ചൊവ്വാഴ്ച, ഡിസംബർ 13, 2011

അവസാനത്തെ കത്ത്!


നിലാവൊഴിഞ്ഞ രാത്രിയില്‍, ഇരുട്ടില്‍ ആകാശത്തിലെവിടെയോ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി അവള്‍ ഇരുന്നു. മുന്നില്‍, എഴുതി പൂര്‍ത്തിയായ തന്‍റെ അവസാനത്തെ കത്ത്.


ഏറെ നേരത്തിനു ശേഷം ഒടുവിലായി, അവള്‍ ഇങ്ങനെ എഴുതി ചേര്‍ത്തു:


"നീ! നീ മാത്രമാണ് എന്‍റെ ജീവിതത്തിനും മരണത്തിനും അവകാശി!"


ഭംഗിയായി മടക്കി അവള്‍ ആ കത്തു മേശവലിപ്പിനുള്ളില്‍ വെച്ച് ഭദ്രമാക്കി.


മണ്ണെണ്ണയുടെ ഗന്ധം ശരീരമാകെ പടര്‍ന്നപ്പോള്‍, കഴിഞ്ഞുപോയ ഓരോ നിമിഷത്തെയും അവള്‍ മുന്നില്‍ കണ്ടു. അതിലെവിടെയോ അവന്‍റെ മുഖം തെളിഞ്ഞപ്പോള്‍ വെറുപ്പോടെ അവള്‍ മുഖം വെട്ടിച്ചു. ഒരിക്കല്‍ എല്ലാമായിരുന്ന അവനെ അവള്‍ ഇപ്പോള്‍ വെറുക്കുന്നു.


എപ്പോഴോ അവള്‍ അവനെ സ്നേഹിച്ചിരുന്നു, ഒരുപാട്.


സന്ധ്യകളില്‍ കൈപിടിച്ച് നടക്കുമ്പോള്‍, മണ്ണിന്‍റെ മണമുള്ള മഴയത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അവര്‍ ഒന്നായിരുന്നു. ആയിരം ജന്മങ്ങളുടെ സ്നേഹം അവര്‍ പങ്കുവെച്ചു.


അവന്‍ അവളെയും ഒരുപാട് സ്നേഹിച്ചിരുന്നു.


അവള്‍ക്കൊരിക്കലും മനസ്സിലായിരുന്നില്ല, എന്തിനാണ് തന്നെ പിരിഞ്ഞു അവന്‍ പോയതെന്ന്. കാത്തിരുന്നു...കാലങ്ങളോളം അവനെയും പ്രതീക്ഷിച്ചു. പക്ഷെ അവന്‍ മടങ്ങി വന്നില്ല. വേദന അവളുടെ മനസ്സില്‍ വെറുപ്പായി...പകയായി...ഒടുവില്‍ മരണവും.


എന്നെങ്കിലും അവന്‍ തിരിച്ചു വന്നാല്‍, അവന്‍ അറിയണം.


"എന്‍റെ മരണം - അതിനു നീ മാത്രമാണ് കാരണം.", അവള്‍ പിറുപിറുത്തു.


"ഒരിക്കല്‍ നീ അറിയും എന്‍റെ മരണം. ഈ കത്തു നീ വായിക്കും - അന്ന് നീ പശ്ചാതപിക്കണം...വേദനിക്കണം. ഞാന്‍ അനുഭവിച്ചത് എന്താണെന്നു അറിയണം. എനിക്കായി കണ്ണുനീര്‍ പൊഴിക്കണം. എന്‍റെ ഓര്‍മ്മയില്‍ ജീവിതം മുഴുവന്‍ അലയണം!", വെറുപ്പോടെ ഒരു ഭ്രാന്തിയെപ്പോലെ അവള്‍ കുത്തികുറിച്ചിരുന്നു.


ഒരു തിരിനാളം കത്തിയണഞ്ഞു.


കത്തിയെരിഞ്ഞ മാംസത്തിന്റെ മണമുള്ള ആ മുറിയില്‍ നിന്നും ഒരു ചെറിയ കടലാസ്സിന്റെ കഷ്ണം കിട്ടി. ഏതോ ഒരു നിയോഗം പോലെ ഇത്ര മാത്രം അതില്‍ മായാതെ കിടന്നു:


"...എന്‍റെ ജീവിതത്തിനും മരണത്തിനും അവകാശി!"


അവള്‍ അവനെ സ്നേഹിച്ചിരുന്നു - മരണത്തിലും!

2 അഭിപ്രായങ്ങൾ: