പലര്‍ക്കും അവനെ പിടിച്ചു രണ്ടെണ്ണം പറ്റിക്കണം എന്നുണ്ടായിരുന്നു. പിന്നെ ഞങ്ങളും, ഇനിയും വരാത്ത ആ ബസ്സും തമ്മിലുള്ള ഏക കര്‍മബന്ധം അവന്‍ മാത്രമാണു എന്ന തിരിച്ചറിവു ഞങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഒരു മണിക്കൂര്‍ മുന്നേ പുറപ്പെട്ട ബസ്സ്‌, വേണമെങ്കില്‍ അരമണിക്കൂര്‍ കൂടെ നേരത്തെ ആക്കിത്തരാം എന്ന ഭാവത്തില്‍ അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മണ്ടന്‍, അവനറിയില്ലല്ലോ ഞങ്ങള്‍ മാന്നാര്‍ മത്തായിയുടെ നാട്ടുകാര്‍ ആണെന്ന് – ബുദ്ദു സാലാ!!!

അങ്ങനെ അത്യാവശ്യം നല്ല രീതിയില്‍ തേയ്ക്കപ്പെട്ടു, തണുത്തു വിറച്ചു, സകല ഹിന്ദിക്കാരെയും തെറിവിളിച്ചു നില്‍ക്കുന്ന സമയത്താണ് നായികയുടെ രംഗപ്രവേശം.

ഇരുട്ടില്‍ എവിടെനിന്നോ പൊട്ടിമുളച്ചു, ഓടിക്കിതച്ചെത്തിയ നായിക നേരെ ആ ഹിന്ദിക്കാരന്‍ അലവലാതി പയ്യനോട് വെടിയുണ്ട വിട്ടപോലെ ചോദിക്കുന്നു,

Has the bus not arrived yet? Is it going to be late???”

 മലയാളികള്‍ ആണെന്നറിഞ്ഞിട്ടും ഞങ്ങളോട് ഹിന്ദിയില്‍ സംസാരിച്ച അവനു അത് തന്നെ വേണം!

അളിയന്‍ കുടുങ്ങി!!!

I....madam....bus....come....”, ഇത്രയും പറഞ്ഞൊപ്പിച്ചു അളിയന്‍ മൊബൈല്‍ എടുത്തു ഹല്ലോ ഹല്ലോ വിളി തുടങ്ങി...തികച്ചും സാങ്കല്‍പ്പികമായ ഒരു സംഭാഷണം!!!

no...no...no...you tell me...will it be late? When do we reach Amritsar?”, നായിക വിടാന്‍ ഉദ്ദേശം ഇല്ല.

നിസ്സഹായനായി പകച്ചുനിന്ന ആ പാവം, അവിടെ നിന്നവരില്‍ അല്പം വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്നു ‘കാഴ്ചയില്‍’ തോന്നിക്കുന്ന ഞങ്ങളെ ‘എനിക്കു ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന് ഈ മറുതായോട്‌ ആരെങ്കിലും ഒന്നു പറയു’ ഭാവത്തില്‍ നോക്കി. അവിടെയാണ്, അങ്ങനെയാണു ഞങ്ങള്‍ നായികയുമായി ആദ്യമായി കോര്‍ക്കുന്നത്.

അപ്പോളത്തെ തേഞ്ഞു ഒട്ടിയ സാഹചര്യം വിശദീകരിച്ചു കൊടുത്ത ശേഷം ഞങ്ങള്‍ നായികയെ ഔപചാരികമായി പരിചയപ്പെടുന്നു.

ജെന്നിഫര്‍ - സിങ്കപ്പൂര്‍ സ്വദേശി.
ഇന്ത്യയില്‍ പെയിന്റിംഗിനെ കുറിച്ച് കൂടുതലായി പഠിക്കാനായി കുറ്റിയും പറിച്ചു എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ക്യാന്‍വാസ്സില്‍ പകര്‍ത്തി സായൂജ്യമടഞ്ഞു പണ്ടാരം അടങ്ങാനുള്ള പുറപ്പാടാണ്.

കലാകാരിയാണളിയാ!!!

ഭയഭക്തിബഹുമാനത്തോടെയുള്ള എന്‍റെ പ്രസ്താവനയെ പാടെ അവഗണിച്ചു, അരസ്സികനായ, കലാബോധമില്ലാത്ത സുഹൃത്ത്‌ അടുത്ത സിഗറെറ്റിനു തീകൊളുത്തി. കലാബോധമുള്ള എനിക്കു പെയിന്റിങ്ങിനെ കുറിച്ച് ആകെ അറിയാമായിരുന്ന ബ്രഷും പെയിന്‍റും തീര്‍ന്നപ്പോള്‍ പതുക്കെ പിന്‍വാങ്ങേണ്ടി വന്നു. ഓരോരുത്തരും അവരവരുടെ ദുരിതങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ഞാനും ഒരു സിഗരറ്റ് കത്തിച്ചു വഴിയരികില്‍ ഇരുപ്പായി.

പിന്നെ അധികം കാത്തുനില്‍പ്പിക്കാതെ അതാ വരുന്നു നമ്മുടെ എസി സ്ലീപ്പര്‍ ബസ്സ്‌!!!
                               
തിരക്കിട്ടു ബസ്സില്‍ കയറുന്നതിനിടയില്‍ നമ്മുടെ സുഹൃത്ത്‌ ഒരു കാര്യം ശ്രദ്ധിച്ചു – സിങ്ങപ്പുരില്‍ നിന്നും ഇന്ത്യ കാണാന്‍ വന്ന നായികയുടെ കയ്യില്‍ ആകെയുള്ളത് ഒരു വാനിറ്റി ബാഗ്‌ മാത്രം!

അതില്‍ ഒരപാകതയില്ലേ എന്ന് ചോദിച്ച സുഹൃത്തിനോട്‌ കലാകാരന്മാര്‍ എപ്പോള്‍ എങ്ങനെ ആയിരിക്കും എന്നു ആര്‍ക്കും പറയാന്‍ പറ്റില്ലെന്നോ മറ്റോ തട്ടിവിട്ടു ഞാന്‍ ബസ്സില്‍ തള്ളിക്കയറ്റി.

എന്നാലും എന്തോ ഒരപാകതയില്ലേ?
ഛെ! കലാകാരി. വിട്ടുകള.

എസി ബസ്സ്‌.

അധികം പറയാതിരിക്കുന്നതാണ് ഭേദം!
ഒരു ഇരുമ്പ്‌ പെട്ടിക്കു നാല് കാളവണ്ടിചക്രം ഘടിപ്പിക്കുന്നതായി സങ്കല്‍പ്പിക്കുക. ഉള്ളില്‍ നമ്മുടെ ശ്രീകുമാര്‍ തിയേറ്ററിലെ സീറ്റുകള്‍. സീറ്റിനു മുകളിലായി കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടികള്‍ പോലെ സ്ലീപ്പര്‍ കോച്ചുകള്‍. സീറ്റില്‍ കഷ്ടിച്ച് ഒരാള്‍ക്കും, പിന്നെ ഒരരച്ചന്തിക്കും ഉള്ള സ്ഥലം. അറിയാതെ എങ്ങാനും എവിടെയെങ്കിലും തൊട്ടാല്‍ അപ്പോള്‍ ടെറ്റനസ് എടുക്കേണ്ടി വരും – അത്രയ്ക്ക് തുരുമ്പ് ഉണ്ട്.
അന്യായം തന്നെ അണ്ണാ!!!

എന്തായാലും ഒരു കാര്യത്തില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല – ബസ്സിലെ എസി സംവിധാനം.

ഇടയ്ക്കിടക്ക് പൊട്ടിപ്പോയ ഗ്ലാസ്സുകള്‍ പേപ്പര്‍ കൊണ്ട് മറച്ചിരുന്നു. ബസ്സ്‌ നീങ്ങിത്തുടങ്ങിയപ്പോള്‍ കാറ്റത്ത്‌ ആ പേപ്പര്‍ ഇളകി നല്ല മരം കോച്ചുന്ന തണുപ്പുള്ള കാറ്റ് മുഖത്തേക്കടിച്ചു കയറുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം ഉണ്ടല്ലോ എന്‍റെ സാറേ...

നായിന്‍റെ മക്കള്‍ - ഒരു പോള ആ രാത്രി കണ്ണടച്ചിട്ടില്ല!

