തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഒരു ന്യൂ ഇയര്‍!

ഡിസംബര്‍ 31.


നേരം പരപരാ വെളുക്കുന്നതെ ഉള്ളു.


വയനാടന്‍ മലനിരകളിലെ യാത്രകള്‍ക്ക് ശേഷം നമ്മള്‍ തിരികെ വരികയാണ്. നാല് ദിവസത്തെ പ്രവാസജീവിതം; അതിന്‍റെ എല്ലാ സ്വാതന്ത്ര്യങ്ങളും - വല്ലാതെ തളര്‍ന്നിരിക്കുന്നു. എല്ലാത്തിന്നും പുറമേ തലേന്നത്തെ ബസ്‌ യാത്രയുടെ ക്ഷീണവും. കട്ടില്‍ കണ്ടാല്‍ അപ്പോള്‍ ചാടിവീണ് ഉറങ്ങിപ്പോകും - അതാണ് അവസ്ഥ.


അതെങ്ങനെ ശരിയാകും?


പുതുവത്സരം ആഘോഷിക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങുകയോ? ഒരിക്കലുമില്ല.
അങ്ങനെ നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ആഘോഷങ്ങള്‍ക്കായ് വീട്ടില്‍ പോലും കയറാതെ വീണ്ടും യാത്ര തുടങ്ങി - അഗസ്ത്യാര്‍കൂടതിലേക്ക്!!!


പണം - അത് എത്ര സമ്പാദിച്ചാലും ചിലവാക്കിയാലും മതിവരാത്ത ഒരു സാധനം ആണല്ലോ. കാശുള്ളപ്പോള്‍ എറിഞ്ഞു ജീവിക്കുക; കാശില്ലാതപ്പോള്‍ ഇരന്നു ജീവിക്കുക - അതാണ് നമ്മുടെ മുദ്രാവാക്യം. ഒന്നും കുറച്ചില്ല - A/C കാര്‍, ആവശ്യത്തിനു 'മരുന്ന്', ഭക്ഷണം, പാചക സാമഗ്രികള്‍ എന്നിവ വാങ്ങിക്കുട്ടി നമ്മള്‍ അടിവാരത്തിലെത്തി. തേയിലത്തോട്ടങ്ങളുടെ വശ്യഭംഗി ആസ്വദിച്ചു കൊണ്ട് നമ്മള്‍ അഗസ്ത്യന്‍ന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുള്ള യാത്ര ആരംഭിച്ചു - വഴികാട്ടികളായി രണ്ടു ആദിവാസികളും.


ആദിവാസികള്‍ എന്ന് പറഞ്ഞാല്‍ തെറ്റുധരിക്കരുത് - ആധുനിക ആദിവാസികള്‍. മൊബൈല്‍ ഫോണും സിം കാര്‍ഡുകളും എന്ന് വേണ്ട ആധുനികതയുടെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഉള്ള രണ്ടു പേര്‍. നേര് പറഞ്ഞാല്‍ പണ്ട് മുതലേ ഉള്ള വനയാത്രകളില്‍ എപ്പോഴോ പരിചയപ്പെട്ടവര്‍.


അഗസ്ത്യാര്‍കൂടം  - ഏതാണ്ട് 30-40 കിലോമീറ്റര്‍ കാടിനുള്ളിലൂടെയുള്ള നടത്തം. വഴിയില്‍ മുന്നേ പോയ ആരെയോ ആന ചവുട്ടിക്കൊന്ന സ്ഥലങ്ങള്‍. ആന വന്നാല്‍ ചാടി രക്ഷപ്പെടാനുള്ള ട്രെഞ്ചുകള്‍.  ഓരോ വളവിലും ആനയുണ്ടോ എന്ന് നോക്കി നോക്കി നടക്കുന്ന ആദിവാസികള്‍ - ആകെ ഒരു ത്രില്‍ അനുഭവപ്പെട്ടിരുന്നു.


രാത്രി.


ഒരു ട്രെഞ്ചിന്റെ നടുവില്‍ കരിങ്കല്ല് കൊണ്ടുള്ള ഒരു കെട്ടിടം  - വയര്‍ലെസ്സ് സ്റ്റേഷന്‍. അവിടെയാണ് അന്ന് രാത്രി നമ്മള്‍ ചിലവഴിക്കെണ്ടിയിരുന്നത്. നടന്നു ക്ഷീണിച്ചതു  കൊണ്ടാകാം, ആദ്യം തന്നെ നമ്മള്‍ നടു  നിവര്‍ത്താനുള്ള സൗകര്യം ആണ് അന്വേഷിച്ചത്. നനഞ്ഞ  സിമന്റ്‌ തറയില്‍ ഒരു ടാര്‍പ്പോളിന്‍ വിരിച്ചിരിക്കുന്നു.! ഒരു എട്ടു പേര്‍ക്ക് കിടന്നുറങ്ങാന്‍ പാകത്തിലുള്ള ആ ഒറ്റമുറിയില്‍ അന്ന് നമ്മളെ കൂടാതെ ഒരു പന്ത്രണ്ടു പേര്‍ കൂടെ ഉണ്ട് എന്ന് കേട്ടപ്പോള്‍ നമ്മുടെ ഉറക്കം എല്ലാം പോയി.  അധികം താമസിക്കേണ്ടി വന്നില്ല -  ആര്‍പ്പുവിളികളുമായി  അവര്‍ എത്തി.


പന്ത്രണ്ടു വയസ്സന്മാര്‍!!!


നമ്മള്‍ പ്രാകി - ഈ വയസ്സാം കാലത്ത് ഈ കാട്ടില്‍ വന്നു കിടക്കേണ്ട വല്ല ആവശ്യം ഉണ്ടോ ഇവര്‍ക്ക്? വീട്ടില്‍ കൊച്ചുമക്കളെയും കളിപ്പിച്ചിരുന്നാല്‍ പോരെ? ഇനി നമ്മള്‍ക്ക് മനസ്സമാധാനമായി അല്പം ബഹളം വെയ്ക്കാന്‍ പറ്റുമോ? അവര്‍ എന്ത് വിചാരിക്കും? ആകെ പ്രശ്നം.


അധിക സമയം വേണ്ടി വന്നില്ല.


വയസ്സന്മാര്‍ എന്ന് പറഞ്ഞു നമ്മള്‍ കളിയാക്കിയവര്‍ ഒരു നാല് ബാഗ്‌ തുറന്നു മരുന്ന് കുപ്പികള്‍ ഓരോന്നായി പുറത്തു എടുത്തതെ നമ്മള്‍ക്ക് ഓര്‍മയുള്ളൂ. ഒരു അര മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ, ഒഴിഞ്ഞ കുപ്പികള്‍ നോക്കി നെടുവീര്‍പ്പിട്ടു, വീണ്ടും വാങ്ങിക്കുവാന്‍ ആളെ പറഞ്ഞു വിട്ട അവരുടെ മുന്നില്‍ നമ്മള്‍ ശിശുക്കള്‍ ഒതുങ്ങി.


പിന്നെയും മരുന്ന് കുപ്പികള്‍ പൊട്ടുന്നു.


നിശബ്ധമായിരുന്ന ആ കാട്ടില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം - നമ്മുടെ വയസ്സന്മാര്‍ അത്യുച്ചത്തില്‍ പാടുകയാണ്!!! പിന്നീടു അവിടെ നടന്നത് വിവരിക്കുവാന്‍ വളരെ പ്രയാസകരമാണ് - കൂക്കിവിളി, ഓരിയിടല്‍, തെറിവിളി, പഴയ പാട്ടുകള്‍, ബ്രേക്ക്‌ ഡാന്‍സ്, ഭരതനാട്യം...ആ ട്രെഞ്ചിനു ചുറ്റുമുണ്ടായിരുന്ന ഒരൊറ്റ വന്യജീവി പോലും ഉറങ്ങിയിട്ടില്ല എന്ന് നമ്മള്‍ക്ക് ഉറപ്പുണ്ട്. ഭൂലോക അലമ്പന്മാര്‍ എന്ന് സ്വയം കരുതിയിരുന്ന നമ്മള്‍ ആ ബഹളത്തിനു മുന്നില്‍ പകച്ചു നിന്ന് പോയി. തലമുറകളുടെ വ്യത്യാസം നമ്മള്‍ അറിഞ്ഞു.


അങ്ങനെ ഇരിക്കെ, തികച്ചും യാദൃശ്ചികമായി നമ്മള്‍ അവരില്‍ രണ്ടു പേരെ പരിചയപ്പെടുന്നു.


സാഹിത്യം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ നമ്മള്‍ അവരുമായി പെട്ടന്ന് അടുക്കുന്നു. കവിതകള്‍, കഥകള്‍, ചര്‍ച്ചകള്‍...ഒരു സാഹിത്യ സംഗമം തന്നെ അവിടെ നടക്കുന്നു. ആശാനും വിജയനും മുകുന്ദനും ആല്‍കെമിസ്റ്റും സരമാഗോയും എല്ലാം അത് വഴി എത്തി നോക്കി കടന്നുപോയി.


അങ്ങനെ വളരെ രസകരമായി സായാന്ഹം മുന്നോട്ടു പോവുകയാണ്.


ജനുവരി 1.


