ഞായറാഴ്‌ച, ജനുവരി 01, 2012

കാഞ്ഞങ്ങാട്ട് ശശി!

കോളേജ് ദിനങ്ങളില്‍ ക്ലാസ്സില്‍ ഇരിക്കുക എന്നതൊഴിച്ചാല്‍, യാതൊരു ബോര്‍ അടിയും നമ്മള്‍ക്കുണ്ടായിരുന്നില്ല.   അത്യാവശ്യത്തിനു പ്രണയം, വിരഹം, കോനയടി, അടിപിടി എന്നിങ്ങനെ ഉള്ള എക്സ്ട്രാ കരിക്കുലര്‍ പരിപാടികള്‍ ഉണ്ടായിരുന്നതുകൊണ്ടും, വായുന്നോക്കാന്‍ ഒരുപാട് പെണ്‍പിള്ളേരെ ദൈവം കനിഞ്ഞു അനുഗ്രഹിച്ചു അനുവദിച്ച്‌ തന്നിരുന്നതിനാലും ആയിരിക്കണം അത്. അത് കൊണ്ട് തന്നെ ക്ലാസ്സിനു പുറത്തെ ജീവിതം അതിസുന്ദരമായിരുന്നു.


അങ്ങനെ നമ്മള്‍ ക്ലാസ്സിനുള്ളില്‍ ബോര്‍ അടിച്ചിരുന്ന ഒരു കാലത്ത്...


ബൂര്‍ഷ്വാസ്സികളെ നേരിടാനായി നമ്മുടെ സഖാക്കന്മാര്‍ കൈരളി എന്ന പേരില്‍ ആയിടക്കു ഒരു ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനല്‍ പരിപാടി തന്നെ ഒരു കണക്കിന് ബൂര്‍ഷ്വാസ്സം അല്ലെ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം - ചോദിക്കരുത്. ചോദ്യം ചോദിക്കുന്നവരെ സഖാക്കന്മാര്‍ക്ക് ഇഷ്ടമല്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? ഇനി അഥവാ ചോദിച്ചാല്‍ അവര്‍ നിങ്ങളെ പോളിറ്റ് ബ്യുറോയില്‍ നിന്നും വല്ല ലോക്കല്‍ കമ്മിറ്റിയിലോട്ട് തരം താഴ്ത്തി കളയും - ജാഗ്രതൈ.


ഏതായാലും ചാനല്‍ പൊടി പൊടിച്ചു. പോളണ്ട്, എത്യോപ്യ, നിക്കാരഗ്യെയ മുതലായ രാജ്യങ്ങളില്‍ വരെ ചാനല്‍ പ്രശസ്തമായി. അവിടെ സ്വ.ലേ.കളും തത്സമയ സംപ്രേഷണവും - പൊടിപൂരം. പിന്നെ സ്വന്തം നാട്ടില്‍ നടക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആളില്ല എന്നൊരു ചെറിയ കുറ്റം അവരില്‍ ആരോപിക്കുന്നവരുണ്ട്. അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്ന പാര്‍ട്ടി വിരുദ്ധമായ യാതൊന്നും ചാനലില്‍ വരരുത് എന്ന് PB'യുടെ കര്‍ശന നിര്‍ദേശം ഉണ്ട്. ഏതു വാര്‍ത്ത‍ എടുത്താലും അല്പം വിരുദ്ധം/ക്ഷീണം കാണും -  പിന്നെ അത് എങ്ങനെ സംപ്രേഷിക്കും? വെറുതെ സ്വ.ലേ.ക്ക് ശമ്പളം കൊടുക്കുന്നത് മെച്ചം!


കുറെനാള്‍ അങ്ങനെ ലാല്‍ സലാമും, സ്റ്റാലിന്‍ ശിവദാസുമൊക്കെ കാണിച്ചുചാനല്‍ ഓടിച്ചു കഴിഞ്ഞപ്പോള്‍ സഖാക്കന്മാര്‍ക്ക് മനസ്സിലായി ഇത് താമസിയാതെ പൂട്ടും എന്ന്. പോളണ്ടോന്നും പഴയപോലെ ഏശുന്നില്ല!            


