ഞായറാഴ്‌ച, ഒക്‌ടോബർ 20, 2013

കഥാവശേഷന്‍ - ഒരു ഇലക്ട്രോണിക്സ് ലാബ്‌ പരീക്ഷ.


 ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു എഴുതിവായിക്കുന്നത് ഒരു രസം ആണ്. അതില്‍ ഒരു ലഹരിയുണ്ട്. ചിലപ്പോള്‍ ഓര്‍മകളും പ്രതീക്ഷകളും ആണ് ഇന്നിന്‍റെ വേദനകളെ മറക്കുവാന്‍ സഹായിക്കുന്നത്. എന്നെങ്കിലും ഞാന്‍ എന്നെ മറന്നു തുടങ്ങിയാല്‍ ഓര്‍മ്മപ്പെടുത്തുവാന്‍ ഈ കുറിപ്പുകള്‍ സഹായിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ...

കഥാവശേഷന്‍ എന്ന സിനിമയും ഇലക്ട്രോണിക്സ് ലാബും തമ്മില്‍ എന്തു ബന്ധം എന്ന് ചോദിച്ചാല്‍, ഒരു ബന്ധവുമില്ല എന്ന് ആ സിനിമ കണ്ടിട്ടുള്ളവര്‍ കണ്ണുമടച്ചു പറയും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ബന്ധം ഇവര്‍ തമ്മിലുണ്ട് – ഒരു ചെറിയ ഫ്ലാഷ്ബാക്കില്‍.

ഒരു ഫിഫ്ത് സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ആന്‍ഡ്‌ കമ്മ്യൂണികേഷന്‍ വിദ്യാര്‍ത്ഥിയോട്, അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ വെറുതെ കണ്ണും മിഴിച്ചു നോക്കി നില്ക്കാന്‍ മാത്രമേ അവനു കഴിയു. അങ്ങനെ കണ്ണും മിഴിച്ചു നോക്കി നിന്നിരുന്ന കാലം. പിന്നില്‍ സപ്ലികളുടെ കൊടും കൂമ്പാരം. വിളപ്പിന്ശാല തോല്‍ക്കുന്ന നാറ്റം. മുന്നില്‍ ചോദ്യചിഹ്നമായി വിദ്യാഭ്യാസവായ്പയും മുന്നോട്ടുള്ള ജീവിതവും. ഈ സെമസ്റ്റര്‍ കൈവിട്ടാല്‍ പിന്നെ കുറെ കാലത്തേക്ക് ജീവിതം കാറും കോളും നിറഞ്ഞതായിരിക്കും എന്ന പേടി.

ഉത്കണ്ഠ.

ജീവിതത്തെ കുറിച്ചുള്ള അപാരമായ ഉത്കണ്ഠ കാരണം ആയിരുന്നു എന്ന് തോന്നുന്നു, ഒരൊറ്റ തിയറി പേപ്പര്‍ പോലും ആ വര്‍ഷം ഞാന്‍ പഠിച്ചെഴുതിയില്ല. പൊട്ടിപാളീസ്സാകും എന്ന് നൂറു ശതമാനം ഉറപ്പായി. ഈ ഉത്കണ്ഠ ഒരു വൃത്തികെട്ട സാധനം തന്നെ. രാത്രി നേരത്തെ ഉറക്കം വരുന്നു, രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ തോന്നാറെ ഇല്ല.പുസ്തകം കണ്ടാല്‍ അപ്പോള്‍ വാള് വെക്കും. പിന്നെ ഇങ്ങനെ പഠിക്കും? പാസ്സാകും?

എന്‍റെ നന്നാവണം എന്നാ ഉത്കടമായ ആഗ്രഹത്തിന് ഉത്കണ്ഠ തടവെച്ച്, എഴുതിയ ആറു പേപ്പറില്‍ അഞ്ചും പൊട്ടും എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോളാണ് ലാബ്‌ പരീക്ഷകള്‍ കടന്നു വരുന്നത്.

ഇതിനെങ്കിലും പാസ്സാകണം.