എല്ലാവരും പരസ്പരം ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുന്നു. ചിലര്‍ നേരെ കിടപ്പായി. നമ്മള്‍ നേരത്തെ പറഞ്ഞ ചങ്ങാതികളുമായി   കൊച്ചു വര്‍ത്തമാനം പറഞ്ഞു ഇരുപ്പാണ്. കഴിച്ച മരുന്നിന്‍റെ ഗുണമാണോ അതോ നമ്മുടെ പൊതുവേ ഉള്ള സ്വഭാവമാണോ എന്ന് അറിയില്ല - നമ്മള്‍ നമ്മുടെ ജീവചരിത്രം മുഴുവന്‍ അവിടെ വിളമ്പി!


കുറച്ചു നേരത്തെ നിശബ്ധതയ്ക്ക് ശേഷം അതില്‍ ഒരാള്‍ നമ്മളോട് ഇങ്ങനെ ചോദിക്കുന്നു -


"നീ ഇന്നയാളുടെ പുത്രനല്ലേ?", ചോദ്യം കേട്ട് നമ്മുടെ മനസ്സൊന്നു കാളി.


"നിനക്കല്ലേ കഴിഞ്ഞ ആഴ്ച ഒരു കല്യാണാലോചന വന്നത്?", വീണ്ടും കാളി.


അതുവരെ കഴിച്ച മരുന്നിന്‍റെ കെട്ടു അപ്പോള്‍ തന്നെ ഇറങ്ങി. വാതോരാതെ സംസാരിച്ചിരുന്ന നമ്മള്‍ നിശബ്ദനായി. ഏതാനും നിമിഷങ്ങള്‍ക്കകം ആ ചങ്ങായി നമ്മുടെ പിതാശ്രീയുടെ ആത്മാര്‍ത്ഥ സുഹൃത്തും ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നയാളും എന്നാ പരമാര്‍ത്ഥം നമ്മള്‍ മനസ്സിലാക്കി. വരാന്‍ പോകുന്ന വര്‍ഷത്തെ കുറിച്ച് ഒരു ഏകദേശ ധാരണ അപ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിഞ്ഞു.


നമ്മുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയായിരികണം അദ്ദേഹം ഇങ്ങനെ പറഞ്ഞത് -


"നീ പേടിക്കാതെടെ! ഇതൊന്നും ഞാന്‍ നിന്‍റെ വീട്ടില്‍ പറയാന്‍ പോകുന്നില്ല.", നമ്മള്‍ വെറുതെ സമാധാനിച്ചു.


രാവിലെ യാത്രപറഞ്ഞു പിരിയുന്ന വേളയില്‍ നമ്മള്‍ ഇത് അദ്ധേഹത്തെ ഒന്നും കൂടി ഓര്‍മിപ്പിക്കുകയും, ഒരിക്കലും നമ്മളെ കണ്ട കാര്യം വീട്ടില്‍ അറിയിക്കുകയും ഇല്ല എന്ന് വാക്ക് നല്‍കുകയും ചെയ്തു.


ഏതാണ്ട് ഒരു രണ്ടു ആഴ്ച കഴിഞ്ഞു കാണും. നമ്മള്‍ ഇതിനിടെ എല്ലാം മറന്നു പതിവുപോലെ നമ്മുടെ ചെറിയ ചെറിയ ചെറ്റത്തരങ്ങള്‍ഉമായി ജീവിക്കുകയാണ്.


ഏതോ ഒരു അനുസ്സരണകേടിന്റെ അവസരത്തില്‍.   


"നീ ഇങ്ങനെ ഓരോ ഇടത്ത് കറങ്ങി നടന്നു വേണ്ടാത്തതൊക്കെ കാട്ടിക്കൂട്ടി നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചു നടന്നോ!"


മാതാശ്രീയുടെ വാക്കുകളുടെ അര്‍ഥം അപ്പോള്‍ മനസ്സിലാകാത്തത് കൊണ്ട് നമ്മള്‍ ആ പരാമര്‍ശത്തെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു.


പിന്നീടു എപ്പോളോ വെറുതെ ഇരുന്നു പകല്‍ കിനാവ് കാണുന്ന അവസരത്തില്‍ നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി  - അന്ന് നടന്ന കാര്യങ്ങള്‍ അതേപടി നമ്മുടെ വീട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു!!!


ആ ആഘാതത്തില്‍ നിന്നും മോചിതനാകുവാന്‍ വേണ്ടി നമ്മള്‍ ഏതാണ്ട് ഒരു മാസത്തോളം നല്ല പിള്ള ചമഞ്ഞു ജീവിക്കേണ്ടി വന്നു!!!


PS: അഗസ്ത്യാര്‍കൂടം കാണുവാന്‍ ഇറങ്ങി പുറപ്പെട്ട നമ്മള്‍ സഞ്ചരിക്കുവാനുള്ള ദൂരത്തിന്റെ പത്തില്‍ ഒന്നുപോലും പോകാതെ, ആനയും കാടിനേയും പേടിച്ചു തിരിച്ചു വന്നു എന്നത് അധികം ആര്‍ക്കും അറിയില്ല!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