ഏഴെട്ടു മണിക്കൂര്‍ നീണ്ടു നിന്ന ആ പീഡനയാത്രക്കൊടുവില്‍, മുകളിലത്തെ സ്ലീപ്പറില്‍ നിന്നേതോ സിഖന്‍ വഴിയില്‍ ഇറങ്ങിയപ്പോള്‍, ഞാന്‍ ചാടിക്കയറി ഒന്നുറങ്ങാനുള്ള ശ്രമം നടത്തി.
ഒന്നു കണ്ണടച്ചുവന്നപ്പോള്‍ ഒരു വൃത്തികെട്ട ഗന്ധം എവിടെ നിന്നോ വന്നു എന്നെ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ ചുറ്റും കണ്ണുമിഴിച്ചു നോക്കിയപ്പോള്‍, ഞാന്‍ തല വെച്ചിരിക്കുന്നതിനു തൊട്ടരികിലായി ഒരു സുന്ദരന്‍ വാള്‍!!!

തലേ ദിവസ്സത്തെ യാത്രയുടെ ചൊരുക്ക് ആരോ ഇറക്കി വെച്ചതാണ്!!!
ഗതികേട് കൊണ്ട് ഒരല്പം നീങ്ങി വീണ്ടും ഞാന്‍ കിടന്നു.

എന്നാലും ഒരു ഉണക്കവാളിനു ഇത്രേം നാറ്റമോ???

ഏതാണ്ട് ഒരു എഴരയോടു കൂടി ഞങ്ങള്‍ അമൃത്സറില്‍ എത്തിച്ചേര്‍ന്നു. ദുരിതം അവസാനിച്ച സന്തോഷത്തോടെ ബാഗുകള്‍ എടുത്തു ഇറങ്ങാന്‍ തയ്യാറായി നിന്നു. എത്രയും പെട്ടന്നു ഒരു ഹോട്ടല്‍ കണ്ടെത്തി കുളിച്ചു റെഡിയായി അമൃത്സര്‍ കറങ്ങി, രാത്രി തന്നെ ജയ്പൂറിലേക്കു പോകാനാണ് പ്ലാന്‍. പിന്നില്‍ നില്പ്പുണ്ടായിരുന്ന നായികയോട് ഒരു ചിരിയിലൂടെ യാത്രപറഞ്ഞു എല്ലാ ഭാവുകങ്ങളും നേര്‍ന്നു പതുക്കെ ബസ്സിറങ്ങി.

ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും സംഭവിക്കുന്നതുപോലെ ഓട്ടോറിക്ഷാക്കര്‍ ഞങ്ങളെ വന്നു പൊതിഞ്ഞു. ഒടുവില്‍ കൂട്ടത്തില്‍ കൂതറ എന്ന് തോന്നിച്ച ഒരുത്തനെ വിളിച്ചു കാര്യം പറഞ്ഞു – വളരെ ചീപ്പ്‌ ആയുള്ള ഒരു ഹോട്ടല്‍, ഫ്രഷ്‌ ആകാന്‍. സുവര്‍ണ്ണക്ഷേത്രവും വാഗാ ബോര്‍ഡറും കണ്ടു രാത്രി തന്നെ മടങ്ങണം.

എല്ലാം ഏറ്റ ഭുപിന്ദര്‍ സിംഗ് എന്ന ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഞങ്ങള്‍ അടുത്ത് കണ്ട ചെറിയ കടയില്‍ ചായ്‌ കുടിക്കാന്‍ കയറി.
തണുപ്പത്ത്, ഇനിയും തിരക്കേറാത്ത റോഡരികില്‍ ചൂടു ചായയും മൊത്തിക്കുടിച്ചു പുകയൂതി സായുജ്യമടഞ്ഞു നില്‍ക്കുമ്പോള്‍, പിന്നില്‍ നിന്നാരോ എന്‍റെ പേര് വിളിച്ചതായി തോന്നി. അപരിചിതരായ ഈ സ്ഥലത്തും ആരാധകരോ?

ആ കിളിനാദത്തിന്‍റെ ഉറവിടം അന്വേഷിച്ചു ഞങ്ങള്‍ തിരിഞ്ഞു നോക്കി.
ദേ നില്‍ക്കുന്നു, വാനിറ്റി ബാഗും തൂക്കിപ്പിടിച്ച് നമ്മുടെ കഥാനായിക.

സംഭവം വളരെ സിമ്പിള്‍ ആണ്.

