ഞായറാഴ്‌ച, നവംബർ 04, 2012

സ്വപ്‌നങ്ങള്‍


സ്വപ്‌നങ്ങള്‍_ അവ സത്യമല്ലേ?

ആണെന്ന് കരുതുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

അബോധത്തിന്‍റെ ചിന്തയില്‍ നിന്നുണരുന്ന
ചിറകില്ലാത്ത പക്ഷികള്‍.
അതോ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന
ഇരുളിന്‍റെ മുഖംമൂടിയോ?

അല്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

അവിടെ, ഉള്ളില്ലാതെ പൊള്ളുന്ന വാക്കുകളില്ല,
വാഗ്ദാനങ്ങളില്ല.
വരിഞ്ഞുകെട്ടിയ വികാരങ്ങളുടെ വീര്‍പ്പുമുട്ടലുകളില്ല.
ചിതലരിച്ച പ്രണയത്തിന്‍റെ മണ്‍പുറ്റുകളി,ലവിടെ
വിഷം നിറഞ്ഞ പല്ലുകള്‍ വളരുന്നില്ല.
മരവിച്ചു മരിച്ച മനസ്സുകളുടെ ശവമഞ്ചത്തിനു മുന്നില്‍
കറുത്ത കാലുകള്‍ ആനന്ദനൃത്തം ചവുട്ടുന്നില്ല.
ആദ്യചോരയുടെ അവല്‍-പ്പൊതിയുമേന്തി
വില്പ്പനക്കിറങ്ങുന്ന കുഞ്ഞു ശരീരങ്ങളില്ല.
വെയിലുറയ്ക്കുമ്പോള്‍ തളര്‍ന്നു, തലയില്‍ ചുമടുമായി
അരവയറി,നന്നം തിരയുന്ന നിസ്സഹായതയുമില്ല.
ചില്ലകളുണങ്ങി, എന്നോ മയങ്ങിപ്പോയ മരത്തി-
ലവശേഷിച്ച കിളിക്കൂടിന്‍റെ അനാഥത്വമില്ല.
വറ്റിവരണ്ട പുഴയിലൊരോര്‍മ്മയായി
കാലം ശേഷിച്ച ജീവന്‍റെ ഏകാന്തവേദനയുമില്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.   
    
സ്വാതന്ത്ര്യമുണ്ടവിടെ.

വാക്കിനും വിചാരത്തിനും കടിഞ്ഞാണിടാന്‍
ചാട്ടവാറുമായി കാലം കാവലില്ലാത്ത
സ്വച്ചന്ദമായോഴുകുന്ന ഒരു പുഴ.
എനിക്കവിടെ വേദനകളില്ല; മരണമില്ല;

ഓരോ മരണത്തിലും പുനര്‍ജ്ജന്മം നേടുന്ന നിമിഷങ്ങള്‍.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.