ഇളം ചുവപ്പു കലര്‍ന്ന ആകാശം.
പകല്ച്ചൂടുറങ്ങി, നിലാവിന്‍റെ
മഞ്ഞുതുള്ളികള്‍ക്കായി
കാത്തുകിടക്കുന്ന തീരം_
യമുനയുടെ തീരം.
അകലെയെങ്ങോ മിന്നിത്തുടങ്ങിയ നക്ഷ്ത്രങ്ങള്‍,
ചുറ്റും നിശബ്ധമായ ഏകാന്തത.
ആ വിദൂരതയില്‍, ചെടികള്‍ക്കിടയില്‍,
ഞാനൊളിച്ചിരുന്നു – ഊഴവും കാത്തു.
ഞാന്‍, ശിഖണ്ഡി!
നിങ്ങള്‍ ഞെട്ടിയോ?
അരുത്!
വ്യാസന്‍ രചിച്ച കള്ളക്കഥയാണ് എന്‍റെ
മരണം!!!
അമരനാണ് ഞാന്‍.
അശ്വഥാമാവിനു മുന്നേ അലയാന്‍ തുടങ്ങിയവന്‍.
എന്‍റെ മരണം – അത് നിങ്ങള്‍
വിശ്വസിച്ചു.
വ്യാസന്‍ നല്ല ഒരെഴുത്തുകാരന്‍
ആയിരുന്നു.
എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍
ചോദിക്കണമെന്നുണ്ടായിരുന്നു,
എന്നെ കൊന്നി,ട്ടലയാന്‍
വിട്ടതെന്തിനെന്നു?
ആരാലും തിരിച്ചറിയപ്പെടാതെ നിങ്ങള്‍ക്കിടയില്‍
ഞാന്‍ ജീവിച്ചു.
എത്രായിരം വര്‍ഷങ്ങള്‍ കടന്നുപോയി
എന്നെനിക്കറിയില്ല.
നിങ്ങളും വ്യാസനും പക്ഷെ, പിന്നീട്
എന്നെത്തിരഞ്ഞ് വന്നില്ല.
എനിക്കതില്‍ പരാതിയില്ല.
നിങ്ങളുടെ മറവിയില്‍ നിങ്ങള്‍ക്കിടയില്‍
ഞാനുണ്ടായിരുന്നു.
ചിലപ്പോള്‍ സ്വയം ആയുധമായി.
ചിലപ്പോള്‍ ഭീരുക്കളുടെ കവചമായി.
മുഖമായി, ശബ്ദമായി.
നിങ്ങളറിയാതെ പലപ്പോഴും ഞാന്‍
മുന്നില്‍ നിന്നും പടനയിച്ചു.
അല്ല, നിങ്ങള്‍ എന്നെ മുന്‍നിറുത്തി
പടനയിച്ചു.
നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമോ
എന്നെനിക്കറിയില്ല.
എന്‍റെ ശരിയും തെറ്റും_
അതിനു വ്യാസന്‍ ഗീതയില്‍
വ്യാഖ്യാനങ്ങള്‍ കൊടുത്തിട്ടില്ല.
ഒരുപക്ഷെ ഞാന്‍ വെറുമൊരു ഉപകരണമായത്
കൊണ്ടാകാം.
ഉപകരണത്തിന്‍റെ ശരിയും തെറ്റും
നിശ്ചയിക്കാനാവില്ല.
ഉപയോഗിക്കുന്നവന്‍റെ ഔചിത്യം.
അതില്‍ കവിഞ്ഞൊരു സ്വത്വം ഉപകരണത്തിനില്ല.
അതിനാലാകാം വ്യാസന്‍ നിങ്ങള്‍ക്കു
മുന്നില്‍ എന്നെ കൊന്നതു,
അലയാന്‍ വിധിച്ചത്.
എനിക്കു പരിഭവമില്ല.
ഇന്നു, ഈ യമുനാതീരത്തു
ഈ പടര്‍പ്പുകള്‍ക്കിടയില്‍ ആയുധമേന്തി
ഒളിച്ചിരിക്കുമ്പോളും
എനിക്കു ശരിയും തെറ്റുകളുമില്ല.
വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും
വേദാന്തവുമായി ചിലര്‍ വന്നു.
അവര്‍ക്കൊരു മുഖം വേണമായിരുന്നു.
ശബ്ദം വേണമായിരുന്നു.
ആയുധമേന്താന്‍ കൈകള്‍ വേണമായിരുന്നു.
അങ്ങനെ ശരിയും തെറ്റുമില്ലാത്ത ഞാന്‍
അവരുടെ ശരിയായി.
നിങ്ങളുടെ തെറ്റായി.
നേരം ഇരുണ്ടു തുടങ്ങി.
പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആ
സ്മാരകത്തിനു മുകളില്‍
നിലാവ് പടര്‍ന്നിറങ്ങി.
കണ്ണീരിന്‍റെ നനവു പടര്‍ന്ന ആ മാര്‍ബിള്‍
കല്ലുകള്‍ തിളങ്ങി.
എന്‍റെ നിര്‍വികാരതയില്‍...
ശരിയും തെറ്റുമില്ലായ്മയില്‍, അവ
ഇന്ന് തകരും.
ചിതറിത്തെറിക്കുന്ന മാര്‍ബിള്‍
കഷണങ്ങളവ-
നിങ്ങള്‍ ഓരോരുത്തരെയും
വ്രണപ്പെടുത്തും.
നിങ്ങളുടെ ശരികളും തെറ്റുകളും
തമ്മിലുള്ള പോരാട്ടം
_അവിടെ തുടങ്ങും.
എന്‍റെ ദൗത്യം പൂര്‍ണ്ണമായി.
അമരത്വത്തിന്‍റെ ഏകാന്തതയിലേക്ക് ഞാന്‍
വീണ്ടും മടങ്ങട്ടെ.
എന്നെത്തേടി നിങ്ങള്‍ ഇനിയും
വരാതിരിക്കില്ല.
മുഖവും ശബ്ദവും കൈകളും നിങ്ങള്‍ക്കിനിയും
ആവശ്യം വരും.
കാരണം നിങ്ങള്‍ ഭീരുക്കളാണ്.
ഷണ്ഡന്മാരാണ്.