വിദ്യാഭ്യാസം ഉള്ള ഒരൊറ്റ ഓട്ടോറിക്ഷക്കാരനും ആ കൂട്ടത്തില്‍ ഇല്ലായിരുന്നത് കൊണ്ടും, നായികയ്ക്ക് ആകെ അറിയാമായിരുന്ന ഭാഷ മുറി ഇംഗ്ലീഷ് ആയിരുന്നത് കൊണ്ടും പുള്ളിക്കാരി പറയുന്നത് അവിടെ ആര്‍ക്കും മനസ്സിലാകുന്നില്ല – തികച്ചും സ്വാഭാവികം. അതുകൊണ്ട് വാടക കുറഞ്ഞ ഒരു താമസസ്ഥലം കണ്ടെത്താന്‍ ഞങ്ങള്‍ ഒന്നു സഹായിക്കണം.

അത്രേ ഉള്ളു.

അബലയായ ഒരു വിദേശവനിത. അതും ഒരു കലാകാരി. അറിയാത്ത നാട്ടില്‍ ഒട്ടും അറിയാത്ത ഭാഷയുമായി മല്ലിട്ട് കഷ്ടപ്പെടുന്നു. അരുതെന്ന് കണ്ണുകാണിച്ച സുഹൃത്തിനെ അവഗണിച്ചു എന്‍റെ പൗരധര്‍മം ഉണര്‍ന്നു.

അതിഥി ദേവോ ഭവ:!!!

അറിയാവുന്ന മുറിഹിന്ദിയില്‍ ഞാന്‍ നമ്മുടെ പുതിയ സുഹൃത്തായ ഭുപിന്ദര്‍ സിഖനോട് കാര്യം പറയുന്നു. സിഖന്‍റെയും പൗരബോധം ഉണരുന്നു. പക്ഷെ പുള്ളിക്കാരി ആവശ്യപ്പെടും പോലെ ഒരു ലേഡീസ് ഹോസ്റ്റല്‍ സിഖനു പരിചയം ഇല്ല. അതുകൊണ്ട് തല്ക്കാലം നായിക ഒരു ചെറിയ ഹോട്ടലില്‍ നില്‍ക്കട്ടെ. വൈകുന്നേരത്തിനു മുന്നേ അങ്ങനെ ഒരു സ്ഥലം നല്ലവനായ അദ്ദേഹം കണ്ടുപിടിച്ചു തരുന്നതാണ്.

അങ്ങനെ ഞങ്ങള്‍ മൂന്നുപേരെയും ഓട്ടോയില്‍ കയറ്റി, സിഖന്‍ അങ്ങേര്‍ക്കു പരിചയമുള്ള അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോകുന്നു.
ഞാനും സുഹൃത്തും അവിടെ കിട്ടാവുന്നതില്‍ വെച്ചേറ്റവും കുറഞ്ഞ റൂം എടുത്തു അഡ്വാന്‍സ് കൊടുത്തു, ഐഡി പ്രൂഫായി എന്‍റെ പാസ്പോര്‍ട്ടിന്‍റെ കോപ്പി അവിടെ ഏല്‍പ്പിക്കുന്നു, അങ്ങനെ ഞങ്ങളുടെ കാര്യം ഒരു തീരുമാനം ആയി. പെട്ടന്നു പോയി ഒരു അഞ്ചു മിനിറ്റു നടു നിവര്‍ത്തണം.

ദേ വരുന്നു അടുത്ത പ്രശനം!

നായികയ്ക്ക് റൂം കൊടുക്കാന്‍ പറ്റില്ല എന്നു റീസെപ്ഷനില്‍ ഇരിക്കുന്ന തെണ്ടി തീര്‍ത്തു പറഞ്ഞു കളഞ്ഞു. വിദേശികള്‍ക്ക് റൂം കൊടുക്കണമെങ്കില്‍ ഏതോ ഒരു ഫോം ഫില്ല് ചെയ്യേണ്ടതാണെന്നും, അതിപ്പോള്‍ അയ്യാളുടെ കയ്യില്‍ ഇല്ല എന്നും, ഇനി അത് കിട്ടണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോകണമെന്നും ഒക്കെ പറയുന്നത് കേട്ടു.

എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളുടെ പൗരബോധം ദണ്ണിച്ചു നില്‍ക്കുമ്പോള്‍, അതാ ഉണരുന്നു റിസപ്ഷന്‍ തെണ്ടിയുടെ പൗരബോധം. 

വേണമെങ്കില്‍ എന്‍റെ പേരില്‍ റൂം എടുക്കാമെന്നും, നമ്മള്‍ പോകുന്നതിനു മുന്നേ പക്ഷെ പുള്ളിക്കാരി ചെക്ക്‌ഔട്ട്‌ ചെയ്‌താല്‍ മതി എന്നും നല്ലവനായ ആ തെണ്ടി പറയുന്നു. വീണ്ടും അരസ്സികനായ നമ്മുടെ സുഹൃത്ത്‌ കണ്ണുകാണിച്ചു  - അളിയാ പണിയാകും!

എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. ഏണിയാകും എന്നാണു തോന്നുന്നത്. ഏതായാലും പൗരബോധം മുറ്റി നിന്ന ആ സന്ദര്‍ഭത്തില്‍, ഞാന്‍ അങ്ങ് സമ്മതിച്ചു.

അങ്ങനെ എന്‍റെ പേരില്‍ രണ്ടു റൂം ബുക്ക്‌ ചെയ്യുന്നു.

വാടക എത്രയാണ് എന്ന് ചോദിച്ച നായികയോട്, വെറും തുച്ചമായ അറുന്നൂറു രൂപ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരിക്ക് ചെറുതായൊന്നു തല കറങ്ങിയോ എന്നൊരു സംശയം!

I don’t think I have that much money. I thought it would be a cheaper room!!!”, വളരെ കൂള്‍ ആയി നായിക മൊഴിഞ്ഞു.

ഇതു കേട്ട എന്‍റെ തലയും ചെറുതായൊന്നു കറങ്ങി. പത്തു പൈസാ ഇല്ലാതെ ഇന്ത്യ കാണാന്‍ ഇറങ്ങിയിരിക്കുന്ന പിച്ചക്കാരി!!! ഒരു നിമിഷം ഞാന്‍ കിലുക്കത്തിലെ രേവതിയെ ഓര്‍ത്തുപോയി... ഒരല്പം വട്ടും കൂടെ ഉണ്ടെങ്കില്‍ എല്ലാം ഒത്തു വരും!

പൗരബോധം ഒക്കെ ആറി തണുത്തു തുടങ്ങി.

ഒടുവില്‍ എവിടെനിന്നൊക്കെയോ കുറെ നോട്ടുകള്‍ തപ്പിയെടുത്തു നമ്മുടെ നായിക ഹോട്ടലില്‍ കൊടുത്ത ശേഷം ഞങ്ങള്‍ അവരവരുടെ മുറികളിലേക്ക് ചേക്കേറി.

ഒരു മണിക്കൂറിനകം ഭുപിന്ദര്‍ സിഖന്‍ ഞങ്ങളെ അമൃത്സര്‍ കറക്കാന്‍ കൊണ്ടുപോകാന്‍ വരും. ഒന്നു നടു നിവര്‍ത്തിയ ശേഷം ഞങ്ങള്‍ തിരക്കിട്ട് ഒരുങ്ങുകയായിരുന്നു.

ടക് ടക് ടക്...

കതകില്‍ ആരോ മുട്ടുന്നു.
ഇതാരപ്പാ ഇപ്പോള്‍ - ഞാന്‍ പോയി കതകു തുറന്നു.

ദേ നില്‍ക്കുന്നു – വീണ്ടും നായിക!

You have an extra pair of jeans?”,  വളരെ കൂളായി നായിക എന്നോട് ചോദിക്കുന്നു.

ഞാന്‍ വായും പൊളിച്ചു നിന്നു.

Look, I only have one pair and it is full of shit!”, നായിക തുടരുന്നു.

കര്‍ത്താവെ ഇതിനു ഞാന്‍ എന്ത് പിഴച്ചു?

I don’t have anything to change!!!”
ഇതു പണിയാകും.

ഒരൊറ്റ പെയര്‍ ജീന്സുമായി ഇന്ത്യ തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു. പരമപിച്ചക്കാരി!!!

പൗരബോധം!!! തേങ്ങാക്കൊല!!!