സാധാരണ തിയറി പേപ്പര്‍ എട്ടുനിലയില്‍ പൊട്ടുന്ന ചെറ്റകളടക്കം സകല തെണ്ടികളും ലാബ്‌ പരീക്ഷകള്‍ എങ്ങനെയെങ്കിലും കടന്നുകൂടാറുണ്ട്. ലാബ്‌ റെക്കോര്‍ഡ്‌ എന്ന ഭാരം ചുമക്കാനുള്ള മടിയും, ഒറ്റയ്ക്ക് സപ്ലി എഴുതേണ്ടിവരും എന്ന പേടി കാരണം ആയിരിക്കും – പഠിച്ചോ കോപ്പിയടിച്ചോ എങ്ങനെയെങ്കിലും പാസ്സാകും.
എന്തായാലും ഇപ്പ്രാവശ്യം ലാബ്‌ രണ്ടും കലക്കണം – കലക്കിയെ പറ്റു.
രണ്ടു ലാബുകള്‍  - ഇലക്ട്രോണിക്സ് സര്‍ക്യുട്ട് ലാബും ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബും.

ഇലക്ട്രോണിക്സ് സര്‍ക്യുട്ട് ലാബ്‌.

ഒരു മൂന്നു നാല് ദിവസ്സം മുന്‍പ് ചരിത്രത്തിലാദ്യമായി ഞാന്‍ പഠിച്ചു തുടങ്ങി. ആകെ പതിനേഴര പരീക്ഷണങ്ങള്‍. അതില്‍ പതിനേഴും ഞാന്‍ കുത്തിയിരുന്ന് പഠിച്ചു. ഓരോ സര്‍ക്യുട്ടും കാണാപാഠം. പതിനേഴാമത്തത്തിന്‍റെ രണ്ടാം ഭാഗം ആയ വോള്‍ട്ടേജ് സ്റ്റബിലൈസ്സര്‍ എന്തോ ചെയ്യുന്ന കുന്തം ഞാന്‍ വിട്ടു. ഇതുവരെ ഒരു പരീക്ഷയിലും അത് ചോദിച്ച ചരിത്രം ഇല്ല. ഇപ്പ്രാവശ്യവും ചോദിക്കാന്‍ തീരെ സാധ്യത ഇല്ല. ഏതായാലും പരീക്ഷയുടെ തലേ രാത്രി ഞാന്‍ ബ്രെഡ്‌ബോര്‍ഡില്‍ സര്‍ക്യുട്ടുകള്‍ ചെയ്യുന്നതായി സ്വപ്നം കണ്ടു. ഏതു പാതിരാത്രി വിളിച്ചുണര്‍ത്തിയാലും വരച്ചു കയ്യില്‍ കൊടുക്കില്ലേ ഞാന്‍ സര്‍ക്യുട്ടുകള്‍!

ആദ്യമായി ഞാന്‍ സര്‍ക്യുട്ടുകളെ പ്രണയിച്ചു തുടങ്ങി!

അങ്ങനെ പരീക്ഷ ദിവസ്സം ഒരു കൊടും ഭീകരന്‍റെ ലുക്ക്‌ ഉള്ള എക്സ്റെര്ണേല്‍ എക്സാമിനരുടെ കയ്യില്‍ നിന്നും ലോട്ട് എടുത്തു കിട്ടിയ ചോദ്യക്കടലാസ്സുതുണ്ടുമായി ഒരു മൂളിപ്പാട്ടും പാടി ഞാന്‍ എന്‍റെ സീറ്റിലേക്ക് നടന്നു.

വോള്‍ട്ടേജ് സ്റ്റബിലൈസ്സര്‍.

ഛെ! പുട്ട്. ഇപ്പോള്‍ ശരിയാക്കി തരാം.

