ഞായറാഴ്‌ച, നവംബർ 27, 2011

സിങ്കപ്പൂര്‍ ടു ഗോവ!!!


സാമാന്യബുദ്ധി, കൃത്യനിഷ്ഠ, പണത്തിന്‍റെ മൂല്യത മുതലായ സംഗതികള്‍ ഉള്ളവരോ അറിയുന്നവരോ ആരും തന്നെ ഇത് വായിക്കരുത് എന്ന് അപേക്ഷ!


Advanced Mathematics /logistics മുതലായവ പടിച്ചിട്ടില്ലാതവരും ഇത് വായിക്കാതിരിക്കുകയാണ് ഉത്തമം.


മാസങ്ങള്‍ നീണ്ടു നിന്ന കൂടിയാലോച്ചനകള്‍ക്കു ശേഷം നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ഒടുവില്‍ തീരുമാനിച്ചു - പൊയ്ക്കളയാം. സ്വന്തം ചിലവില്‍ ഒരു വിമാനയാത്ര - അതത്ര വലിയ കാര്യം ആണോ എന്ന് ചോദിച്ചാല്‍ -അല്ല. പക്ഷെ വരുമാനത്തില്‍ കവിഞ്ഞു ചെലവ് ചെയ്യുന്ന നമ്മള്‍ക്കും സുഹൃത്തിനും ഒരു മൂന്നു മാസം പിന്നീടു കഞ്ഞി കുടിച്ചു കഴിയേണ്ടി വരും.


ഒരു തീവ്രവാദി ആക്രമണം നടത്തുന്നതിനേക്കാള്‍ Precision 'ഓടെ നമ്മള്‍ planning തുടങ്ങി. തീയ്യതി നിശ്ചയിക്കുന്നു. വിസ അപ്ലൈ ചെയ്യുന്നു. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നു. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു.


സിങ്കപ്പൂര്‍...here  we  come .


അങ്ങനെ നാല് ദിവസങ്ങള്‍...നൈറ്റ്‌ ക്ലബ്സ്‌...കാസിനോ...നൈറ്റ്‌ സഫാരി...നൈറ്റ്‌ ബീച്ച്...രോമാഞ്ചം!!!


നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. ഇതുവരെ വിളിച്ചിട്ടില്ലാത്ത കൂട്ടുകാരെ നമ്മള്‍ അങ്ങോട്ട്‌ വിളിക്കുന്നു.


"എന്നാ ഉണ്ട് അളിയാ വിശേഷം?'


"വോ! അങ്ങനെ പോകുന്നെടെ"


"അടുത്ത ആഴ്ച ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. നമ്മുക്കൊന്ന് കൂടണം."


"അയ്യോ അളിയാ...ഞാന്‍ അടുത്ത ആഴ്ച സിങ്കപ്പൂര്‍ ആണല്ലോടെ!!!"


അങ്ങേതലക്കല്‍ ഒരു നെടുവീര്‍പ്പ് കേട്ടോ എന്ന് ഒരു സംശയം.


അങ്ങനെ ദിവസങ്ങള്‍ കടന്നു പോകുന്നു.


12th August 2011


ഒടുവില്‍ ആ സുദിനം എത്തി. അന്ന് നമ്മള്‍ ഹാഫ് ഡേ ലീവ് ആണല്ലോ. രാവിലെ തന്നെ നമ്മള്‍ ഷോ തുടങ്ങി - കണ്ടു മാത്രം പരിചയമുള്ളവരോട് വരെ "അപ്പോള്‍ ഇനി അടുത്തെ വീക്ക്‌ വന്നിട്ട് കാണാം" എന്ന് പറഞ്ഞു നമ്മള്‍ കറങ്ങി നടന്നു.


"എടേ നീ ടിക്കറ്റ്‌ ഒന്ന് പ്രിന്‍റ് എടുക്കോ?" , ആത്മാര്‍ത്ഥ സുഹൃത്ത്‌ അവസാന നിമിഷത്തിലാണ് ഇതൊക്കെ.


"അപ്പോള്‍ നീ ഇത് വരെ ഇതൊന്നും ചെയ്തില്ലേ?? നാശം!", നമ്മള്‍ ശപിച്ചു കൊണ്ട് പ്രിന്‍റ് കൊടുക്കുന്നു.


"രാത്രി 12 :00 'നാണു ഫ്ലൈറ്റ്. നമ്മക്കൊരു 09 :00 'തു മണിക്കെങ്കിലും അങ്ങേത്തണം."


