വ്യാഴാഴ്‌ച, ഡിസംബർ 08, 2011

ട്രെയിനിന്‍റെ ശബ്ദം

റയില്‍പാളങ്ങളുടെ ഓരം ചേര്‍ന്ന് അവര്‍ കയ്യുകള്‍ കോര്‍ത്തു പിടിച്ചു നടന്നു. ദൂരെ നിന്നും ഒരു തേങ്ങലായി ഒഴുകി വന്ന ട്രെയിനിന്‍റെ ശബ്ദം അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.


വര്‍ഷങ്ങള്‍ക്കു  മുന്‍പ് അവള്‍ അവനോടു ചോദിച്ചു, "നീ എന്നെ വിട്ടു പോവുകയാണോ?"


"അല്ല. ഞാന്‍ തിരിച്ചു വരും.", അവന്‍റെ ശബ്ദം ഇടറിയിരുന്നു.


കാലം ഒരുപാടു കടന്നു പോയി.


അവള്‍ കാത്തിരുന്നു. ഓരോ കാലൊച്ച കേള്‍ക്കുമ്പോഴും അവള്‍ തിരിഞ്ഞു നോക്കും. രാത്രികളില്‍ അവന്‍റെ സാമീപ്യതിന്നായി കൊതിച്ചിരുന്നു. ഒന്ന് മിണ്ടുവാന്‍ ആഗ്രഹിച്ചിരുന്നു, ഓര്‍മ്മകളില്‍ വിങ്ങിപൊട്ടിയിരുന്നു.


വെറുതെ ആയിരുന്നു അവളുടെ കാത്തിരുപ്പു എന്ന് അവളെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചവരോട് അവള്‍ക്കു പറയുവാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ.        


"വരും"


അവള്‍ ഒന്നും അറിഞ്ഞിരുന്നില്ല.


മുഷിഞ്ഞു നാറിയ ഒറ്റമുറിയില്‍, നേരിയ വെളിച്ചത്തു ഇരുന്നു ചര്‍ദ്ദിച്ച  ചോര, കവിതകളെ ചുവപ്പ് അണിയിച്ചപ്പോള്‍ അവന്‍ ചെറുതായൊന്നു ചിരിച്ചു. ആഗ്രഹം ഉണ്ടെങ്കിലും ഇനിയൌരു മടങ്ങിപ്പോക്ക് അസ്സാദ്യമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ അവന്‍ വെറുതെ പകല്‍ കിനാവ് കണ്ടു - കണ്ണടച്ചു.


അവള്‍ അറിഞ്ഞിരുന്നില്ല.


റെയില്‍പാളത്തിലൂടെ നടക്കുമ്പോള്‍, കൈപിടിച്ചു കൊണ്ട് അവന്‍ കൂടെ നടക്കുന്നതായി അവള്‍ക്കു തോന്നി.


ട്രെയിനിന്‍റെ ശബ്ദം അപ്പോള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു!      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