ചൊവ്വാഴ്ച, ഓഗസ്റ്റ് 20, 2019

പ്രളയം!!!

ഒരിക്കൽ...കടൽ മാത്രമായിരുന്നു...
ദിനരാത്രങ്ങളുടെ ഏകാന്തത...
ഉന്മാദചിന്തകൾ...
കരയിൽ തലതല്ലി കടൽ കരഞ്ഞു...
പൊട്ടിച്ചിതറിയ നീർത്തുള്ളികളെ മേഘങ്ങൾ ഏറ്റുവാങ്ങി...
കടലിന്റെ ദുഃഖം താങ്ങാനാവാതെ മേഘങ്ങൾ പറന്നകന്നു...
കടലിന്റെ ദുഃഖം...ഓർമയിൽ...
കണ്ണീർത്തുള്ളികളുടെ ഭാരമേറുന്നതായി മേഘങ്ങൾക്കു തോന്നി...
ഇനിയുമീഭാരം...താങ്ങാൻ കഴിയില്ല...
എവിടെയോ നീർത്തുള്ളികളെ ഉപേക്ഷിച്ചു മേഘം യാത്ര തുടർന്നു...
ഓർമകൾ പിന്തുടർന്നു...
താഴേക്കു പതിച്ച നീർത്തുള്ളികൾ നനവായി നിലത്തെ പുണർന്നു...
ആദ്യ പരാഗണം...
കടലിന്റെ ദുഃഖം കരയിൽ പുനർജനിച്ചു...
പച്ചനിറത്തിൽ ആ ദുഃഖം പടർന്നു...
പരിണാമത്തിന്റെ പിഴച്ചുപോയ വഴികളിലെവിടെയോ ഞാൻ പിറന്നു...
കടലിന്റെ കണ്ണീരും...ആ നനവിൽ പിറന്നവരും...
എനിക്കോർമകൾ ഇല്ലായിരുന്നു...
ഞാൻ നന്ദികെട്ടവനായിരുന്നു...
ഞാൻ വളർന്നു...
മേഘങ്ങൾക്കുമപ്പുറം ഞാൻ ഉയർന്നു...
മലകളെക്കാളും ഞാൻ വലുതായി...
ഇരുട്ടിനെ വെളിച്ചം കൊണ്ടണയ്ക്കുവാൻ ഞാൻ പഠിച്ചു...
എന്റെ വഴികളിൽ കാല്പാടുകൾ മാത്രമവശേഷിച്ചു...
ഞെരിഞ്ഞമർന്ന ഓർമകൾ...
പതിയെ മറഞ്ഞു തുടങ്ങി...
കടൽ കരയിൽ തലതല്ലി കരഞ്ഞുകൊണ്ടിരുന്നു...
നീർത്തുള്ളികളെ മേഘങ്ങൾ ഏറ്റുവാങ്ങി...
പെയ്തിറങ്ങി...
നനവ് പടർന്നു വീണ്ടും കരയിൽ...
പ്രകൃതി ഉച്ചത്തിൽ ചിരിച്ചു...
എന്റെ കാൽപ്പാടുകൾ ഒലിച്ചിറങ്ങി...
പരിണാമം തെറ്റുതിരുത്തി...
ഓർമകളിൽ ഒരിടത്തും ഞാൻ അവശേഷിച്ചിരുന്നില്ല...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