വ്യാഴാഴ്‌ച, ഡിസംബർ 01, 2011

"Rough" Record!!!

ജീവിതത്തില്‍ നമ്മള്‍ ഒരുപാടു ടെന്‍ഷന്‍ അടിച്ച അല്ലെങ്കില്‍ പേടിച്ച നിമിഷങ്ങള്‍ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ വെറുമൊരു തമാശയായി തോന്നുന്നത് സ്വാഭാവികം മാത്രം. അങ്ങനെ ഉള്ള ഒരുപാടു തമാശകള്‍ (ടെന്‍ഷന്‍നുകള്‍) അനുഭവിക്കാനുള്ള മഹാഭാഗ്യം നമ്മള്‍ക്കുണ്ടായിരുന്നു. 


അങ്ങനെ ഒരു അവസരത്തില്‍...


നമ്മുടെ ജീവിതം എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞതോടു കൂടി കുത്തുപാളയായി. പ്രതീക്ഷിച്ച പോലെ തന്നെ വളരെ ഉന്നതമായ ഒരു റാങ്ക് ആണ് നമ്മള്‍ കരസ്ഥമാക്കിയത്  - 9356. ഏതാണ്ട് മുപ്പത്തയ്യായിരത്തോളം പേരെ പിന്തള്ളിയാണ് നമ്മള്‍ ഇത് വെട്ടിപ്പിടിച്ചതെന്നു ഓര്‍ക്കണം. സര്‍ക്കാരിനും വീട്ടുകാര്‍ക്കും പക്ഷെ, ഇത് വലിയ ഒരു സംഭവം ആയിട്ട് തോന്നിയില്ല - അങ്ങനെ മൂവായിരത്തിനു പകരം അന്‍പതിനായിരം കൊടുത്തു നമ്മള്‍ പഠനം തുടങ്ങി.


ഘോരമായ ഒന്നര വര്‍ഷത്തെ പഠിത്തം - അത് നമ്മള്‍ക്ക് ആവശ്യത്തിനു സപ്ലികളും, ചീത്തപ്പേരും സമ്മാനിച്ച്‌ കടന്നുപോയി. ഒടുവില്‍ തോറ്റു മടുത്തപ്പോള്‍ കവിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു - 


"എല്ലാവര്‍ക്കും സപ്ലി
 നമ്മള്‍ക്കെല്ലാവര്‍ക്കും സപ്ലി.
 പൊട്ടിയ വാര്‍ത്തകള്‍ കേട്ട് മടുത്തു...പാസ്സ് ആയിടെണം...
 പാസ്സ് ആയിടെണം...


 പൊട്ടിയ സീരീസ്‌ ടെസ്റ്റുകള്‍ കാണാം
 പൊട്ടിയ മാര്‍ക്കിന്‍ ലിസ്റ്റുകള്‍ കാണാം...
 ...

 പൊട്ടിയ വാര്‍ത്തകള്‍ കേട്ട് മടുത്തു...പാസ്സ് ആയിടെണം...
 പാസ്സ് ആയിടെണം..."

മുരുകന്‍ കാട്ടാക്കടയുടെ തിമിരം നമ്മള്‍ സപ്ലി ആക്കി!!!

ഉച്ചക്ക് ഊണ് കഴിഞ്ഞു പൂവാലന്‍മാര്‍ ഇറങ്ങുന്ന നേരം - നമ്മള്‍ last benchers കൂടിയിരുന്നു കഥയും കവിതയും രാഷ്ട്രീയവും ചെറ്റത്തരങ്ങളും പറഞ്ഞു രസിക്കുകയായിരുന്നു പതിവ്. ഭാവിയെക്കുറിച്ചുള്ള തീക്ഷണമായ ചര്‍ച്ചകള്‍ - സിനിമ പിടിക്കണം, എഴുത്തുകാരന്‍ ആവണം, ബുക്ക്‌ സ്റ്റാള്‍ തുടങ്ങണം. ആരും തന്നെ ആ കൂട്ടത്തില്‍ എഞ്ചിനീയര്‍ ആവണമെന്ന് പറഞ്ഞു കേട്ടതായി നമ്മള്‍ ഓര്‍ക്കുന്നില്ല. അങ്ങനെ തോല്‍വികള്‍ക്കിടയിലും നമ്മള്‍ വ്യത്യസ്തരായി തല ഉയര്‍ത്തി പിടിച്ചു നടന്നു.

