ഞായറാഴ്‌ച, ഡിസംബർ 11, 2011

ചോക്ക് പൊടി!!!



ഒന്നാലോചിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ഏറ്റവും അധികം പ്രശ്നങ്ങള്‍ ഉണ്ടായ, നമ്മള്‍ തന്നെ ഉണ്ടാക്കിയ സമയം ആണ്  പ്ലസ്‌-2. അതുകൊണ്ട് തന്നെ ആയിരിക്കും ഇന്നും ആ കാലഘട്ടത്തെക്കുറിച്ച് ഉള്ള ഓര്‍മ്മകള്‍  മായാതെ നില്‍ക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും രസകരമായ സംഭവങ്ങള്‍.


പഠനത്തില്‍ വളരെ മുന്നിലും അതി ബുദ്ധിമാനും ആയിരുന്നതിനാല്‍, നമ്മെ ഏറ്റവും മുന്‍പിലത്തെ ബെഞ്ചില്‍ ആയിരുന്നു ടീച്ചര്‍ പ്രതിഷ്ടിച്ചിരുന്നത്. നമ്മളെ പോലെ തന്നെ നല്ലവരായ മറ്റു മൂന്നു പേര് കൂടി നമ്മള്‍ക്ക് കമ്പനി ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകളില്‍ ഇരുന്നിരുന്നപ്പോള്‍ പാവം നമ്മള്‍ ജീവിതകാലം മുഴുവന്‍ മുന്‍പില്‍ കഴിച്ചുകൂടുക എന്ന ഗതികേടിലായി. അങ്ങനെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ഫാസിസത്തിനെതിരെ എന്ത് വില കൊടുത്തും പോരാടും എന്ന് നിശ്ചയിച്ചു ജീവിച്ചിരുന്ന കാലം.


 മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്നതിനു അതിന്‍റെതായ ഗുണങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. ഈ ടീച്ചര്‍മാരുടെ ഒരു മനശാസ്ത്രം വെച്ച് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്നവര്‍ ആണ് പൊതുവേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് ബഹളം കേട്ടാലും ആദ്യം അവര്‍ നോക്കുന്നത് അങ്ങോട്ട്‌ ആണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പൊക്കാനുള്ള സാധ്യത വളരെ കുറയുന്നു.പക്ഷെ എന്ത് ചെയ്യാന്‍ - കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പരിണാമ സിദ്ദാന്തത്തിന്റെ ആണിക്കല്ലായ "Adaptability" എന്ന ഭാഗം പഠിക്കാനിടയാവുകയും, ഈ പ്രത്യേക സാഹചര്യത്തില്‍ പ്രശ്നം ഉണ്ടാകുന്നതു മുന്നില്‍ നിന്നും ആണ് എന്ന തിരിച്ചറിവ് നേടുകയും ചെയ്തു.


അതോടെ അവര്‍ മനശാസ്ത്രം ഒക്കെ മറന്നു വീണ്ടും നമ്മളെ പൊക്കാന്‍ തുടങ്ങി.


ജീവിതം മടുത്തു.


ഒന്ന് വായുന്നോക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. മിണ്ടിയാല്‍ ക്ലാസിനു പുറത്തു - വീട്ടിലേക്കു വിളി.
എങ്ങനെയും പിറകിലോട്ടു മാറിയെ പറ്റു. സഹ മുന്‍-വരിക്കാരെ അറിയിക്കാതെ നമ്മള്‍ ഒറ്റയ്ക്ക് ഗൂഢാലോചന തുടങ്ങുന്നു. പ്ലാന്‍ തയ്യാറാക്കി നമ്മള്‍ അവസരത്തിനായി കാത്തിരുന്നു.


ഒരു ദിവസം.


"ടീച്ചര്‍...ടീച്ചര്‍...നമ്മള്‍ക്ക് ചോക്ക് പൊടി അല്ലെര്‍ജി ആണ്. അതുകൊണ്ട് കുറച്ചു പിറകിലത്തെ സീറ്റില്‍ ഇരിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു - അപ്പോള്‍ പൊടി അധികം അടിക്കില്ല. അല്ലേല്‍ ഭയങ്കര തുമ്മല്‍ വരും!"


