ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2012

ബലിയാട്


എനിക്കോര്‍മയുണ്ട്,
എന്‍റെ ജനനം.

ഗര്‍ഭപാത്രത്തില്‍ നിന്നും ചോരയുടെ നിറമണിഞ്ഞു
മണ്ണിന്‍റെ വേദനയിലേക്ക് തെറിച്ചു വീണ നിമിഷങ്ങള്‍
കണ്ണിലെ കാലത്തിന്‍റെ പീള തുടച്ചാ-
ദ്യമായി ലോകത്തെ പകച്ചു നോക്കിയത്.
വേച്ചു വേച്ചു എഴുന്നേറ്റു നിന്നത്.
എനിക്കോര്‍മയുണ്ട്.

വീഴ്ചയുടെ ഞെട്ടല്‍
മുറിഞ്ഞ പൊക്കിള്‍ക്കൊടിയുടെ വേദന.
ഞാന്‍ കരഞ്ഞു.

അപരിചിതമായ സ്ഥലം.
അമ്മയുടെ ചൂടില്‍ അഭയം തേടി , ചുരന്ന-
പാല്‍ കുടിച്ചു ഞാന്‍ മയങ്ങി.
ഒരുപാട് സ്വപ്‌നങ്ങള്‍;
പച്ചിലകളും പുല്‍മേടുകളും പൂക്കളും
ഒരു ജന്മം മതിയാവില്ലെന്നെനിക്ക് തോന്നി

ആ മയക്കത്തിലെപ്പോഴോ, രണ്ടു കൈകള്‍
എന്നെ വരിഞ്ഞു കെട്ടി; വലിച്ചകറ്റാന്‍ തുടങ്ങി.
എനിക്കെതിര്‍ക്കുവാനുള്ള കരുത്തുണ്ടായിരുന്നില്ല
ഒരിക്കല്‍ മാത്രമേ ഞാന്‍ തിരിഞ്ഞു നോക്കിയുള്ളൂ
ആട്ടിന്‍ പറ്റത്തിലെവിടെയോ ഒരു കണ്ണീര്‍തുള്ളിയുടെ
നനവു പടരുന്നത്‌ ഞാന്‍ അറിഞ്ഞു.

ഇന്ന് ഈ ബലിപ്പുരയില്‍ ഊഴവും കാത്തു നില്‍ക്കുമ്പോള്‍
എനിക്ക് പേടിയില്ല; വിഷമമില്ല
സ്വപ്നങ്ങളുമില്ല.

ഒരു വീര്‍പ്പുമുട്ടലില്‍ നിന്നും പിറന്നവര്‍ അല്ലേ നമ്മള്‍
അല്ലെങ്കില്‍ ഭാരമേറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍
ജനനം തന്നെ ഒരു മുറിച്ചുമാറ്റല്‍ ആയിരുന്നില്ലേ?

ഒരു കത്തി ഉയര്‍ന്നു താണു
ഞാന്‍ വിനീതനായി തല കുനിച്ചു.
ബലിയാട്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