ഒടുവില്‍ ഇടയാന്‍ നിന്ന നായികയോട് ഞങ്ങളുടെ കയ്യില്‍ അധികം വസ്ത്രം ഒന്നും ഇല്ല എന്നും, താഴെ ലോണ്ട്രിയില്‍ ഡ്രസ്സ്‌ കഴുകാനുള്ള സൗകര്യം ഉണ്ടാക്കിത്തരാം എന്നും വാഗ്ദാനം ചെയ്തു ഒരു വിധത്തില്‍ മടക്കി അയച്ചു.

നിന്നോട് അപ്പോളേ പറഞ്ഞതല്ലേ വേണ്ടാത്ത ഏടാകൂടം ഒന്നും എടുത്തു തലയില്‍ വെക്കണ്ട എന്നാ ഭാവത്തില്‍ സുഹൃത്ത്‌ എന്നെ നോക്കി. ഇപ്പോള്‍ എനിക്കും അങ്ങനെ തോന്നി തുടങ്ങിയിരുന്നു.
“അവന്‍റെ ഒടുക്കത്തെ ഒരു പൗരബോധം”, എന്നോ മറ്റോ ഉരുവിട്ട് സുഹൃത്ത്‌ ടോയിലെറ്റില്‍ കയറി കതകടച്ചു.

കൂടുതല്‍ സീന്‍ ആകുന്നതിനു മുന്നേ ഞങ്ങള്‍ പതുക്കെ റൂം വിട്ടിറങ്ങി താഴെ കാത്തു നിന്ന ഭുപിന്ദറിന്‍റെ അടുത്തെത്തി. അങ്ങേരുടെ ഒരു ബന്ധുവിന്‍റെ ഓട്ടോയില്‍ ഞങ്ങളെ കയറ്റിവിട്ട ശേഷം, നായികയുടെ താമസപ്രശ്നത്തിനു ഒരു തീരുമാനം ഉണ്ടാക്കിയിട്ട് വരാം എന്നും പറഞ്ഞു സ്ഥലം വിട്ടു.

മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. ഇന്ദിരയുടെ വെടിയുണ്ടകളുടെ പാട് മാഞ്ഞു തുടങ്ങിയ ഗോള്‍ഡന്‍ ടെംപിള്‍, നിസ്സഹായരായ നൂറുകണക്കിനു പേര്‍ പൈശാചികമായി കൊല്ലപ്പെട്ട ജാലിയന്‍ വാലാ ബാഗ്‌, ഗുഹകളിലൂടെ ഇഴഞ്ഞു കയറേണ്ടി വന്ന ഏതോ ഒരമ്പലം, പിന്നെ കാഴ്ച്ചയുടെ പൂരമായ വാഗാ ബോര്‍ഡറിലെ ഗേറ്റ് ക്ലോസിംഗ് സെറിമോണി. ഇന്ത്യയിലെ അവസാനത്തെ ധാബ എന്നവകാശപ്പെടുന്ന ബല്ലേ ബല്ലേ ധാബയിലെ സര്സൂണ്‍ ചേര്‍ത്ത ഉച്ചഭക്ഷണം.

ഒരുപാടോര്‍മ്മകള്‍.

കാണേണ്ടതെല്ലാം കണ്ടു തിരികെ പോകുന്ന വഴി.
ഓട്ടോയിലിരുന്നു സുഹൃത്ത്‌ ഒരു പുകയും ഊതി ഇങ്ങനെ ചോദിച്ചു.

“നിന്‍റെ പേരില്‍ അല്ലെ രണ്ടു റൂമും ബുക്ക്‌ ചെയ്തത്?”

“അതെ”, അതിനെന്താ എന്ന ഭാവത്തില്‍ ഞാന്‍ പ്രതിവചിച്ചു.

“അല്ല...നീ ഒന്നു ആലോചിച്ചു നോക്കിയേ...പത്തു പൈസാ കയ്യിലില്ലാതെ ഉടുതുണിക്ക്‌ മറുതുണി ഇല്ലാത്ത ആ പെണ്ണ് ആ റൂമില്‍ വെച്ചെങ്ങാനും ആത്മഹത്യ ചെയ്‌താല്‍?”

ഞാന്‍ ഉരുകി ദ്രവിച്ചു – ഏയ് അവള്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഒന്നും നിലവില്ല. ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. 

“പോട്ടെ...ഇനി ആരേലും ആ പെണ്ണിനെ റേപ്പ് ചെയ്തു കൊന്നു എന്ന് കരുതുക – നീ കുടുങ്ങും. കാരണം നിന്‍റെ പേരിലാണ് അവളുടെ റൂം.”

അണ്ണാ...ഇങ്ങനെ ഒന്നും പറയല്ലേ...ഞാന്‍ ചത്ത്‌ കളയും!

എന്‍റെ ശവമടക്ക് ഞാന്‍ നേരില്‍ കണ്ടു!

ഡല്‍ഹിയില്‍ നടന്ന ഒരു കൂട്ടമാനഭംഗം രാജ്യത്തെ പിടിച്ചുകുലുക്കിയ സമയം. ഇന്ത്യ ഗേറ്റിലെ പ്രതിഷേധകാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു മടങ്ങിയ ഞങ്ങള്‍. അടുത്ത ദിവസ്സത്തെ മനോരമയുടെ മുഖപ്രസംഗവും പ്രഥാനവാര്‍ത്തയും ഞാന്‍ മനസ്സിലോര്‍ത്തു. വിദേശ വനിത...മലയാളി യുവാക്കള്‍...അയ്യോ!!!

എന്തു വന്നാലും ഞാന്‍ ഒറ്റയ്ക്ക് പിടി കൊടുക്കില്ല എന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു – പിടിക്കുക്കയാണെങ്കില്‍ രണ്ടു പേരെയും ഒരുമിച്ചു. അതല്ലേ അളിയാ ഈ സൗഹൃദം...അതല്ലേ അളിയാ ഈ സുഹൃത്ത്‌ ബന്ധം!!!

പേടിച്ചു പേടിച്ചു ഒടുവില്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തുന്നു.

കുറച്ചു നേരം മുട്ടി നോക്കിയിട്ടും നായിക വാതില്‍ തുറക്കുന്നില്ല. 
ഒരനക്കവും ഇല്ല. ഈശ്വരാ – അവളു തൂങ്ങിക്കാണുമോ?

ഞങ്ങള്‍ - രണ്ടു ശവങ്ങള്‍ കട്ടിലില്‍ വീണു. പരസ്പരം പഴിചാരി, കുറ്റസ്സമ്മതം നടത്തി അടിയന്തിരാവസ്ഥയെ ഇങ്ങനെ നേരിടും എന്ന ചര്‍ച്ച തുടങ്ങി. പോലീസിനു മൊഴി കൊടുക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടായാല്‍ മൊഴിയില്‍ വൈരുധ്യം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നോ മറ്റോ സുഹൃത്ത്‌ പറഞ്ഞതായി ഓര്‍ക്കുന്നു.

മണി ഒന്‍പതായി.

അരമണിക്കൂറിനുള്ളില്‍ ജയ്പൂറിലേക്കുള്ള ബസ്സ്‌ വരും. ഒരിക്കല്‍ കൂടി നായികയുടെ കതകു ഞങ്ങള്‍ മുട്ടി നോക്കി.

പരിപൂര്‍ണ്ണ നിശബ്ധത!

രണ്ടും കല്‍പ്പിച്ചു ഞങള്‍ താഴെ എത്തുന്നു. കാശ് സെറ്റില്‍ ചെയ്യുന്നതിനിടെ നേരത്തെ പ്ലാന്‍ ചെയ്തത് അനുസ്സരിച്ച് വളരെ കൂളായി ഞാന്‍ നായിക റൂം വെക്കേറ്റ് ചെയ്തോ എന്ന് ചോദിക്കുന്നു. അപ്പോളാണ് റീസെപ്ഷന്‍ തെണ്ടിക്ക് ആ കാര്യം ഓര്‍മ്മ വരുന്നത് തന്നെ. ഞങ്ങളെ സമ്മതിക്കണം!

നായിക റൂം ഇതുവരെ വെക്കേറ്റ് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഇന്നേ ദിവസ്സം ആരും പുള്ളിക്കാരിയെ പുറത്തെങ്ങും കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ല എന്നും ആ തെണ്ടി നമ്മളെ അറിയിക്കുന്നു.
ഒരു റൂം ബോയ്‌ പോയി കതകു തട്ടി നോക്കുകയും തുറക്കുന്നില്ല എന്ന് വന്നു പറഞ്ഞു അവന്‍റെ പാട്ടിനുപോവുകയും ചെയ്തു.

ഇതു ആത്മഹത്യ തന്നെ!

അളിയാ...സമനില കൈവിടരുത്.

ഞങ്ങള്‍ക്കുടനെ പോകണമെന്നും, നായിക മിക്കവാറും വേറെ റൂം തപ്പി കണ്ടുപിടിച്ചിട്ടുണ്ടാവും എന്നും പറഞ്ഞു ഞങ്ങള്‍ പതുക്കെ അവിടെ നിന്നും തടിയൂരി. ഒരല്പം നടന്നപ്പോള്‍ ആരോ പുറകില്‍ നിന്നും വിളിക്കുന്നതായി തോന്നി.

കുടുങ്ങി അളിയാ....ശവം കിട്ടിക്കാണും.
പഞ്ചാബി പോലീസിന്‍റെ ഇടിയും സ്വപ്നം കണ്ടു തിരിഞ്ഞു നോക്കുമ്പോള്‍ അതാ ഓടി വരുന്നു – റീസപ്ഷനിസ്റ്റ്.

ഓടണോ അതോ നില്‍ക്കണോ എന്ന ഭാവത്തില്‍ ഞാന്‍ സുഹൃത്തിനെ നോക്കി. ചോരവാര്‍ന്നുപോയി വിളറി വെളുത്ത ആ മുഖത്ത് പ്രത്യേകിച്ചു ഒരു ഭാവവും കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു.

റിസപ്ഷനിസ്റ്റ് അടുത്തെത്തി.

രണ്ടും കയ്യും ഉയര്‍ത്തി വെടി വെയ്ക്കരുത് എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഞങ്ങളുടെ നേരെ അയ്യാള്‍ കൈനീട്ടി.

ഒരു വിസിറ്റിംഗ് കാര്‍ഡ്‌!!!

“സാര്‍, അടുത്ത പ്രാവശ്യം വരുമ്പോള്‍ ഇവിടെ തന്നെ താമസിക്കണം.”

തലയും കുലുക്കി കാര്‍ഡും വാങ്ങി, ചോരവാര്‍ന്നുപോയ മുഖവുമായി ബസ്സ്‌സ്റൊപ്പിലേക്ക് നടക്കുന്ന വഴി രണ്ടു പേരും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

അങ്ങനെ ജെന്നിഫറിന് എന്ത് സംഭവിച്ചു എന്നറിയാതെ - അറിയാന്‍ ചിലപ്പോള്‍ ഇനി ഒരിക്കലും കഴിയാതെ വരും, ഞങ്ങള്‍ക്ക് ഇനി എന്ത് സംഭവിക്കും എന്നും അറിയാതെ ഞങ്ങള്‍ ജയ്പൂരിലേക്കുള്ള ബസ് കയറി. വഴിയില്‍ കണ്ടുമറന്ന മുഖങ്ങള്‍ പോലെ ജെന്നിഫരിനെയും എന്നെകിലും ഞങ്ങള്‍ മറന്നേക്കാം. പക്ഷെ ആ ദിവസം സമ്മാനിച്ച ടെന്‍ഷന്‍ - അതൊരിക്കലും മറക്കാന്‍ കഴിയില്ല.

അടുത്ത മൂന്നു ദിവസങ്ങള്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹിറ്റ്‌ ഉണ്ടായ സെര്‍ച്ച്‌ കീവേര്‍ഡ്സ് ജെന്നിഫര്‍ + സിങ്കപ്പൂര്‍ + അമൃത്സര്‍ ആയിരിക്കും. ഒന്നും സംഭവിച്ചു കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ സെര്‍ച്ച്‌ ചെയ്തു സംഭാവന നല്‍കിയത്!!!

5 അഭിപ്രായങ്ങൾ:

  1. ജന്നിഫറിന്റെ അമ്മാവന്‍ അങ്കമാലീലെ പ്രധാനമന്ത്രി ആയിരുന്നെന്ന് പറഞ്ഞോ!!
    സംഗതി എന്തായാലും രസമുണ്ടായിരുന്നു വായിയ്ക്കാന്‍

    മറുപടിഇല്ലാതാക്കൂ
  2. ഭാവിയുണ്ട് ... സംഗതി നടക്കട്ടെ വിടണ്ട .........

    മറുപടിഇല്ലാതാക്കൂ