"വോ! ശരി", നമ്മള്‍ ഇതെത്ര കണ്ടിരിക്കുന്നു.


ഏതാണ്ട് ഉച്ച കഴിഞ്ഞു ഒരു 02 :30 മണി ആയിക്കാണും. സമയം ഇഴഞ്ഞു നീങ്ങുന്നതായി തോന്നുന്നു.
അലസമായി നമ്മള്‍ ടിക്കറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കി കൊണ്ടിരുന്നു. ഒരു നിമിഷം നമ്മുടെ കണ്ണുകള്‍ ഫ്ലൈറ്റ്'ന്‍റെ സമയത്തില്‍ ചെന്ന് ഉടക്കി - 00:05 12 August.

അതായതു പന്ത്രണ്ടാം തീയതി രാത്രി 12:05 'നാണു നമ്മുടെ ഫ്ലൈറ്റ്! (നമ്മള്‍ 12  മണിക്കൂര്‍ ക്ലോക്ക് ആണ് പിന്തുടരുന്നതെന്ന് മനസ്സില്‍ ആക്കുക). ഇന്നത്തെ ദിവസം 12 August. ഓക്കെ  - അപ്പോള്‍ ഇന്ന് രാത്രി 12 : 05 'നു  
ഫ്ലൈറ്റ്. 09 :00 'തു മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം - എല്ലാം ശുഭം. നമ്മള്‍ വെറുതെ പേടിച്ചു  - ഛെ.


ട്യൂബ് ലൈറ്റ് കത്താന്‍ ഒരു മൂന്നു മിനിറ്റ് വേണ്ടി വന്നില്ല. 00:05 12 August എന്ന് പറഞ്ഞാല്‍ അത് അന്ന് രാവിലെ ആയിരുന്നെന്നും, നമ്മള്‍ ഇന്നലെ ആയിരുന്നു എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടിയിരുന്നതെന്നും ഉള്ള ബോധോദയം നമ്മള്‍ക്കുണ്ടായി  - കണ്ണില്‍ ഇരുട്ട് കേറുക...തല ചുറ്റുക മുതലായ പ്രതിഭാസ്സങ്ങള്‍ അന്ന് നമ്മള്‍ അനുഭവിച്ചു.


നമ്മുടെ ബുദ്ധിപരമായ കണ്ടുപിടിത്തം അറിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തിനും മേല്‍പ്പറഞ്ഞ പ്രതിഭാസ്സങ്ങള്‍ അനുഭവിക്കാനുള്ള യോഗം ഉണ്ടാവുകയും, നാണക്കേട്‌, ധനനഷ്ടം മൂലമുണ്ടായേക്കാവുന്ന "Depression", അതിന്‍റെ പ്രത്യാഖാതങ്ങള്‍ മുതലായവ ഭയന്ന് നമ്മള്‍ അപ്പോള്‍ തന്നെ ഗോവയ്ക്ക് ട്രെയിന്‍ പിടിക്കുകയും, നാല് ദിവസം ഗോവന്‍ ബീച്ചുകളില്‍ "Budweiser" കുടിക്കുകയും, സിങ്ങപ്പൂരില്‍ ചിലവാക്കുവാന്‍ ഉദേശിച്ച അത്രയും കാശ് അവിടെ ചിലവാക്കുകയും, ഒടുവില്‍ നാണം, മാനം, ഉളുപ്പ് മുതലായ feelings മാറി തൊലിക്കട്ടി നേടുകയും ചെയ്തതിനു ശേഷം മാത്രമാണ്, നമ്മള്‍ തിരിച്ചു തിരുവനന്തപുരത്തിന് ട്രെയിന്‍ പിടിക്കുന്നത്‌!!!


PS  : ഫ്ലൈറ്റ്ന്‍റെ സമയത്ത് നമ്മള്‍ ബോധമില്ലാതെ കിടക്കുകയായിരുന്നുവെന്നും അല്ല എയര്‍പോര്‍ട്ടില്‍ ചെന്നതിനു ശേഷം മാത്രമാണ് ഫ്ലൈറ്റ് പോയ കാര്യം നമ്മള്‍ അറിഞ്ഞതെന്നും മറ്റുമുള്ള ദുഷ്പ്രചരണങ്ങള്‍ കുബുദ്ധികള്‍ നടത്തുന്നുണ്ട് - വിശ്വസിക്കരുത്!!!

1 അഭിപ്രായം: