ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

എങ്കിലും...



നെഞ്ചില്‍ കത്തുന്ന തീയുണ്ടേ, പെണ്ണേ-
ചുടുകാട്ടിലും തീയുണ്ടേ...
ഇന്നും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ,
കണ്ണീരിന്‍ നോവുള്ള ചിരിയുമായി.

കാലം മുള്ളില്‍ തറച്ച കിനാക്കള്‍
ഈ വഴി മണ്ണില്‍ പൊഴിഞ്ഞ പൂക്കള്‍
നേരാണെനിക്കിനി കഴിയില്ല പെണ്ണേ
നിന്നെ മറക്കുവാന്‍ കഴിയില്ല പെണ്ണേ...

ഒത്തിരി നേരമീ തീരത്ത് നമ്മള്‍
ഒന്നായിരുന്നു നനഞ്ഞതല്ലേ
തിരകളില്‍ മുങ്ങി ഒളിച്ചു അന്നേരമാ
കത്തണ നെഞ്ചിലെ നോവായി സൂര്യന്‍.

തിരികെ വരില്ലെന്നൊരുവാക്ക് ചൊല്ലി നീ
വെറുതെയെങ്ങോ പോയ്മറഞ്ഞില്ലേ
എങ്കിലും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ
കണ്ണീരിന്‍ നോവുള്ള ചിരിയുമായി....
          

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

നിഴലുകള്‍


വെയിലുറങ്ങി.

ചുവപ്പിന്‍റെ തെരുവില്‍ തിരക്കേറി
കറുത്ത നിഴലുകള്‍ വിലപേശി
വിലകുറഞ്ഞ പാദസരങ്ങള്‍ കിലുങ്ങി മറഞ്ഞു.
തുറന്നടയുന്ന വാതിലുകള്‍
ഊഴം കാത്തു നില്‍ക്കുന്നവര്‍

ഒരു കുഞ്ഞിന്‍റെ കരച്ചില്‍.
ഒരമ്മയുടെ തേങ്ങല്‍.
കിതപ്പുകള്‍ക്കിടയില്‍ എങ്ങോ കേള്‍ക്കാതെയായി.

ഞാനും ആ നിഴലുകള്‍ക്കുള്ളിലേക്കൂളിയിട്ടൂ...

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2012

കടം ചോദിക്കരുത്!


കടം ചോദിക്കരുത്.

ആ ബോര്‍ഡില്‍ തുറിച്ചു നോക്കി ഞാന്‍ നിന്നു.

നേരിയ തണുപ്പുള്ള പ്രഭാതം.
നാലു ചക്രങ്ങളുള്ള കട.
കറപുരണ്ട പല്ലുകളിലെ പതിവു ചിരി.

കടുപ്പം കൂട്ടി മധുരം കുറച്ച്, അല്ലെ?
പതിവുകാരനെ തിരിച്ചറിഞ്ഞയ്യാള്‍ ചോദിച്ചു.

മറുപടി ഒരു ചിരിയിലൊതുക്കി,
വീണ്ടുമാ ബോര്‍ഡു നോക്കി ഞാന്‍ നിന്നു.

ചൂടു പതയുള്ള ചായ കയ്യില്‍ തരുമ്പോള്‍
അയ്യാള്‍ പറഞ്ഞു,
അത് വെച്ചതില്‍ പിന്നെ കടം ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
ഞാന്‍ നോക്കുന്നതയ്യാള്‍ കണ്ടിരിക്കാം.
കറപുരണ്ട ചിരിയില്‍ തെല്ലൊരാസ്വാസ്സമുണ്ടായിരുന്നു.

ആവിപറക്കുന്ന ചായ മെല്ലെയൂതി കുടിക്കവേ
ഞാന്‍ തീരുമാനിച്ചു.

ഒരു ബോര്‍ഡു പണിഞ്ഞു നെഞ്ചത്തു കുത്തണം.

കടം ചോദിക്കരുത്.

കൊടുക്കുവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല
ഒന്നുമില്ല കയ്യില്‍.

ഒരിറ്റു സ്‌നേഹം പോലും...

ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012

Blinded!