ഒടുവില്‍ താത്വികമായ ഒരു അവലോകനത്തിന് ശേഷം, ചാനല്‍ന്‍റെ രീതികളില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍  വരുത്തി ക്രിയാത്മകമായി ആ പ്രശ്നത്തെ നേരിടാന്‍ തീരുമാനമാകുന്നു. അങ്ങനെ ആണ് പതിവ് ബൂര്‍ഷ്വാ വധം, മുതലാളി നിഗ്രഹം, പരസ്പരം കരിവാരി എറിയല്‍, ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ എന്നിവക്ക് പുറമേ സഖാക്കന്മാര്‍ക്ക് ഒഴിവു സമയം ഉല്ലാസ്സകരമാക്കുവാന്‍ ചില പരിപാടികള്‍ ചാനലില്‍ തുടങ്ങുന്നത്. അതില്‍ ഒന്നായിരുന്നു നമ്മുടെ സ്വന്തം ബുദ്ധിരാക്ഷസ്സന്‍ ആയ പ്രദീപിന്‍റെ 'അശ്വമേധം'.


ഉള്ളത് പറയാമല്ലോ, ഇന്നത്തെ റിയാലിറ്റി കൂതറകളെക്കാളും എന്ത് കൊണ്ടും ഭേദമായിരുന്നു അത് - സംഗതി ഹിറ്റ്‌.


അപ്പോള്‍ പറഞ്ഞു തുടങ്ങിയത് നമ്മുടെ കോളേജിലെ ബോര്‍ അടിയെകുറിച്ച്. അതും മേല്‍പ്പറഞ്ഞ അശ്വമേധവുമായി എന്താ ബന്ധം?


ക്ലാസ്സിലെ ബോര്‍ അടിമാറ്റാന്‍ പെന്‍ ഫൈറ്റ്‌, സിനിമ പേര് പറഞ്ഞു കളി, പാരടി പാട്ടുണ്ടാക്കല്‍, പരസ്പരം തന്തക്കു വിളിക്കല്‍ മുതലായ തന്ത്രങ്ങള്‍ പയറ്റി ഒടുവില്‍ അതും ബോര്‍ അടിച്ചു തുടങ്ങിയപ്പോളാണ് അശ്വമേധത്തിന്റെ വരവ്. ദാഹിച്ചിരുന്ന വേഴാമ്പല്‍ന്‍റെ തലയില്‍ ഒരു തൊട്ടി വെള്ളം ഒഴിച്ച പോലെ ആയിരുന്നു അത്.


നമ്മള്‍ ലാസ്റ്റ് ബെഞ്ചുകാര്‍ ചാടി ഇറങ്ങുന്നു - ഗോദയിലേക്ക്.
അശ്വമേധത്തിന്റെ ഗോദയിലേക്ക്.


അവസ്സാനത്തെ ബെഞ്ച്‌ vs തൊട്ടു മുന്നിലത്തെ ബെഞ്ച്‌.


തീ പാറുന്ന പോരാട്ടം...പൊരിഞ്ഞ അടി. തൊട്ടടുത്ത്‌ ഇരിക്കുന്നവന്റെ അപ്പനെ വരെ കളത്തില്‍ ഇറക്കിയ വീരന്മാര്‍ ഉണ്ട്!!!


അങ്ങനെ ഒരു ദിവസം.


അന്നത്തെ പോരാട്ടത്തില്‍ നമ്മള്‍ അവസാനത്തെ ബെഞ്ചിലെ പോരാളികള്‍ വളരെ കഠിനമായി മത്സരിക്കുകയും തൊട്ടു മുന്നത്തെ ബെഞ്ചിലെ പോരാളികളെ നിലം പരിശാക്കുകയും ചെയ്തു. ഉച്ചക്ക് വായുന്നോക്കാന്‍ ക്ലാസ്സു പിരിഞ്ഞ നേരം ആയപ്പോളെക്കും, ഒന്ന് തലപൊക്കി നോക്കാന്‍ പോലും വയ്യാത്ത വിധം അവര്‍ നാണംകെട്ടിരുന്നു. നമ്മള്‍ അവരെ വീണ്ടും കോനയടിച്ചു കൊണ്ടിരുന്നു.


പക്ഷെ കളി അവിടെ തീര്‍ന്നില്ല. ഉച്ചക്ക് ശേഷം മുന്‍ ബെഞ്ചുകാര്‍ അവരുടെ വജ്രായുധം പുറത്തെടുത്തു. ഇരുപതില്‍ പതിനെട്ടു ചോദ്യം കഴിഞ്ഞതിനു ശേഷം ആള്‍ മലയാളിയും ഒരു സാംസ്കാരിക പ്രവര്‍ത്തകനും മധ്യവയസ്കനും ആണെന്ന് മാത്രമേ നമ്മള്‍ക്ക് മനസ്സിലായുള്ളൂ. ഒരു വിധപ്പെട്ട മലയാളികള്‍ എല്ലാം സാംസ്കാരിക പ്രവര്‍ത്തകര്‍ ആണല്ലോ. ഒരു ജാഥക്ക് കൊടി പിടിച്ചാല്‍ പൊതുപ്രവര്‍ത്തകന്‍ ആകുന്ന നാടാണ് ഇത്!


പ്രതീക്ഷിച്ചപോലെ മുന്നില്‍ നിന്നും കോനയടി തുടങ്ങി. നമ്മള്‍ വെട്ടിലായി - ഇതുവരെ ജയിച്ചിട്ടു ഇപ്പോള്‍ തോല്‍ക്കുകയോ? തോറ്റാല്‍ പിന്നെ രണ്ടു ദിവസം അങ്ങോട്ട്‌ പോകാതിരിക്കുന്നതാണ് ഭേദം. അറിയാവുന്ന ആള്‍ക്കാരുടെ പേരുകള്‍ എല്ലാം കഴിഞ്ഞു. ആരായിരിക്കും?


ഒടുവില്‍ ക്ഷമ നശിച്ചു നമ്മള്‍ തൊട്ടടുത്തിരുന്നു തല പുകയ്ക്കുന്ന നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌," വല്ല കാഞ്ഞങ്ങാട്ട് ശശിയും ആയിരിക്കുമെടെ...ചുമ്മാ ആളെ മെനക്കെടുത്താന്‍..."


ആത്മാര്‍ത്ഥ സുഹൃത്ത്‌ പരിസരം മറന്നു ചാടി എഴുന്നേറ്റു ഒറ്റ അലര്‍ച്ച -


"തന്ന അളിയാ..ഇത് കാഞ്ഞങ്ങാട്ട് ശശി തന്നെ!!!"


നമ്മള്‍ ഞെട്ടി - ഇനി അങ്ങനെ ഒരാള്‍ ഉണ്ടോ? നമ്മള്‍ വെറുതെ ഒരു പ്രാസത്തിനു...


പിന്നീടു നമ്മള്‍ കാണുന്നത് ആത്മാര്‍ത്ഥ സുഹൃത്ത്‌ മുന്‍ ബെഞ്ചുകാരുമായി അതിഭയങ്കരമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, ഒടുവില്‍ ഇല്ലാത്ത ഒരു ആളുടെ ലക്ഷണം തന്നു നമ്മെ ചതിക്കാന്‍ ശ്രമിച്ച അവരെ ഇല്ലാത്ത ഒരാളെ കൊണ്ട് കീഴടക്കുന്നതും, വീണ്ടും തോറ്റു ചമ്മിയിരിക്കുന്ന മുന്‍ ബെഞ്ചുകാരെ നിര്‍ദയം കളിയാക്കുന്നതുമാണ്.


"അളിയാ..നിന്നെ ഞാന്‍ സമ്മധിച്ചിരിക്കുന്നു . എന്നാലും ഞാന്‍ വെറുതെ പറഞ്ഞ ആ ശശിയെ വെച്ച് നീ അവന്മാരെ പറഞ്ഞു പറ്റിച്ചല്ലോ! നീ കിടിലം തന്നെ."


"പോടാ അവിടുന്ന്. അങ്ങനെ ഒരാള്‍ ഉണ്ട്. ഞാന്‍ കേട്ടിട്ടുണ്ട്. മുന്‍പ് കാഞ്ഞങ്ങാട്ട് ഏതോ സ്കൂളില്‍ സാര്‍ ആയിരുന്നു..."


നമ്മള്‍ക്ക് ചെറുതായി തല ചുറ്റി.


കാഞ്ഞങ്ങാട്ട് ശശി എന്ന മഹാപുരുഷനെ കുറിച്ച് ഒരു വലിയ പ്രഭാഷണം തന്നെ അവിടെ നടന്നു. ഒരു നിമിഷം നമ്മളും സംശയിച്ചു  - ഇനി അങ്ങനെ ഒരാള്‍ ഉണ്ടോ?


അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നതായി മറ്റൊരാള്‍ പറഞ്ഞു നമ്മള്‍ പിന്നീടു കേട്ടിട്ടില്ല!


വാല്‍കഷ്ണം : ഒന്നിനെ പത്താക്കുന്ന, എന്തിനെ കുറിച്ചും അഭിപ്രായം പറയുന്ന  നമ്മുടെ ഈ ആത്മാര്‍ത്ഥ സുഹൃത്തിനെ പിന്നെ അശ്വമേധം കളിയ്ക്കാന്‍ ആരും കൂട്ടിയിട്ടില്ല. എന്നാലും ആരാ ഈ കാഞ്ഞങ്ങാട്ട് ശശി?    

3 അഭിപ്രായങ്ങൾ: