വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ദൈവത്തിന്‍റെ പെരുവിരല്‍!

 "ദൈവമേ! അങ്ങയുടെ ശക്തിയുടെ ഉറവിടം എവിടെയാണ്?", മനുഷ്യന്‍ ആദ്യകാലത്ത് ഒരിക്കല്‍ ദൈവത്തോട് ചോദിച്ചു.


ഏറ്റവും പ്രിയപ്പെട്ട പുത്രന്‍റെ ചോദ്യം കേട്ടപ്പോള്‍, യാതൊരു ശങ്കയുമില്ലാതെ ദൈവം പറഞ്ഞു, "മകനേ, എന്‍റെ വലത്തേ കൈയ്യുടെ പെരുവിരലില്‍ ആണ് എന്‍റെ ശക്തിയുടെ ഉറവിടം. അതാണ് നിന്‍റെ ഈ ലോകത്തിലെ നന്മ-തിന്മകളെയും, ശരികളേയും, തെറ്റുകളെയും, ശാപങ്ങളെയും അനുഗ്രഹങ്ങളെയും എല്ലാം നിശ്ചയിക്കുന്നത്. ഈ ലോകത്തിന്‍റെ സമതുലിതാവസ്ഥ നിലനിറുത്തുന്നത്. ഇത് നഷ്ടപ്പെട്ടാല്‍ നിങ്ങളെപ്പോലെ ഞാനും ഒരു സാധാരണ മനുഷ്യന്‍ ആയിത്തീരും  - അമരത്വം മാത്രം എന്നില്‍ അവശേഷിക്കും."


മനുഷ്യന്‍ ആദരവോടെ ആ വിരലില്‍ ചുംബിച്ചു ദൈവത്തിനു സ്തുതി പറഞ്ഞു.


കാലം ഒരുപാടു കടന്നു പോയി. മനുഷ്യന്‍ വളര്‍ന്നു - അറിവുകളിലൂടെ അവന്‍ ബുദ്ധി നേടി. നന്മ- തിന്മകളുടെ ദൈവം കല്‍പ്പിച്ച നിയമങ്ങള്‍ അനുസരിച്ച് അവന്‍ ജീവിച്ചു.


ഒരുനാള്‍ സാത്താന്‍ മനുഷ്യനെ കാണാന്‍ വന്നു.


"നിന്‍റെ അവസ്ഥയില്‍ നിന്നോട് എനിക്ക് സഹതാപം തോന്നുന്നു.", സാത്താന്‍ മനുഷ്യനോടു അനുകമ്പയോടെ പറഞ്ഞു. "ഇത്രയും ബുദ്ധിമാനായ നീ ഇപ്പോളും ദൈവത്തിന്‍റെ അടിമയെ പോലെ  അവന്‍റെ വാക്കുകള്‍ അനുസരിച്ച് ജീവിക്കുന്നു. മരണത്തിനും രോഗത്തിനും അടിപ്പെട്ടു ഒരു കൃമിയെപ്പോലെ വലയുന്നു."


ക്രമേണ സാത്താന്റെ വാക്പാടവത്തില്‍  മനുഷ്യന്‍ മയങ്ങി.


"ദൈവത്തിന്‍റെ പെരുവിരല്‍ - അത് നീ എനിക്ക് സമ്മാനിക്കണം. പകരം നിനക്ക് ഞാന്‍ അമരത്വവും അപാര ശക്തികളും നല്‍കാം.", സാത്താന്റെ വാക്കുകള്‍ കേട്ട് ഒരു നിമിഷം മനുഷ്യന്‍ ഞെട്ടി.


തന്നെ ഇത്രയും നാള്‍ സംരക്ഷിച്ചിരുന്ന ആ വിരല്‍ - അതാണ് സാത്താന്‍ ചോദിക്കുന്നത്. അവന്‍റെ മനസ്സില്‍ വിവിധ വികാരങ്ങള്‍ പരസ്പരം പോരാടി - ഒടുവില്‍ അവന്‍ നിശ്ചയിക്കുന്നു. അവന്‍റെ ത്രാസ്സില്‍ ദൈവത്തിനെക്കാള്‍ തൂക്കം, നേടാന്‍ പോകുന്ന അമരത്വത്തിനായിരുന്നു!