The lonely flicker of my candle;
Serene and contented-
Was blown out;
It was the darkness of your eyes
The numbness of your heart
Which took away the wailing light

Leaving me behind in this way
Where darkness slept with the day
I stood frightened and alone;
The candle was my only ray
My hope, my vision ‘n my wisdom
Guiding me, all along the way.

Slowly, I started admiring the darkness
The beauty, that makes else invisible
Absorbed, I no longer count 
The days and nights I spend alone
In the darkness that was becoming me

Too late it was, when I realized
The candle was still in my hands
The flame intact and flickering as before
Only that, I was not seeing it
I was blinded
It was the darkness of your eyes.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2012

ലഹരി

ഈ വിഷത്തിന്‍റെ ലഹരിയില്‍
ഞാന്‍ കാണുന്നു
ജീവിതം.

പൊട്ടിച്ചിതറിയ തലച്ചോറുകള്‍
രക്തമൊലിക്കുന്ന തെരുവുകള്‍
ഒഴിഞ്ഞ കുഞ്ഞുജഠരങ്ങളിലെ വ്രണങ്ങള്‍
കൊട്ടിഘോഷിക്കപ്പെടുന്ന അനാഥത്വം
രതിയുടെ മരണകേളികള്‍
കാലൊച്ചയില്ലാതെ എത്തുന്ന കാലം
മരണം.

ഈ വിഷത്തിന്‍റെ ലഹരിയില്‍
ഞാന്‍ മറക്കുന്നു
ജീവിതം.

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2012

Insane!!!


My insanity was curtailed, in your presence
Now that you are nowhere to be seen
I resumed my quest, to fade away
Into the blooms; knowing the unknown.

I started hearing weird things about me
Often it was me who did the talking
I hear my voice echoing, out from a hundred throats
I tried to close my ears; but then I was doing the talking

The world has grown suspicious of me since then
I don't blame them for what they don't understand
But I see the pity 'n fear in those eyes
Hate me; be vary of my existence
But I need no mercy from you.

I skipped my pages hastily
To my horror I realized; at the end -
The last few pages have been torn;
Torn away, from my life 'n left incomplete!

In a moment of despair, I cursed thee;
I cried and wept like a child
Tears running fast, down my cheeks
I ran around looking for the lost pages.

Unlike me, I kept on looking
For the lost; I neglected, what existed.   
I realized, I was becoming so like you
To be called sane someday; to be abused.

I stopped looking for the lost pages;
I'll have my story written; my way
You never dare 'n call me sane again
I don't want your sanity!!!

My insanity is now complete...
Regardless of your presence...

ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012

നിങ്ങളില്‍ പാപമില്ലാത്തവര്‍.........


കല്ലെറിയാന്‍ തയ്യാറായി, ചുറ്റും കൂടിനിന്ന മുഖങ്ങളിലേക്കു അവര്‍ സൂക്ഷിച്ചു നോക്കി. പരിചയമുള്ള ഒരുപാട് മുഖങ്ങള്‍ കാപട്യത്തിന്‍റെ മുഖമൂടികള്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നിട്ടും അവള്‍ തിരിച്ചറിഞ്ഞു. തന്‍റെ വേദന മറന്നു ഒരു നിമിഷം അവള്‍ പരിഹാസത്തോടെ ചിരിച്ചു.

ആ ചിരിയിലെ പരിഹാസം ബോധ്യപ്പെട്ട ചിലരെങ്കിലും അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ തല കുനിച്ചു കല്ലുകള്‍ മുറുകെ കയ്യില്‍ പിടിച്ചു നിന്നു.

ഇരുളിന്‍റെ മറവില്‍ ഉടുതുണി അഴിച്ചു, ആവേശത്തോടെ അവളെ പുല്‍കുമ്പോള്‍, ഒടുവില്‍ ദാഹം തീര്‍ന്നു തളര്‍ന്നു കിടക്കുമ്പോള്‍, അവരുടെ കയ്യില്‍ സദാചാരത്തിന്‍റെ കറുത്ത കല്ലുകള്‍ ഉണ്ടായിരുന്നില്ല. ഒരു രാത്രിയുടെ ശമ്പളമായി എറിഞ്ഞു കൊടുക്കാന്‍ സൂക്ഷിച്ച കുറെ നാണയത്തുട്ടുകള്‍ - അവളുടെ വിശപ്പിന്‍റെ വില.