രണ്ടു മിനിറ്റ്കൊണ്ട് സര്‍ക്യൂട്ട് വരച്ചു. ഒന്നു സൂക്ഷിച്ചുനോക്കി ഭംഗി ഉറപ്പു വരുത്തി, ട്രാന്‍സിസ്റ്ററും റെസിസ്റ്റ്റും പിന്നെ ഓര്‍മയില്ലാത്ത ഏതൊക്കെയോ കുന്ത്രാണ്ടങ്ങളും വാങ്ങിക്കാനായി ഞാന്‍ എഴുന്നേറ്റു. ചുറ്റുമുള്ള പാവങ്ങള്‍ ഒക്കെ അപ്പോളും കടലാസ്സും നോക്കി വായും പൊളിച്ചിരികുന്നെ ഉണ്ടായിരുന്നുള്ളൂ. ഇവന്മാര്‍ക്കൊക്കെ നേരെ ചൊവ്വേ പഠിച്ചിട്ടു വന്നുകൂടെ. കഷ്ടം തന്നെ!

അങ്ങനെ വരച്ച സര്ക്യൂട്ടുമായി പോകുന്നതിനിടയില്‍, വെറുതെ...വെറുതെ ഒന്നു ചോദ്യപേപ്പറില്‍ നോക്കി. ആകെ തല ഒന്നു ചുറ്റുന്നതായി തോന്നി. ആവേശത്തിനിടയില്‍ ചോദ്യം മുഴുവന്‍ വായിച്ചില്ലായിരുന്നല്ലോ...

കൃത്യം പതിനേഴാമത്തെ പരീക്ഷണത്തിന്‍റെ രണ്ടാം ഭാഗം ആയ വോള്‍ട്ടേജ് സ്റ്റബിലൈസ്സറിന്‍റെ എന്തോ ഒരു കുന്തം ഉണ്ടല്ലോ? ഞാന്‍ പഠിക്കാതെ വിട്ട സാധനം. ഇതുവരെ ചോദിച്ചിട്ടില്ലാത്ത സാധനം. അതാണ് അടിച്ചു കിട്ടിയ അന്നത്തെ എന്‍റെ ദുര്‍വിധി!!!

ആസ്സ് ആയി!!!

പോയ അതെ സ്പീഡില്‍ തിരിച്ചു സീറ്റില്‍ എത്തി!
വിധിയെ പഴിച്ചുകൊണ്ട്, സകലദൈവങ്ങളെയും വിളിച്ചുകൊണ്ടു പഠിക്കാത്ത ആ സര്ക്യൂട്ട് വരക്കാന്‍ ഞാന്‍ ഒരു വിഫലശ്രമം നടത്തി. 

ഏതാണ്ട് ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വരച്ചുകൊണ്ടിരുന്ന സര്‍ക്യുട്ടുകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി അനുഭവപ്പെട്ടു.
ചുറ്റുമുള്ള തെണ്ടികള്‍ അപ്പോളേക്കും ട്രാന്‍സിസ്റ്ററും റെസിസ്സ്റ്ററും കൊണ്ട് താജ്മഹല്‍ പണിഞ്ഞു തുടങ്ങിയിരുന്നു.

ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞാന്‍ എക്സ്ടെര്‍ണല്‍ എക്സാമിനെര്‍ എന്ന് പേരുള്ള ആ കൊടും ഭീകരന്‍റെ അടുത്ത് വിറച്ചു വിറച്ചു ചെന്നു.

“സാറിന്‍റെ മോളെ എനിക്കു കെട്ടിച്ചു തരുമോ?”

സത്യമായും ഞാന്‍ അങ്ങനെ ചോദിച്ചിട്ടില്ല!!!

പക്ഷെ ടിയാന്‍റെ നോട്ടം കണ്ടപ്പോള്‍ ഒരു നിമിഷം എക്സ്പിരിമെന്റ്റ് മാറ്റിത്തരുമോ എന്നതിനു പകരം ഇതാണോ ചോദിച്ചത് എന്നു ഞാന്‍ സംശയിച്ചു പോയി!

അഞ്ചു മിനിറ്റ് എന്നെ നോക്കി ദഹിപ്പിച്ചതിനു ശേഷം ഭീകരന്‍ ഒടുവില്‍ സമ്മതിച്ചു – പക്ഷെ ഇപ്പ്രാവശ്യം ഫുള്‍ ഔട്ട്‌പുട്ട് കിട്ടിയില്ലെങ്കില്‍ തോല്‍പ്പിക്കും എന്ന ഭീഷണിയോടെ.

വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് ഞാന്‍ വീണ്ടും ലോട്ട് എടുത്തു.

ദൈവം ചതിച്ചില്ല!

കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും എളുപ്പമുള്ള സര്‍ക്യുട്ട് തന്നെ കിട്ടി. ഏറിയാല്‍ ഒരു മൂന്നോ നാലോ കംപൊണന്റ്റ്. പുട്ട് പോലെ പണ്ട് കുത്തികത്തിച്ചിട്ടുള്ള സര്‍ക്യുട്ട്. രക്ഷപ്പെട്ടു!

അഞ്ചു മിനിറ്റ്കൊണ്ട് സര്‍ക്യുട്ട് വരച്ചു, ബ്രെഡ്‌ബോര്‍ഡില്‍ കുത്തി ഔട്ട്‌പുട്ട് CRO’യില്‍ കൊടുത്തു!

വിധിയുടെ കറുത്തകൈകള്‍ വീണ്ടും പൊങ്ങി.
ആ ദിവസം അങ്ങനെ ആയിരുന്നു – ഞാന്‍ പഠിക്കാത്ത ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ചോദ്യം തന്നെ കിട്ടുക. മാറ്റിക്കിട്ടിയ ഏറ്റവും ചെറിയ സര്‍ക്യുട്ടിനു ഔട്ട്‌പുട്ട് കിട്ടാതിരിക്കുക!!!

അറിയാവുന്ന പണി പതിനെട്ടും നോക്കി – ഒരു രക്ഷയുമില്ല.

ഞാന്‍ വീണ്ടും വിയര്‍ത്തു തുടങ്ങി.

സമയം കഴിയാറായി – ചുറ്റുമുള്ളവര്‍ ഒക്കെ ഔട്ട്‌പുട്ടും കാണിച്ചു വൈവയും കഴിഞ്ഞു ഇറങ്ങിതുടങ്ങി.

എക്സ്ടെര്‍ണല്‍ കാലമാടന്‍ വന്നു വിരട്ടിതുടങ്ങി.

ആ വീര്‍പ്പുമുട്ടലില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ഞാന്‍ അറിയാതെ ചോദിച്ചുപോയി, “സാര്‍, ഔട്ട്‌പുട്ട് കിട്ടുന്നില്ല. ഇനി ഇപ്പോള്‍ വൈവ വേണോ?”

“സര്‍ക്യുട്ട് ഒക്കേ ശരിയാണല്ലോ. പിന്നെന്താ കിട്ടാത്തെ? സമയം ഉണ്ട്, നോക്കിയിട്ട് പോയാല്‍ മതി. വേറെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലല്ലോ?”

കാലമാടന്‍ വിടാന്‍ ഉദ്ദേശം ഇല്ല.

ഒടുവില്‍ ഒരു പരീക്ഷാഹാളില്‍ ഒരാളെ പീടിപ്പിക്കാവുന്നത്തിന്‍റെ പരമാവധി പീഡിപ്പിച്ചു, അറിഞ്ഞുകൂടാത്ത ചോദ്യങ്ങള്‍ തന്നെ ഒരു കാര്യവുമില്ലെങ്കിലും വൈവക്കു ചോദിച്ചു എന്നെ വെറുപ്പിച്ചു പണ്ടാരം അടക്കിയതിനു ശേഷം മാത്രമാണു അവിടെ നിന്നും പോകാന്‍ അനുവദിച്ചത്. വല്ലവിധേനയും വീട്ടിലെത്തി പതിവുപോലെ പരീക്ഷ കുഴപ്പമില്ലായിരുന്നു എന്ന് പറഞ്ഞു ഞാന്‍ മുറിയില്‍ കയറി കതകടച്ചു.
അടുത്ത ദിവസം ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബ്‌ - എന്‍റെ പട്ടി പഠിക്കും. പോ പുല്ലു!!!