ഫ്രെഷേര്‍സ്  ഡേ

ഉറങ്ങി കിടന്നിരുന്ന ഒരു പറ്റം കലാകാരന്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റു. എന്തെങ്കിലും പരിപാടി കാണിച്ചേ മതിയാകു - അഭിമാനത്തിന്‍റെ പ്രശ്നം. ഒടുവില്‍ നമ്മുടെ ആസ്ഥാനകവിയുടെ പിന്‍ബലത്തില്‍ "ഓട്ടന്തുള്ളല്‍" തന്നെ നടത്തിക്കളയാം എന്ന് നമ്മള്‍ തീരുമാനിക്കുന്നു. സമയം അടുത്ത് വരുന്നു - ഇതുവരെ സ്റ്റേജില്‍ കയറിയിട്ടില്ലാത്ത നമ്മള്‍ മുന്നണിയിലും പിന്നണിയിലും നിരന്നു നില്‍ക്കുന്നു. ഗംഭീരമായ റിഹെര്സലുകള്‍.

നമ്മള്‍ പഠിത്തം തീരെ അങ്ങ് ഉപേക്ഷിക്കുന്നു. സാധാരണ കട്ട്‌ ചെയ്യുമായിരുന്ന ക്ലാസുകള്‍ റിഹേര്‍സല്‍ഇന്‍റെ പേരില്‍ നേരിട്ട് പോയി attendance അഹങ്കാരത്തോടെ എഴുതി വാങ്ങി നമ്മള്‍ കറങ്ങി നടക്കാന്‍ തുടങ്ങി. നിര്ധോഷികള്‍ ആയിരുന്ന ലാബുകളെ പോലും നമ്മള്‍ ഉപേക്ഷിച്ചു. അവഗണിച്ചു.

ഏതായാലും സംഗതി കിടിലം ആയി. പരിപാടി കസറി - വന്‍ വിജയം. നമ്മള്‍ കൂടി ഭാഗബുക്കായ ഒരു സംരംഭം വിജയിച്ചതിന്‍റെ അഹങ്കാരത്തോടെ നമ്മള്‍ ക്ലാസ്സില്‍ തിരിച്ചെത്തി.

അന്നു വൈകുന്നേരം.

പതിവുപോലെ നമ്മള്‍ വീട്ടില്‍ TV കണ്ടിരിക്കുന്നു - വീട്ടുകാര്‍ 'പോയിരുന്നു പഠിക്കെടാ' പല്ലവി പാടുന്നു - നമ്മള്‍ ശബ്ദം കൂട്ടുന്നു - സ്ഥിരം സംഭവിക്കുന്നത്‌. പെട്ടന്ന് വീട്ടിലെ ഫോണ്‍ അടിക്കുന്നു. മാതാശ്രീ ആയിരുന്നു ഫോണ്‍ എടുത്തത്‌ - ഒരു മൂന്ന് മിനിറ്റ് സംസാരിച്ചു കാണും. 

പിന്നീടു അവിടെ നടന്നത് ഒരു പൊട്ടിത്തെറി ആയിരുന്നു!!!

അത്യാവശ്യമായി ഒന്ന് കോളേജ് വരെ ചെല്ലണം. മഹന്‍റെ ചില വിശേഷങ്ങള്‍ പറയാനുണ്ട് എന്നും പറഞ്ഞു നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഫോണ്‍ കട്ട്‌ ചെയ്തു!

"എന്താടാ നീ കോളേജില്‍ കാട്ടിക്കൊട്ടിയത്?"

"മൂന്ന് വര്‍ഷം SFI 'ടെ കോപ്പായിരുന്നു ഞാന്‍ - ആ എന്നെപോലും വീട്ടില്‍ നിന്നും വിളിച്ചോണ്ട് വരാന്‍ പറഞ്ഞിട്ടില്ല!!! ", പിതാശ്രീയുടെ വക.

"സത്യം പറ! നീ എന്താ ചെയ്തത്?", മാതാശ്രീ കരഞ്ഞു തുടങ്ങി.

നമ്മള്‍ ആകെ വ്യാകുലനായി, മൌനം ആണ് ഇത്തരം പ്രതിസന്ധികളില്‍ ഏറ്റവും നല്ലതെന്ന് മനസ്സിലാക്കി മുറിയില്‍ കയറി കതകടച്ചു - അന്നാരും ഭക്ഷണം കഴിച്ചതായി നമ്മള്‍ക്ക് ഓര്‍മ്മയില്ല.

അടുത്ത ദിവസം.

നല്ല കുട്ടിയായി നമ്മള്‍ രാവിലെ കോളേജില്‍ എത്തി ക്ലാസ്സില്‍ ഇരിക്കുന്നു - പിന്നാലെ മാതാശ്രീ എത്തുന്നു - വളരെ ഗഹനമായ ചര്‍ച്ചകള്‍ ടീച്ചറുമായി നടത്തുന്നു  - നമ്മെ മൈന്‍ഡ് പോലും ചെയ്യാതെ ഇറങ്ങി പോകുന്നു.

അന്നു വൈകുന്നേരം.

നമ്മള്‍ റോഡില്‍ നിന്നും ആലോചിക്കുന്നു  - എന്താകും പറഞ്ഞിട്ടുണ്ടാവുക? ഏതായാലും കലിപ്പാകും. എന്നാല്‍ പിന്നെ സ്റ്റൈലില്‍ തന്നെ ആയിക്കോട്ടെ. രണ്ടു സിഗരറ്റ് വാങ്ങി പോക്കെറ്റില്‍ ഇട്ടു നമ്മള്‍ വീട്ടിലേക്കു നടക്കുന്നു. പ്രശ്നം ആവുകയാണെങ്കില്‍ നമ്മള്‍ പൂര്‍ണ്ണമായും തല തിരിഞ്ഞവനും, താന്തോന്നിയും ആവുകയും, പഠിത്തം ഉപേക്ഷിച്ചു വല്ല കൊട്ടേഷന്‍ സംഘത്തിലും ചേരുകയും ചെയ്യും - അതിന്‍റെ ഒരു തയ്യാറെടുപ്പായിരുന്നു ആ സിഗരറ്റ്.

പേടിച്ചു വിറച്ചു വീട്ടിലെത്തിയ സിംഹം, മാതാശ്രീയുടെ മുഖത്തേക്ക് നോക്കുന്നു.

ഗര്‍ജ്ജനം!!!

"നിനക്കു ഈ റെക്കോര്‍ഡ്‌ ഒക്കെ കറക്റ്റ് സമയത്തിന് വെച്ചുടെ? വെറുതെ എന്നെ ആ കുന്നു മുഴുവന്‍ കേറ്റിക്കാന്‍!!!"

"റെക്കോര്‍ഡ്‌???", നമ്മള്‍ക്കൊന്നും മനസ്സിലായില്ല.

"നീ 'Rough Record' എത്ര നാളായി സബ്മിറ്റ് ചെയ്തിട്ട്? ഇതിനാണ് എന്നെ ഇത്രേം  കഷ്ടപ്പെടുത്തി അതുവരെ ചെല്ലാന്‍ പറഞ്ഞത്. ഇന്നലെ അവര്‍ക്കത്‌ ഫോണിക്കുടെ പറഞ്ഞാല്‍ പോരായിരുന്നോ?", നമ്മള്‍ ചിരിക്കണോ കരയണോ എന്നാ അവസ്ഥയിലായി.

കടിച്ചുകീറാന്‍ ചീറിപാഞ്ഞ്‌ വന്ന പിതാശ്രീ ഇതൊക്കെ കേട്ടു പതുക്കെ വലിഞ്ഞു!!!

നമ്മള്‍ വീണ്ടും രാജകീയമായി TV കണ്ടു തുടങ്ങി.

"എന്നാലും ഇതിനൊക്കെ നമ്മളെ വിളിച്ചു വരുത്തുക എന്നൊക്കെ പറഞ്ഞാല്‍...ഞാന്‍ വിചാരിച്ചു അവന്‍ എന്തോ അടിപിടി ഒക്കെ നടത്തിക്കാണും എന്നാണ് !!!", പതിയെ പിതാശ്രീ മാതാസ്രീയോടെ പറയുന്നത് കേട്ട് നമ്മള്‍ ഉള്ളില്‍ ചിരിച്ചു.

PS : അന്നു വാങ്ങിച്ച സിഗരറ്റ് - അത് ഇന്നും നമ്മുടെ ചുണ്ടുകളില്‍ ഇരുന്നു പുകയുന്നുണ്ട്!!

2 അഭിപ്രായങ്ങൾ: