ഞായറാഴ്‌ച, ഡിസംബർ 08, 2013

രക്തബന്ധം.


റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്‍റെ മുന്നില്‍ വെച്ചാണ്‌ ഞാന്‍ ആദ്യമായി അജിത്തേട്ടനെ കാണുന്നത്. ഏതാണ്ട് മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍. ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച കറുത്ത കണ്ണുകള്‍. വെളുക്കേയുള്ള ചിരിയില്‍ ഒരു ജന്മത്തിന്‍റെ വേദന ഒളിച്ചിരിക്കുന്നതായി തോന്നും. ഒടുവില്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍, അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരുന്നു എന്ന് എനിക്കറിയാമായിരുന്നു. അല്ല, ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്നു.  അതായിരുന്നു പതിവ്.

ഏതാനും മിനിറ്റുകള്‍ മാത്രം ആയുസ്സുള്ള രക്തബന്ധങ്ങള്‍.

കഴിഞ്ഞ ഒരു മാസമായി അജിത്തേട്ടന്‍ ക്യാന്‍സര്‍ സെന്‍റെറില്‍ ഉണ്ട്. അഞ്ചു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ ഏക മകളെ അര്‍ബുദം കാര്‍ന്നുതിന്നാന്‍ തുടങ്ങിയത് വളരെ വൈകിയാണ് അറിയുന്നത്. 

അവസ്സാനത്തെ സ്റ്റേജ്.

ഇനി പ്രതീക്ഷകളില്ല. അത്ഭുതങ്ങള്‍ക്ക് അവളെ രക്ഷിക്കാന്‍ ആവില്ല.

വ്യഭിചരിക്കുന്ന കോശങ്ങള്‍ പെറ്റുപെരുകി ആ ശരീരത്തെ ജീര്‍ണിപ്പിച്ചു കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളുന്ന കിരണങ്ങളേറ്റു വാടിത്തളര്‍ന്നുപോയ അവളുടെ പിഞ്ചു ശരീരത്തിന് ദിവസ്സവും മൂന്നും നാലും യുണിറ്റ് രക്തം വേണമായിരുന്നു – അവളുടെ വേദനകള്‍ ഏതാനും ദിവസങ്ങള്‍ കൂടി നീട്ടിക്കിട്ടാന്‍.

പലവഴി ഡോണര്സ്സിനെ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിനിടയില്‍ ആണ് ഫ്രണ്ട്‌സ്‌ ടു സപ്പോര്‍ട്ട് എന്ന വെബ്സൈറ്റില്‍ നിന്നും എന്‍റെ ഫോണ്‍ നമ്പര്‍ അജിത്തേട്ടനു കിട്ടുന്നത്. അന്നാണു ഞാന്‍ ആദ്യമായി അജിത്തേട്ടനോട് സംസാരിക്കുന്നത്. അടുത്ത ദിവസ്സം രാവിലെ എത്താം എന്ന് ഞാന്‍ വാക്ക് കൊടുക്കുന്നു.

മാരകമായ ഒരു രോഗം ആണ് ക്യാന്‍സര്‍ എന്ന് എനിക്കറിയാം. പക്ഷെ ഒരു രോഗിയുടെയോ, അവരുടെ ബന്ധുക്കളുടെയോ അവസ്ഥ എന്തെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്‍റെ ആവശ്യം ഇല്ലായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടു മറവിയില്‍ മറഞ്ഞുപോകുന്നവര്‍. അതുകൊണ്ട് തന്നെ, തികച്ചും പരിചിതമായ, രോഗികള്‍ തിങ്ങിനിറഞ്ഞു ഊഴം കാത്തുനില്‍ക്കുന്ന കോറിഡോറിലൂടെ അജിത്തേട്ടന്‍റെ ഒപ്പം ബ്ലഡ്‌ബാങ്കിലേക്ക് നടക്കുമ്പോള്‍, ഒരു പതിവുകാരന്‍റെ യാന്ത്രികമായ അലസ്സത എന്നില്‍ പ്രകടമായിരുന്നു.
ഡോക്ടറെ കണ്ടു ഡൊനേഷന്‍ ഫോം ഫില്ല് ചെയ്തു ഊഴം കാത്തു ഞാനാ ഇടനാഴിയില്‍ നിന്നു.

“ഇന്ന് നല്ല തിരക്കുണ്ട്‌. ധൃതിയുണ്ടെങ്കില്‍ ഞാന്‍ പോയി നേരത്തെ വിളിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇവിടെ എല്ലാര്‍ക്കും ഇപ്പോള്‍ നല്ല പരിചയം ആണ്.”, ഒരു ചെറിയ ചിരിയോടെ അജിത്തേട്ടന്‍ പറഞ്ഞു.

എന്തായാലും അത് വേണ്ടി വന്നില്ല. ഉടനെ തന്നെ എന്‍റെ പേര് വിളിച്ചു.

രക്തം കൊടുത്തതിനു ശേഷം തിരിച്ചിറങ്ങി ഞാന്‍ ഷൂസ് ഇടാന്‍ തുടങ്ങിയപ്പോള്‍, എവിടെ നിന്നോ തിക്കിത്തിരക്കി അജിത്തേട്ടന്‍ അടുത്ത് വന്നു.

“ക്ഷീണം ഒന്നും ഇല്ലല്ലോ അനിയാ?”

“ഹേയ്..ഇല്ല...ഞാന്‍ എന്നാല്‍ അങ്ങോട്ട്‌ പോട്ടെ? ഓഫീസില്‍ കയറാന്‍ സമയം ആയി.”, ഷൂസ് ഇടുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.

“അയ്യോ! അത് പറ്റില്ല. എന്തെങ്കിലും കഴിച്ചിട്ട് പോകാം. അല്ലാതെ പോകാന്‍ ഞാന്‍ സമ്മതിക്കില്ല.”, നിര്‍ബന്ധിച്ചുകൊണ്ട് അജിത്തേട്ടന്‍ പറഞ്ഞു.

ഒന്നും വേണ്ട എന്ന് പുള്ളിയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം എടുത്തു. സമയമില്ലായ്മ മാത്രം ആയിരുന്നില്ല പ്രശ്നം. ഒരു പ്രതിഫലം – സ്നേഹത്തിന്‍റെ പേരിലായാലും കൈപറ്റാനുള്ള വൈമുഖ്യം. അതുകൊണ്ടാണ് വേണ്ടാന്ന് വെച്ചതു.

ഒടുവില്‍ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയ അജിത്തേട്ടന്‍ എന്നെ പോകാന്‍ അനുവദിച്ചു.

“എന്തായാലും എന്‍റെ മോളെ ഒന്നു കണ്ടിട്ട് പോ...”, നടന്നു തുടങ്ങിയ എന്നെ പിന്നില്‍ നിന്നും വിളിച്ചു നിറുത്തി.

ഞാന്‍ നിസ്സഹായനായി.

ഇതിനു മുന്‍പ് ഒരിക്കലും ഞാന്‍ രക്തം കൊടുത്ത ഒരു രോഗിയെയും ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. അനാവശ്യമായ ഒരു ബന്ധത്തില്‍ നിന്നുമുള്ള മനപ്പൂര്‍വ്വമായ ഒരു ഒളിച്ചോട്ടം. ഇങ്ങനെ ഒരു ആവശ്യം ആരും പറയാറും ഇല്ല.

പക്ഷെ ആ മനുഷ്യന്‍റെ മുഖത്ത് നോക്കി പറ്റില്ല എന്നു പറയാന്‍ എനിക്കു കഴിഞ്ഞില്ല.

മുകളിലത്തെ വാര്‍ഡില്‍, മുടികൊഴിഞ്ഞു, വേദനയിലും അവിടെ എവിടെയോ ഓടി നടന്നിരുന്ന മകളെ വാരിയെടുത്തു കൊണ്ട് വന്നു അജിത്തേട്ടന്‍ എനിക്കു പരിചയപ്പെടുത്തി. തന്നു. ആരാ എന്ന ഭാവത്തില്‍ അച്ഛന്‍റെ നെഞ്ചിലാര്‍ന്നു മുഖം ചരിച്ചു എന്നെ നോക്കിയ അവളോട്‌ എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു. പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നു.

എന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയതിനാലാകാം, അധികനേരം അവിടെ നില്‍ക്കാതെ, അവളെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചു എന്നെയും കൂട്ടി അജിത്തേട്ടന്‍ താഴേക്കിറങ്ങി. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നു പറഞ്ഞു ഞാന്‍ യാത്ര ചോദിച്ചു.

അന്നാണു, ആ ക്യാന്‍സര്‍ സെന്‍ററിന്‍റെ മുന്നില്‍ വെച്ചാണ്‌ ഞാന്‍ അവസാനമായി അജിത്തേട്ടനെ കാണുന്നത്.

ആര്‍ സി സിയില്‍ മുന്‍പ് പല പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഒരു ക്യാന്‍സര്‍ രോഗിയെ പരിചയപ്പെടുന്നതു - അതും ഒരു പിഞ്ചുകുഞ്ഞിനെ. മരണം നിഴലിച്ച അവളുടെ മുഖം ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്. ഇതെഴുതുമ്പോള്‍ ആ കൂടിക്കാഴ്ച കഴിഞ്ഞു ഒരുപാടു വര്‍ഷങ്ങള്‍ ആയിരിക്കുന്നു. എങ്കിലും അന്നത്തെ ഓരോ നിമിഷവും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

അതിനു ശേഷമുള്ള ആഴ്ചകളില്‍ പലപ്രാവശ്യം അജിത്തേട്ടന്‍ എന്നെ വിളിച്ചിരുന്നു. സമയത്തിന് ഡോനേര്‍സിനെ കിട്ടാത്തെ വരുമ്പോള്‍ ഒരു അവസാനശ്രമം എന്ന നിലയില്‍, ഒരു ക്ഷമാപണത്തിന്‍റെ മുഖവുരയോടെ അജിത്തേട്ടന്‍റെ ഫോണ്‍ വരും. എന്നെ കൊണ്ടാവുന്ന വിധം കോളേജുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഞാന്‍ ഡോണര്സിനെ സംഘടിപ്പിച്ചു കൊടുത്തിരുന്നു.

ഏതാണ്ട് ഒരു രണ്ടാഴ്ച കഴിഞ്ഞു.

അന്നും അജിത്തേട്ടന്‍ വിളിച്ചു. ശബ്ദം വല്ലാതെ ഇടറിയിരുന്നു. തളര്‍ന്നു പോയ ഒരു മനുഷ്യന്‍റെ ശബ്ദം.

“എങ്ങനെയെങ്കിലും രണ്ടു പേരെ...”

അന്നു രണ്ടു ഡോനെര്‍സിനെ കണ്ടു പിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

ഒരുപക്ഷെ ഞാന്‍ പൂര്‍ണ്ണമായും ശ്രമിച്ചിട്ടുണ്ടാവില്ല.    

അത് കൊണ്ടാകാം.

എനിക്കു അജിത്തേട്ടനെ തിരിച്ചു വിളിക്കാന്‍ ധൈര്യം ഇല്ലായിരുന്നു.
അന്ന് ഞാന്‍ വിളിച്ചില്ല.

അടുത്ത ദിവസ്സം ഞാന്‍ അയച്ച മെയില്‍ വായിച്ചു ആരോ എന്നെ വിളിച്ചു – രണ്ടു പേര്‍ അന്നേയ്ക്കു രക്തം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞു.

ആശ്വാസ്സത്തോടെ ഞാന്‍ അജിത്തേട്ടനെ വിളിക്കാന്‍ ഫോണ്‍ എടുത്തു. അങ്ങോട്ട്‌ വിളിക്കും മുന്നേ അജിത്തേട്ടന്‍ ഇങ്ങോട്ടു വിളിച്ചു.

