ശനിയാഴ്‌ച, ഡിസംബർ 24, 2011

"മഹത്തായ ഒരു..."

ഈ വഴി, ഏകാന്തമായി കോവില്‍നട-
യിലേക്ക് തിരിഞ്ഞു ഞാന്‍ നടക്കവേ
കാലില്‍ ചിലമ്പ് ഇട്ട കോമരങ്ങള്‍
കാതടപ്പിച്ചു നിലവിളിക്കവേ
ഒരു നിമിഷം -
ഞാന്‍ ഓര്‍ത്തുപോയെന്തിനോ.


കാലമേറെകഴിഞ്ഞെങ്കിലും
കാറ്റിനിന്നും കരിഞ്ഞ-
ജീവന്‍റെ ഗന്ധമാണ്.
ഏതോ ലഹരിയില്‍; ഉന്മാദത്തില്‍;
ഓരോ ചിതയും കത്തിച്ച ഈ കൈകള്‍
ചോര പ്രസവിച്ച കൈകള്‍
 - ഇവയ്ക്ക് മോക്ഷമെവിടെ?


അവന്‍റെ കൈകള്‍ വിറച്ചു തുടങ്ങി. ഏറെ നാളായി ഇങ്ങനെയാണ്  - എന്തെങ്കിലും എഴുതുവാന്‍ തുടങ്ങുമ്പോള്‍. അവന്‍ നിരാശയോടെ പേന താഴെ വെച്ചു.


തനിക്കു എന്താണ് സംഭവിച്ചത് എന്ന് അവന് അറിയാമായിരുന്നു. പശ്ചാത്താപത്തിന്‍റെ ആദ്യനാളുകളില്‍ അവന്‍ ഒരുപാടു കരഞ്ഞിരുന്നു. അതിനെ അതിജീവിക്കുവാനുള്ള ഓരോ ശ്രമങ്ങളും പാഴായപ്പോള്‍ അവന്‍ ആശ്വസിച്ചു - ശാപങ്ങള്‍ സത്യമാണ്. വിശ്വസിക്കുവാന്‍ ഒരു ദൈവത്തെ കിട്ടിയതിന്‍റെ ആശ്വാസം.


വര്‍ഷങ്ങള്‍ക്കു മുന്‍പ്, അന്നൊരിക്കല്‍ അവന്‍റെ മുന്നില്‍ കേണു നിലവിളിച്ചവരില്‍ ആരെയൊക്കെയോ അവന് അറിയാമായിരുന്നു - സാധുക്കള്‍. ജന്മിത്വത്തിന്‍റെ ശാപം പേറിയ, അവസാനത്തെ കണ്ണികള്‍.


ഒരു നിമിഷം അറച്ചുപോയ അവന്‍റെ പിന്നില്‍ നിന്നും ആചാര്യന്മാരുടെ വാക്കുകള്‍ ഇങ്ങനെ മുഴങ്ങി -


"മഹത്തായ ഒരു ലക്‌ഷ്യത്തിനു വേണ്ടി..."


 മുന്നില്‍ ഉയര്‍ന്ന ആളിക്കത്തുന്ന നിലവിളികള്‍ക്കുമേലെ അവന്‍ ഉച്ചത്തില്‍ പറഞ്ഞു -



"മഹത്തായ ഒരു ലക്‌ഷ്യത്തിനു വേണ്ടി..."

ഒരുപാടു നാളുകള്‍ക്കു ശേഷം, വിപ്ലവത്തിന്‍റെ തീ കെട്ട് ഒടുങ്ങിയപ്പോള്‍ അവന്‍ തിരികെ ചെന്നു - അന്ന് താന്‍ കൊളുത്തിയ ചിത കാണാന്‍. വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകിയ ആ ഭൂമിയെ കാണുവാന്‍.


ചോരയുടെ നിറമുള്ള ഒരു കൊടിമരത്തിന്‍റെ കീഴില്‍, ഒരു ചുവന്ന കല്‍മണ്ഡപം. പുല്ലുകള്‍ വകഞ്ഞുമാറ്റി നോക്കിയപ്പോള്‍, അതില്‍ ഇങ്ങനെ കൊത്തിവെച്ചിരുന്നു -


"മഹത്തായ ഒരു  ലക്‌ഷ്യത്തിനു വേണ്ടി  പോരാടി, ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കന്മാര്‍ക്ക് അഭിവാദ്യങ്ങള്‍!"


താഴെ നിരനിരയായി അന്നത്തെ നക്സല്‍ ആക്രമണത്തില്‍ വെന്തു മരിച്ചവരുടെ പേരുകള്‍!.


വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ഉച്ചത്തിലുള്ള നിലവിളികള്‍ അവന്‍റെ കാതുകളില്‍ വന്നു പതിച്ചു. സഹിക്കാനാവാതെ അവന്‍ കാതുകള്‍ പൊത്തിപിടിച്ചു തിരിഞ്ഞു നടന്നു.


അന്ന് താന്‍ ചുട്ടു കൊന്നവരുടെയും തന്‍റെയും ലക്‌ഷ്യങള്‍ ഒന്നായിരുന്നു എന്ന് അവന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.


അന്ന് മുതലാണ് അവന്‍റെ കൈകള്‍ വിറച്ചു തുടങ്ങിയത്!!!

2 അഭിപ്രായങ്ങൾ: