ചൊവ്വാഴ്ച, ഫെബ്രുവരി 19, 2013

എന്‍റെ കവിത

വാക്കുകളുറയ്ക്കാത്ത വരികളാണന്‍റെ  കവിത.
ഓരോ ചുവടിലും കാലിടറി
കാലത്തിനു പിന്നിലായിപ്പോയവള്‍.
ഹൃദയത്തിലൊരു തുടിപ്പായി ശേഷിച്ചവള്‍
എന്‍റെ നോവുകള്‍ ഏറ്റുവാങ്ങി
എന്‍റെ പ്രണയത്തിന്‍റെ ജ്വാലയില്‍ വെന്തുരുകി
എന്നിലുറങ്ങിയുണര്‍ന്നവള്‍.
ഒടുവില്‍ നെഞ്ചിലൊരിടിനാദമായി
കാലം അടിവരയിടുമ്പോള്‍
നീയുണ്ടാകണം...
ഇവിടെ...
ഈ മണ്ണിലെന്‍റെ ഓര്‍മ്മയായി...
ഓര്‍മ്മയ്ക്കായി...
എന്‍റെ കവിത.

തിങ്കളാഴ്‌ച, ഫെബ്രുവരി 18, 2013

എന്നെ കുറ്റപ്പെടുത്തരുത്!

കറുത്ത കാലത്തിന്‍റെ പൂക്കള്‍
ഇതളിട്ടു വിരിയുന്നു.
ചോരയുടെ, നിറമുള്ള മണമുള്ള പൂക്കള്‍.
കഴിഞ്ഞ കാലത്തിന്‍റെ സ്മരണയില്‍
പിറന്ന നോവുകള്‍; നൊമ്പരങ്ങള്‍;
എന്നോ കത്തിത്തീര്‍ന്ന പ്രണയത്തിന്‍റെ ചിതാഭസ്മം
കണ്ണുകളില്‍ പടര്‍ന്നു കാഴ്ച്ചയെ മറയ്ക്കുന്നു.
ഇരുളും വെളിച്ചവും ഒന്നാകുന്നു.
വഴികള്‍ എന്നോ പിരിഞ്ഞത് ഞാനറിഞ്ഞിരുന്നില്ല.
തെറ്റും ശരിയും എന്റേതല്ല
ഞാന്‍ സഞ്ചരിച്ച വഴികളുടെതാണ്.

എന്നെ കുറ്റപ്പെടുത്തരുത്!