തിങ്കളാഴ്‌ച, നവംബർ 28, 2011

ഒരു അടി കഥ



നമ്മള്‍ അന്ന് വളരേ ചെറുപ്പം. ഒരു 16-17 വയസ്സ് കാണും. പൊട്ടിത്തെറിക്കുന്ന പ്രായം; പ്രക്ഷുബ്ധമായ യൗവ്വനം - പക്ഷെ ജയിലില്‍ (ആര്യ സെന്‍ട്രല്‍ ജയില്‍) കഴിയാനായിരുന്നു യോഗം. അല്ലായിരുന്നെങ്കില്‍ ഒരു നാലു KSRTC ബസ്സിന്‍റെ ചില്ലെങ്കിലും നമ്മള്‍ എറിഞ്ഞു ഉടയ്ക്കുമായിരുന്നു.


പതിവ് പോലെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുപാടു. ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍, വായുനോക്കല്‍, കമെന്‍റ് അടിക്കല്‍, പ്രണയം, പരാജയം മുതലായ എല്ലാ മേഘലകളിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍.


സ്കൂളിലെ ക്ലാസ്സുകള്‍ക്കു പുറമേ കട്ട്‌ ചെയ്യാനായിട്ട് നമ്മള്‍ക്ക് അനവധി ട്യുഷന്‍ ക്ലാസ്സുകളും അനുവദിച്ചു കിട്ടിയിട്ടുണ്ട്‌. സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഭൌതികശാസ്ത്രം, രസതന്ത്രം മുതലായ വിഷയങ്ങളില്‍ നമ്മള്‍ക്കുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു ഈ അവസരം. അന്ന് പഠിച്ചു വലിയ നിലയില്‍ ആയിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ഒരുപാടു ഖേദിക്കുമായിരുന്നു!


അങ്ങനെ ഒരു വിദ്യ 'അഭ്യാസ' കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് ഒരു 09 : 00 മണിക്ക് നമ്മളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും പതിവ് പോലെ ഇറങ്ങി വീട്ടിലേക്കുള്ള പ്രയാണം തുടങ്ങി. നാലുപേരു ഉണ്ടായിരുന്നു - രണ്ടു സൈക്കളും. ഗതികേടിനു അതില്‍ ഒരെണ്ണം പഞ്ചര്‍.


കുറ്റാക്കൂരിരുട്ട്...വിജനമായ ഇടവഴി...


ദയാനുഭാവുലുവും പരോപകരിയുമായത്  കൊണ്ട് സുഹൃത്തിന്‍റെ പഞ്ചര്‍ ആയ സൈക്കിള്‍ ഉരുട്ടിയാണ് നമ്മുടെ നടപ്പ്. കുറ്റം പറയരുതല്ലോ  - പഞ്ചര്‍ ആയ സൈക്കിളിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് എല്ലാവരും തന്നെ സൈക്കിള്‍ ഉരുട്ടിയാണ് നടക്കുന്നത്. അങ്ങനെ ഏതാണ്ട് ഒരു പകുതി വഴി പിന്നിട്ടു കാണും.


അതാ ഒരു വെളിച്ചം!!!


എല്ലാവരും അങ്ങോട്ട്‌ ഉറ്റു നോക്കി.


ഒരു ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരുന്നു പഠിക്കുന്നു. നാല് കാമുക ഹൃദയങ്ങള്‍ പതിവുപോലെ നിരാശയുടെ പടുകുഴിയില്‍ നിന്നും ചാടി എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി നമ്മുടെ സുഹൃത്തുക്കള്‍ ഓരിയിടല്‍, കൂക്കിവിളി, വിസിലടി മുതലായ ചെറുകിട നമ്പറുകള്‍ ഇറക്കി തുടങ്ങിയിരുന്നു. എന്തോ ഒരു പന്തികേട്‌ മണത്തത് കൊണ്ടാകാം നമ്മള്‍ അന്ന് ഫീല്‍ഡില്‍ ഇറങ്ങിയില്ല - അതില്‍ നമ്മള്‍ ഇന്നു വളരേ ഖേദിക്കുന്നു.


നമ്മുടെ sixth sense തെറ്റിയല്ല.


"ആരാടാ സാറിന്‍റെ മോളെ വിസില്‍ അടിക്കുന്നത്???", വിദൂരതയില്‍ നിന്നാരോ നമ്മുടെ എല്ലാവരുടെയും അപ്പന് വിളിക്കുന്നത്‌ കേട്ടു.


ധീരന്മാരായ നമ്മള്‍ പിന്നെ ഒന്നും നോക്കിയില്ല...നമ്മുടെ സൈക്കളില്‍ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ സ്ഥലം വിട്ടു. പഞ്ചര്‍ ആയ സൈക്കളും തള്ളി നമ്മളും, പിന്നെ തെറിവിളി കേട്ടപ്പോള്‍ തന്നെ പകുതി ജീവന്‍ മാത്രം  ബാക്കിയായ സുഹൃത്തും ആവും വിധം വേഗത്തില്‍ മുന്നോട്ടു നീങ്ങി.


എവിടെ നിന്നാണെന്ന് അറിയില്ല  - ഒരു പത്തുപേര് വന്നു നമ്മളെ അങ്ങ് വളഞ്ഞു. ഇരുട്ടായിരുന്നതു കൊണ്ട് മുഖം കാണാന്‍ കഴിഞ്ഞില്ല - അല്ലേല്‍ എന്തായാലും sketch ചെയ്തേനെ.


"ആരാടാ വിസില്‍ അടിച്ചത്?", ചോദ്യം എന്നോടായിരുന്നു.


"ഞാന്‍ അല്ല...ലവന്‍...", പതുക്കെ വശത്തേക്ക് നോക്കിയപ്പോള്‍ ആണ് ഒറ്റു കൊടുക്കാന്‍ പോലും ആരും അവിടെ ഇല്ല എന്നത് നമ്മള്‍ മനസ്സിലാക്കുന്നത്‌.   


"നീ സാറിന്‍റെ മോളെ വിസിലടിക്കും. അല്ലേടാ???", പിന്നാലെ വന്ന തെറിവിളി നമ്മള്‍ കേട്ടില്ല. അതിനു മുന്‍പ് തന്നെ നമ്മുടെ കയ്യില്‍ ഇരുന്ന സൈക്കിള്‍ പറന്നു പോകുന്നതായും നമ്മുടെ കവിളില്‍ എന്തോ വന്നു പതിക്കുന്നതായും നമ്മള്‍ക്ക് തോന്നി. 


സമനില തിരിച്ചു കിട്ടിയപ്പോള്‍ മനസ്സിലായി കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ കവാലം നോക്കി ഒന്ന് പൊട്ടിച്ചത് ആണെന്ന്. ഒരു ദയനീയമായ മൂളല്‍ കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ മനസ്സില്‍ ആക്കുന്നു, നമ്മുടെ സുഹൃത്ത്‌ നമ്മുടെ പിന്നില്‍ തന്നെ ഒളിച്ചു, ഉറച്ചു നില്‍പ്പുണ്ടായിരുന്നു എന്ന്!!!


ഗാന്ധിജി, ഫഗ്വാര ജയില്‍, സുപ്രണ്ടിടെന്റ്റ്, ഇധര്‍ മാരാ മുതലായ മഹദ് വാക്യങ്ങള്‍ സദാ മനസ്സില്‍ കരുതിയിരുന്നത് കൊണ്ടും, തിരിച്ചു തല്ലാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടും നമ്മള്‍ മറ്റേ കവിളും കാണിച്ചു കൊടുത്തു - പിള്ളേര് പഠിക്കട്ടെ.


ഏതായാലും പിന്നീടു അവര്‍ നമ്മളെ തല്ലിയില്ല. ഇനി മേലാല്‍ ഇത് വഴി കണ്ടു പോകരുത് എന്നു താക്കിതും നല്‍കി നമ്മെ അവര്‍ പോകാന്‍ അനുവദിച്ചു. ഒടിഞ്ഞ സൈക്കിളും കരിഞ്ഞ മോന്തയുമായി നമ്മള്‍ നേരത്തെ പോയ സുഹൃത്തുക്കളുടെ അടുത്തെത്തി.


ആശ്വാസവചനങ്ങള്‍ പ്രതീക്ഷിച്ച നമ്മുടെ കാതുകളില്‍ വന്നു പതിച്ചത് "എന്‍റെ സൈക്കിള്‍ പോയേ" എന്ന പാവം സുഹൃത്തിന്‍റെ കരച്ചിലായിരുന്നു!!!


Har Har Ek Friend Zaruri Hota Hai!!!


ഗുണപാഠം : നാലുപേര് ചേര്‍ന്ന് പോകുമ്പോള്‍, അതില്‍ മൂന്നു പേര് ചെറ്റത്തരം കാണിക്കുകയാണെങ്കില്‍, നാലാമനും അവരോടു കൂടെ ചേര്‍ന്ന് ചെറ്റത്തരം കാണിക്കേണ്ടത് ആണ് - അല്ലെങ്കില്‍ പിന്നീടു കിട്ടുന്ന ഓരോ അടിയും വെറുതെ ആയിരുന്നു എന്ന കുറ്റബോധം നമ്മെ മാനസികമായി തളര്‍ത്തി എന്നു വരാം!!!  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