“അജിത്തേട്ടാ, ഇന്നലെ ആരെയും കിട്ടിയില്ല. ഇന്ന് രണ്ടു പേരെ കിട്ടി. ഞാന്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്‌, അവിടെ എത്തി അവര്‍ വിളിക്കും.”, ഇങ്ങോട്ട് ഒന്നും പറയാന്‍ അനുവദിക്കാതെ ഒറ്റശ്വാസ്സത്തില്‍ ഞാന്‍ പറഞ്ഞു.

ഒരു നിമിഷത്തിന്‍റെ മൗനം.

“അനിയാ, ഇനി അവരോടു വരണ്ട എന്ന് പറ. ഇനി വേണ്ട...”, പതിയെ അജിത്തേട്ടന്‍ പറഞ്ഞു.

വേറെ ഡോനെര്‍സിനെ കിട്ടിക്കാണും എന്ന് കരുതി ഞാന്‍ അവരോടു നാളെയോ മറ്റന്നാളോ ആവശ്യം ഉണ്ടെങ്കില്‍ വരാന്‍ പറയാം എന്ന് പറയുന്നു.

“അതല്ല അനിയാ, മോള് ഇന്നലെ രാത്രി മരിച്ചു. നിന്നോട് ഒന്നു വിളിച്ചു പറയണം എന്ന് തോന്നി...അതാ...”

നിശബ്ധമായ കുറേ നിമിഷങ്ങള്‍.

ഇനിയൊന്നും പരസ്പരം പറയാനില്ല എന്ന് തോന്നിയത് കൊണ്ടാകാം, ഞങ്ങള്‍ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ക്കിടയിലെ രക്തബന്ധം – അത് തലേന്നു രാത്രി അറ്റുപോയിരുന്നു.

ഒന്നും പറയാതെ തന്നെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
പേരറിയാത്ത ആ അനിയത്തിക്ക് വേണ്ടി രണ്ടു തുള്ളി കണ്ണുനീര്‍ - നിറമില്ലാത്ത ആ തുള്ളികള്‍ക്ക് എന്‍റെ ചോരയുടെ മണമുണ്ടായിരുന്നു.


അന്നായിരുന്നു ഞാന്‍ അവസ്സാനമായി അജിത്തേട്ടനോട് സംസാരിക്കുന്നത്.

ചൊവ്വാഴ്ച, ഡിസംബർ 03, 2013

ജ്ഞാനസ്നാനം.

പലയിടങ്ങളിലായി ചിതറിവീണ സ്വപ്‌നങ്ങള്‍,
പൊടിയില്‍ മണ്ണിലാണ്ടു മരവിച്ചു കിടക്കുന്നു.
ജീവിതമി,തെരിഞ്ഞു തീരുന്നു,
ചുണ്ടിലെരിയുന്ന ചുരുട്ടു പോലെ.
മലര്‍ക്കെ കിടക്കുന്ന ജനലഴികള്‍,
വെളിച്ചം കൊതിക്കുന്ന വേഴാമ്പലുകളായി;
വാതിലിലെ കനത്ത വിജാഗിരി,
അത് ശബ്ധിക്കാതായിട്ടു ദിവസങ്ങളേറെയായി.
എങ്ങോ വെച്ച് മറന്നിരിക്കുന്നു,
ഓര്‍മകളുടെ അറകളിലേക്കുളള താക്കോല്‍.
ഒരേറ്റുപറച്ചിലിന്‍റെ ഈണത്തില്‍,
താരാട്ടു കേട്ടുറങ്ങുവാന്‍ കൊതിക്കുന്ന ലോകം
_ചവറ്റുകുട്ടയില്‍ എച്ചിലു ചികയുന്ന നായയെപ്പോലെ,
മണത്തു മണത്തു ചുറ്റിനും തിരഞ്ഞു നടക്കുന്നു.
തിളച്ച ഉപ്പുവെള്ളം മുറിവുകളില്‍ കോരിയൊഴിച്ച്
ആശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ലോകം.
നീറിക്കരഞ്ഞുകൊണ്ടും ഊറിച്ചിരിച്ചുകൊണ്ടും,
ആ വേദനയില്‍...
ജ്ഞാനസ്നാനത്തില്‍...
ഞാന്‍ മോക്ഷം നേടി...