പക്ഷെ, ഇന്നു ഈ പകല്‍ വെളിച്ചത്തില്‍ അവള്‍ അവര്‍ക്ക് തീണ്ടാരിയായി. അവളെ പിഴച്ചവളെന്നും വേശ്യയെന്നും മുദ്രകുത്തി. ദൈവത്തിനോട് കണക്കു പറയുന്ന പുരോഹിതന്മാര്‍ അവള്‍ക്കു മരണം വിധിച്ചു _ കല്ലെറിഞ്ഞു കൊല്ലുക!

ഇന്നലെവരെ കൂടെ കിടക്കാന്‍ മത്സരിച്ചവര്‍ ഇന്നു കൈകളില്‍ കല്ലുകളേന്തി വധശിക്ഷ നടപ്പാക്കാന്‍ വെമ്പി നില്‍ക്കുന്നു.

അവള്‍ക്കു വിഷമം തോന്നിയില്ല.

മറിച്ചു ആ വിധി അവള്‍ക്കു സ്വീകാര്യമായി തോന്നി. ഇനി ഒരിക്കലും വിശപ്പിനു പകരം രേതസ്സ് പുരണ്ട നാണയങ്ങള്‍ അറപ്പോടെ പെറുക്കിയെടുക്കേണ്ടി വരില്ല എന്നോര്‍ത്ത് അവള്‍ ആശ്വസ്സിച്ചു. ചുണ്ടില്‍ ഒരു വരണ്ട ചിരി പടര്‍ന്നു.

ശരീരത്തില്‍ വേദനയായി കല്ലുകള്‍ വീണുതുടങ്ങിയപ്പോള്‍, മരണത്തെ എതിരേല്‍ക്കാന്‍ തയ്യാറായി അവള്‍ പതുക്കെ കണ്ണുകള്‍ അടച്ചു.

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക!

എങ്ങു നിന്നോ മുഴങ്ങിയ ഈ വാക്കുകള്‍ കേട്ടു അവള്‍ കണ്ണുകള്‍ തുറന്നു പകച്ചു നോക്കി. ഒരു നിമിഷം കല്ലെറിയുന്നത്‌ നിറുത്തി അവരും ആ ശബ്ദത്തിന്‍റെ ഉറവിടം തിരഞ്ഞു.

തെരുവിന്‍റെ ഒരറ്റത്ത് കീറിപ്പറിഞ്ഞ കുപ്പായം ധരിച്ചു, ജഡകെട്ടിയ തലമുടിയില്‍ നിന്നും പേനുകളെ തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തന്‍.

അവന്‍ വീണ്ടും അലറി വിളിച്ചു.

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക!

കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ ഒരു നിമിഷം പരസ്പരം നോക്കി എന്തൊക്കെയോ പറഞ്ഞു.

അവള്‍ പ്രത്യാശയോടെ ആ ഭ്രാന്തനെ നോക്കി.

അവനാണോ തന്‍റെ ദൈവപുത്രന്‍?

തുറിച്ചു നോക്കുന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് ആ ഭ്രാന്തന്‍ തന്‍റെ ജഡയിലെ പേനുകളെ തിരഞ്ഞു കൊണ്ടിരുന്നു.

വീണ്ടും കല്ലേറ് തുടങ്ങി.

നാവില്‍ ചോരയുടെ രുചി പടരവേ, അവള്‍ ആ ഭ്രാന്തനോട് വിളിച്ചു പറഞ്ഞു,

ദൈവപുത്രാ...ഇത് പാപം ചെയ്യാത്തവരുടെ ലോകം ആണ്. അങ്ങേക്കിനി ഇവിടെ നിലനില്‍പ്പില്ല.. തിരിച്ചു പോകു...
പാപിയായ എന്നെ ഇന്നു കല്ലെറിഞ്ഞു കൊല്ലുന്നു.
നാളെ അവര്‍ അങ്ങയെ കുരിശിലേറ്റും...

ഒരു ഞരക്കത്തോടെ മരണത്തിലേക്ക് വഴുതിവീഴവെ, അവള്‍ മന്ത്രിച്ചു _

പാപികളായ ഞങ്ങളോട് നിങ്ങള്‍ പൊറുക്കുക!


ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

Yo! Yo! പാറ്റ!!!



അളിയോ! അറിഞ്ഞോ? നമ്മുടെ പപ്പനു ജോലി കിട്ടി!

ഛെ! ശരിക്കും? ആ മണ്ടനോ? അതിനു അവന്‍ സപ്ലി ഒക്കെ പാസ്സ് ആയോ?

ങ്ഹും. അവസാനം അവന്‍ എല്ലാം എഴുതി ഒപ്പിച്ചു. സമ്മതിക്കണം അളിയാ! എത്ര പേപ്പര്‍ ആണെന്ന് വെച്ചാ?

ശരിയാ. എന്നാലും ഏതു മണ്ടന്മാരാ അവനെ ജോലിക്ക് എടുത്തത്‌?

അങ്ങനെ നമ്മുടെ പപ്പനും ജോലി കിട്ടി. അഞ്ചക്ക ശമ്പളത്തിന്‍റെ ഗമയില്‍ അളിയന്‍ തലയുയര്‍ത്തിപ്പിടിച്ച് വിമര്‍ശകരുടെ വായ കൊത്തിയടച്ചു ഉയരങ്ങളിലേക്ക് നടന്നു കയറി.

പപ്പനെ നിങ്ങള്‍ അറിയുമോ എന്തോ?

അതെ. നമ്മുടെ സ്വന്തം ബി.ടെക് എടുത്ത പപ്പന്‍.
പപ്പന്‍ പാസ്സായ അന്ന് മുതല്‍ ആ ബിരുദം പപ്പന്‍ എടുത്ത ബി.ടെക് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി എന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏതായാലും ജോലി കിട്ടിയതോടെ പപ്പന്‍റെ രാശി തെളിഞ്ഞു. അന്നുവരെ തള്ളിപ്പറഞ്ഞിരുന്ന നാട്ടുകാരും വീട്ടുകാരും കുട്ടികളോടെ ദേ, നമ്മുടെ പപ്പന്‍ ചേട്ടനെ കണ്ടു പടിക്കു എന്ന് വരെ പറഞ്ഞു കളഞ്ഞു. അന്ന് മുതല്‍ പപ്പന്‍ എബ്രഹാം ലിങ്കന്‍, അബ്ദുള്‍ കലാം മുതലായ വന്‍ പുലികളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവരും പപ്പനെ പോലെ താഴെക്കിടയില്‍ നിന്നാണല്ലോ പഠിച്ചു വലിയ നിലയില്‍ എത്തിയത്. ക്ലാസ്സില്‍ ഏറ്റവും താഴെക്കിടയില്‍ (റാങ്ക് നോക്കുമ്പോള്‍) ആയിരുന്ന പപ്പന്‍ ഒടുവില്‍ പാസ്സ് ആയില്ലേ? ജോലി കിട്ടിയില്ലേ? പിന്നെ തെരുവ് വിളക്കും ദാരിദ്ര്യവും _ ഇതൊന്നും ദൈവം എല്ലാവര്‍ക്കും കൊടുക്കില്ലല്ലോ!.

ആരു എന്തൊക്കെ പറഞ്ഞാലും പപ്പന്‍ ഇന്നു വലിയ നിലയില്‍ ആണ്. ആവശ്യത്തിലധികം പണം, എസി കാര്‍, സുഹൃത്തുക്കള്‍, ഒരു ബാധ്യതയും ഇല്ല...ആകെ അടിപൊളി ജീവിതം. സ്വല്പം അസൂയ എല്ലാവരുടെയും മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല.

പക്ഷെ പപ്പന്‍ ശരിക്കും ഹാപ്പി ആയിരുന്നോ?

എന്തോ ഒരു വിഷമം പപ്പനെ കുറച്ചു നാളായി അലട്ടുന്നുണ്ടായിരുന്നു. കുറച്ചു നാളായി പപ്പന്‍ ചിന്തമഗ്നനും നിശബ്ദനും ആണ്. ആരോടും മിണ്ടുന്നില്ല. ഒന്നിലും ഒരു താല്‍പ്പര്യവും ഇല്ല. ആകെ ഒന്ന് കുലുങ്ങിയ പോലെ.

പപ്പന്‍ ഒരു നിരാശാകാമുകന്‍ ആണോ?

ഓഫീസില്‍ കിംവന്തികള്‍ പരന്നു തുടങ്ങി. ഗോസ്സിപ്പ് കോളങ്ങള്‍ സജീവമായി. പപ്പനെ സ്ഥിരമായി കടപ്പുറത്ത് വെച്ച് കാണാറുണ്ട്‌ എന്ന് കുടയുടെ മറവില്‍ തട്ടമിട്ടിരുന്നാല്‍ ആളറിയില്ല എന്ന് വിശ്വസിക്കുന്ന പതിവ്രതകള്‍ പിറുപിറുത്തു. പല പെണ്‍കുട്ടികളുടെയും പേരുകള്‍ ഉയര്‍ന്നു വന്നു _ ആരാണ് പപ്പനെ ചതിച്ചത്?

പാവം പപ്പന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.

എന്തായിരുന്നു പപ്പന്‍റെ പ്രശ്നം? ആരാണ് പപ്പനെ ചതിച്ചത്?

ഒടുവില്‍ പപ്പന്‍ മൗനം ഭഞ്ജിച്ചു. തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ ഒടുവില്‍ പപ്പന്‍ മനസ്സ് തുറന്നു.

അളിയാ! എനിക്കും Yo! Yo! ആകണം!

ഒരു പ്രണയനൈരാശ്യം, പോട്ടെ മിനിമം ഒരു സിഗ്നല്‍ കിട്ടിയതെങ്കിലും പ്രതീക്ഷിച്ചു നിന്ന സുഹൃത്ത്‌ തലയില്‍ കൈവെച്ചു. എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്ന ശേഷം അവന്‍ പതുക്കെ ചോദിച്ചു,

നീ എന്താ ഉദ്ദേശിക്കുന്നെ?

എടാ, അതായതു എനിക്കീ സാധാരണക്കാരന്‍റെ കൂതറ ഔട്ട്‌ലുക്ക്‌ ഒന്ന് മാറ്റണം. നീ ഇപ്പോളത്തെ ആധുനികന്മാരെ കണ്ടിട്ടില്ലേ? എന്താ ഒരു ലുക്ക്? ഇപ്പോളത്തെ കാലത്ത് നാല് പേര് ശ്രദ്ധിക്കണമെങ്കില്‍ മിനിമം കീറിയ ജീന്‍സും പച്ച ഷുസും എങ്കിലും വേണം. നമ്മുക്കും ആധുനികര്‍ ആവണ്ടേ?

പകച്ചു നില്‍ക്കുന്ന പാവം സുഹൃത്തിനെ അവഗണിച്ചു കൊണ്ട് ആശാന്‍ തുടര്‍ന്നു.

നീ ആ കൃഷിനെ കണ്ടിട്ടില്ലേ? അവന്‍റെ ശരിക്കും പേര് കൃഷ്ണന്‍ എന്നല്ലേ? ആധുനികന്‍ ആവാന്‍ അവന്‍ സ്വയം അവനെ കൃഷ്‌ എന്ന് വിളിച്ചു കീറിയ ജീന്‍സും നാറിയ ടി- ഷര്‍ട്ടും നീല ഷുസും ഇട്ടു നടക്കുന്നു. എത്ര പെണ്‍പിള്ളേരാ അവന്‍റെ പിറകെ നടക്കുന്നത്? എനിക്കും ആധുനികന്‍ ആവണം!

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മിത്രങ്ങള്‍ ആയി വരുന്നത് എന്നത് എത്ര സത്യം. ആധുനികന്‍ ആകാന്‍ ചുരുക്കം വേണ്ട കീറിയ ജീന്‍സിന് കുറഞ്ഞത്‌ ഒരു രണ്ടായിരം രൂപ എങ്കിലും ആകും എന്നറിയാമായിരുന്ന സുഹൃത്ത്‌ വീട്ടിലെ കഞ്ഞികുടി മുടങ്ങാന്‍ ഈ ആധുനികന്‍ വിചാരിച്ചാല്‍ മതി എന്ന് മനസ്സിലാക്കി പതുക്കെ വലിഞ്ഞു.

പക്ഷെ പപ്പന്‍ തളര്‍ന്നില്ല.

അടുത്ത ദിവസം തന്നെ പപ്പന്‍ കൃഷിനെ കണ്ടു സാഷ്ടാംഗം പ്രണമിച്ചു.

അടിയനെ അവിടുത്തെ ശിഷ്യനാക്കേണം. അടിയനും അവിടുത്തെ പോലെ Yo! Yo! ആവണം എന്ന് കലശലായ മോഹം ഉണ്ട്. അതിനു വേണ്ടുള്ള എല്ലാ സഹായങ്ങളും ചെയ്തു തരണം.

കണ്ണിരു കണ്ടു കരളലിഞ്ഞു കൃഷ്‌ സമ്മതം മൂളി.

Don’t worry dude. നിന്നെ ഞാന്‍ Yo! Yo! ആക്കിയിരിക്കും. ഇത് ഷത്യം! ഷത്യം! ഷത്യം!         

അമേരിക്കന്‍ ആക്സന്റ്റില്‍ കൃഷ്‌ ആണയിട്ടു.

ദക്ഷിണ ആയി ബാറിലെ അന്നത്തെ ബില്ല് പപ്പന്‍ അടച്ചു.

കൃഷ്‌ അഥവാ നാടന്‍ കൃഷ്ണന്‍ തന്‍റെ യജ്ഞം തുടങ്ങി.

ആദ്യം ഉത്തരാധുനിക ആംഗലേയ പഠനം.

ഒരു ആധുനികന്‍ ആവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന പദങ്ങള്‍ പപ്പനെ പഠിപ്പിക്കുന്നു.

Dude, Ouuchh, shit, Oh! Yeah, babe, cool…

ഈ ആപ്തവാക്യങ്ങള്‍ ഏതൊക്കെ ഘട്ടങ്ങളില്‍ പ്രയോഗിച്ചാല്‍ ആധുനികത കൈവരും എന്നതായിരുന്നു ആദ്യത്തെ ക്ലാസ്സ്‌. അന്നുവരെ ആരെങ്കിലും തലക്കൊന്ന് കൊട്ടിയാല്‍ അമ്മേ എന്ന് വിളിച്ചിരുന്ന പപ്പന്‍ അന്ന് മുതല്‍ ‘Ouuchh’ അന്നും, ‘shit! It hurts dude’ എന്നും ഒക്കെ നിലവിളിച്ചു തുടങ്ങി!


അങ്ങനെ തകൃതിയില്‍ പാഠങ്ങള്‍ നടന്നു.

ഏതായാലും അടുത്ത മാസം ഒന്നാം തീയ്യതി തന്നെ പപ്പന്‍റെ ശമ്പളം മുഴുവന്‍ ആധുനികത വിഴുങ്ങി.

കീറിയ ജീന്‍സ് (രണ്ടെണ്ണം) - നാലായിരം രൂപ.
കൂറ ടി-ഷര്‍ട്ട്‌ (മൂന്നെണ്ണം)  - നാലായിരത്തിയഞ്ഞുറു രൂപ.
പച്ച ഷുസ്‌ (ഒരെണ്ണം)     - അയ്യായിരം രൂപ (പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല)  

കാശു എണ്ണി കൊടുക്കുമ്പോള്‍ പപ്പന്‍ സ്വയം ആശ്വസിച്ചു_

കാശു പോയാല്‍ എന്താ? ആധുനികന്‍ ആയില്ലേ? Yo! Yo! ആയില്ലേ?

അങ്ങനെ, ഒരു സുപ്രഭാതത്തില്‍ കീറിയ ജീന്‍സും കൂറ ടി-ഷര്‍ട്ടും പച്ച ഷുസും ഇട്ടു ഉത്തരാധുനികനായി നമ്മുടെ പപ്പന്‍ ഓഫീസില്‍ എത്തുന്നു.

ഒരു ഓറഞ്ച് കണ്ണാടി കൂടെ ആകാമായിരുന്നു, ആരോ കമന്റ്റ് അടിച്ചു.

ഛെ! ഓര്‍ത്തില്ല!, കൃഷ്‌ ആത്മാര്‍ഥമായി പപ്പനോട് സോറി പറഞ്ഞു!

ഉള്ളത് പറയണമല്ലോ. അന്ന് നാല് പേര് ശ്രദ്ധിച്ചു നമ്മുടെ പപ്പനെ. പലരും വന്നു എന്ത് പറ്റി, ആകെ ഒരു മാറ്റം എന്നൊക്കെ ചോദിച്ചു. പപ്പന്‍ ഹാപ്പി ആയി.

തന്‍റെ പഴയ സുഹൃത്തിനോട്‌ പപ്പന്‍ ഒരല്പം ജാടയില്‍ പറഞ്ഞു,

അളിയാ...ഞാന്‍ പറഞ്ഞില്ലേ? ആധുനികന്‍ ആയാല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കും എന്ന്? എത്ര പേരാണ് എന്നെ നോക്കി നിന്നത് എന്നറിയാമോ?
ഒന്നും ഇടാതെ വന്നിരുന്നേല്‍ ഇതിലും കൂടുതല്‍ ആള്‍ക്കാര്‍ നോക്കി നിന്നേനെ!, സുഹൃത്ത്‌ ചിരിച്ചു.

ഒന്ന് ചമ്മിയെങ്കിലും അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നോ മറ്റോ പറഞ്ഞു പപ്പന്‍ അവിടെ നിന്നും തടിതപ്പി.

ഏതായാലും അങ്ങനെ കുറെ ദിവസങ്ങള്‍ കടന്നു പോയി. പക്ഷെ വേഷത്തിലെ മാറ്റം അത്രക്കങ്ങട്‌ ഫലിച്ചില്ല. രണ്ടു ദിവസം നോക്കി നിന്നവര്‍ പിന്നെ ഗൌനിക്കാറായി. പപ്പന്‍ വീണ്ടും പഴയ പപ്പന്‍ തന്നെയായി. കീറിയ ജീന്‍സും ടി-ഷര്‍ട്ടും പച്ച ഷുസും ഉണ്ടെന്നു മാത്രം.

കൃഷ്‌ പപ്പനെ ആശ്വസിപ്പിച്ചു.

സാരമില്ല പപ്പാ. ഒരു ഐഡിയ ഉണ്ട്. നമ്മള്‍ക്ക് ഒരു ബര്‍ത്ത്-ഡേ ട്രീറ്റ്‌ നടത്താം. അതിനു എല്ലാരേയും വിളിക്കാം പ്രത്യേകിച്ച് പെണ്പിള്ളേരെ. കേക്ക് മുറിക്കാം. കേക്ക് ഉണ്ട് എന്ന് കേട്ടാല്‍ സകള്‍ കൂതറകളും ഓടി വരും. അങ്ങനെ പതുക്കെ പരിചയപ്പെടാം - എങ്ങനെ ഉണ്ട് ഐഡിയ?

പപ്പന്‍റെ കണ്ണുകള്‍ നിറഞ്ഞു.

“ Dude! നീ ആണ് ആത്മാര്‍ത്ഥ സുഹൃത്ത്‌. All other’s shit man”    
  
പോട്ടെടാ പപ്പാ. സാരമില്ല. എന്നാ നിന്‍റെ ബര്‍ത്ത്-ഡേ?, കൃഷ്‌ ചോദിച്ചു.

അയ്യോ! ബര്‍ത്ത്-ഡേ കഴിഞ്ഞ മാസം ആയിരുന്നു. അന്ന് എല്ലാവരും അറിഞ്ഞതാ. ഇനി എന്ത് ചെയ്യും?, ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നാ വിഷമത്തില്‍ പപ്പന്‍ ചോദിച്ചു.

“No probs mate! Don’t worry. അത് നിന്‍റെ ഒഫീഷ്യല്‍ ബര്‍ത്ത്-ഡേ ആയിരുന്നു എന്നു പറഞ്ഞാ മതി. So we are going to celebrate your birthday on the coming Wednesday.”

“Okay buddy” ,പപ്പന്‍ തെളിഞ്ഞു.

 എല്ലാ ഒരുക്കങ്ങളും കൃഷ്‌ തന്നെ നടത്തി. നഗരത്തിലെ ഏറ്റവും മുന്തിയ ബേക്കറിയില്‍ നിന്നും ഏറ്റവും വില കൂടിയ കേക്ക് - പപ്പന്‍റെ പേര് എഴുതിയത് ഓര്‍ഡര്‍ ചെയ്തു. മെഴുകുതിരികളും ബലൂണുകളും പാന്റ്രിയില്‍ നിറഞ്ഞു. ചോദിച്ചവര്‍ ചോദിച്ചവര്‍ കേട്ടു ഇന്നു പപ്പന്‍റെ യഥാര്‍ത്ഥ ബര്‍ത്ത്-ഡേ ആണ്.

മെയില്‍ അയച്ചത് കൃഷ്‌.

Lets celebrate the birthday of our dear friend Pappan today. Please rush to the pantry where we have arranged some cakes for you.

Happy Birthday dear Pappan.    

Cheers,
Krish.
   
കേക്ക് എന്ന് മെയിലില്‍ കണ്ട നിമിഷം സീറ്റുകള്‍ കാലിയായി. പാന്റ്രി നിറഞ്ഞു കവിഞ്ഞു.

മഹാന്മാരും മഹതികളും പപ്പനോട് കൈകൊടുത്തു “Many many Happy returns of the day” പറഞ്ഞു. പപ്പന്‍ ഹാപ്പി ആയി കോരിത്തരിച്ചു നിന്നു.

ഒടുവില്‍ അക്ഷമരായി നിന്നിരുന്ന പ്രേക്ഷകരെ സാക്ഷി നിറുത്തി മെഴുകുതിരികള്‍ ഊതിക്കെടുത്തി പപ്പന്‍ കേക്ക് മുറിച്ചു. ചുറ്റും സംഗീതം. കയ്യടി.

പപ്പന്‍ സ്വര്‍ഗ്ഗത്തില്‍.

കൃഷ്‌, മുറിച്ച കേക്കില്‍ നിന്നും ഒരു ചെറിയ കഷ്ണം അടര്‍ത്തി സ്നേഹത്തോടെ പപ്പന്‍റെ വായില്‍ വെച്ച് കൊടുത്തു. മനോഹരമായ ആ കേക്കിന്‍റെ അതിലും മനോഹരമായ രുചി പപ്പന്‍റെ നാവില്‍ പടര്‍ന്നു.

പ്ഫൂ...

പ്രതീക്ഷിച്ച നാവില്‍ വെള്ളമൂറ്റുന്ന രുചിക്ക് പകരം എന്തോ ഒരു വൃത്തികെട്ട ടേസ്റ്റ് അനുഭവപ്പെട്ടതിനാല്‍ പപ്പന്‍ ആഞ്ഞു തുപ്പി.


കരിഞ്ഞ ഒരു പാറ്റ പപ്പന്‍റെ വായില്‍ നിന്നും തെറിച്ചു കേക്കില്‍ പതിച്ചു!

“Cockroach!!!” എന്നു നിലവിളിച്ചു നാലു പെണ്ണുങ്ങള്‍ അതിദയനീയമായി തല കറങ്ങി വീണു. അവരെ സഹായിക്കാനായി നാല്‍പ്പതു ആണുങ്ങള്‍ പരസ്പരം മത്സരിച്ചു.

ക്യാമറയില്‍ പകര്‍ത്തിയ കരിഞ്ഞ പാറ്റയുടെ പടം അപ്പോള്‍ തന്നെ ആരോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു.

നിലവിളികള്‍ക്കും ചിരികള്‍ക്കും ഇടയില്‍ തൊണ്ടയില്‍ പാറ്റ കുടുങ്ങി നിര്ജീവനായി നില്‍ക്കുന്ന പാവം ആധുനിക പപ്പനെ കണ്ടപ്പോള്‍ പഴയ സുഹൃത്ത്‌ മനസ്സില്‍ പറഞ്ഞു,

“Yo! Yo! പാറ്റ!!!

വാല്‍കഷ്ണം:

പാറ്റകളും പുഴുക്കളും ഞങ്ങളോട് ക്ഷമിക്കുക. മനപ്പുര്‍വം അല്ല, അറിയാതെ ആണ് ഞങ്ങള്‍ നിങ്ങളെ ഭക്ഷിക്കുന്നത്.