ഒരു "orijinality"ക്ക് വേണ്ടി  നമ്മള്‍ നന്നായി ഒന്ന് തുമ്മുകയും മൂക്ക് ചീറ്റുകയും ചെയ്തായിരുന്നു എന്നാണ് നമ്മുടെ ഒരു ഓര്‍മ്മ. 


ഏതായാലും ടീച്ചര്‍ മൂക്കും കുത്തി വീണു - അടുത്ത ദിവസം മുതല്‍ നമ്മളോട് ഏറ്റവും പുറകില്‍ ഇരുന്നാല്‍ മതി എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വിടുന്നു!


പാവം സഹ മുന്‍-വരിക്കാര്‍. അവര്‍ ഇത് കേട്ട് ഞെട്ടുകയും, ഉടനെ തുമ്മി തുടങ്ങിയാലോ എന്ന് പരസ്പരം ചര്‍ച്ച തുടങ്ങുകയും ചെയ്തു - നമ്മള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് പാവങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.


അടുത്ത ദിവസം.


നമ്മള്‍ പതിവുപോലെ ലേറ്റ്. ക്ലാസ്സില്‍ കേറുന്നു. ലാസ്റ്റ് ബെഞ്ചിലേക്ക് നടക്കുന്നു.


"ങേ!!! ഇതെന്താ നടുവില്‍ ഒരു ബെഞ്ച്‌?"


രണ്ടു വരികള്‍ ഉള്ള ക്ലാസ്സിന്‍റെ നടുവില്‍ ഏറ്റവും പുറകിലായി അതാ ഒരു പുതിയ ബെഞ്ച്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!!! നമ്മുടെ സഹ മുന്‍-വരിക്കാര്‍ മൂന്നുപേരും അതില്‍ തലയില്‍ കൈവെച്ച് ഇരിപ്പുണ്ട്!!!


നമ്മള്‍ക്ക് കാര്യം മനസ്സിലാകാന്‍ കുറച്ചു സമയം വേണ്ടി വന്നു. അതിബുദ്ധിപരമായ നമ്മുടെ നീക്കത്തെ അതിലും ബുദ്ധിപരമായി നമ്മുടെ ടീച്ചര്‍ പ്രതിരോധിച്ചു.ഒരു വെടിക്ക് രണ്ടു പക്ഷി!


അതായതു ഈ ലാസ്റ്റ് ബെഞ്ചിന്‍റെ ഒരു സുഖം എന്താണെന്നു വെച്ചാല്‍, മുന്നില്‍ ഇരിക്കുന്നവരുടെ മറ കാരണം നമ്മള്‍ക്ക് എന്ത് ചെറ്റത്തരം വേണമെങ്കിലും കാണിക്കാന്‍ കഴിയും എന്നൊരു ആത്മവിശ്വാസം ഉണ്ടാകും. ആ മറ ആണ് വളരെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ നമ്മുടെ ടീച്ചര്‍ ഇല്ലാതാക്കിയത്. ടീച്ചര്‍ ആരാ ... !!!


നമ്മള്‍ ആഗ്രഹിച്ച പോലെ ലാസ്റ്റ് ബെഞ്ചില്‍ ആയെങ്കിലും, ഇപ്പോള്‍ നേരെ ടീച്ചര്‍മാരുടെ കണ്മുന്നില്‍, ഒരു തരികിടയും നടത്താനാവാത്ത അവസ്ഥയില്‍ ആയി! 


ചോക്ക് പൊടി ഏറ്റില്ല!!!



 PS: ഏതാണ്ട് ഒരു രണ്ടു ആഴ്ച മാത്രമേ നമ്മള്‍ അവിടെ ഇരിക്കേണ്ടി വന്നുള്ളൂ എന്നത് വേറെ കാര്യം. എന്ത് അല്ലെര്‍ജി ആയാലും താങ്കള്‍ ഇന്നി മുതല്‍ മുന്നില്‍ തന്നെ ഇരുന്നാല്‍ മതി എന്ന് ടീച്ചറെ കൊണ്ട് പറയിപ്പിച്ചു നമ്മളെ വീണ്ടും മുന്നിലെത്തിച്ചു കയ്യിലിരിപ്പ്!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