മനുഷ്യന്‍ ദൈവത്തിന്‍റെ അരികില്‍ ചെന്നു. എല്ലാം അറിയുന്ന ദൈവം അവന്‍റെ അപേക്ഷ കേട്ടു - തന്‍റെ പെരുവിരല്‍ മുറിച്ചു നല്‍കികൊണ്ട് അവനെ അനുഗ്രഹിച്ചു.


"നിനക്ക് നല്ലത് വരട്ടെ."


ഒടുവില്‍ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച്, ചോര ഇറ്റു വീഴുന്ന വിരലുമായി നില്‍ക്കുന്ന മനുഷ്യനോടു ദൈവം യാത്ര പറഞ്ഞു, " പ്രിയ പുത്രാ! ഇനി നിന്നെ സംരക്ഷിക്കുവാനും ആശ്വസ്സിപ്പിക്കുവാനും ഞാന്‍ അശക്തനാണ്. നിന്നെ നീ തന്നെ കാത്തു കൊള്ളുക."


ദൈവം എങ്ങോ പോയി മറഞ്ഞു.


വിരലുമായി അമരത്വം പ്രതീക്ഷിച്ചു വന്ന മനുഷ്യനെ നോക്കി സാത്താന്‍ ചിരിച്ചു.


"മൂഡന്‍ ആയ മനുഷ്യാ! ആ വിരല്‍ എനിക്കാവശ്യമില്ല -  അത് അറുത്തു മേടിച്ചതോടെ ദൈവത്തിന്‍റെ ശക്തി ഇല്ലാതായി. ദൈവത്തില്‍ നിന്നും വേര്‍പ്പെട്ടതോടെ വിരലിന്‍റെ ശക്തിയും. ഇനി ഈ ലോകം ഞാന്‍ ഭരിക്കും"


സാത്താന്റെ വാക്കുകള്‍ കേട്ടു ഞെട്ടി വിറച്ച മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചിറങ്ങി. പക്ഷെ ഒരിക്കലും അവനു ദൈവത്തെ പിന്നീടു കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ തളര്‍ന്നു വീണു.


തലമുറകള്‍ കടന്നു പോയി.


ലോകത്തില്‍ സാത്താന്‍ വാഴുന്നു. കഷ്ടതകള്‍ക്കിടയില്‍ ദീനങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ അപ്പോളും ദൈവത്തെ തിരഞ്ഞു കൊണ്ടിരുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ദൈവത്തിനു വേണ്ടി അമ്പലങ്ങളും പള്ളികളും പണിഞ്ഞു ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അവന്‍റെ വരവിനായി പ്രാര്‍ത്ഥിച്ചു - നിവെദ്യങ്ങളും  മെഴുകുതിരികളും നേര്‍ന്നു . സക്കാത്ത് നല്‍കി. പക്ഷെ ദൈവം മടങ്ങി വന്നില്ല.


അമ്പലങ്ങളും പള്ളികളും ഇനിയും വരാത്ത ദൈവത്തിന്‍റെ പേരില്‍ അന്യോന്യം കലഹിച്ചു തുടങ്ങി. പഴയ കഥകള്‍ മറന്നു  - ഓരോരുത്തരും ദൈവം തങ്ങളുടെയാണ് എന്ന് വാദിച്ചു പരസ്പരം പോരാടി. സാത്താന്റെ ലോകം ചോരക്കളമായി.


തെരുവില്‍ പരസ്പരം വെട്ടി മരിക്കുന്ന മനുഷ്യരെ നോക്കി ഒരു ഭ്രാന്തന്‍ ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.


വലത്തേ കയ്യില്‍ പെരുവിരല്‍ ഇല്ലാത്ത ഒരു ഭ്രാന്തന്‍!!!
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