സമസ്തലോകത്തോടും ഉള്ള ദേഷ്യം ഞാന്‍ എന്നോട് തന്നെ തീര്‍ത്തു!

ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബ്‌.

കെട്ടും ഭാണ്ഡവുമായി ഉച്ചക്കുള്ള പരീക്ഷക്ക്‌ രാവിലെ പതിനൊന്നു മണിക്കു തന്നെ ഞാന്‍ കോളേജില്‍ എത്തി. എല്ലാവരും ഇരുന്നു പഠിക്കുമ്പോള്‍, ഞാന്‍ വരാന്തയില്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടക്കുന്നു.

“എന്തായിരുന്നു ഇന്നലത്തെ പ്രകടനം! തനിക്കൊക്കെ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടു വന്നുകൂടെ? വെറുതെ കോളേജിന്‍റെ പേര് കളയാനായിട്ട്!”, ഇലക്ട്രോണിക്സ് ടീച്ചറുടെ കമന്റ്റ്.

എന്‍റെ ഹൃദയവേദന ആരു കാണാന്‍!!!

ആരോടും ഒന്നും പറയാതെ ഉടനെ അവിടെ നിന്നും ഇറങ്ങി.
നേരെ ചെന്നെത്തിയത് പട്ടം കല്പന തിയേറ്ററില്‍ - കഥാവശേഷന്‍!
ഒരു വശത്ത് ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബ്‌ എക്സാം തകര്‍ത്തു നടക്കുന്നു. മറുവശത്ത് ജീവിച്ചിരിക്കുന്നതിന്‍റെ അപമാനം കാരണം ആത്മഹത്യ ചെയ്ത ഒരു യുവാവിന്‍റെ കഥ. ഏതാണ്ട് സമാനാവസ്ഥയില്‍ ഇരുന്നു കണ്ടത് കൊണ്ടാകാം, ഇന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി കഥാവശേഷന്‍ തുടരുന്നത്!

റിസള്‍ട്ട്‌ വന്നു.

എട്ടെണ്ണത്തില്‍ ആറെണ്ണം സുന്ദരമായി പൊട്ടി!

ജയിച്ച രണ്ടെണ്ണത്തിനു പാസ്സ് മാര്‍ക്കും!

ഇതിനു പുറമേ ഒരു ലാബ്‌ ഞാന്‍ ബങ്ക് ചെയ്തു എന്നും കൂടി വീട്ടുകാര്‍ അറിഞ്ഞിരുന്നേല്‍ ഞാന്‍ ഇന്ന് കഥാവശേഷനാകുമായിരുന്നു!
ദൈവം കാത്തു!

പിന്‍കുറിപ്പ് : ഇന്‍പുട്ട് കൊടുത്ത അതേ സ്ലോട്ടില്‍ തന്നെയാണു ഔട്ട്‌പുട്ടിന്‍റെ കമ്പിയും ഞാന്‍ കുത്തിയതെന്നും, അത് കാരണം ആണ് ഔട്ട്‌പുട്ട് കിട്ടാത്തതെന്നും, അല്ലാതെ മുന്‍പ് പറഞ്ഞപോലെ വിധി അല്ല കാരണം എന്നും പിന്നീടുള്ള വിശകലനത്തില്‍ നിന്നും തെളിഞ്ഞു.

വീണ്ടും ആസ്സ്!           

6 അഭിപ്രായങ്ങൾ:

  1. എന്തായാലും കഥാവശേഷന്‍ ആയില്ല
    നന്നായി

    മറുപടിഇല്ലാതാക്കൂ
  2. ഹൊ! വിധിയുടെ വിളയാട്ടങ്ങള്‍!

    പഴയ ലാബ് എക്സാമുകളൊക്കെ ഓര്‍ത്തു.

    പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ സമാനമായ ഒരനുഭവം (പകുതി out of Syllabus ആയ ഒരു പരീക്ഷണം ചോദിച്ചത്) എനിയ്ക്കുമുണ്ടായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